Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വടക്കഞ്ചേരി വാഹനാപകടം; ഡ്രൈവർക്കെതിരെ കൂടുതൽ നടപടി; ജോജോ പത്രോസിന് എതിരെ നരഹത്യാ കുറ്റം ചുമത്തി; ജോമോൻ മദ്യപിച്ചിരുന്നോയെന്നറിയാൻ രക്തപരിശോധനയ്ക്കും ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും നിർദ്ദേശം; രണ്ടാഴ്‌ച്ചക്കുള്ളിൽ ടൂറിസ്റ്റ് ബസ്സുകൾ പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

വടക്കഞ്ചേരി വാഹനാപകടം; ഡ്രൈവർക്കെതിരെ കൂടുതൽ നടപടി; ജോജോ പത്രോസിന് എതിരെ നരഹത്യാ കുറ്റം ചുമത്തി; ജോമോൻ മദ്യപിച്ചിരുന്നോയെന്നറിയാൻ രക്തപരിശോധനയ്ക്കും ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും നിർദ്ദേശം; രണ്ടാഴ്‌ച്ചക്കുള്ളിൽ ടൂറിസ്റ്റ് ബസ്സുകൾ പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോജോ പത്രോസിനെതിരെ കൂടുതൽ നടപടിയുമായി പൊലീസ്. ജോമോൻ എതിരെ നരഹത്യാ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.ഒപ്പം ഇയാളുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും തുടങ്ങി.അറസ്റ്റിലായ ജോമോനെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് ആലത്തൂർ ഡിവൈഎസ്‌പി ആർ അശോകൻ പറഞ്ഞു.ജോമോൻ മദ്യപിച്ചിരുന്നോയെന്നറിയാൻ രക്തപരിശോധന നടത്തും. ഇയാളുടെ രക്തസാമ്പിൾ പരിശോധനക്കയച്ചു. ജോമോനെതിരെ നേരത്തെയും കേസുകളുള്ളതു പരിശോധിക്കും.

അപകടകരമായ വിധത്തിൽ വണ്ടി ഓടിച്ച ജോമോനെ ഡ്രൈവർ ആയി നിയോഗിച്ചതിന് ബസ് ഉടമ അരുണിനെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.അപകടസ്ഥലത്തുനിന്ന് ടൂർ ഓപ്പറേറ്റർ എന്ന വ്യാജേനയാണ് ജോമോൻ രക്ഷപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിൽ കെഎസ്ആർടിസിയുടെ ഭാഗത്തുനിന്നു പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്ന് ഡിവൈഎസ്‌പി പറഞ്ഞു.

അപകടത്തിന് നാല് സെക്കന്റ് മുൻപ് ജിപിഎസ് അലർട്ട് ആർടി ഓഫീസിലേക്ക് എത്തിയിരുന്നു. 11.30.35നാണ് അലർട്ട് എത്തിയത്. 11.30.39ന് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി അപകടമുണ്ടായി. 97.7 കിലോമീറ്റർ വേഗതയിലാണ് ബസ് മുന്നിൽ പോയ സൂപ്പർ ഫാസ്റ്റിൽ ഇടിച്ചുകയറിയത്. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ കുറച്ച് ഭാഗം ടൂറിസ്റ്ര് ബസിൽ കുടുങ്ങിയിരുന്നു. അപകടമുണ്ടാക്കിയ ലൂമിനസ് ഹോളിഡേയ്സ് എന്ന ഈ ടൂറിസ്റ്റ് ബസിന് നിയമലംഘനത്തിന് പിഴ ചുമത്തിയത് നാലുതവണയാണ്. ഇതിൽ മൂന്നെണ്ണത്തിന് പിഴയടച്ചിട്ടില്ല.ഇതോടെ മോട്ടോർ വാഹനവകുപ്പ് ബസ് കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.

നിയമവിരുദ്ധമായി ലൈറ്റുകൾ പിടിപ്പിച്ചതിന് മൂന്നു തവണയാണ് പിഴയിട്ടത്. തെറ്റായ ദിശയിലെ പാർക്കിംഗിന് ഒരു തവണയും. പാമ്പാടി പങ്ങട തെക്കേമറ്റം എസ്. അരുണിന്റെ പേരിൽ കോട്ടയം ആർ.ടി ഓഫീസിലാണ് 2019ൽ ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളിൽ നിന്ന് പിറവത്തെ ടൂർ പാക്കേജ് എജൻസി ലീസിന് എടുത്ത് സർവീസ് നടത്തുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു . ഓരോ വാഹനത്തിന് പിന്നാലെയും പോകാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. 368 എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരെ മാത്രമാണ് ഉള്ളത് . എല്ലാ വാഹനങ്ങളെയും പെട്ടെന്ന് നിയന്ത്രിക്കാനും കഴിയില്ല. അതുകൊണ്ട് പടിപടിയായി പരിശോധന വ്യാപകമാക്കും .

സ്പീഡ് ഗവർണർ നടപടി കർശനമാക്കും.സ്പീഡ് ഗവർണർ അഴിച്ചു മാറ്റുന്ന സംഭവങ്ങൾ ഉണ്ട്. ഡീലർമാരുടെ സഹായവും ഉണ്ട് അവർക്ക്. അവരുടെ പങ്ക് സംശയിക്കണം.ഡീലർമാരുടെ ഷോ റൂം പരിശോധിക്കും.ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ വിവരങ്ങൾ എടുക്കും.ജിപിഎസ് പരമാവധി എടുപ്പിക്കും.ഇല്ലെങ്കിൽ ടെസ്റ്റിന് വന്നാൽ ടെസ്റ്റ് എടുത്തു കൊടുക്കില്ല.നിലവാരം ഇല്ലാത്ത ജിപിഎസ് നൽകുന്നവർക്ക് എതിരെ നടപടി എടുക്കും

മോട്ടോർ വാഹന നിയമങ്ങൾ കേന്ദ്ര നിയമങ്ങൾ ആണ്.പിഴ വളരെ കുറവാണ്.നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കരിമ്പട്ടികയിൽപെടുത്തി നടപടികളെടുത്തു.പക്ഷെ ബസ് ഉടമകൾ കോടതിയിൽ പോയി . അതുകൊണ്ട് മറ്റു നടപടികൾ സാധ്യമാകുന്നില്ല.വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് വാഹനത്തിന്റെ ഉടമയ്ക്ക് സംഭവ ദിവസം അമിതവേഗം ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് വന്നിരുന്നു.10.18നും 10.59നും ആണ് മുന്നറിയിപ്പ് വന്നത്.വാഹന ഉടമയ്ക്ക് എതിരെ കേസ് എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു

വടക്കഞ്ചേരിയിലെ അപകട കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവരുടെ അനാസ്ഥ എന്നാണ് പ്രാഥമിക നിഗമനം. മുന്നിൽ പോയ കെഎസ്ആർടിസി ബസ് പോയത് നിയമ വിധേയമായ വേഗത്തിൽ ആണ് . കെ സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി ഇപ്പോൾ 110 കിലോമീറ്റർ ആണ്. ഇത് നിയമങ്ങൾക്ക് എതിരാണ്. കൂട്ടിയ തീരുമാനം റദ്ദാക്കേണ്ടി വരും. അത് പുനഃപരിശോധിക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP