Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യാജരേഖയിൽ കെ വിദ്യക്കെതിരെ മഹാരാജാസ് കോളേജ് പരാതി നൽകിയിട്ട് ഒൻപത് ദിവസം; കേസിൽ പൊലീസിന്റെ മെല്ലെപ്പോക്ക് നയം തുടരുന്നു; വിദ്യ ഹോസ്റ്റലിൽ 'ഒളിവി'ലെന്ന് കെ എസ് യു; വ്യാജരേഖ കണ്ടെത്താൻ അഗളി പൊലീസ് കാസർകോട്ടേക്ക്

വ്യാജരേഖയിൽ കെ വിദ്യക്കെതിരെ മഹാരാജാസ് കോളേജ് പരാതി നൽകിയിട്ട് ഒൻപത് ദിവസം; കേസിൽ പൊലീസിന്റെ മെല്ലെപ്പോക്ക് നയം തുടരുന്നു; വിദ്യ ഹോസ്റ്റലിൽ 'ഒളിവി'ലെന്ന് കെ എസ് യു; വ്യാജരേഖ കണ്ടെത്താൻ അഗളി പൊലീസ് കാസർകോട്ടേക്ക്

മറുനാടൻ മലയാളി ബ്യൂറോ

അഗളി: ഗസ്റ്റ് അദ്ധ്യാപക അഭിമുഖത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിൽ അന്വേഷണം ഇഴയുന്നു. ആരോപണ വിധേയയായ എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യയെ കണ്ടെത്തി ചോദ്യംചെയ്യാനോ വിളിച്ചു വരുത്താനുള്ള നടപടിയോ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സംഭവം പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും വിദ്യ ഒളിവിലെന്നാണ് പൊലീസ് നൽകുന്ന വിവരം.

എന്നാൽ വിദ്യ ഹോസ്റ്റലിൽ തന്നെ ഒളിഞ്ഞിരിക്കുന്നുവെന്നാണ് കെ.എസ്.യു.വിന്റെ ആരോപണം. എന്നാൽ കേസെടുത്ത ശേഷം ചോദ്യംചെയ്യാൻ പോലും തയ്യാറാകാതെ പൊലീസ് മെല്ലെപ്പോക്ക് നയം കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. അട്ടപ്പാടി ഗവ. ആർ.ജി.എം. കോളേജിൽ ഹാജരാക്കിയ വ്യാജരേഖകൾ കണ്ടെത്താൻ അഗളി പൊലീസ് കാസർകോട്ടേക്ക് തിരിച്ചിട്ടുണ്ട്.

വ്യാജരേഖയുമായി ബന്ധപ്പെട്ട സംഭവം പുറത്തുവന്ന് ഒരാഴ്ാച പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. തുടക്കം മുതൽക്ക് തന്നെ സാങ്കേതിക പ്രശ്‌നം പറഞ്ഞ് പൊലീസ് കേസ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. മഹാരാജാസ് കോളേജിൽ നിന്നുള്ള പരാതി എറണാകുളം പൊലീസിലാണ് ലഭിക്കുന്നത്. കേസ് അഗളി പൊലീസിൽ കൈമാറുന്നത് ഒരാഴ്ചയ്ക്ക് ശേഷമാണ്. കഴിഞ്ഞ ദിവസമാണ് അഗളി പൊലീസിന് എറണാകുളം പൊലീസ് കേസ് കൈമാറിയത്.

വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. വ്യാജരേഖ സമർപ്പിച്ച് ഗസ്റ്റ് ലക്ചററായി വിദ്യ ഒരു വർഷം ജോലിചെയ്ത കരിന്തളം ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലും പൊലീസ് സംഘമെത്തി പ്രിൻസിപ്പൽ ഇൻ ചാർജ് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും.

വ്യാഴാഴ്ചയാണ് അട്ടപ്പാടി ഗവ. ആർ.ജി.എം. കോളേജ് പ്രിൻസിപ്പൽ ലാലിമോൾ വർഗീസ് പരാതി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അഗളി സിഐ. കെ. സലീം കോളേജിലെത്തി പ്രാഥമികാന്വേഷണം നടത്തി. ഈ മാസം രണ്ടിന് മലയാളം ഗസ്റ്റ് അദ്ധ്യാപക നിയമനാഭിമുഖത്തിന് കെ. വിദ്യ എറണാകുളം മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയസർട്ടിഫിക്കറ്റ് സമർപ്പിച്ചെന്നും അക്കാര്യം അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് പ്രിൻസിപ്പൽ അഗളി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

പ്രിൻസിപ്പൽ അവധിയിലായതിനാൽ ചുമതലയുള്ള കെ.ആർ. മലർചിത്ര, മലയാളം വകുപ്പുമേധാവി പ്രീതമോൾ, ഹെഡ് അക്കൗണ്ടന്റ് മധുസൂദനൻ എന്നിവരുമായി സിഐ. ചർച്ച നടത്തി. കേസുമായി ബന്ധപ്പെട്ട രേഖകൾ കോളേജിൽനിന്നു നഷ്ടപ്പെടരുതെന്നു സിഐ. നിർദ്ദേശം നൽകി.

ചൊവ്വാഴ്ച മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി എസ്. ജോയി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ വിദ്യയ്‌ക്കെതിരേ പരാതി നൽകിയിരുന്നു. 2018-19, 2020-21 വർഷങ്ങളിൽ മഹാരാജാസ് കോളേജിലെ ഗസ്റ്റ് അദ്ധ്യാപികയായിരുന്നെന്ന സർട്ടിഫിക്കറ്റാണ് വിദ്യ അട്ടപ്പാടി ആർ.ജി.എം. കോളേജിൽ സമർപ്പിച്ചത്. അഭിമുഖ പാനലിൽ ഉണ്ടായിരുന്നവർക്ക് സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്നു തെളിഞ്ഞത്.

നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കരിന്തളം ഗവൺമെന്റ് കോളേജിലെ മുൻ പ്രിൻസിപ്പൽ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താനാണ് നീലേശ്വരം പൊലീസിന്റെ തീരുമാനം. മഹാരാജാസ് കോളേജ് അധികൃതരുടെ മൊഴിയും രേഖപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP