Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202324Friday

ആ ഗുഡ്‌നൈറ്റ് സന്ദേശത്തിൽ ശ്രീറാം 'ഉണർന്നു'; കാറിലെ സംഭവങ്ങൾ ഇന്നും അജ്ഞാതം; ബഷീറിനെ ഇടിച്ചിട്ട ശേഷം അപൂർവ മറവിരോഗമായ റെട്രോഗ്രേഡ് അംനേഷ്യ ബാധിച്ചു; തെളിവുകളെല്ലാം നശിപ്പിച്ചു; നരഹത്യാ കേസിൽ ഒന്നാം പ്രതിയായിട്ടും ശ്രീറാം ഹാപ്പി

ആ ഗുഡ്‌നൈറ്റ് സന്ദേശത്തിൽ ശ്രീറാം 'ഉണർന്നു'; കാറിലെ സംഭവങ്ങൾ ഇന്നും അജ്ഞാതം; ബഷീറിനെ ഇടിച്ചിട്ട ശേഷം അപൂർവ മറവിരോഗമായ റെട്രോഗ്രേഡ് അംനേഷ്യ ബാധിച്ചു; തെളിവുകളെല്ലാം നശിപ്പിച്ചു; നരഹത്യാ കേസിൽ ഒന്നാം പ്രതിയായിട്ടും ശ്രീറാം ഹാപ്പി

സായ് കിരൺ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് ഒന്നാംപ്രതിയാക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി സർക്കാർ നിയമിച്ചതിൽ പ്രതിഷേധം ഇരമ്പുകയാണ്. ശ്രീറാമിന്റെ സസ്‌പെൻഷൻ റദ്ദാക്കി തിരിച്ചെടുത്തപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം ഇങ്ങനെയായിരുന്നു- 'സസ്‌പെൻഷനിലായാലും ശ്രീറാമിന് ശമ്പളം നൽകണം. വെറുതെ ശമ്പളം വാങ്ങേണ്ട. ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.'' ഈ വാക്കുകൾ വിഴുങ്ങിയാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരത്തോടെ കൊലക്കേസ് പ്രതിയെ ജില്ലാ കളക്ടറായി പിണറായി വാഴിച്ചത്.

ശ്രീറാം വെങ്കിട്ടറാമന്റെ നിയമനത്തെ എന്തിനാണ് ഇത്രയും എതിർക്കുന്നത് എന്ന് അറിയണമെങ്കിൽ 2019 ആഗസ്റ്റിൽ ശ്രീറാം കാട്ടിക്കൂട്ടിയത് എന്തൊക്കെയാണെന്ന് അറിയണം. കൂട്ടുകാരിക്കൊപ്പം കുടിച്ചു കൂത്താടി അമിതവേഗത്തിൽ വണ്ടിയോടിച്ചാണ് തിരുവനന്തപുരം മ്യൂസിയത്തിനു മുന്നിൽ ബഷീറിനെ ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ കെ.എം.ബഷീറിനെ, സ്‌കൂട്ടറിൽ കയറ്റിവിടാൻ ഒരു ഡോക്ടർ കൂടിയായ ശ്രീറാം ശ്രമിച്ചു. അപകടത്തിന് ശേഷം വാഹനത്തിനടുത്തെത്തിയ ഹോട്ടൽ ജീവനക്കാരനായ ജിത്തുവിനോടാണ് ബഷീറിനെ സ്‌കൂട്ടറിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടത്. ആക്ടിവ സ്‌കൂട്ടറിൽ കൊണ്ടുപോകാൻ പറ്റില്ലെന്ന് ജിത്തു പറഞ്ഞു. അപകടമുണ്ടാക്കിയപ്പോൾ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കാറിൽ ഒപ്പമുണ്ടായിരുന്ന യുവതി വഫയുടെ മൊഴിയിലുണ്ട്. മദ്യത്തിന്റെ മണമുണ്ടായിരുന്നതിനാൽ ശ്രീറാമിനോട് പതുക്കെ പോകാൻ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം വേഗത്തിലാണ് വണ്ടിയോടിച്ചത്. എന്നാൽ, അപകടം നടന്ന് ഒൻപത് മണിക്കൂറിന് ശേഷം ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് ശേഖരിച്ച് പരിശോധിച്ച രക്ത സാമ്പിളിൽ മദ്യത്തിന്റെ അംശമില്ലെന്നാണ് രാസപരിശോധനയിൽ കണ്ടെത്തിയത്.

വഫയുടെ മൊഴി ഇങ്ങനെ: എനിക്ക് 16 വയസുള്ള മകളുണ്ട്. ഞാൻ ബഹറിനിൽനിന്ന് ഒരു മാസത്തേക്ക് അവധിക്ക് വന്നതാണ്. ശ്രീറാം സുഹൃത്താണ്. രാത്രി ഞാൻ ഗുഡ് നൈറ്റ് മെസേജ് എല്ലാ സുഹൃത്തുക്കൾക്കും അയയ്ക്കും. കൂടെ ശ്രീറാമിനും അയച്ചു. സാധാരണ ശ്രീറാം പ്രതികരിക്കാറില്ല. എന്നാൽ അപകടം നടന്ന ദിവസം രാത്രി പ്രതികരിച്ചു. വാഹനം ഉണ്ടോയെന്ന് എന്നോട് ചോദിച്ചു. ഞാൻ ഉണ്ടെന്നു പറഞ്ഞു. കാറുമായി കവടിയാറിൽ വരാൻ പറഞ്ഞു. ഞാൻ മകളോട് ശ്രീറാമിനെ ഡ്രോപ്പ് ചെയ്തിട്ടു വരാമെന്നു പറഞ്ഞു വീട്ടിൽനിന്ന് ഇറങ്ങി. കവടിയാർ പാർക്കിന്റെ ഭാഗത്തെത്തിയപ്പോൾ ശ്രീറാം ഫോണിലായിരുന്നു. ഫോൺ ചെയ്തശേഷം കാറിൽ കയറി. ഞാനാണ് വണ്ടി ഓടിച്ചത്. കഫേ കോഫീഡേയ്ക്ക് സമീപമെത്തിയപ്പോൾ ഞാൻ വാഹനം ഓടിക്കണോ എന്ന് ശ്രീറാം ചോദിച്ചു. നിങ്ങൾക്ക് വാഹനം ഓടിക്കണമെങ്കിൽ ആകാമെന്നു ഞാനും പറഞ്ഞു. ശ്രീറാം വാഹനത്തിന്റെ പുറകിലൂടെ ഡ്രൈവിങ് സീറ്റിലേക്ക് കയറി. ഞാൻ അകത്തുകൂടി കാലിട്ടാണ് അപ്പുറത്തെ സീറ്റിലേക്ക് മാറിയത്. സിഗ്നൽ ലൈറ്റില്ലാത്തതിനാൽ വാഹനം അമിത വേഗതയിലായിരുന്നു. പതുക്കെ പോകാൻ ഞാൻ പല പ്രാവശ്യം പറഞ്ഞു. എന്നാൽ വളരെ വേഗത്തിലാണ് ശ്രീറാം വണ്ടി ഓടിച്ചത്. മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്തുള്ള വഴിയിൽ ഒരു ബൈക്ക് പതുക്കെ പോകുന്നുണ്ടായിരുന്നു. തങ്ങളുടെ കാർ വളരെ വേഗത്തിലായിരുന്നതിനാൽ ബൈക്കിനെ ഇടിച്ചു. വളയ്ക്കാൻ ശ്രമിച്ചുവെങ്കിലും കാർ ബൈക്കിൽ ഇടിച്ചു. ബ്രേക്ക് ചവിട്ടിയിട്ടും കിട്ടിയില്ല. ബൈക്കും കാറും കൂടിയാണ് മതിലിൽ ഇടിച്ചത്. ഉടൻ ശ്രീറാമുമായി പുറത്തേക്കിറങ്ങി. ഡോർ തുറക്കാൻ പാടായിരുന്നുവെങ്കിലും വലിച്ചു തുറന്നു. എയർബാഗ് ഓപ്പൺ ആയിരുന്നു. ശ്രീറാം അപകടത്തിൽ പെട്ടയാളെ പൊക്കിയെടുത്ത് റോഡിൽ കൊണ്ടുവന്നു. എന്നാൽ ആരും തിരിഞ്ഞുനോക്കിയില്ല. പൊലീസ് വന്നു. എന്നോട് വീട്ടിൽ പോകാൻ എല്ലാവരും ആവശ്യപ്പെട്ടു. ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നു. വീട്ടിൽപോയി 2 മണി ആയപ്പോൾ ഞാൻ സ്റ്റേഷനിൽ തിരിച്ചുവന്നു. കാർ താൻ ഓടിച്ചിരുന്നെങ്കിൽ അപകടം ഉണ്ടാകില്ലായിരുന്നു. അപകടം നടന്ന സമയത്ത് ശ്രീറാമാണ് കാർ ഓടിച്ചിരുന്നത്.

ദേഹപരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോൾ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി ജനറൽ ആശുപത്രിയിലെ ഡോക്ടർ രാകേഷ് പ്രത്യേക അന്വേഷണസംഘത്തിന് മൊഴിനൽകിയിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ റിപ്പോർട്ടും അദ്ദേഹം പൊലീസിന് കൈമാറി. ക്രൈംനമ്പർ ഇടാതെയാണ് ശ്രീറാമിനെ ജനറലാശുപത്രിയിലേക്ക് കൊണ്ടുപോയത്. ക്രൈംനമ്പർ ഇല്ലാതിരുന്നതിനാൽ രക്തപരിശോധന നടത്തണമെന്ന് ഡോക്ടർക്ക് നിർബന്ധിക്കാനായില്ല. ദേഹപരിശോധന മാത്രമാണ് മ്യൂസിയം പൊലീസ് ആവശ്യപ്പെട്ടത്. കൈയ്ക്ക് മുറിവേറ്റതിനാൽ രക്തസാമ്പിൾ നൽകാൻ ശ്രീറാം വിസമ്മതിച്ചെന്നും ഡോക്ടറുടെ മൊഴിയിലുണ്ട്.

ശ്രീറാമിന് അപൂർവമായ മറവിരോഗം ബാധിച്ചെന്നാണ് മെഡിക്കൽകോളേജ് ആശുപത്രിയിലെ ഡോക്ടർമാർ കണ്ടെത്തിയത്. ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂർണ്ണമായും ഓർത്തെടുക്കാനാകാത്ത റെട്രോഗ്രേഡ് അംനേഷ്യ ശ്രീറാമിന് ബാധിച്ചു. വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിത്. സംഭവത്തെ കുറിച്ച് എന്നെന്നേക്കുമായി മറന്നുപോവാനോ സമ്മർദ്ദം ഒഴിയുമ്പോൾ സാവധാനം ഓർത്തെടുക്കാനും കഴിഞ്ഞേക്കുമെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു. എന്നാൽ നിയമനടപടികളിൽ നിന്ന് രക്ഷപെടാനുള്ള ശ്രീറാമിന്റെ തന്ത്രമായിരുന്നു ഇത്. അപകടത്തിൽ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫയ്ക്ക് യാതൊരു പരിക്കുമില്ല. ഇരുവരും സീറ്റ്‌ബെൽറ്റ് ധരിച്ചിരുന്നു.

അപകടമുണ്ടായപ്പോൾ എയർബാഗിന്റെ സംരക്ഷണം ലഭിച്ചിട്ടുമുണ്ട്. അപകടത്തിനു ശേഷം ബഷീറിനെ താങ്ങിയെടുത്ത് റോഡിലെത്തിച്ചതും വഴിയാത്രക്കാരോട് സഹായം അഭ്യർത്ഥിച്ചതും ശ്രീറാമായിരുന്നു. ജനറൽ ആശുപത്രിയിൽ ഡോക്ടറെ കബളിപ്പിച്ച് സ്വകാര്യാശുപത്രിയിലേക്ക് കടന്നുകളയുകയും ചെയ്തു. നിയമനടപടികളിൽ നിന്ന് രക്ഷപെടാൻ രക്തപരിശോധനയ്ക്കും വിരലടയാളമെടുക്കാനും ശ്രീറാം വിസമ്മതിച്ചതും ഇതേസമയം തന്നെ വക്കാലത്ത് ഒപ്പിട്ടു നൽകിയതും പൂർണബോധത്തോടെയായിരുന്നു. മറവിരോഗമുണ്ടായാൽ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ജോലിക്ക് ശ്രീറാം അയോഗ്യനാവാം. ഇതൊഴിവാക്കാൻ മറവിരോഗം താത്കാലികമാണെന്നാണ് പറയുന്നത്. ശ്രീറാം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് തുടക്കം മുതൽ ഡോക്ടർമാരെക്കൊണ്ട് പറയിച്ചത് ഈ കള്ളക്കളിക്കാണ്. മെഡിക്കൽ ബോർഡിലുള്ള ശ്രീറാമിന്റെ സുഹൃത്തായ ഡോക്ടറായിരുന്നു മറവിരോഗമെന്ന കള്ളക്കളിക്ക് പിന്നിൽ.

ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയും സുഹൃത്ത് വഫാ ഫിറോസിനെ രണ്ടാം പ്രതിയാക്കിയുമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ശ്രീറാമിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി. ഇതിന് 10വർഷം വരെ തടവുശിക്ഷ ലഭിക്കും. വഫയ്ക്കെതിരെ മോട്ടോർ വാഹനവകുപ്പിലെ 184, 185, 188 എന്നീ വകുപ്പുകൾ ചുമത്തി. മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിക്കാൻ പ്രേരിപ്പിച്ചതാണ് കുറ്റം. ആറുമാസത്തെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണിത്. വഫ തുടർച്ചയായി അലക്ഷ്യമായി വാഹനമോടിച്ച് പിടിക്കപ്പെട്ടിട്ടുള്ളതിനാൽ ശിക്ഷ രണ്ടുവർഷം വരെ ഉയരാം.

ക്രൈംബ്രാഞ്ച് എസ്‌പി ഷാനവാസാണ് 65 പേജുള്ള കുറ്റപത്രം ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് മൂന്നാം കോടതിയിൽ സമർപ്പിച്ചത്. മദ്യപിച്ച് അമിത വേഗതയിൽ കാർ ഓടിച്ചാണ് ശ്രീറാം ബഷീറിനെ ഇടിച്ചു കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 50 കിലോമീറ്രർ വേഗപരിധിയുള്ള വെള്ളയമ്പലം മ്യൂസിയം റോഡിൽ 100 കിലോമീറ്രറിലേറെ വേഗതയിൽ അലക്ഷ്യമായും അപകടകരമായും ശ്രീറാം വാഹനമോടിച്ചു. സഹയാത്രികയും സുഹൃത്തുമായ വഫ ഇതിന് ശ്രീറാമിനെ പ്രേരിപ്പിച്ചു. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പുറമേ അമിത വേഗതയിൽ അലക്ഷ്യമായി വാഹനം ഓടിച്ചു, മദ്യപിച്ച് വാഹനം ഓടിച്ചു, പൊതുമുതൽ നശിപ്പിച്ചു, തെളിവ് നശിപ്പിച്ചു എന്നീ കുറ്റങ്ങളും ശ്രീറാമിനെതിരെ ചുമത്തി. ഡോക്ടറും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം, മറ്റുള്ളവരുടെ ജീവനും സ്വത്തിനും അപകടമാണെന്ന ഉത്തമ ബോദ്ധ്യത്തിലാണ് മദ്യപിച്ച് അമിവേഗത്തിൽ വാഹനം ഓടിച്ചത്. ബഷീറിനെ കൊലപ്പെടുത്തിയ വാഹനം റോഡ് ഫണ്ട് ബോർഡിന്റെ സംരക്ഷണയിലുള്ള ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് നശിപ്പിച്ചതിനാലാണ് പൊതുമുതൽ നശീകരണ നിയമ പ്രകാരം കുറ്റം ചുമത്തിയത്. വഫയാണ് വാഹനം ഓടിച്ചതെന്ന് വരുത്താൻ ശ്രീറാം ശ്രമിച്ചു. വഫ ഓടിച്ച വാഹനത്തിന്റെ ഇടതുവശം ഇരുന്നതിനാലാണ് തനിക്ക് മുറിവുകൾ സംഭവിച്ചതെന്നാണ് ശ്രീറാം ഡോക്ടർമാരോട് പറഞ്ഞിരുന്നത്.

ജനറൽ ആശുപത്രിയിൽ എത്തിച്ച ശ്രീറാം ഡോക്ടറോട് ഉടൻ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു. ജനറൽ ആശുപത്രിയിലെ ഡോക്ടർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ മെഡിക്കൽ കോളേജിലേക്ക് പോകാതെ ശ്രീറാം സുഹൃത്തായ ഡോക്ടർ ശ്രീജിത്തിനൊപ്പം കിംസ് ആശുപത്രിയിലേക്ക് പോയി. അവിടെ എത്തിയ ശ്രീറാമിനെ രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുന്നതുവരെ രക്ത പരിശോധനയ്ക്ക് വിധേയനാക്കിയില്ല. രക്തത്തിലെ മദ്യത്തിന്റെ അളവ് കുറഞ്ഞ ശേഷം രക്ത പരിശോധന നടത്തി തെളിവ് നശിപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. 2019 ഓഗസ്റ്റ് മൂന്നിനാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മുഹമ്മദ് ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയത്. മ്യൂസിയം റോഡിലെ പബ്‌ളിക് ഓഫീസിന് സമീപം തന്റെ ബൈക്കിൽ ഇരുന്ന് ഫോൺ ചെയ്തു കൊണ്ടിരുന്ന ബഷീറിന്റെ നേർക്ക് ഓടിച്ചു കയറ്രിയ വാഹനം സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റും തകർത്ത് പബ്‌ളിക് ഓഫീസിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP