Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

സ്ഥിരം മദ്യപാനിയായ ആദ്യ ഭർത്താവ് ജോലിക്ക് പോകാതെ വഴക്കിട്ടത് വൈരാഗ്യമായി; പിണക്കം മാറ്റാൻ ആഭിചാരക്രിയയ്ക്ക് നിർബന്ധിച്ച റോയി തോമസിനെ വകവരുത്തിയത് വ്യക്തമായ പ്ലാനിങിൽ; വീട്ടിലെത്തിയാൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലം തിരിച്ചറിഞ്ഞ് ആസൂത്രണം; ആദ്യ ഭർത്താവിനെ ഇല്ലായ്മ ചെയ്തത് സ്ഥിരവരുമാനമുള്ള പങ്കാളിയെ കണ്ടെത്താൻ; പരപുരുഷ ബന്ധങ്ങൾ എതിർത്തതും പക ഉണ്ടാക്കി; കൂടത്തായിയിൽ ജോളിയെ കുടുക്കിയത് പൊലീസിന്റെ ചടുല നീക്കങ്ങൾ

സ്ഥിരം മദ്യപാനിയായ ആദ്യ ഭർത്താവ് ജോലിക്ക് പോകാതെ വഴക്കിട്ടത് വൈരാഗ്യമായി; പിണക്കം മാറ്റാൻ ആഭിചാരക്രിയയ്ക്ക് നിർബന്ധിച്ച റോയി തോമസിനെ വകവരുത്തിയത് വ്യക്തമായ പ്ലാനിങിൽ; വീട്ടിലെത്തിയാൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലം തിരിച്ചറിഞ്ഞ് ആസൂത്രണം; ആദ്യ ഭർത്താവിനെ ഇല്ലായ്മ ചെയ്തത് സ്ഥിരവരുമാനമുള്ള പങ്കാളിയെ കണ്ടെത്താൻ; പരപുരുഷ ബന്ധങ്ങൾ എതിർത്തതും പക ഉണ്ടാക്കി; കൂടത്തായിയിൽ ജോളിയെ കുടുക്കിയത് പൊലീസിന്റെ ചടുല നീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

വടകര: ജോളിയുടെ പ്രൊഫൈൽ, കുറ്റവാളി പഠനം, കുറ്റം ചെയ്ത രീതി, ജോളിയുടെ സ്വഭാവ പഠനം എന്നിവയിൽ മുൻ നിർത്തിയായിരുന്നു കൂടത്തായിയിലെ കേസ് അന്വേഷണം. അങ്ങനെയാണ് അതിവേഗം റോയി തോമസ് വധക്കേസിൽ പൊലീസ് കുറ്റപത്രം നൽകുന്നത്. ആറ് കൊലപാതക കേസിൽ ആദ്യത്തേതിൽ നൽകിയത് 1800 പേജുള്ള കുറ്റപത്രമാണ്. കോഴിക്കോട് റൂറൽ എസ്‌പി കെ ജി സൈമണും കൂട്ടരും കൂടത്തായിയിൽ തുമ്പുണ്ടാക്കിയത് ജോളിക്ക് പിന്നാലെ യാത്ര ചെയ്തായിരുന്നു.

ആഭിചാരക്രിയയ്ക്ക് വരെ തന്നെ പ്രേരിപ്പിച്ച ഭർത്താവ് റോയിയെ ജീവിതത്തിൽ നിന്ന് ജോളി ഒഴിവാക്കിയത് അതിവിദഗ്ധ പ്ലാനിങ്ങിലൂയാണ്. സ്ഥിരം മദ്യപാനിയും ജോലിക്ക് പോവാതെ ജോളിയുമായി വഴക്കിടുകയും ചെയ്യുന്ന ആളായിരുന്നു റോയി. അതിനാൽ കല്യാണം കഴിഞ്ഞ അടുത്ത നാളുകളിൽ തന്നെ ജോളിക്ക് റോയി ഭാരമായി തുടങ്ങി. താനും ഭാര്യയും പിണക്കത്തിലാണെന്ന് റോയി പലരെയും അറിയിച്ചിരുന്നു. ഇത് ആഭിചാരക്രിയയിലൂടെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുകയും ചെയ്തിരുന്നു. പക്ഷെ അവർ തന്നെ റോയിയെ ഇതിൽ നിന്നും പിൻതിരിപ്പിച്ചു. ഇതോടെ റോയി മറ്റു ചില ജോത്സ്യന്മാരെ സമീപിച്ചു. ഇതറിഞ്ഞ ജോളി എത്രയും പെട്ടെന്ന് റോയിയെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.

വീട്ടിലെത്തിയാൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് റോയിയുടെ ശീലമായിരുന്നു. ഇത് അറിയാമായിരുന്ന ജോളി, കുടിവെള്ളത്തിലും കടലക്കറിയിലും സയനയ്ഡ് കലർത്തി. കുട്ടികൾ കുടിക്കാതിരിക്കാൻ അവരെ നേരത്തെ തന്നെ മുകളിലത്തെ മുറിയിൽ എത്തിച്ച് ഉറക്കുകയും ചെയ്തു. മരണം ഉറപ്പാക്കിയ ശേഷം ഹാർട്ട് അറ്റാക്കാണെന്ന് ജോളി തന്നെ ബന്ധുക്കളെയും മറ്റുള്ളവരേയും വിളിച്ച് പറഞ്ഞു. പിറ്റേന്ന് വീട്ടിൽ പന്തലിടുമ്പോൾ മാത്രമാണ് അച്ഛൻ മരിച്ച കാര്യം കുട്ടികളോട് പോലും ജോളി പറഞ്ഞതെന്ന് എസ്‌പി കെ.ജി. സൈമൺ പറഞ്ഞു.

റോയി തോമസിന്റെ അമിത മദ്യപാനം, അമിത അന്ധവിശ്വാസം ഇത് കൂടാതെ പരപുരുഷ ബന്ധങ്ങൾ എതിർത്തതിലെ പകയും കൊലപാതകത്തിന് കാരണമായി. കൂടത്തായിൽ ആറ് മരണങ്ങൾ നടന്നുവെങ്കിൽ റോയി തോമസിന്റെ മരണത്തിൽ മാത്രമാണ് മരണ സമയത്ത് മാത്രമേ പോസ്റ്റ് മോർട്ടം നടന്നിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് റോയി തോമസിന്റെ കൊലപാതകത്തിൽ ആദ്യ കുറ്റപത്രം പൊലീസ് നൽകുന്നത്. കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കാൻ നിർണായക ഘടകമായത് റോയിയുടെ സഹോദരൻ റോജോ സംശയം പ്രകടിപ്പിച്ച് പൊലീസിന് നൽകിയ പരാതിയാണ്.

പൊന്നാമറ്റം തറവാട്ടിലെ മരണങ്ങളെ വിധിവൈപരീത്യം കൊണ്ടുള്ള സ്വാഭാവിക വിയോഗങ്ങളായാണ് നാട്ടുകാർ കണക്കാക്കിയിരുന്നത്. പക്ഷേ ടോംതോമസിന്റെ വീടുംസ്വത്തും കൈക്കലാക്കാൻ ജോളി വ്യാജഒസ്യത്ത് ചമച്ചെന്ന മകൻ റോജോയുടെ പരാതി എല്ലാം മാറ്റി മറിച്ചു. വ്യാജഒസ്യത്ത് സംബന്ധിച്ച അന്വേഷണം ജോളിയെന്ന വീട്ടമ്മയുടെ വിദ്യാഭ്യാസ യോഗ്യതയുടെയും എൻ.ഐ.ടി.പ്രൊഫസർ തസ്തികയുടെയുമെല്ലാം കള്ളം കണ്ടെത്തിയതോടെ പൊലീസിന് സംശയമായി. കൂടത്തായി ലൂർദ് മാതാ പള്ളിയിലെയും കോടഞ്ചേരി സെയ്ന്റ് മേരീസ് പള്ളിയിലെയും സെമിത്തേരികളിലെ കല്ലറകൾതുറന്ന് ആറുപരേതരുടെ മൃതദേഹാവശിഷ്ടങ്ങൾ കഴിഞ്ഞ ഒക്ടോബർ നാലിന് പുറത്തെടുക്കുന്നതിനെതിരെപ്പോലും കുടുംബത്തിൽനിന്നും നാട്ടുകാരിൽനിന്നും എതിർശബ്ദമുയർന്നിരുന്നു. ജോളി, എം.എസ്.മാത്യു, പ്രജികുമാർ എന്നിവരെ അന്വേഷണസംഘം അറസ്റ്റുചെയ്തുകൊലപാതക പരമ്പരയുടെ പിന്നാമ്പുറക്കഥകൾ വെളിപ്പെടുത്തിയതോടെ നാട് ഒന്നാകെ തരിച്ചുനിന്നു.

പതിനേഴുവർഷംമുമ്പ് 'ഡോഗ് കിൽ' എന്ന വളർത്തുമൃഗങ്ങൾക്കുള്ള വിഷംനൽകി ഭർതൃമാതാവ് അന്നമ്മയെ ഇല്ലാതാക്കിയ ജോളിയമ്മ ജോസഫ് എന്ന ജോളി ഭർതൃപിതാവ് ടോംതോമസ്, ആദ്യഭർത്താവ് റോയ് തോമസ്, ടോംതോമസിന്റെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാംഭർത്താവിന്റെ ഭാര്യ സിലി, സിലിയുടെ മകൾ ആൽഫൈൻ എന്നിവരെക്കൂടി സയനൈഡ് നൽകി വധിച്ചതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. അതീവരഹസ്യമായി രണ്ടുമാസം അന്വേഷണം നടത്തി ഇരുനൂറിലധികം പേരുടെ മൊഴിയെടുത്ത് റൂറൽ എസ്‌പിയുടെ മേൽനോട്ടത്തിൽ എസ്‌ഐ. ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കുടുക്കി. വ്യാജഒസ്യത്തും, റോയ് തോമസിന്റെ പേരിൽ ജോളിയെടുത്ത പതിനഞ്ചുലക്ഷത്തിന്റെ ഇൻഷുറൻസ് രേഖകളും വ്യാജ ഐ.ഡി കാർഡുമെല്ലാം വൈകാതെ അന്വേഷണസംഘത്തിന്റെ കൈവശമെത്തി. ഇതോടെ കഥകൾ പുറംലോകവും അറിഞ്ഞു.

2011 സെപ്റ്റംബർ 30- നാണ് ജോളിയുടെ ഭർത്താവ് റോയ് തോമസ് വീട്ടിലെ ബാത്ത്റൂമിനകത്ത് കുഴഞ്ഞുവീഴുന്നത്. ആത്മഹത്യയെന്ന നിഗമനത്തിൽ കോടഞ്ചേരി പൊലീസ് ക്രൈം നമ്പർ 189/11 പ്രകാരം അസ്വാഭാവികമരണത്തിനായിരുന്നു അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കൊലപാതക പരമ്പരയിലെ മരണങ്ങളിൽ ഈ കേസിൽ മാത്രമായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. എന്നാൽ പുനരന്വേഷണത്തിൽ ഭക്ഷണത്തിനകത്ത് സയനൈഡ് ചേർത്ത് നൽകി ജോളി റോയിയെ വകവരുത്തുകയായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. അന്നമ്മയ്ക്ക് ആട്ടിൻസൂപ്പിൽ വിഷംചേർത്ത് നൽകിയ ജോളി, ഭർതൃപിതാവായ ടോംതോമസിന് വിറ്റാമിൻ ഗുളികയിലും, ഭർതൃമാതാവിന്റെ സഹോദരൻ മാത്യുവിന് ഭക്ഷണത്തിലും, രണ്ടാംഭർത്താവ് ഷാജുവിന്റെ ഭാര്യ സിലിക്ക് ഗുളികയിലും, സിലിയുടെ മകൾ ആൽഫൈനിന് ഇറച്ചിക്കറിയിലും സയനൈഡ് ചേർത്ത് നൽകിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.

റോയി കൊലക്കേസിൽ ജോളിക്കു സയനൈഡ് സംഘടിപ്പിച്ചു നൽകിയ കക്കാട്ട് മഞ്ചാടിയിൽ എം.എസ്.മാത്യു, സ്വർണപ്പണിക്കാരനായ താമരശ്ശേരി തച്ചൻപൊയിൽ മുള്ളമ്പലത്ത് കെ.പ്രജികുമാർ എന്നിവരാണ് 2, 3 പ്രതികൾ. റോയ് തോമസിന്റെ പിതാവ് ടോം തോമസിന്റെ പേരിൽ വ്യാജ ഒസ്യത്ത് തയാറാക്കാൻ ജോളിയെ സഹായിച്ച സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ.മനോജ് കുമാറാണ് നാലാം പ്രതി. ജോളിയും പ്രതികളായ എം.എസ്.മാത്യു, കെ.പ്രജികുമാർ എന്നിവരും ചേർന്നു ഗൂഢാലോചന നടത്തി റോയിയെ വധിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, തെളിവു നശിപ്പിക്കൽ, രേഖകളില്ലാതെ സയനൈഡ് കൈവശം വയ്ക്കൽ എന്നിവ ഉൾപ്പെടെ 10 വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഭർതൃപിതാവിന്റെ സ്വത്തുക്കൾ തട്ടിയെടുക്കാനും ജോലിയും വരുമാനവുമുള്ള ഒരാളെ വിവാഹം കഴിക്കാനുമായിരുന്നു റോയിയെ കൊലപ്പെടുത്തിയത്. റോയി സയനെഡ് ഉള്ളിൽച്ചെന്നാണു മരിച്ചതെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടിലും വ്യക്തമാണ്. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി ജോളിയുടെ വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു.

കുറ്റപത്രം വിശദ പരിശോധനകൾക്കു ശേഷമാകും കോടതി സ്വീകരിക്കുക. പിന്നീട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് അയയ്ക്കും. വിചാരണ നടത്തേണ്ടത് ഏതു കോടതിയിലാണെന്നു പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തീരുമാനിക്കുക. റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ആർ.ഹരിദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കോടതിയിൽ സമർപ്പിച്ചത് 1800 പേജുകളുള്ള കുറ്റപത്രം. ജോളിയുടെ മക്കളും ബന്ധുക്കളും ഭർത്താവ് ഷാജുവും ഉൾപ്പെടെ 246 സാക്ഷികളാണ് പട്ടികയിലുള്ളത്. റോയ് തോമസിന്റെ സഹോദരി രഞ്ജി തോമസാണ് ഒന്നാം സാക്ഷി. 26 സർക്കാർ ഉദ്യോഗസ്ഥർ സാക്ഷിപ്പട്ടികയിലുണ്ട്. സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ 3 മജിസ്‌ട്രേട്ടുമാരും സാക്ഷികളാണ്.

ജോളിയുടെ ആദ്യ ഭർത്താവ് ധൂർത്തനും ആഡംബരത്തിൽ ജീവിച്ചവനമായിരുന്നു. ഈ ധൂർത്ത് ജീവിതം തകർക്കുന്ന ഘട്ടത്തിലാണ് ജോളി കൊലപാതകങ്ങളിലേക്ക് കടക്കുന്നത്. ഏറെ പണം മുടക്കി തുടങ്ങിയ ബിസിനസ് സംരംഭങ്ങളെല്ലാം തകർന്ന് അവസാന കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു റോയി. മുക്കത്ത് റെഡിമെയ്ഡ് കടയിൽ ഷെയറെടുത്തും താമരശ്ശേരി ചുങ്കത്ത് എൻജിൻ ഓയിൽ വ്യാപാരം നടത്തിയും ലക്ഷങ്ങളാണ് റോയി തുലച്ചത്. ആർഭാടജീവിതവും സുഖലോലുപതയും റോയിയെ കൊണ്ടെത്തിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഇടക്ക് നടത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസും പൊട്ടിയിരുന്നു.

അന്ന് കുടുംബത്തിലെ സാമ്പത്തികകാര്യങ്ങൾ മാതാവ് അന്നമ്മയുടെ കൈകളിലായിരുന്നു. മാതാവിന്റെയും പിതാവിന്റെയും കൈയിൽനിന്ന് വൻ തുക റോയി പലപ്പോഴായി വാങ്ങി. പണം തിരിച്ച് ലഭിക്കാത്തതിനെ തുടർന്ന് അന്നമ്മ കണക്കു ചോദിക്കുന്നത് റോയിയെ ചൊടിപ്പിച്ചിരുന്നു. റോയിയുടെ ബിസിനസുകളെക്കുറിച്ചും സാമ്പത്തികത്തകർച്ചയെക്കുറിച്ചും ജോളിക്കും കൃത്യമായ ബോധ്യമുണ്ടായിരുന്നു. റോയി വാങ്ങിയ പണം കൃത്യമായി അന്നമ്മ ഡയറിയിൽ എഴുതിസൂക്ഷിച്ചിരുന്നു. റോയി വാങ്ങിയ പണത്തെക്കുറിച്ച് ഭർത്താവിനോടും മറ്റു മക്കളോടും അന്നമ്മ പറഞ്ഞതോടെ റോയിക്കും ജോളിക്കും ഇവരോട് നീരസമുണ്ടായി. ഇതാണ് അന്നമ്മയെ വകവരുത്താൻ ഇടയാക്കിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

അന്നമ്മയുടെ മരണശേഷം കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകൾ ടോം തോമസ് ഏറ്റെടുത്തു. കൂടത്തായിക്കടുത്ത മണിമുണ്ടയിൽ ടോം തോമസിനുണ്ടായിരുന്ന ഒന്നരയേക്കർ സ്ഥലം വിറ്റ് ലഭിച്ച 18 ലക്ഷത്തോളം രൂപ റോയിയെ ഒഴിവാക്കി ജോളിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചതായി കുടുംബവുമായി അടുത്ത ബന്ധുക്കൾ പറയുന്നു. കൂടുതൽ കുടുംബസ്വത്ത് ഇനി റോയിക്കും ഭാര്യക്കും ഉണ്ടാകില്ലെന്നും ടോം തോമസ് വ്യക്തമാക്കിയിരുന്നു. ഇതിലുള്ള നീരസമാവാം ടോം തോമസിനെ വകവരുത്താൻ ജോളിയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

റോയി ജീവിച്ചിരുന്നാൽ ഉള്ളതെല്ലാം വിറ്റുതുലക്കുമെന്ന ആശങ്കയാവാം റോയിയെയും വകവരുത്താൻ ഇടയാക്കിയതെന്ന് അന്വേഷണ സംഘം കരുതുന്നു. റോയി മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തണമെന്ന് നിർബന്ധിച്ചത് അമ്മാവനായ മഞ്ചാടിയിൽ മാത്യുവാണ്. മാത്രമല്ല, ജോളിയുടെയും റോയിയുടെയും പല നടപടികളെയും ഇദ്ദേഹം എതിർത്തിരുന്നതായും സൂചനയുണ്ട്. ഇതായിരിക്കാം മാത്യുവിനെ വകവരുത്താൻ വഴിവെച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP