Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഠനത്തിലെ മികവിന് അനിയത്തി കുട്ടിയെ പുകഴ്‌ത്തിയും അവളെ പോലെ ആകണമെന്നും പറഞ്ഞ് നിരന്തര സമ്മർദ്ദം; അവധിക്ക് കുടുംബ വീട്ടിലെത്തിയപ്പോൾ മാനസിക സംഘർഷത്തിൽ പ്രതികാരം; ഹാളിൽ ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ പുറകിലെത്തി സഹോദരിയുടെ കഴുത്തിൽ ഷാൾ ഇട്ടു കുടുക്കി; നിലതെറ്റി വീണ പെൺകുട്ടിക്ക് ശ്വാസം മുട്ടി മരണം: 14കാരിയുടെ കുഞ്ഞുമനസ്സിലെ പക ജീവനെടുത്തത് 11കാരിയുടെ; കഴുത്തിലെ പാട് പാലക്കാട്ടെ കൊലയിൽ സത്യം പുറത്തെത്തിച്ചപ്പോൾ

പഠനത്തിലെ മികവിന് അനിയത്തി കുട്ടിയെ പുകഴ്‌ത്തിയും അവളെ പോലെ ആകണമെന്നും പറഞ്ഞ് നിരന്തര സമ്മർദ്ദം; അവധിക്ക് കുടുംബ വീട്ടിലെത്തിയപ്പോൾ മാനസിക സംഘർഷത്തിൽ പ്രതികാരം; ഹാളിൽ ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ പുറകിലെത്തി സഹോദരിയുടെ കഴുത്തിൽ ഷാൾ ഇട്ടു കുടുക്കി; നിലതെറ്റി വീണ പെൺകുട്ടിക്ക് ശ്വാസം മുട്ടി മരണം: 14കാരിയുടെ കുഞ്ഞുമനസ്സിലെ പക ജീവനെടുത്തത് 11കാരിയുടെ; കഴുത്തിലെ പാട് പാലക്കാട്ടെ കൊലയിൽ സത്യം പുറത്തെത്തിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

എടപ്പാൾ: പതിനൊന്നുവയസ്സായ വിദ്യാർത്ഥിനി കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ച സംഭവത്തിൽ പ്രതി മാതൃസഹോദരീപുത്രിയായ പതിനാലുകാരി. ഈ കുട്ടിയെ പൊലീസ് ജുവൈനൽ ജസ്റ്റിസ് ബോർഡിനുമുന്നിൽ ഹാജരാക്കി. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകത്തെത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പതിനൊന്നുകാരിയെ അമ്മയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിൽ പാടുകണ്ട ഡോക്ടർമാർ മരണത്തിൽ ദൂരൂഹതയുണ്ടെന്ന് പരാതി നൽകി. ഇതോടെ പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് ഷാൾ കഴുത്തിൽ കുരുക്കിയ വിവരം പതിനാലുകാരി പറഞ്ഞത്. പാലക്കാട് ജില്ലാതിർത്തി ഗ്രാമത്തിലാണ് സംഭവം. വിദ്യാലയങ്ങളടച്ചതോടെ അമ്മവീട്ടിൽ അവധി ആഘോഷത്തിന് എത്തിയതാണ് സഹോദരിമാരുടെ രണ്ടു കുട്ടികളും. ഇതിനിടെയാണ് ദുരന്തം ഉണ്ടായത്.

കുട്ടികളെ വീട്ടിൽ കളിക്കാൻവിട്ട് അമ്മൂമ്മയും അപ്പൂപ്പനും പറമ്പിൽ കൃഷി ജോലിക്ക് പോയി. ഇതിനിടെയാണ് സംഭവമുണ്ടായത്. തിരിച്ചുവന്നപ്പോൾ ദിവാൻബെഡിൽ അവശയായിക്കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഷോക്കേറ്റതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കഴുത്തിലെ കുരുക്ക് ആശുപത്രിയിലെ ഡോക്ടറുടെ ശ്രദ്ധയിൽ പെട്ടു. ഇതോടെ പൊലീസെത്തി. വീട്ടീലുള്ള എല്ലാവരേയും ചോദ്യം ചെയ്തു. കുട്ടികളോടും കാര്യങ്ങൾ തിരക്കി. ഇതിനിടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

ഷൊർണൂർ ഡിവൈ.എസ്‌പിയാണ് അന്വേഷണം നടത്തുന്നത്. പഠനത്തിൽ മികവുപുലർത്തിയ അനിയത്തിക്കുട്ടിയെ പുകഴ്‌ത്തിയും അവളെപ്പോലെയാകണമെന്നും പറഞ്ഞ് നിരന്തരം വീട്ടുകാർ കുട്ടിയെ സമ്മർദത്തിലാക്കിയിരുന്നു. അടുത്തിടെ കുട്ടിക്ക് എൽ.എസ്.എസ്. സ്‌കോളർഷിപ്പ് ലഭിക്കുകയും ഇതിൽ അഭിനന്ദിച്ച് ഫ്ളെക്‌സ് ബോർഡുകൾ സ്ഥാപിക്കുകയുമെല്ലാം ചെയ്തിരുന്നു. ഇതാണ് കൊലപാകത്തിന് പ്രേരണയായത്. മാനസിക പ്രശ്‌നമാണ് കൊലയ്ക്ക് കാരണം.

അമ്മൂമ്മ പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ചെറിയ കുട്ടിയെ ബാധം പോയ നിലയിൽ കണ്ടത്. ബോധം നഷ്ട്ടപ്പെട്ട കുട്ടിയെ ബന്ധുവായ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുട്ടി മരണപ്പെട്ടിരുന്നു. കുട്ടി ടി.വി കണ്ടു കൊണ്ടിരിക്കുമ്പോൾ ഷോക്കേറ്റ് മരിച്ചതാണെന്നായിരുന്നു ആദ്യം വിശദീകരണം. എന്നാൽ ഡോക്ടർ പരിശോധിച്ചതിൽ കഴുത്തിൽ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് വീട് സീൽ ചെയ്തു. പാലക്കാട് പൊലീസ് സർജന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടിയുടെ കഴുത്തിൽ തുണി ഉപയോഗിച്ച് മുറുകിയ പാടുകൾ കണ്ടെത്തി. തുടർന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.

ഹാളിൽ ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ പുറകിലെത്തിയ മാതൃസഹോദരിയുടെ പതിനാലുവയസുള്ള മകൾ ഷാൾ കഴുത്തിൽ ഇടുകയായിരുന്നു. നിലതെറ്റി വീണ പെൺകുട്ടി ശ്വാസം മുട്ടി മരിച്ചു. സംഭവത്തിൽ പൊലീസും വിരലടയാള വിദഗ്ദരും പരിശോധകൾ നടത്തിയിരുന്നു. മൃതദേഹം പാലക്കാട് ഗവ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.

നിരന്തരമായുണ്ടായ മോശം അനുഭവങ്ങൾ പതിനാലുകാരിയുടെ മനസ്സിനെ സ്വാധീനിച്ചു. ഇതാണ് പതിനൊന്നുകാരിയെ ഇല്ലാതാക്കാനുള്ള മാനസികാവസ്ഥയിലേക്ക് കുട്ടിയെ എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എല്ലാവരും പുറത്തുപോയപ്പോൾ വീട്ടിൽ അവശേഷിച്ചത് മരണപ്പെട്ട പതിനൊന്ന് കാരിയും അമ്മയുടെ സഹോദരി മകളായ 14 കാരിയും അമ്മൂമയും. തെരഞ്ഞെടുപ്പിന്റെ തലേദിവസമായിരുന്നു അത്. തൊടിയിൽ തേങ്ങയിടാൻ ആളെത്തിയതിനാൽ അമ്മൂമ തൊടിയിലേക്ക് പോയി. അപ്പോഴായിരുന്നു കൊല. പൊലീസിന് കാര്യങ്ങൾ ഏറെക്കുറെ ആദ്യമെ ബോധ്യപ്പെട്ടിരുന്നു.കുറ്റബോധം ആ പതിനാല് കാരിയെ തളർത്തി. അവൾ എല്ലാം പൊലീസുകാരോട് തുറന്ന് പറഞ്ഞു.

'അനിയത്തി പഠിക്കാൻ മിടുക്കിയായിരുന്നു. ഇത്തവണ യു എസ് എസ് സ്‌കോളർഷിപ്പും കിട്ടിയിരുന്നു. വീട്ടുകാർ അവളെ അനുമോദനം കൊണ്ട് മൂടിയപ്പോൾ സഹോദരിയായ താൻ ഏറെ ഒറ്റപ്പെട്ടു. എല്ലാവർക്കും അവളെ മതി... കണ്ടു പഠിക്ക് അവളെ...എങ്ങും അവൾ മാത്രം. അവളെ മാത്രം മതി എപ്പോഴും. ദേഷ്യം പകയായി.. പകയുടെ ഒടുവിൽ അവളെ കൊല്ലണമെന്നായി. ഒന്നും ചിന്തിച്ചില്ല... ഷാൾ മുറുക്കി കൊന്ന് കളഞ്ഞു...'-ഇതാണ് പൊലീസിന് പതിനാലുകാരി നൽകിയ മൊഴി. മറ്റു കുട്ടികളുടെ കഴിവുകളുമായി ഒരു കുട്ടിയെ താരതമ്യം ചെയ്യരുതെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ ഇത് നടക്കാറില്ല. ഇതാണ് ഇവിടേയും യഥാർത്ഥ വില്ലൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP