Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോളിയുടെ വീട്ടിൽ നിന്നു വ്യാജ സർട്ടിഫിക്കറ്റുകളും കണ്ടെത്തി; എൻഐടിയിലെ പ്രഫസറാണെന്നു സ്ഥാപിക്കാനായി സൂക്ഷിച്ചിരുന്നത് ബികോമും എംകോമും പാസായതിന്റെ സർട്ടിഫിക്കറ്റുകൾ; വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുൻപും ജോളി വ്യാജരേഖകൾ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാൻ രേഖകൾ ഉപകാരപ്രദമാകും എന്നു വിലയിരുത്തി അന്വേഷണ സംഘം; ആൽഫൈൻ വധക്കേസിലെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ജോളി വീണ്ടും ജയിലിലെത്തി

ജോളിയുടെ വീട്ടിൽ നിന്നു വ്യാജ സർട്ടിഫിക്കറ്റുകളും കണ്ടെത്തി; എൻഐടിയിലെ പ്രഫസറാണെന്നു സ്ഥാപിക്കാനായി സൂക്ഷിച്ചിരുന്നത് ബികോമും എംകോമും പാസായതിന്റെ സർട്ടിഫിക്കറ്റുകൾ; വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുൻപും ജോളി വ്യാജരേഖകൾ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാൻ രേഖകൾ ഉപകാരപ്രദമാകും എന്നു വിലയിരുത്തി അന്വേഷണ സംഘം; ആൽഫൈൻ വധക്കേസിലെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ജോളി വീണ്ടും ജയിലിലെത്തി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്രീഡിഗ്രി പോലും പാസാകാത്ത ജോളി ജോസഫ് ബികോമും എംകോമും എങ്ങനെ പാസായി? വ്യാജരേഖകൾ ചമയ്ക്കുന്നതിൽ മിടുക്കിയായിരുന്നു ജോളി ജോസഫെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. വ്യാജസർട്ടിഫിക്കറ്റുകൾ ജോളിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെടുത്തു. എംജി സർവകലാശാലയുടെ ബികോം, കേരള സർവകലാശാലയുടെ എംകോം പ്രൊവിഷനൽ സർട്ടിഫിക്കറ്റുകളാണു കൂടത്തായിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെത്തിയത്. എൻഐടിയിലെ പ്രഫസറാണെന്നു സ്ഥാപിക്കാനാണു ജോളി വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചതെന്നു പൊലീസ് കരുതുന്നു.

സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ പൊലീസ് കേരള, എംജി രജിസ്റ്റ്രാർമാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റുകൾ ജോളി വ്യാജമായി നിർമ്മിച്ചതാണെന്നു തെളിഞ്ഞാൽ വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുൻപും ജോളി വ്യാജരേഖകൾ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാൻ പൊലീസിനു കഴിയും. വിവാഹം കഴിഞ്ഞു കട്ടപ്പനയിൽ നിന്നു കൂടത്തായിയിലെത്തിയപ്പോൾ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞതു താൻ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാൽ നെടുങ്കണ്ടത്തെ കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന ജോളി അവസാന വർഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

പക്ഷേ, പാലായിലെ പാരലൽ കോളജിൽ ബികോമിനു ചേർന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാർഗത്തിലാണു ബികോമിനു ചേർന്നതെന്നതു സംബന്ധിച്ച് അന്വേഷണസംഘത്തിനു കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. പാലായിലെ പാരലൽ കോളജിൽ കുറച്ചുകാലം പോയെങ്കിലും ബിരുദവും ജോളി പൂർത്തിയാക്കിയിട്ടില്ല. പാലായിലെ പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടിൽ പറഞ്ഞിരുന്നത്. ചില കംപ്യൂട്ടർ കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകളും ജോളിയുടെ വീട്ടിൽ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു.

താമരശ്ശേരിന്മ ആൽഫൈൻ വധക്കേസിലെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ജോളി ജോസഫ് വീണ്ടും ജയിലിലെത്തി. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്നലെ കോടതി അവധിയായതിനാൽ മജിസ്‌ട്രേട്ടിന്റെ വീട്ടിലാണു ജോളിയെ ഹാജരാക്കിയത്. ഈ കേസിലെ റിമാൻഡ് കാലാവധി 16 വരെയാണ്. അതേസമയം, സിലി വധക്കേസിൽ ജോളി ജോസഫിന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും. മഞ്ചാടിയിൽ മാത്യു വധക്കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാൻ കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഈ കേസിൽ ജോളിയുടെ അറസ്റ്റ് ഇന്നു ജയിലിലെത്തി രേഖപ്പെടുത്തിയേക്കും.

അതേസമയം കൂടത്തായി കൊലക്കേസ് പ്രതികളായ എം.എസ്.മാത്യുവിനെയും കെ.പ്രജികുമാറിനെയും മറ്റു കേസുകളിലും അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വാങ്ങാൻ നീക്കം തുടങ്ങി. സിലി വധക്കേസിൽ പ്രജികുമാറിനെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ അന്വേഷണസംഘം ഇന്നു കോടതിയിൽ നൽകും. ആൽഫൈൻ വധക്കേസിൽ എം.എസ്.മാത്യുവിനെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ അടുത്ത ദിവസം നൽകും.

കൂടത്തായി കൊലപാതക പരമ്പരയിൽ അന്നമ്മ തോമസിന്റേത് ഒഴികെയുള്ള 5 കൊലപാതകങ്ങളും നടത്തിയതു ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയാണെന്നു ജോളി ജോസഫ് പൊലീസിനു മൊഴി നൽകിയിരുന്നു. പ്രജികുമാറിൽ നിന്നു വാങ്ങിയ സയനൈഡ് എം.എസ്.മാത്യുവാണു ജോളിക്കു കൈമാറിയത്. അതിനാൽ 5 കേസുകളിലും മാത്യുവും പ്രജികുമാറും പ്രതികളാകും. നിലവിൽ പ്രജികുമാറിനെ റോയ് തോമസ് വധക്കേസിൽ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മാത്യുവിനെ റോയ് തോമസ്, സിലി വധക്കേസുകളിൽ അറസ്റ്റ് ചെയ്തു. ഓരോ കേസുകളിലും ജോളിയെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വാങ്ങുന്നതിനു പിന്നാലെ മാത്യുവിനെയും പ്രജികുമാറിനെയും കൂടി അറസ്റ്റ് ചെയ്യാനാണു പൊലീസിന്റെ തീരുമാനം.

അതേസമയം ജോളി കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തതായി സംശയിക്കുന്നുവെന്നും പ്രതിയുടെ ഫോൺകാളുകളെക്കുറിച്ച് അവരുടെ സാന്നിധ്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അന്വേഷണസംഘം. ആൽഫൈൻ വധക്കേസിൽ താമരശ്ശേരി മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച തുടർ കസ്റ്റഡി അപേക്ഷയിലാണ് ജോളിയുടെ ഫോൺബന്ധങ്ങളിൽ വിശദാന്വേഷണം വേണമെന്ന് സൂചിപ്പിച്ചത്. പ്രതി കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയതായി സംശയിക്കുന്നുണ്ടെന്നും അസി. പ്രഫസറാണെന്ന വ്യാജേന എൻ.ഐ.ടിയിലേക്ക് നടത്തിയ യാത്രകളുടെ ഉദ്ദേശ്യം കണ്ടെത്തണമെന്നും നേരത്തെ പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2014 മെയ്‌ ഒന്നിന് രാവിലെ ഒമ്പതരക്കാണ് ഷാജു-സിലി ദമ്പതിമാരുടെ ഒന്നരവയസ്സുള്ള മകൾ ആൽഫൈനിനെ കൊലപ്പെടുത്താൻ ജോളി സയനൈഡ് കലർത്തിയ ഭക്ഷണം നൽകിയതെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു.

തന്റെ മാതാപിതാക്കളെയും സഹോദരനെയും ബന്ധുക്കളെയുമടക്കം ആറുപേരെ ഇല്ലാതാക്കിയ കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതിയിൽ തൃപ്തിയുണ്ടെന്ന് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി റെഞ്ചി തോമസ് അറിയിച്ചു. എല്ലാ സത്യങ്ങളും ഇപ്പോൾ പുറത്തുവരുകയാണ്. ജോളിയെ സംശയം തോന്നിത്തുടങ്ങിയത് ഷാജുവുമായുള്ള കല്യാണത്തിന് ശേഷമായിരുന്നെന്നും കല്യാണത്തിന് ജോളി തിടുക്കം കൂട്ടിയെന്നും റെഞ്ചി പറഞ്ഞു. സിലി ജീവിച്ചിരിക്കുമ്പോൾതന്നെ ജോളി പുലിക്കയത്ത് സ്ഥിരം സന്ദർശകയായിരുന്നു. ജോളി കുടുംബത്തിലെ ഓരോരുത്തരെയും വെട്ടിമാറ്റുകയായിരുന്നു. റോയി ജീവിച്ചിരുന്ന കാലത്ത് മാതാപിതാക്കളുടെ മരണത്തെക്കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല.

റോയി ജീവിച്ചിരുന്ന സമയത്ത് ഷാജുവിന് വീട്ടിൽ ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല. സിലി മരിച്ചതിന് ഒരാഴ്ചക്കുശേഷം ഷാജു വീട്ടിൽ സ്ഥിരം സന്ദർശകനായി. ഷാജുവിന് കൊലപാതക ആസൂത്രണത്തിൽ പങ്കുണ്ടെന്നും അയാൾ തികഞ്ഞ അഭിനയമാണ് കാണിക്കുന്നതെന്നും റെഞ്ചി തോമസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുന്നുണ്ട്. സംഭവത്തിൽ തങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP