Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

എന്താണ് പറയാനുള്ളത് എന്ന് മജിസ്‌ട്രേട്ട് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ നിർവ്വികാരമായി താഴോട്ട് നോക്കി ജോളി; നിസ്സഹായാവസ്ഥയിൽ വിതുമ്പി മാത്യുവും പ്രജികുമാറും; ജോളി കോടതിയിൽ എത്തിയത് ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തപ്പോൾ ധരിച്ച കറുത്ത ചുരിദാറും റോസ് ഷോളും തന്നെ അണിഞ്ഞ്; മുഷിഞ്ഞ് ദുർഗന്ധം വമിച്ച വസ്ത്രം ധരിക്കാൻ ഇടയാക്കിയത് ബന്ധുക്കളുടെ നിസ്സഹകരണം; കോടതിയിലേക്കുള്ള വഴിയിൽ തടിച്ചു കൂടിയ ആൾക്കൂട്ടത്തിന്റെ കൂക്കു വിളിയോടും ജോളി പ്രതികരിച്ചത് നിർവ്വികാരതയോടെ

എന്താണ് പറയാനുള്ളത് എന്ന് മജിസ്‌ട്രേട്ട് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ നിർവ്വികാരമായി താഴോട്ട് നോക്കി ജോളി; നിസ്സഹായാവസ്ഥയിൽ വിതുമ്പി മാത്യുവും പ്രജികുമാറും; ജോളി കോടതിയിൽ എത്തിയത് ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തപ്പോൾ ധരിച്ച കറുത്ത ചുരിദാറും റോസ് ഷോളും തന്നെ അണിഞ്ഞ്; മുഷിഞ്ഞ് ദുർഗന്ധം വമിച്ച വസ്ത്രം ധരിക്കാൻ ഇടയാക്കിയത് ബന്ധുക്കളുടെ നിസ്സഹകരണം; കോടതിയിലേക്കുള്ള വഴിയിൽ തടിച്ചു കൂടിയ ആൾക്കൂട്ടത്തിന്റെ കൂക്കു വിളിയോടും ജോളി പ്രതികരിച്ചത് നിർവ്വികാരതയോടെ

മറുനാടൻ മലയാളി ബ്യൂറോ

താമരശ്ശേരി: കൂടത്തായിയിലെ കൊലപാതകത്തിൽ ജോളിക്ക് ഇപ്പോഴും കുറ്റബോധമില്ലേ? ഈ ചോദ്യമാണ് ഇന്നലെ കോടതിയിലെ കാഴ്ചകൾ ചർച്ചയാക്കുന്നത്. കുറ്റബോധമില്ലാതെ, നിർവികാരമായ മുഖഭാവത്തോടെ, തിളക്കം നഷ്ടപ്പെട്ട കണ്ണുകളോടെയായിരുന്നു ജോളി കോടതിമുറിയിലെ പ്രതിക്കൂട്ടിൽ നിന്നത്. എന്താണു പറയാനുള്ളതെന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ജോളി ഒന്നും മിണ്ടാതെനിന്നു. താഴേക്ക് നോക്കിയതും പറയാനൊന്നുമില്ലെന്ന ഭാവത്തിൽ. സാധാരണ ഇത്തരം ചോദ്യമെത്തുമ്പോൾ പ്രതികളെ താൻ കുറ്റക്കാരനല്ലെന്ന് പറയാനാകും ശ്രമിക്കുക. അതു പോലും ജോളി ചെയ്യുന്നില്ല.

താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിൽ ജോളിക്കൊപ്പം പ്രതിക്കൂട്ടിൽനിന്ന കൂട്ടുപ്രതികളായ പ്രജികുമാറിനും മാത്യുവിനും വിഷമഭാവമായിരുന്നു. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുമുണ്ടായിരുന്നു. ജോളിയുടെ മുഖത്തുമാത്രമാണ് സങ്കടം നിഴലിക്കാതിരുന്നത്. ശനിയാഴ്ച ക്രൈംബ്രാഞ്ച് ജോളിയെ അറസ്റ്റ് ചെയ്തത്. അന്ന് പൊലീസ് അറസ്റ്റുചെയ്തുകൊണ്ടുപോയപ്പോൾ ധരിച്ചിരുന്ന കറുത്ത ചുരിദാറും റോസ് നിറത്തിലുള്ള ഷാളുമായിരുന്നു കോടതിയിൽ ഹാജരാക്കുമ്പോഴും ജോളിയുടെ വേഷം. ഷാൾ തലയിലൂടെയിട്ടാണ് പൊലീസ് വലയത്തിൽ കോടതിയിലേക്കു കയറ്റിയത്. ജോളിക്ക് വസ്ത്രങ്ങൾ കൊണ്ടു നൽകാൻ ബന്ധുക്കൾ ആരും ജയിലിൽ എത്തിയിരുന്നില്ല. ജയിൽ അധികൃതർ ആവശ്യപ്പെട്ടിട്ടു പോലും ആരും തിരിഞ്ഞു നോക്കിയില്ല. അതുകൊണ്ടാണ് അറസ്റ്റിന്റെ അന്നുള്ള വസ്ത്രം തന്നെ ധരിക്കേണ്ടി വന്നത്.

ജോളി ആറുദിവസവും ജയിലിൽ ചെലവിട്ടത് ഒരേ വേഷത്തിലാണ്. മുഷിഞ്ഞ് ദുർഗന്ധം വമിച്ച വസ്ത്രം തന്നെ ധരിക്കാൻ ഇടയാക്കിയത് മാറിധരിക്കാനുള്ള വസ്ത്രം ലഭിക്കാത്തതുകൊണ്ടാണെന്ന് ജയിൽ ജീവനക്കാർ പറഞ്ഞു. ആകെ മാറ്റിയിടാൻ ലഭിച്ചത് സഹതടവുകാരി നൽകിയ നൈറ്റി മാത്രമാണ്. ജോളിയുടെ സെല്ലിൽ കൊലപാതകക്കേസിലെ ഒരു പ്രതിയുൾപ്പെടെ ആറുപേരാണുള്ളത്. കൊലപാതക പരമ്പരയ്ക്കുപിന്നിൽ ജോളിയാണെന്നറിഞ്ഞ ഞെട്ടലാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും അകറ്റിയതെന്നാണ് ജയിലധികൃതരുടെ വിലയിരുത്തൽ. സാധാരണ ജയിലിൽ കാണാനെത്തുന്നവർ നൽകുന്ന വസ്ത്രമാണ് തുടർന്നുള്ള ദിവസങ്ങളിൽ ഉപയോഗിക്കാറുള്ളത്.

ശനിയാഴ്ച രാത്രി റിമാൻഡിലായ ജോളി ഞായറാഴ്ചതന്നെ ജയിലിലെ ഫോൺ ഉപയോഗിച്ച് സഹോദരൻ നോബിയെ വിളിച്ചിരുന്നു. ആവശ്യമായ വസ്ത്രങ്ങൾ എത്തിച്ചുനൽകാൻ ഫോണിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ജയിലിൽനിന്നു കോടതിയിലേക്കു മാറ്റുന്നതുവരെ യാതൊരു സഹായവും അവർക്ക് ലഭിച്ചില്ല. അറസ്റ്റിലായശേഷം ജോളിയെ കാണാൻ ബന്ധുക്കളാരും എത്തിയിട്ടുമില്ല. റിമാൻഡിൽ കഴിയുന്ന പ്രതികൾക്കും ശിക്ഷിക്കപ്പെട്ടു ജയിലിൽക്കഴിയുന്ന പ്രതികൾക്കും ബന്ധുക്കളാണ് വസ്ത്രം നൽകാറുള്ളതെന്ന് ജയിലധികൃതർ പറഞ്ഞു. അതില്ലാത്ത സാഹചര്യങ്ങളിൽ അറസ്റ്റുചെയ്യുന്ന സമയത്ത് ഇവരിൽ രേഖപ്പെടുത്തിയ പണം നൽകി സൂപ്രണ്ട് മുഖേന ആവശ്യപ്പെട്ടാൽ തങ്ങൾ വാങ്ങിനൽകാറാണു പതിവെന്നും ജയിലധികൃതർ പറയുന്നു.

പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് കോടതിക്കുമുന്നിൽ നിലയുറപ്പിച്ച ആൾക്കൂട്ടത്തിന്റെയും മാധ്യമപ്രവർത്തകരുടെയും ഇടയിലൂടെ രാവിലെ 11 മണിയോടെയാണ് ജോളിയെ പൊലീസ് എത്തിച്ചത്. ജനങ്ങൾ കൂക്കിവിളിച്ചാണ് എതിരേറ്റത്. വനിതാ പൊലീസ് ഉൾപ്പെടെയുള്ള പൊലീസ് സംഘം സുരക്ഷയൊരുക്കി. കോടതിസമുച്ചയത്തിന്റെ രണ്ടാംനിലയിലെ രണ്ടാം കോടതിയുടെ അകത്തേക്ക് കനത്ത സുരക്ഷാവലയം തീർത്താണ് ജോളിയെ എത്തിച്ചത്. കോടതിമുറിയിൽ അരികിലിട്ടിരുന്ന ബെഞ്ചിൽ ഇവരെ ഇരുത്തി. ഇരുവശത്തും വനിതാപൊലീസ് സുരക്ഷ ഉറപ്പാക്കി. പൊലീസ് കസ്റ്റഡി ആവശ്യപ്പെടുന്നുണ്ടെന്നും ഇതിൽ എന്താണു പറയാനുള്ളതെന്നും മജിസ്ട്രേറ്റ് എം. അബ്ദുൾ റഹീം ചോദിച്ചു. മൂന്നുപേരും മിണ്ടാതെനിന്നു. തുടർന്ന്, പ്രതികളെ 16 വരെ പൊലീസ് കസ്റ്റഡിയിൽവിടാൻ ഉത്തരവിട്ടു.

അഡ്വ. ബി.എ. ആളൂരിന്റെ രണ്ട് ജൂനിയർ അഭിഭാഷകർ ജോളിക്കുവേണ്ടിയുള്ള വക്കാലത്ത് തയ്യാറാക്കി രാവിലെത്തന്നെ കോടതിയിലെത്തിയിരുന്നു. ജോളിയെ പൊലീസ് കോടതിമുറിയിലെത്തിച്ചപ്പോൾ അഭിഭാഷകർ അവരെ സമീപിച്ചു. ജോളിക്കുവേണ്ടി ഹാജരാകുമെന്ന് അറിയിച്ചു. വക്കാലത്തിൽ ഒപ്പിടുവിക്കുകയും ചെയ്തു. അഭിഭാഷകരായ ടി. ഹിജാസ്, ഷെഫിൻ എന്നിവരാണ് ആളൂരിനെ പ്രതിനിധാനംചെയ്ത് കോടതിയിലെത്തിയത്. കേസ് പരിഗണിക്കുമ്പോൾ ആളൂർ ഹാജരാകുമെന്ന് ഇവർ പറഞ്ഞു. രണ്ടാംപ്രതി മാത്യുവിനുവേണ്ടി സി.പി. അബ്ദുൾ റഫീഖും മൂന്നാം പ്രതി പ്രജികുമാറിനുവേണ്ടി എം. രാജേഷ് കുമാറും ഹാജരാകും.

ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പൊലീസ് ഇന്നലെ പ്രത്യേകം ചോദ്യം ചെയ്തു. വടകര റൂറൽ എസ്‌പി ഓഫീസിൽ വച്ചാണ് പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നിവരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി ജോളി സഹകരിക്കുന്നുണ്ടെന്ന് എസ്‌പി കെ ജി സൈമൺ പിന്നീട് വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം ജോളിയെ വടകര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വടകര പൊലീസ് സ്റ്റേഷനിലെ വനിതാ സെല്ലിലാണ് ജോളിയെ പാർപ്പിച്ചത്. ഈ മാസം 16 വരെയാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയതിന് നാല് കാരണങ്ങൾ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കസ്റ്റഡി അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിശദീകരണങ്ങളുള്ളത്. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം, റോയ് തോമസിന്റെ അമിത മദ്യപാനം, അമിത അന്ധവിശ്വാസം, വിവാഹേതര ബന്ധങ്ങൾ എതിർത്തതിലെ പക എന്നിവ കൊലപാതകത്തിന് കാരണമായി എന്നാണ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. കൊല രണ്ടും മൂന്നും പ്രതികളുടെ അറിവോടെയും സഹായത്തോടെയുമാണ് ജോളി മൊഴി നൽകിയതായി കസ്റ്റഡി അപേക്ഷയിൽ പൊലീസ് വിശദമാക്കുന്നു.

പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതികളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയരാക്കും. അതിനുശേഷം എസ്‌പി ഓഫീസിലെത്തിച്ചു വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP