Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയില്ലെന്ന് പൊലീസ് കള്ളം പറഞ്ഞത് എന്തിന്? മാലയും മൊബൈൽ ഫോണും ചെരുപ്പും എവിടെ പോയി? ജോഷി പീറ്ററുടെ മരണത്തിലെ ദുരൂഹത മാറ്റാൻ പുനരന്വേഷണം വേണമെന്ന് ആവശ്യം

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയില്ലെന്ന് പൊലീസ് കള്ളം പറഞ്ഞത് എന്തിന്? മാലയും മൊബൈൽ ഫോണും ചെരുപ്പും എവിടെ പോയി? ജോഷി പീറ്ററുടെ മരണത്തിലെ ദുരൂഹത മാറ്റാൻ പുനരന്വേഷണം വേണമെന്ന് ആവശ്യം

തിരുവനന്തപുരം: ഭാര്യയുമായി പിണങ്ങി വീട്ടിൽ നിന്ന് കാണാതായ യുവാവിനെ തോടിനരികെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ തുടരന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

ഏഴ് മാസം മുമ്പ് അങ്കമാലി കറൂക്കുറ്റി മാടവനക്കുടിയിൽ പരേതനായ പീറ്റർ മറിയക്കുട്ടി ദമ്പതികളുടെ ഇളയമകൻ ജോഷി പീറ്ററിന്റെ (40)മൃതദേഹം അഴുകിയ നിലയിൽ കാണപ്പെടുകയായിരുന്നു. 2015 ഏപ്രിൽ 26ന് എടനാട് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തെ തോട്ടുവക്കിലാണ് ദിവസങ്ങൾ പഴക്കമുള്ളനിലയിൽ ജോഷിയുടെ മൃതദേഹം കണ്ടെത്തിയത്. മാസങ്ങൾ പിന്നിട്ടിട്ടും മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണത്തിലൂടെ ഉറപ്പിക്കാത്ത പൊലീസ് കള്ളക്കളിയും നടത്തുന്നു.

ഇക്കഴിഞ്ഞ ജൂൺ 26ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് പൊലീസിന് കൈമാറിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് സെപ്റ്റംബർ 17ന് ജനറൽ ആശുപത്രിയിൽ അന്വേഷിച്ചെത്തുംവരെ കിട്ടിയില്ലെന്ന് പൊലീസ് കള്ളം പറഞ്ഞു. ഇതാണ് സംശയങ്ങൾക്ക് ഇട നൽകിയത്. ജോഷിയുടെ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ കുടുംബം സമരം നടത്തി. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സമർപ്പിച്ച പരാതികൾ അനുജന്റെ ഘാതകരെ നിയമത്തിന്റെ മുന്നിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ജോളിപീറ്ററും കുടുംബവും. ഇതോടെയാണ് കേസ് വീണ്ടും ചർച്ചകളിലെത്തുന്നത്. രാസപരിശോധനാ ഫലം വന്നശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പേരിൽ പ്രഥമവിവര റിപ്പോർട്ടിലൊതുങ്ങുകയാണ് ജോഷി പീറ്ററിന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം. കേസ് ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറിയാലേ സംഭവത്തിന് പിന്നിലെ സത്യങ്ങൾ പുറത്തുവരൂവെന്നാണ് ജോഷിയുടെ വീട്ടുകാരുടെ നിലപാട്.

ജോഷിയുടെ ഭാര്യവീട്ടുകാരുടെ ഇടപടെലുകളിൽ ബന്ധുക്കൾക്ക് സംശയമുണ്ട്. ഞായറാഴ്ചകളിൽ പതിവായി പള്ളിയിൽ പോകാറുള്ള പ്രകൃതക്കാരനാണ് ജോഷി. കുടുംബത്തിൽ താനും ഭാര്യയുമായുള്ളപ്രശ്‌നങ്ങളെല്ലാം പള്ളിവികാരിയോട് പറയുമായിരുന്നു ഭാര്യയും വീട്ടുകാരുമായുള്ള പ്രശ്‌നങ്ങളെല്ലാം സഹോദരനായ ജോളിയെയും ഇയാൾ അറിയിച്ചിരുന്നു. എന്നാൽ, കാണാതായ ദിവസം അവധിയായിരുന്നിട്ടും ജോഷി കുടുംബപ്രശ്‌നങ്ങളെപ്പറ്റി ജോളിയേയോ മറ്റാരെയുമോ അറിയിച്ചിട്ടില്ല. ജോഷിയെ കാണാതായ വിവരമറിഞ്ഞ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായ മറുപടിയാണ് വീട്ടുകാർക്ക് ലഭിച്ചത്. ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്ന ശീലമില്ലാത്ത ജോഷി ആത്മഹത്യാപ്രവണതയുള്ള ആളല്ലെന്നും ജോളി പറയുന്നു.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നെങ്കിലും പുറമേയോ ആന്തരികാവയവങ്ങൾക്കോ കാര്യമായ കേടുപാടുകളോ പരിക്കോ കാണപ്പെട്ടിരുന്നില്ല. വിഷം ഉള്ളിൽ ചെന്നോ മറ്റ് വിധത്തിലോ ഉള്ള ആത്മഹത്യാശ്രമത്തിന്റെ ലക്ഷണങ്ങളുമുണ്ടായില്ല. എല്ലുകൾക്കോ തലയോട്ടിക്കോ വാരിയെല്ലിനോ ഒന്നും മരണകാരണമായേക്കാവുന്ന ക്ഷതങ്ങളും മുറിവുകളുമില്ലെന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ സാക്ഷ്യപ്പെടുത്തൽ. ജോഷിയെ കാണാതായ ശേഷം സ്വിച്ച് ഓഫ് ചെയ്തിരുന്ന മൊബൈൽഫോൺ നമ്പർ ആഴ്ചകൾക്ക് ശേഷം ഓണാകുകയും റിസീവ്ഡ് കോളുകൾ ബാർ ചെയ്യുകയും ചെയ്തതായി മനസിലാക്കിയ ജോളി സിം കട്ടാകാതിരിക്കാൻ അതിലേക്ക് റീചാർജ് ചെയ്‌തെങ്കിലും ആരോ അതോടെ കണക്ഷൻ റദ്ദാക്കി. ജോഷിയെ കാണാതായതിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തതിലും ആഴ്ചകൾക്ക് ശേഷം വിജനമായ സ്ഥലത്തെ തോട്ടിൻ കരയിൽ മരിച്ച നിലയിൽകാണപ്പെട്ടതിലും അടിമുടി ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം.

കാണാതാകുന്നതിന് രണ്ട് മാസം മുമ്പ് ജോഷി വാങ്ങിയ രണ്ടുപവൻ തൂക്കം വരുന്ന സ്വർണമാലയും മൊബൈൽഫോണും ചെരുപ്പും ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങളും ഒന്നും ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ജോഷിയുടെ മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനയക്കാതെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് അയച്ചതും ആറുമാസക്കാലം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമാക്കാതിരുന്നതും ബന്ധുക്കളുടെ സംശയങ്ങൾ ബലപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്.

ജോഷി വീടിന് സമീപമുള്ള റെഡിമെയ്ഡ് വസ്ത്രനിർമ്മാണ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. 2004ലാണ് ശ്രീമൂല നഗരം എടനാട് ഇടവകയിൽപെട്ട ആക്കപ്പറമ്പിൽ പത്രോസിന്റെ മകൾ ബേബിയെ ജോഷി വിവാഹം ചെയ്തത്. 2013 വരെ സ്വന്തം വീട്ടിൽ ഭാര്യയ്ക്കും ഏകമകൻ അലനുമായി കഴിഞ്ഞു. അതിന് ശേഷം ജോഷി 2013ൽഭാര്യയുടെ വീടിന് സമീപം അഞ്ച് സെന്റ് വസ്തുവിൽ വീടുവച്ച് താമസം തുടങ്ങി. എന്നാൽ ഇവർ ഇരുവരും തമ്മിൽ അത്ര സ്വരചേർച്ചയിലായിരുന്നില്ലെന്ന് ജോളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വീടിന് സമീപമുള്ള ഹോമിയോ ഡിസ്പൻസറിയിലെ താൽക്കാലിക ജീവനക്കാരിയാണ് ബേബി. വിവാഹം കഴിഞ്ഞതുമുതൽ ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ പതിവായിരുന്നു. ജോഷിയുടെ മദ്യപാന സ്വഭാവമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാരോപിച്ച് ഇയാളെ നിർബന്ധിത ചികിത്സയ്ക്ക് വിധേയനാക്കി. ചികിത്സ കഴിഞ്ഞുവന്ന ജോഷി മദ്യപാനം ഉപേക്ഷിച്ചെങ്കിലും കുടുംബപ്രശ്‌നങ്ങൾ തുടർന്നു. ജോഷി സ്വന്തം മാതാപിതാക്കളുമായും സഹോദരങ്ങളുമായും സഹകരിക്കുന്നതും പരസ് ത്രീ ബന്ധമാരോപിച്ചുമാണ് പ്രശ്‌നങ്ങളെന്ന് ജോളി പരാതികളിൽ പറയുന്നു. വീടിനടുത്തുള്ള സ്ത്രീയുമായി ജോഷിക്ക് അടുപ്പമുള്ളതായിട്ടായിരുന്നു ആരോപണം.

ഇക്കഴിഞ്ഞ ഏപ്രിൽ 19ന് ഉച്ചയോടെ ബേബി ജോളിയെ ഫോണിൽ വിളിച്ച് ജോഷി വീട്ടിൽ ചില പ്രശ്‌നങ്ങളുണ്ടാക്കിയെന്നും നാട്ടുകാരെല്ലാവരും കൂടി ജോഷിയെ വീട്ടിൽ നിന്നിറക്കിവിട്ടെന്നും അറിയിച്ചു. ജോഷിയെ അന്വേഷിച്ച് അങ്ങോട്ട് ചെല്ലേണ്ടയെന്നും ബേബി പറഞ്ഞതായി ജോളി ആരോപിക്കുന്നു. വിവരമറിഞ്ഞ് ബേബിയുടെ സഹോദരനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അയാളും ബേബി പറഞ്ഞ കാര്യങ്ങൾ ശരിവച്ചു. ജോഷി തിരിച്ചെത്തിയാൽ നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് കൂടി വീട്ടുകാർ അറിയിച്ചതോടെ ജോളി അടുത്തദിവസം എടനാടെത്തി. ജോഷിയെ കാണാനില്ലെന്നും ബേബിയുമായി പ്രശ്‌നങ്ങളുണ്ടാക്കിയശേഷം വീടുവിട്ട ഇയാൾ വീടിന് സമീപത്തെ ട്രാൻസ്‌ഫോമറിന്റെ ഫ്യൂസ് പൊട്ടിച്ചശേഷം കടന്നതായാണ് ഭാര്യവീട്ടുകാർ പറഞ്ഞത്.

ആളെ കാണാതായതിന് പൊലീസിൽ പരാതി നൽകാമെന്ന ജോളിയുടെ നിർദ്ദേശവും അവർ തള്ളിയതായി പറയുന്നു. ജോഷിയെ തങ്ങൾക്ക് അന്വേഷിക്കേണ്ട കാര്യമില്ലെന്നും ആത്മഹത്യാക്കുറിപ്പുമായി നടക്കുന്ന അയാളിൽ നിന്ന് വിവാഹമോചനം നേടാൻ പള്ളിവഴി ശ്രമിക്കുകയാണെന്നുമാണ് ഭാര്യവീട്ടുകാർ പറഞ്ഞത്. ജോഷിയുടെ തിരോധാനത്തിലും ഭാര്യവീട്ടുകാരുടെ സംസാരത്തിലും സംശയം ആരോപിച്ച് ജോഷി പീറ്റർ ഏപ്രിൽ 20ന് നൽകിയ പരാതിയിൽ കാലടി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് എടനാട് ഭാഗത്ത് ജീർണാവസ്ഥയിൽ മൃതദേഹം കാണപ്പെട്ട വിവരം അറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP