Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹം ശേഷം ഭാര്യയായി കഴിഞ്ഞത് 565 ദിവസം; ആദ്യ ഭാര്യയിലെ മകനെ പടിയിറക്കിയും വേലക്കാരിയെ മാറ്റിയും തന്ത്രങ്ങൾ; ആറു കോടിയോളം രൂപയുള്ള അക്കൗണ്ടിൽ നിന്ന് രണ്ടു കോടി രൂപ മാറ്റിയത് കണ്ടെത്തിയത് നിർണ്ണായകമായി; വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും പ്രവാസിയെ എത്തിച്ചത് സ്ലോ പോയിസൺ നൽകിയോ? ഗൾഫിലെ റസ്റ്റോറന്റ് ഉടമ സ്‌റ്റെർലിങ് മാത്യുവിന്റെ സഹോദരന്റെ മരണത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത് രണ്ടാം ഭാര്യയും; തൊടുപുഴയിൽ ജോൺ വിൽസൺ കേസ് മറ്റൊരു കൂടത്തായിയോ?

വിവാഹം ശേഷം ഭാര്യയായി കഴിഞ്ഞത് 565 ദിവസം; ആദ്യ ഭാര്യയിലെ മകനെ പടിയിറക്കിയും വേലക്കാരിയെ മാറ്റിയും തന്ത്രങ്ങൾ; ആറു കോടിയോളം രൂപയുള്ള അക്കൗണ്ടിൽ നിന്ന് രണ്ടു കോടി രൂപ മാറ്റിയത് കണ്ടെത്തിയത് നിർണ്ണായകമായി; വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും പ്രവാസിയെ എത്തിച്ചത് സ്ലോ പോയിസൺ നൽകിയോ? ഗൾഫിലെ റസ്റ്റോറന്റ് ഉടമ സ്‌റ്റെർലിങ് മാത്യുവിന്റെ സഹോദരന്റെ മരണത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത് രണ്ടാം ഭാര്യയും; തൊടുപുഴയിൽ ജോൺ വിൽസൺ കേസ് മറ്റൊരു കൂടത്തായിയോ?

എം മനോജ് കുമാർ

തൊടുപുഴ: കുളങ്ങരത്തൊട്ടിയിലെ കോടീശ്വരനായ കെ.ജോൺ വിൽസണിന്റെ (65) മരണം കൂടത്തായി രീതിയിലുള്ള കൊലപാതകമാണോ എന്ന കാര്യത്തിൽ സംശയം ഉയർന്നിരിക്കെ ഈ കേസിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊർജ്ജിതമാക്കി. സ്വത്ത് തേടി കൂടത്തായി രീതിയിൽ ജോണിന്റെ ഭാര്യ ലിസി സൃഷ്ടിച്ചതാണോ ഈ മരണമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

കൂടത്തായിൽ പ്രതിസ്ഥാനത്ത് ജോളിയായിരിക്കെ ജോണിന്റെ മരണത്തിൽ സംശയിക്കുന്നത് രണ്ടാം ഭാര്യയായ ലിസിയെയാണ്. സ്ലോ പോയിസൺ നൽകി വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും ജോണിനെ രണ്ടാം ഭാര്യ വഴി നടത്തുകയായിരുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. 2018 ഡിസംബർ 31 വൈകീട്ടാണ് ജോണിനെ തൂങ്ങിമരിച്ച നിലയിൽ വസതിയിൽ കാണപ്പെടുന്നത്. മരണത്തെക്കുറിച്ച് പരാതി വന്നിരിക്കെയാണ് ഈ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുന്നത്. ജോണിന്റെ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ജോണിന്റെ മക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്.

ജോണിന്റെ രണ്ടു കോടിയിലേറെ രൂപ ലിസി തട്ടിയെടുത്തതായി മക്കൾ നൽകിയ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ദോഹ ഖത്തറിൽ ക്യൂട്ടെൽ കമ്പനിയുടെ ട്രഷറി ഓഫീസറായി ദീർഘകാലം പ്രവർത്തിച്ചയാളാണ് വിൽസൺ. ഖത്തറിൽ നിന്നും വിരമിച്ച ശേഷം നാട്ടിലേക്ക് വന്നു ജീവിതം തുടരുകയായിരുന്നു ജോൺ. കോടികളുടെ സ്വത്തുക്കളും ജോണിനുണ്ട്. 40 കോടിയോളം രൂപയുടെ സ്വത്തുക്കൾ ജോണിന് ഉള്ളതായി പറയപ്പെടുന്നുണ്ട്. ഗൾഫ് മേഖലകളിൽ 150-ലേറെ റസ്റ്റോറന്റ് ശൃംഖലകളുള്ള സ്റ്റെർലിങ് മാത്യുവിന്റെ സഹോദരനാണ് വിൽസൺ. പതിനൊന്നു വർഷം മുമ്പ് ജോണിന്റെ ഭാര്യ വൽസമ്മ രോഗത്തെ തുടർന്ന് മരണമടഞ്ഞിരുന്നു. തുടർന്ന് ജോൺ രണ്ടാം വിവാഹം കഴിച്ചതാണ് ലിസിയെ. പ്രായപൂർത്തിയായ രണ്ടു ആൺമക്കൾ ലിസിക്കുണ്ട്. ഇതെല്ലാം അറിഞ്ഞാണ് ലിസിയെ ജോൺ വിവാഹം കഴിക്കുന്നത്.

ഭർത്താവായ നേവൽ ഓഫീസർ മരിച്ച ശേഷം മക്കൾക്കൊപ്പം ജീവിച്ചു വരവേയാണ് ജോണിന്റെ ആലോചന ലിസിക്ക് വരുന്നത്. ഇതോടെ ലിസി ജോണിനെ വിവാഹം കഴിക്കുകയായിരുന്നു. ഈ വിവാഹമാണ് ജോണിനെ മാനസിക സമ്മർദ്ദത്തിലേക്കും ഒടുവിൽ മരണത്തിലേക്കും തള്ളിവിട്ടത്. ജോണിന്റെ മരണത്തിൽ വില്ലത്തി ലിസി എന്നാണ് കുടുംബം ഇപ്പോൾ ആരോപിക്കുന്നത്. കൂടത്തായി സീരിയൽ കൊലപാതകങ്ങളുടെ വഴിയേയുള്ള മരണമാണ് ഇതെന്നുള്ള സംശയങ്ങളാണ് ഇപ്പോൾ ഉയരുന്നത്. വിവാഹം കഴിച്ച ശേഷം വെറും 565 ദിവസം മാത്രമാണ് ലിസി ജോണിന്റെ ഭാര്യയായി താമസിച്ചത്.

ഈ സമയത്തിനുള്ളിൽ ബന്ധുക്കളെ അകറ്റി ജോണിനെ ലിസി പൂർണമായി ഒറ്റപ്പെടുത്തി. ആദ്യഭാര്യയിലെ മകനെ വീട്ടിൽ നിന്നും പടിയിറക്കി. വേലക്കാരിയെ കൂടി മാറ്റി. ഒറ്റപ്പെടുത്തി ശേഷം വിഷാദത്തിലേക്കും മരണത്തിലേക്കും ഈ കോടീശ്വരനെ തള്ളിവിടുന്നതിന്നിടയിൽ ജോണിന്റെ രണ്ടു കോടിയോളം രൂപ ലിസി സ്വന്തം പേരിലേക്ക് മാറ്റുകയും ചെയ്തു. ജോണിന്റെ അക്കൗണ്ടുകൾ ബന്ധുക്കൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ആറു കോടിയോളം രൂപയുള്ള അക്കൗണ്ടിൽ നിന്ന് രണ്ടു കോടി രൂപ ലിസി സ്വന്തം പേരിലേക്ക് മാറ്റിയത് മനസിലായത്. ബാക്കി നാല് കോടി രൂപയുടെയും സ്വത്തുക്കളുടെയും അവകാശിയായി, നോമിനിയായി ലിസി മാറുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് ജോണിന്റെ മരണത്തിൽ അന്വേഷണം തേടി ബന്ധുക്കൾ രംഗത്ത് വന്നത്.

കൂടത്തായിയിലെ ജോളിയുടെ സയനൈഡ് കൊലപാതകങ്ങൾ കേരളത്തെ പിടിച്ചു കുലുക്കിയിരിക്കെ ഇതേ രീതിയിലുള്ള കൊലപാതകമാണോ ജോണിന്റെതെന്നാണ് ഇപ്പോൾ സംശയിക്കപ്പെടുന്നത്. ജോൺ മരിച്ച ശേഷം ബന്ധുക്കൾ ആദ്യം തൊടുപുഴ പൊലീസിനെ സമീപിച്ചിരുന്നു. മരണത്തിൽ സംശയം ചൂണ്ടിക്കാട്ടി പരാതി വന്നപ്പോൾ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഇതോടെ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു ലിസി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ജോണിന്റെ ബന്ധുക്കളുടെ പരാതി ഗൗരവമായി കണ്ട ഹൈക്കോടതി കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് വിധിച്ചു. തുടർന്ന് ഹൈക്കോടതി അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് നൽകി. ഈ കേസിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

565 ദിവസം മാത്രം നീണ്ട ദാമ്പത്യത്തിനിടയിൽ ജോൺ വിൽസന്റെ കൈയിലുള്ള രണ്ടു കോടിയോളം രൂപ ലിസ്സിയുടെ പേരിലേയ്ക്ക് മാറ്റിയിരുന്നു. സമ്മർദ്ദം ചെലുത്തിയാണ് തുക കൈവശപ്പെടുത്തിയതെന്ന് പിന്നീട് വെളിവായി. ലിസ്സിയുടെ പേരിനോടൊപ്പം ജോണിനെ ചേർത്ത് എല്ലാ രേഖകളിലും ഭാര്യയായി ചേർത്തു. തുടർന്നും സ്വത്തുക്കൾ കൈവശപ്പെടുത്താൻ സമ്മർദ്ദം ചെലുത്തി. ഇതാണ് വിൽസൺ ജീവനൊടുക്കാൻ കാരണമായതെന്നുമാണ് ഇപ്പോൾ ഉയരുന്ന സംശയം. ലിസ്സിയുടെ സുഹൃത്തായ വേറെ ഒരു നേവി ഓഫീസറുടെ പേരിലും ഒപ്പം ആരോപണം ഉയരുന്നുണ്ട്. വിൽസന്റെ മരണത്തോടെ സ്വത്ത് ഭൂരിഭാഗവും കൈവശപ്പെടുത്തുവാനുള്ള ശ്രമം ലിസ്സി തുടങ്ങിയതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ജോണിന്റെ നിക്ഷേപങ്ങളുടെയും സ്ഥലങ്ങളുടെയും ഉൾപ്പെടെയുള്ള രേഖകളുമായാണ് ലിസ്സി പോയിട്ടുള്ളത്. വിൽസന്റെ മരണശേഷമാണ് മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന കാര്യം പുറംലോകം അറിഞ്ഞത്. ഇതേത്തുടർന്ന് വിൽസന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മക്കൾ ഹൈക്കോടതിയെ സമീപിച്ചു. കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദ്ദേശം നൽകി. ഇതേ തുടർന്നാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

അതിസമ്പന്നനും കോടികളുടെ സ്വത്തുക്കളുടെ ഉടമയുമാണ് കെ.ജോൺ വിൽസൺ. ഭാര്യ മരിച്ചപ്പോൾ ജോൺ ഒറ്റയ്ക്കായി. മക്കൾ വിദേശത്തും. ഇതോടെയാണ് ഏകാന്തതയിൽ നിന്നും മോചനം തേടി ജോൺ പുതിയ വിവാഹത്തിനു ഒരുങ്ങുന്നത്. ഇങ്ങിനെ വന്ന ആലോചനയാണ് ലിസിയുടേത്. ഒരു നാവികസേന ഓഫീസറായിരുന്നു ലിസിയുടെ ഭർത്താവ്. ഇദ്ദേഹത്തിന്റെ മരണശേഷമാണ് ലിസി ജോണിനെ വിവാഹം ചെയ്യുന്നത്. സ്ത്രീധനത്തിനു പകരം പുരുഷധനം 50 ലക്ഷം രൂപ ആദ്യം നൽകിയാണ് വിവാഹം ചെയ്തത്. ഭർത്താവിന്റെ പെൻഷൻ തടസപ്പെടുമെന്നതിനാൽ 50 ലക്ഷം വേണം എന്നാവശ്യമാണ് ലിസി ആദ്യം മുഴക്കിയത്. ഇത് നൽകിയാണ് വിവാഹം നടന്നത്.

ദാമ്പത്യം മുന്നോട്ടു നീങ്ങുന്നതിന്നിടെ തന്നെ ജോൺ രോഗിയായി. ഇത് ഇപ്പോൾ ബന്ധുക്കളിൽ സംശയം നിറച്ചിരിക്കുകയാണ്. ഭക്ഷണത്തിൽ സ്ലോ പോയിസൺ നൽകി ലിസി ജോണിനെ ശയ്യാവലംബിയാക്കുകയായിരുന്നു എന്നാണ് ഇപ്പോൾ വരുന്ന ആരോപണം. ആരോഗ്യവാനായ ജോണിനെ സമ്മർദ്ദത്തിൽ കുടുക്കി ലിസി ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു. ഇതാണ് ബന്ധുക്കൾ ഉയർത്തുന്ന ആരോപണം. വിവാഹം കഴിഞ്ഞു രണ്ടു വർഷത്തിന്നിടെ വന്ന ജോണിന്റെ മരണം ഇതിനു തെളിവാണ് എന്നാണ് ബന്ധുക്കളുടെ പക്ഷം. വീട്ടിലേക്ക് ബന്ധുക്കളെ ആരെയും ലിസി അടുപ്പിച്ചില്ല. ജോണിന് ഏകാന്തവാസം വിധിച്ചു.ആദ്യ മകനെ വീട്ടിൽ നിന്നും കുടിയിറക്കി വിട്ടു. സ്വത്തുക്കൾക്കായി ജോണിനെ സമ്മർദ്ദത്തിലാക്കി. വിഷാദത്തിലേക്ക് തള്ളിവിട്ടു. ഇത് ജോണിന്റെ ആത്മഹത്യയ്ക്ക് വഴിവെച്ചു. ഇതാണ് മക്കൾ അടക്കമുള്ള ബന്ധുക്കളുടെ ആരോപണം.

മാനസിക സമ്മർദ്ദത്തിലായ ജോണിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക. ഈ കുറ്റം ചുമത്തിയാണ് ഈ കേസിൽ അന്വേഷണം മുന്നോട്ടു നീക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ് പി.ടി.എ. ആന്റണിയാണ് അന്വേഷണം നടത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP