Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോളി തന്റേതെന്ന് പറഞ്ഞ് സുഹൃത്ത് ജോൺസണ് പണയം വെക്കാൻ നൽകിയതിൽ സിലിയുടെയും അന്നമ്മയുടെയും സ്വർണാഭരണങ്ങളും; സിലിയുടെ മരണശേഷം ജോളി ഏൽപ്പിച്ച എട്ടേകാൽ പവൻ സ്വർണം ജോൺസൻ അന്വേഷണ സംഘത്തിനു കൈമാറി; ആഭരണങ്ങൾ ധ്യാന കേന്ദ്രത്തിന് സംഭാവന നൽകിയെന്ന വാദവും വാസ്തവ വിരുദ്ധമെന്ന് കണ്ടെത്തൽ; അന്വേഷണം തുടരുമ്പോൾ പുറത്തുവരുന്നത് ജോളിയിലെ 'സ്വർണ്ണക്കള്ളി'; അന്വേഷണത്തിലെ നിർണായക തെളിവുകളായി മാറി സ്വർണാഭരണങ്ങൾ

ജോളി തന്റേതെന്ന് പറഞ്ഞ് സുഹൃത്ത് ജോൺസണ് പണയം വെക്കാൻ നൽകിയതിൽ സിലിയുടെയും അന്നമ്മയുടെയും സ്വർണാഭരണങ്ങളും; സിലിയുടെ മരണശേഷം ജോളി ഏൽപ്പിച്ച എട്ടേകാൽ പവൻ സ്വർണം ജോൺസൻ അന്വേഷണ സംഘത്തിനു കൈമാറി; ആഭരണങ്ങൾ ധ്യാന കേന്ദ്രത്തിന് സംഭാവന നൽകിയെന്ന വാദവും വാസ്തവ വിരുദ്ധമെന്ന് കണ്ടെത്തൽ; അന്വേഷണം തുടരുമ്പോൾ പുറത്തുവരുന്നത് ജോളിയിലെ 'സ്വർണ്ണക്കള്ളി'; അന്വേഷണത്തിലെ നിർണായക തെളിവുകളായി മാറി സ്വർണാഭരണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാകുന്നത് ജോളിയിലെ ആഡംബര പ്രേമിയെയും. സ്വർണാഭരണങ്ങളോട് കൂടുതൽ താൽപ്പര്യമുണ്ടായിരുന്ന പ്രകൃതക്കാരിയായിരുന്നു ജോളി. ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയ സിലിയുടെയും അന്നമ്മയുടെയും സ്വർണാഭരണങ്ങൾ പണയം വെച്ചുവെന്ന വിവരമാണ് പൊലീസിന് ലഭിക്കുന്നത്. ജോളി തന്റേതെന്ന് പറഞ്ഞു കൊണ്ട് ഈ സ്വർണം ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥനായ സുഹൃത്തിന് പണയം വെക്കാൻ നൽകിയെന്നാണ് പുറത്തുവരുന്ന വിവരം.

സിലിയുടെ മരണശേഷം ജോളി ഏൽപ്പിച്ച എട്ടേകാൽ പവൻ സ്വർണം ജോൺസൻ ഇന്നലെ അന്വേഷണ സംഘത്തിനു കൈമാറി. ഇതിൽ മാലയും വളയും സിലിയുടേതാണെന്നു സഹോദരനും മറ്റു ബന്ധുക്കളും തിരിച്ചറിഞ്ഞു. മറ്റു മൂന്നു ബാങ്കുകളിലായി ജോളി പണയം വച്ചിരുന്നതിലും സിലിയുടെ സ്വർണമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വടകര തീരദേശ സ്റ്റേഷനിൽ ചോദ്യം ചെയ്യലിനു ഹാജരായപ്പോഴാണ് ജോൺസൻ ആഭരണങ്ങൾ കൈമാറിയത്. സ്ഥിരീകരണത്തിനായി സഹോദരൻ സിജോ, സഹോദരി, സിജോയുടെ ഭാര്യ എന്നിവരെ പൊലീസ് ഇവിടേക്കു വിളിച്ചുവരുത്തിയിരുന്നു. ഇവർ ശരിവച്ചതോടെ കൊലക്കേസിൽ നിർണായക തെളിവായി ഈ ആഭരണങ്ങൾ മാറും.

തന്റെ സ്വർണമാണെന്നു വിശ്വസിപ്പിച്ചാണ് ജോളി പണയം വയ്ക്കാനായി നൽകിയതെന്നു ജോൺസൻ നേരത്തേ അറിയിച്ചിരുന്നു. പുതുപ്പാടിയിലെ സഹകരണ ബാങ്കിലായിരുന്നു ഇതു വച്ചത്. പണയമെടുത്ത് സ്വർണം കയ്യിൽ സൂക്ഷിച്ചിരുന്നെങ്കിലും ജോളിയുടെ അറസ്റ്റുണ്ടായതിനാൽ കൈമാറാൻ കഴിഞ്ഞില്ലെന്നും അറിയിച്ചിരുന്നു. ഇന്നലെ രാവിലെ വടകര തീരദേശ സ്റ്റേഷനിൽ എത്തിച്ച ജോളിയെ തലശ്ശേരി ഡിവൈഎസ്‌പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ രാത്രി വൈകുവോളം ചോദ്യം ചെയ്തു. സിലിക്ക് സ്ത്രീധനമായി ലഭിച്ച 30 പവൻ, മക്കളുടെ ആഭരണങ്ങളുൾപ്പെടെ അഞ്ചുപവൻ, മകളുടെ വിവാഹാവശ്യത്തിനായി അന്നമ്മ കരുതി വെച്ച വളകളുൾപ്പെടെ പത്ത് പവനോളം എന്നിങ്ങനെ ആകെ 45 പവൻ സ്വർണവും ജോളി തട്ടിയെടുത്തതായി സൂചനയുണ്ട്. ഇതേക്കുറിച്ചും വിശദമായ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.

സ്വർണാഭരണങ്ങളെല്ലാം തന്റേതാണെന്ന് അവകാശപ്പെട്ടാണ് ജോളി സുഹൃത്തിനു നൽകിയതെന്നാണ് പൊലീസിൽനിന്ന് ലഭിക്കുന്ന വിവരം.സ്വന്തം ആവശ്യത്തിനാണോ അതോ, ജോളിക്കു വേണ്ടിയാണോ സുഹൃത്ത് ആഭരണങ്ങൾ പണയം വെച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പുതുപ്പാടിയിലെ ഒരു സഹകരണബാങ്കിൽ കുറച്ചുകാലം പണയംവെച്ച സ്വർണം ഇയാൾ അടുത്തിടെ പണം തിരിച്ചടച്ച് എടുത്തിരുന്നു. അതേസമയം, സ്വർണാഭരണങ്ങളിൽ ചിലത് വിറ്റഴിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. സിലിയുടെ മരണശേഷം, അവർ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ ഓമശ്ശേരിയിലെ സ്വകാര്യാശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയതും ജോളിയായിരുന്നു. ആഭരണങ്ങളെല്ലാം സിലി ഒരു ധ്യാന കേന്ദ്രത്തിന് സംഭാവന നൽകിയെന്ന വാദം വാസ്തവ വിരുദ്ധമാണെന്നും ജോളിയാണ് ആഭരണങ്ങൾ കൈക്കലാക്കിയതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.

അതിനിടെ കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ഭർതൃപിതാവിന്റെ സ്വത്ത് തട്ടിയെടുക്കാനുള്ള വ്യാജ ഒസ്യത്ത് തയാറാക്കിയത് രാമനാട്ടുകരയിലെ ആധാരമെഴുത്ത് ഓഫിസിൽ വച്ചെന്ന് മൊഴി. ഒസ്യത്ത് തയാറാക്കിയ ശേഷം കുന്ദമംഗലത്തെ ഫോട്ടോസ്റ്റാറ്റ് സെന്ററിലാണ് പകർപ്പെടുത്തത്. വ്യാജ ഒസ്യത്ത് തയാറാക്കിയതിന് പിന്നാലെയാണ് ടോം തോമസിനെ കൊലപ്പെടുത്താനുള്ള തീരുമാനമെടുത്തതെന്നു ജോളി അന്വേഷണ സംഘത്തോടു പറഞ്ഞു.

ടോം തോമസിന്റെ ഒപ്പു പതിപ്പിക്കേണ്ട ഭാഗത്ത് അദ്ദേഹം ഒപ്പിട്ട മറ്റൊരു കടലാസ് ചേർത്തുവച്ചാണ് പകർപ്പെടുത്തത്. ഇതോടെ ഒസ്യത്തിന്റെ പകർപ്പിൽ ടോം തോമസിന്റെ ഒപ്പും പതിഞ്ഞു. ഇതിനു ശേഷം വ്യാജ ഒസ്യത്ത് നശിപ്പിച്ചു. സ്വത്ത് സ്വന്തം പേരിലേക്ക് മാറ്റാൻ ജോളി ഹാജരാക്കിയിരുന്നത് ഒസ്യത്തിന്റെ പകർപ്പായിരുന്നു. കുന്നമംഗലത്തുള്ള നോട്ടറി അഭിഭാഷകനാണ് സാക്ഷ്യപ്പെടുത്തിയത്. വ്യാജ ഒസ്യത്ത് തയാറാക്കിയതിന് പിന്നാലെയാണ് ടോം തോമസിനെ കൊലപ്പെടുത്താനുള്ള തീരുമാനമെടുത്തതെന്ന് ജോളി മൊഴിനൽകി. സിലി വധക്കേസിലെ ചോദ്യം ചെയ്യലിനിടെയായിരുന്നു ജോളിയുടെ വെളിപ്പടുത്തൽ. ഈ വിവരങ്ങൾ ടോം തോമസ് വധം അന്വേഷിക്കുന്ന പൊലീസ് സംഘത്തിനു കൈമാറിയിട്ടുണ്ട്.

തെളിവെടുപ്പിനിടെ കുന്ദമംഗലത്തെ ഫോട്ടോസ്റ്റാറ്റ് സെന്ററിന് സമീപം ഇന്നലെ ജോളിയെ എത്തിച്ചിരുന്നു. ഒസ്യത്ത് സാക്ഷ്യപ്പെടുത്താനായി എത്തിയപ്പോൾ ജോളിക്കൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നതായി നോട്ടറി അഭിഭാഷകൻ പൊലീസിന് മൊഴി നൽകി. ഒപ്പമുണ്ടായിരുന്നത് ഭർത്താവ് റോയ് തോമസെന്നാണ് ജോളി അന്വേഷണസംഘത്തോട് പറഞ്ഞത്. വ്യാജ ഒസ്യത്ത് തയാറാക്കിയത് റോയിയുടെ അറിവോടെയായിരുന്നുവെന്നും ഓഫിസിലെ സകല ആവശ്യങ്ങൾക്കും റോയി തന്റെ കൂടെ വന്നിട്ടുണ്ടെന്നും ജോളിയുടെ മൊഴിയിലുണ്ട്. ജോളിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് മാത്രമല്ല ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP