Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

2018 ൽ മദ്യപിച്ചു വാഹനം ഓടിച്ചതിനു കൂത്താട്ടുകുളത്ത് കേസ്; ജൂലൈയിൽ അന്ത്യാലിൽ ഡി വൈ എഫ് ഐ ഓഫിസ് ആക്രമിച്ച കേസിലും പ്രതി; ആശുപത്രിയിൽ നിന്ന് മുങ്ങിയത് മദ്യപാനം ഉറപ്പിക്കാനുള്ള രക്തപരിശോധന ഒഴിവാക്കാൻ തന്നെ; അപടകം നടന്ന് 15 മണിക്കൂറിന് ശേഷമുള്ള അറസ്റ്റ് കീഴടങ്ങൽ നാടകമോ? വടക്കഞ്ചേരിയിലെ വില്ലൻ ജോമോൻ പത്രോസ് തന്നെ; കൊലക്കുറ്റം ചുമത്തുമോ പൊലീസ്?

2018 ൽ മദ്യപിച്ചു വാഹനം ഓടിച്ചതിനു കൂത്താട്ടുകുളത്ത് കേസ്; ജൂലൈയിൽ അന്ത്യാലിൽ ഡി വൈ എഫ് ഐ ഓഫിസ് ആക്രമിച്ച കേസിലും പ്രതി; ആശുപത്രിയിൽ നിന്ന് മുങ്ങിയത് മദ്യപാനം ഉറപ്പിക്കാനുള്ള രക്തപരിശോധന ഒഴിവാക്കാൻ തന്നെ; അപടകം നടന്ന് 15 മണിക്കൂറിന് ശേഷമുള്ള അറസ്റ്റ് കീഴടങ്ങൽ നാടകമോ? വടക്കഞ്ചേരിയിലെ വില്ലൻ ജോമോൻ പത്രോസ് തന്നെ; കൊലക്കുറ്റം ചുമത്തുമോ പൊലീസ്?

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ദേശീയപാത-544 വടക്കഞ്ചേരി-വാളയാർ നാലുവരിപ്പാതയിൽ കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപം രാത്രി 11.34-നാണ് ദുരന്തമുണ്ടാക്കിയത് ലൂമിനസിന്റെ അസുര ബസാണ്. നിസ്സാരപരിക്കേറ്റ് ചികിത്സതേടി ആശുപത്രിയിൽനിന്ന് മുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ പെരുമ്പടവം പൂക്കോട്ടിൽവീട്ടിൽ ജോമോൻ പത്രോസ് (ജോജോ- 48) വ്യാഴാഴ്ച മൂന്നരയോടെ കൊല്ലം ചവറയിൽ അറസ്റ്റിലായി. സുഹൃത്തുക്കൾക്കൊപ്പം കാറിൽ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. കൊല്ലത്ത് ഒരു അഭിഭാഷകനെ കാണാനും പദ്ധതിയിട്ടിരുന്നു. ഇതിനെല്ലാം പിന്നിൽ മദ്യപിച്ചിരുന്നോ എന്ന ഉറപ്പിക്കാനുള്ള രക്തപരിശോധന ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാണ്.

അതായത് ബസ് അപകടമുണ്ടായി 12 മണിക്കൂർ പിന്നിട്ടുവെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിന് പിന്നിൽ കീഴടങ്ങൽ നാടകമില്ലെന്നാണ് പൊലീസ് പറയുന്നത്. അപ്പോഴും സംശയങ്ങൾ ബാക്കിയാണ്. ഫോൺ ലൊക്കേഷൻ പിന്തുടർന്ന വടക്കഞ്ചേരി പൊലീസ്, യാത്രാവിവരം മറ്റ് പൊലീസ് സ്റ്റേഷനുകളിൽ അറിയിച്ചിരുന്നു. ചവറ പൊലീസ് കാർ തടഞ്ഞാണ് പിടികൂടിയത്. വെട്ടിച്ച് മുന്നോട്ട് പോകാനുള്ള ശ്രമം തടഞ്ഞാണ് അറസ്റ്റുചെയ്തത്. ഒപ്പമുണ്ടായിരുന്ന കോട്ടയം, എറണാകുളം സ്വദേശികളായ രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്തു. ജോമോന്റെ പേരിൽ 2018-ൽ മദ്യപിച്ച് വാഹനമോടിച്ചതിനും കേസുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മദ്യപാനം സംശയത്തിലേക്ക് എത്തുന്നത്.

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. 5 കുട്ടികളും അദ്ധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമുൾപ്പെടെ 9 പേർ മരിച്ചു. പരുക്കേറ്റ 2 പേർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ നെന്മാറ അവൈറ്റിസ് ആശുപത്രിയിലും ചികിത്സയിലാണ്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ കൂടുതൽ വകുപ്പുകൾ ചുമത്തും. കൊലക്കുറ്റത്തിനും കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്. കാരണം വലിയ പിഴവാണ് നടന്നത്. സ്റ്റേഷൻ ജാമ്യം നൽകി വിട്ടാൽ ഉണ്ടാകുന്ന വിവാദങ്ങൾ പൊലീസും തിരിച്ചറിയുന്നു.

ജോമോനെ കൂടുതൽ ചോദ്യം ചെയ്യുകയും ചെയ്യും. അപകടസമയം ജില്ലാ പൊലീസ് മേധാവിയോട് ഉൾപ്പെടെ കള്ളം പറഞ്ഞ് കടന്നു കളഞ്ഞതിനെ കുറിച്ചും പൊലീസ് അന്വേഷിക്കും. ആലത്തൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം. അപകടം ഉണ്ടായ സാഹചര്യം, ഇയാൾ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം ആയിരിക്കും പൊലീസ് അന്വേഷിക്കുക. ബസിന്റെ ഫിറ്റ്‌നസ് റദാക്കുന്നതും, ഡ്രൈവറുടെ ലൈസൻസ് റദ്ധാകുന്നതും ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവും.

അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ നിയമലംഘനങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിശോധനക്ക് ശേഷം ട്രാൻസ്പോർട്ട് കമ്മിഷണർ എസ് ശ്രീജിത്താണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത്. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്സിന്റെ വേഗ പൂട്ടിൽ കൃത്രിമത്വം നടത്തിയതായി കണ്ടെത്തൽ. ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കൃത്രിമത്വം കണ്ടെത്തിയത്. ബസ് ഉടമക്കെതിരെയും കേസ് എടുക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു.

അപകടത്തിനു ശേഷം കടന്നു കളഞ്ഞ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെ ചവറയിൽനിന്നു പൊലീസ് പിടികൂടിയത് സൈബർ സെല്ലിന്റെ സഹായത്തോടെ. ദേശീയപാത വഴി ജോമോൻ സഞ്ചരിക്കുന്നത് സൈബർ സെല്ലിന്റെ സഹായത്തോടെ മനസ്സിലാക്കിയ പൊലീസ് നല്ലേഴുത്ത് ജംക്ഷനിൽ വച്ച് പിടികൂടി. സംഭവ സ്ഥലത്തുനിന്നു ടൂർ ഓപ്പറേറ്ററാണെന്ന് പറഞ്ഞാണ് ജോമോൻ കടന്നു കളഞ്ഞത്. ബസിന്റെ സ്റ്റിയറിങ്ങിൽ കുടുങ്ങിക്കിടന്ന ഇയാളെ അഗ്‌നിരക്ഷാ സേനയാണു പുറത്തെടുത്തത്. പിന്നീട് കാലിനു പരുക്കുണ്ടെന്നു പറഞ്ഞ് ആംബുലൻസിൽ കയറി. പൊലീസുകാരും മാധ്യമപ്രവർത്തകരും നാട്ടുകാരും ഡ്രൈവറാണോ എന്നു ചോദിച്ചെങ്കിലും ടൂർ ഓപ്പറേറ്ററാണെന്നായിരുന്നു മറുപടി. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിന്നാണ് സ്ഥലം വിട്ടത്.

ജോമോൻ മുൻപ് പിറവത്തു സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. ഇതിനു ശേഷമാണു ടൂറിസ്റ്റ് ബസിൽ പോയിത്തുടങ്ങിയത്. 2018 ൽ മദ്യപിച്ചു വാഹനം ഓടിച്ചതിനു കൂത്താട്ടുകുളം പൊലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ ജൂലൈയിൽ അന്ത്യാലിൽ ഡിവൈഎഫ്‌ഐ ഓഫിസ് ആക്രമിച്ച സംഭവത്തിലും കേസുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP