Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംജി സർവകലാശാലയിലെ മാർക്ക് ദാനവിവാദത്തിന് പിന്നാലെ മന്ത്രി കെ.ടി.ജലീൽ വീണ്ടും വിവാദകുരുക്കിൽ; സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് ബോർഡ് ഓഫ് സ്റ്റഡീസിൽ യോഗ്യതയുള്ള ആളുടെ പേര് വെട്ടി ഇഷ്ടനിയമനം; അക്കാദമിക് വിദഗ്ദ്ധർ മാത്രം നിയമിക്കപ്പെടുന്ന പോസ്റ്റിലേക്ക് നിയോഗിച്ചത് ഇടതുപക്ഷഅനുകൂലിയായ എഴുത്തുകാരിയെ; കെ.ആർ.മീരയുടെ നിയമനം സർവകലാശാല അറിയാതെ; ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിൽ നിയമനമെന്ന് സൂചന

എംജി സർവകലാശാലയിലെ മാർക്ക് ദാനവിവാദത്തിന് പിന്നാലെ മന്ത്രി കെ.ടി.ജലീൽ വീണ്ടും വിവാദകുരുക്കിൽ; സ്‌കൂൾ  ഓഫ് ലെറ്റേഴ്‌സ് ബോർഡ് ഓഫ് സ്റ്റഡീസിൽ യോഗ്യതയുള്ള ആളുടെ പേര് വെട്ടി ഇഷ്ടനിയമനം; അക്കാദമിക് വിദഗ്ദ്ധർ മാത്രം നിയമിക്കപ്പെടുന്ന പോസ്റ്റിലേക്ക് നിയോഗിച്ചത് ഇടതുപക്ഷഅനുകൂലിയായ എഴുത്തുകാരിയെ; കെ.ആർ.മീരയുടെ നിയമനം സർവകലാശാല അറിയാതെ; ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിൽ നിയമനമെന്ന് സൂചന

എം മനോജ് കുമാർ

 തിരുവനന്തപുരം: എംജി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിന്റെ ബോർഡ് ഓഫ് സ്റ്റഡീസിൽ കെ.ആർ.മീരയെ അംഗമാക്കിയത് വിവാദമാകുന്നു. എംജി യൂണിവേഴ്‌സിറ്റിയോ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിന്റെ തലപ്പത്തുള്ളവരോ അറിയാതെയാണ് നിയമനം നടന്നിരിക്കുന്നത്. പുറത്ത് നിന്നുള്ള വിദഗ്ധ എന്ന നിലയിലാണ് സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ മീരയെ നിയോഗിച്ചിരിക്കുന്നത്. മീരയുടെ പേര് ഈ പോസ്റ്റിലേക്ക് ആരും ശുപാർശ ചെയ്തിരുന്നില്ല. മറ്റൊരാളുടെ പേരാണ് മീരയ്ക്ക് പകരം ഉണ്ടായിരുന്നത്. ഈ പേര് വെട്ടി പകരം മീരയുടെ പേര് എഴുതി ചേർക്കുകയായിരുന്നു.

അക്കാദമിക വിദഗ്ദ്ധർ മാത്രം നിയമിക്കപ്പെടുന്ന ഒരു പോസ്റ്റിലേക്ക് എഴുത്തുകാരിയെ നിയോഗിച്ച് രാഷ്ട്രീയ നിയമനമാണ് നടത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ ചാൻസലർ എന്ന നിലയിൽ ഗവർണറാണ് നിയമനം നടത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയിൽ നിന്നും നൽകുന്ന പട്ടികയാണ് ഗവർണർ അംഗീകരിക്കുന്നത്. പട്ടികയിൽ വെട്ടിത്തിരുത്തൽ നടന്നു എന്നത് തന്നെ സൂചിപ്പിക്കുന്നത് നിയമനത്തിനു പിന്നിലുള്ള ശക്തമായ രാഷ്ട്രീയ ഇടപെടലാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റെ നേരിട്ടുള്ള ഇടപടലാണ് നിയമനത്തിന്റെ പിന്നിൽ എന്ന വിവരമാണ് ലഭിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മന്ത്രി ജലീൽ നടത്തിക്കൊണ്ടിരിക്കുന്ന നിയമനങ്ങൾ വിവാദമാകുമ്പോൾ തന്നെയാണ് മീരയുടെ നിയമനവും ഈ വിവാദങ്ങളുടെ പട്ടികയിലേക്ക് കടന്നുവരുന്നത്. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷുമായുള്ള ബന്ധത്തിന്റെ പേരിലും യുഎഇ കോൺസുലേറ്റ് വഴി രഹസ്യമായി പാഴ്‌സലുകൾ സി ആപ്റ്റിലേക്ക് എത്തിച്ച് സർക്കാർ വാഹനത്തിൽ മലപ്പുറത്തേക്ക് എത്തിച്ചതിന്റെ പേരിലും വിവാദത്തിൽ തുടരുകയാണ് മന്ത്രി ജലീൽ. ഇതിന്നിടയിലാണ് അക്കാദമിക വിദഗ്ദ്ധർ ഇരിക്കേണ്ട പോസ്റ്റിലേക്ക് സാഹിത്യകാരിയെ നിയോഗിച്ച് മന്ത്രി വീണ്ടും വിവാദത്തിൽപ്പെടുന്നത്.

എംജി യൂണിവേഴ്‌സിറ്റിയിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് നൽകിയ അംഗങ്ങളുടെ പുതിയ പട്ടികയിൽ മീരയുടെ പേരുണ്ടായിരുന്നില്ല. പട്ടിക വന്നശേഷം യൂണിവേഴ്‌സിറ്റിയുടെ തലപ്പത്തുള്ളവർ അറിയാതെയാണ് മീരയുടെ പേര് എഴുതി ചേർത്തത്. അതുകൊണ്ട് തന്നെ കടുത്ത പ്രതിഷേധം ഈ കാര്യത്തിൽ എംജി സർവ്വകലാശാലയിൽ നിന്നും ഉയരുന്നുണ്ട്. പ്രതിഷേധം വന്നതിനെ തുടർന്ന് സ്‌കൂൾ ഓഫ് ലെറ്റേഴ്‌സുമായി എംജി സർവ്വകലാശാല വിസി ചർച്ച നടത്തുന്നുണ്ട് എന്നാണ് അറിയുന്നത്. സർവ്വകലാശാലയിൽ നിലവിലുള്ള പതിനഞ്ചു ബോർഡ് ഓഫ് സ്റ്റഡീസും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. അതാത് ബോർഡുകൾ ശുപാർശ ചെയ്യുന്ന അംഗങ്ങളുടെ പട്ടിക വിസിക്ക് മുന്നിൽ ആദ്യമേ നൽകിയിട്ടുണ്ട്. ഇങ്ങനെ വന്ന സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിന്റെ പട്ടികയിലാണ് മീരയുടെ പേര് എഴുതി ചേർത്തത് മീരയെ കൂടി അംഗമാക്കിയത്.

എഴുത്തുകാരി എന്ന നിലയിൽ പ്രശസ്തയാണ് മീര. ഈ രീതിയിൽ മീരയെ നിയോഗിക്കുമ്പോൾ എതിർപ്പ് സംശയിച്ചിരുന്നില്ല. പക്ഷെ അക്കാദമിക വിദഗ്ദ്ധർ മാത്രം ഇരിക്കുന്ന പോസ്റ്റിൽ നിയമിച്ചതോടെയാണ് എതിർപ്പ് സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നിന്നും രൂപപ്പെട്ടത്. ഒട്ടുവളരെ അക്കാദമിക വിദഗ്ധരും മുതിർന്ന എഴുത്തുകാരും നിലനിൽക്കെയാണ് മീരയെ ഈ പോസ്റ്റിൽ നിയോഗിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോൾ പ്രശ്‌നം പരിഹരിക്കേണ്ട ബാധ്യതയാണ് വൈസ് ചാൻസലർക്ക് വന്നിരിക്കുന്നത്.

സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ മീരയുടെ നിയമനം വന്നത് യൂണിവേഴ്‌സിറ്റി അറിഞ്ഞിട്ടാണോ എന്ന ചോദ്യത്തിനു കൃത്യമായ മറുപടി വൈസ് ചാൻസലർ സാബു തോമസ് നൽകിയില്ല. യൂണിവേഴ്‌സിറ്റി അറിയാതെ കാര്യങ്ങൾ നടക്കില്ലെന്നും മീരയുടെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് സാബു തോമസ് മറുനാടനോട് പ്രതികരിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മന്ത്രി തൊട്ടതെല്ലാം വിവാദമായി മാറിയിരുന്നു. മുന്പ് മലയാളം സർവ്വകലാശാലയിൽ പ്രൊഫസർക്ക് തുല്യമായ പോസ്റ്റിൽ സാഹിത്യകാരൻ രാമനുണ്ണിയെ നിയമിച്ചതും വിവാദമായിരുന്നു. അക്കാദമിക വിദഗ്ദ്ധർക്ക് നൽകേണ്ട പോസ്റ്റ് ആണ് മന്ത്രി നേരിട്ടിടപെട്ട് രാമനുണ്ണിക്ക് നൽകിയത് എന്നാണ് ആരോപണം ഉയർന്നത്.

എം.ജി സർവകലാശാലയിലെ ബി.ടെക് വിദ്യാർത്ഥികൾക്ക് മാർക്കുദാനം നടത്തിയതിലും മന്ത്രി പ്രതിക്കൂട്ടിലായിരുന്നു. ബി.ടെക് പരീക്ഷയിൽ മാർക്കു കൂട്ടിനൽകാൻ അദാലത്തെടുത്ത തീരുമാനം ചട്ടവിരുദ്ധമായിരുന്നുവെന്ന് സിൻഡിക്കേറ്റടക്കം കണ്ടെത്തിയതോടെ മന്ത്രി പ്രതിരോധത്തിലായി. യുണിവേഴ്സിറ്റി മാർക്ക് ദാനം റദ്ദാക്കിയതോടെയാണ് ഈ വിവാദത്തിൽനിന്നും മന്ത്രി തടിയൂരിയത്. ബന്ധുവായ കെ.ടി അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനം നൽകിയതും വിവാദമായിരുന്നു. ബന്ധുനിയമന വിവാദത്തിൽ മന്ത്രിക്കെതിരെ കനത്ത പ്രതിഷേധമാണ് അന്ന് പാർട്ടിക്കുള്ളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഉയർന്നത്. തസ്തിക നിർദ്ദേശിക്കുന്ന യോഗ്യത അദീബിനുണ്ടായിരുന്നില്ല. നിയമനത്തിലുൾപ്പെടെ വ്യക്തമായ അട്ടിമറി നടന്നുവെന്നും ആരോപണമുയർന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP