Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

ഭാര്യയുടെ സംശയം പള്ളിയിൽ എത്തിയപ്പോൾ ജോളിയേയും ജോൺസണേയും വിളിച്ചു വരുത്തി വികാരി താക്കീത് ചെയ്തു; പ്രതികാരം തീർക്കാൻ ഭാര്യയെ ചവിട്ടി നിലത്തിട്ട് ക്രൂര മർദ്ദനം; അദ്ധ്യാപികയെ രക്ഷിച്ചത് നാട്ടുകാർ ഓടിക്കൂടി; സിഐയുടെ താക്കീതിൽ പ്രശ്‌നമൊതുക്കിയത് ഭർത്താവിന്റെ ജോലി നഷ്ടമാകാതിരിക്കാൻ; സ്ഥലം മാറ്റം വാങ്ങി നാടുവിട്ട ശേഷം കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല; ജോളി അകത്തായപ്പോൾ ഭാര്യയ്ക്ക് മുമ്പിലെത്തി മാപ്പ് അപേക്ഷിച്ച് ജോൺസൺ; കൂടത്തായിയിൽ ട്വിസ്റ്റുകൾ തീരുന്നില്ല

ഭാര്യയുടെ സംശയം പള്ളിയിൽ എത്തിയപ്പോൾ ജോളിയേയും ജോൺസണേയും വിളിച്ചു വരുത്തി വികാരി താക്കീത് ചെയ്തു; പ്രതികാരം തീർക്കാൻ ഭാര്യയെ ചവിട്ടി നിലത്തിട്ട് ക്രൂര മർദ്ദനം; അദ്ധ്യാപികയെ രക്ഷിച്ചത് നാട്ടുകാർ ഓടിക്കൂടി; സിഐയുടെ താക്കീതിൽ പ്രശ്‌നമൊതുക്കിയത് ഭർത്താവിന്റെ ജോലി നഷ്ടമാകാതിരിക്കാൻ; സ്ഥലം മാറ്റം വാങ്ങി നാടുവിട്ട ശേഷം കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല; ജോളി അകത്തായപ്പോൾ ഭാര്യയ്ക്ക് മുമ്പിലെത്തി മാപ്പ് അപേക്ഷിച്ച് ജോൺസൺ; കൂടത്തായിയിൽ ട്വിസ്റ്റുകൾ തീരുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലക്കേസിൽ സംശയ നിഴലിലാണ് ജോൺസൺ എന്ന ബി എസ് എൻ എൽ ജീവനക്കാരൻ. അതിനിടെ ജോളിയുമായുള്ള ബന്ധത്തിന്റെ പേരിൽ വഴക്കിട്ടതിന് ജോൺസനിൽനിന്ന് ഭാര്യ നേരിട്ടത് ക്രൂരമർദനമെന്ന് വെളിപ്പെടുത്തൽ ചർച്ചയാകുകയാണ്. ജോളിയും ജോൺസണും കുടുംബാംഗങ്ങളുമൊത്ത് പലവട്ടം സിനിമയ്ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. എന്നാൽ ഇതിനിടെ ജോളിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ജോൺസന്റെ ഭാര്യ ഇവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. തുടർന്ന് ഇക്കാര്യം ജോൺസണിനോട് പറയുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയം പൊലീസിന് മുമ്പിലുമെത്തി. പള്ളിയിലും ചർച്ച നടന്നു. ഈ ചർച്ചയിൽ ജോളിയും പങ്കെടുത്തു. തഹസിൽദാർ ജയശ്രീയാണ് ഈ സമയം ജോളിക്കൊപ്പം ചർച്ചകൾക്ക് എത്തിയത്.

പള്ളിയിലെ ചർച്ചയ്ക്ക ശേഷമായിരുന്നു ഭാര്യയെ ജോൺസൺ ആക്രമിച്ചത്. ചവിട്ടി നിലത്തിട്ടതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ഓടിക്കൂടിയാണ് രക്ഷിച്ചത്. തുടർന്ന് പൊലീസ് കർശനമായി താക്കീത് ചെയ്തതോടെ ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൻ ട്രാൻസ്ഫർ വാങ്ങി തിരൂപ്പൂരിലേക്കു പോവുകയായിരുന്നു. കുടുംബ സുഹൃത്തായിരുന്ന ജോളിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി ജോൺസന്റെ ഭാര്യ ഇവരുമായുള്ള ബന്ധം എതിർത്തതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. ബന്ധുക്കൾ ഇടപെട്ട് കൂടത്തായി പള്ളി വികാരിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ജോളി ഇവരുടെ വീട്ടിൽ വരുന്നതും ജോൺസൻ ബന്ധം തുടരുന്നതും വിലക്കി. തുടർന്ന് വീട്ടിലെത്തിയ ജോൺസൻ ഇതിന്റെ പേരിൽ ഭാര്യയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ജോൺസന്റെ ജോലി നഷ്ടമാകാതിരിക്കാൻ ഒത്തുതീർപ്പിനു തയാറാവുകയായിരുന്നെന്ന് ഭാര്യയുടെ ബന്ധുക്കൾ പറയുന്നു.

ഇനിയൊരിക്കൽക്കൂടി ഭാര്യയെ മർദിച്ചാൽ അകത്താക്കുമെന്ന് താമരശ്ശേരി സിഐ താക്കീതു നൽകി വിട്ടയയ്ക്കുകയും ചെയ്തു. തുടർന്ന് ട്രാൻസ്ഫറായി തിരൂപ്പൂരിലേക്കു പോയ ജോൺസൻ വർഷങ്ങളായി കുടുംബത്തെ തിരിഞ്ഞുനോക്കാറുണ്ടായിരുന്നില്ല. അദ്ധ്യാപികയായ ഭാര്യയുടെ ശമ്പളംകൊണ്ടാണ് 2 മക്കളുടെയും പഠനമുൾപ്പെടെ നടത്തിയത്. ഈയിടെ ജോളി അറസ്റ്റിലാവുകയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തതോടെ ജോൺസൻ വീട്ടിലെത്തി ഭാര്യയോട് മാപ്പപേക്ഷിച്ചു. ഇതും പഴയ കാര്യങ്ങൾ പുറത്തു വരാതിരിക്കാനാണ്. കേസിൽ തന്നെ കുടുക്കുന്ന മൊഴി ഭാര്യ നൽകാതിരിക്കാനായിരുന്നു ഇതെന്നാണ് വിലയിരുത്തൽ. കോടഞ്ചേരി പുലിക്കയത്തെ അക്കാദമിയിലാണ് ജോൺസന്റെയും ജോളിയുടെയും മക്കൾ നീന്തൽ പഠിച്ചിരുന്നത്. ഇവിടെവച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീടിത് കുടുംബങ്ങളുടെ സൗഹൃദമായി. വിനോദയാത്രയ്ക്കിടെ ജോളി തന്നെ വധിക്കാൻ ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തൽകൂടി വന്നതോടെ ജോൺസന്റെ ഭാര്യ മാനസികമായി തളർന്ന അവസ്ഥയിലാണ് ഇപ്പോൾ.

ജോളിയുമായി സൗഹൃദം ഉണ്ടെന്ന് ജോൺസൺ കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയിരുന്നു. ജോളി ഏറ്റവും കൂടുതൽ തവണ ഫോൺ വിളിച്ചവരിൽ ഒരാൾ ജോൺസണാണ്. ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തിയിട്ടുണ്ടെന്നും ജോൺസൺ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ആദ്യഭർത്താവ് റോയി തോമസ് മരിച്ചതിന്റെ രണ്ടാംദിവസം ഒരു പുരുഷസുഹൃത്തിനൊപ്പം ജോളി കോയമ്പത്തൂരിലെത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ജോൺസൺ ആണെന്നാണ് സൂചന. ഐഐഎമ്മിൽ എന്തോ ക്ലാസുണ്ടെന്ന് പറഞ്ഞായിരുന്നു ജോളി വീട്ടിൽനിന്ന് ഇറങ്ങിയത്. അതായത് ഷാജുവിനെ വിവാഹം ചെയ്യും മുമ്പ് തന്നെ ജോൺസണുമായി ജോളിക്ക് ബന്ധമുണ്ടായിരുന്നു. ജോലി എന്ന ലക്ഷ്യത്തോടെയാണ് ഷാജുവുമായി അടുത്തതെന്നാണ് ഇപ്പോൾ പൊലീസ് കരുതുന്നത്.

ആദ്യ ഭർത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് കൂട്ടു പ്രതി മാത്യുവിനെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. റോയി തോമസിന്റെ ഫോണിൽ നിന്നാണ് മാത്യുവിനെ വിളിച്ചത്. രണ്ടാം ഭർത്താവ് ഷാജുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായും ജോളി ചോദ്യം ചെയ്യലിനിടെ മൊഴി നൽകി. ആദ്യ ഭർത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ മാതൃകയിൽ തന്നെ രണ്ടാം ഭർത്താവ് ഷാജുവിനേയും ഇല്ലാതാക്കാൻ ജോളി തീരുമാനിച്ചിരുന്നു. ഇതിനായി പദ്ധതിയും തയ്യാറാക്കിയിരുന്നതായി ജോളി അന്വേഷണ സംഘത്തിന് മൊഴി നൽകി. ബി.എസ്.എൻ.എൽ ജീവനക്കാരനായ ജോൺസണിനൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു ഇത്. പിരിയാൻ കഴിയാത്ത രീതിയിലുള്ള ബന്ധമായി ജോൺസണുമായുള്ള അടുപ്പം മാറിയിരുന്നുവെന്നാണ് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചത്.

ജോൺസണിനൊപ്പം പലയിടത്തും പോയിട്ടുണ്ട്. ഓണക്കാലത്ത് കട്ടപ്പനയിലേക്ക് എന്ന് പറഞ്ഞ് പോയത് കോയമ്പത്തൂരിലേക്കായിരുന്നു. ഒപ്പം ജോൺസണും ഉണ്ടായിരുന്നതായും ജോളി മൊഴി നൽകി. ഷാജുവിനെ കൊല്ലാൻ തീരുമാനിച്ചത് ജോൺസണും അറിയാമായിരുന്നുവെന്നും ജോളി മൊഴി നൽകിയിട്ടുണ്ട്. ജോൺസണിന്റെ ഭാര്യയേയും കൊല്ലാൻ പദ്ധതി ഇട്ടിരുന്നു. ഇതും ജോൺസണ് അറിയാമെന്നാണ് ജോളി പറയുന്നത്. ജോളിക്ക് ഫോണും സിമ്മുമെല്ലാം എടുത്തു നൽകിയതും ജോൺസൺ ആണെന്ന നിഗമനത്തിലാണ് പൊലീസ്. അദ്ധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സർക്കാർ സർവീസിൽ ആശ്രിതനിയമനവും ജോളി ലക്ഷ്യം വെച്ചു. അതിനിടെ കൂടത്തായി കൊലപാതക പരമ്പര കേസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് മരിച്ച റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോയും വെളിപ്പെടുത്തുന്നു.

കേസ് പിൻവലിക്കാൻ തനിക്കുമേൽ മുഖ്യപ്രതിയായ ജോളി സമ്മർദ്ദം ചെലുത്തിയിരുന്നു. സത്യം തെളിഞ്ഞതോടെ മരിച്ചവരുടെ ആത്മാക്കൾക്കും ജീവിച്ചിരുന്നവർക്കും നീതി കിട്ടട്ടെയെന്നും റോജോ പറഞ്ഞു. പരാതി പിൻവലിക്കാൻ ജോളി ആവശ്യപ്പെട്ടു. വസ്തു ഇടപാടിൽ ധാരണയിൽ എത്തണമെങ്കിൽ കേസ് പിൻവലിക്കണമെന്നായിരുന്നു ജോളിയുടെ ആവശ്യം. അതേ സമയം തനിക്ക് നേരെ വധശ്രമമുണ്ടായിട്ടില്ലെന്നും എല്ലാം പുറത്തുവരട്ടെയെന്നും റോജോ വ്യക്തമാക്കി. മൊഴി രേഖപ്പെടുത്തുന്നതിനായി അമേരിക്കയിൽ നിന്ന് ക്രൈംബ്രാഞ്ച് വിളിച്ച് വരുത്തിയതാണ് റോജോയെ. വടകരയിലെ റൂറൽ എസ്‌പി.ഓഫീസിലായിരുന്നു മൊഴിയെടുക്കൽ. തിങ്കളാഴ്ച പുലർച്ചെയാണ് റോജോ അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയത്.

സഹോദരിയും റെഞ്ചിയും ഇന്ന് റോജോയ്ക്കൊപ്പം മൊഴി നൽകുന്നതിനായി എസ്‌പി.ഓഫീസിലെത്തിയിരുന്നു. ഈ സമയത്ത് ജോളിയേയും അവിടെയെത്തിച്ചു. റോജോയുടേയും റെഞ്ചിയുടേയും സാന്നിധ്യത്തിൽ ജോളിയെ ചോദ്യം ചെയ്തതായും സൂചനയുണ്ട്. ജോളിയുടെ രണ്ട് മക്കളുടേയും മൊഴി ഇന്ന് രേഖപ്പെടുത്തി. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചായിരുന്നു ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP