Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുന്ദരിയമ്മ കൊലക്കേസിൽ ജയേഷിന് രക്ഷയായത് സംഭവ ദിവസം ഹോട്ടലിൽ തന്നോടൊപ്പം ഉണ്ടായിരുന്നു എന്ന ഉടമയുടെ മൊഴി; പൊലീസ് ഇടിച്ചുസമ്മതിപ്പിച്ചു എന്ന് ജയേഷും; കോടതി വെറുതെ വിട്ട ആൾ കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റിച്ചിറയിൽ പിടിയിൽ; സുന്ദരിയമ്മ കൊലക്കേസിനെ 'ഒരു കുപ്രസിദ്ധ പയ്യൻ' ആക്കിയ ടോവിനോ സിനിമ വീണ്ടും ചർച്ചയിൽ

സുന്ദരിയമ്മ കൊലക്കേസിൽ ജയേഷിന് രക്ഷയായത് സംഭവ ദിവസം ഹോട്ടലിൽ തന്നോടൊപ്പം ഉണ്ടായിരുന്നു എന്ന ഉടമയുടെ മൊഴി; പൊലീസ് ഇടിച്ചുസമ്മതിപ്പിച്ചു എന്ന് ജയേഷും; കോടതി വെറുതെ വിട്ട ആൾ കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റിച്ചിറയിൽ പിടിയിൽ; സുന്ദരിയമ്മ കൊലക്കേസിനെ 'ഒരു കുപ്രസിദ്ധ പയ്യൻ' ആക്കിയ ടോവിനോ സിനിമ വീണ്ടും ചർച്ചയിൽ

കെ വി നിരഞ്ജൻ

 കോഴിക്കോട്: കുറ്റിച്ചിറയിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ ടൗൺ പൊലീസ് പിടികൂടി. എട്ടും, പത്തും, പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയായ ചക്കുംകടവ് നായ് പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് പൊലീസ് പിടികൂടിയത്. ഏറെ കോളിളക്കമുണ്ടാക്കിയ സുന്ദരിയമ്മ കൊലക്കേസിൽ കോടതി വെറുതെ വിട്ടയാളാണ് ഇയാൾ.


കഴിഞ്ഞ മാസം 26ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷൻ ക്ലാസിലേക്ക് പോയ കുട്ടികളെ പ്രതി വളർത്തു മീനിനെ വാങ്ങി തരാം എന്ന് പറഞ്ഞു കുറ്റിച്ചിറയിൽ നിന്നും ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടി കൊണ്ടുപോവുകയായിരുന്നു. ഇതിൽ രണ്ടു കുട്ടികൾ ഗുജറാത്തി സ്ട്രീറ്റിൽ നിന്നും ഓടി പോവുകയും 10 വയസ്സുകാരനെ ഇയാൾ നിർത്തിയിട്ട ഗുഡ്‌സ് വണ്ടിയിൽ കയറ്റിയിരുത്തുകയുമായിരുന്നു. ഒരു കാർ വരുമെന്നും അതിൽ കയറി ബീച്ചിലൂടെ കറങ്ങാം എന്നും പറഞ്ഞപ്പേൾ കുട്ടി പേടിച്ച് ഗുഡ്‌സിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

അന്വേഷണത്തിനിടെ കുട്ടികളുടെ മൊഴിയിൽ നിന്നും സിസിടിവി പരിശോധനയിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് മുഖദാറിൽ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. ടൗൺ പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ഷൈജു. സി, സുനിൽകുമാർ, സീനിയർ സിപിഒ സജേഷ് കുമാർ, സിപിഒ മാരായ, പ്രബീഷ്, ഷിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ജയേഷ് എന്ന ജബ്ബാറിനെ 2012 ജൂലൈ 21ന് വട്ടക്കിണറിന് സമീപം സുന്ദരിയമ്മ എന്ന വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് പിടികൂടുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. പുലർച്ചെയായിരുന്നു ഹോട്ടലുകളിൽ പലഹാരം വിറ്റ് ഉപജീവനം നടത്തുന്ന സുന്ദരിയമ്മ കൊല്ലപ്പെടുന്നത്.

തന്റെ ഒറ്റമുറി വീട്ടിൽ തനിച്ച് താമസിച്ചിരുന്ന സുന്ദരിയമ്മ എന്ന 69 കാരിയെ വെളുപ്പിന് ഒന്നര മണിയോടെ ഓടു പൊളിച്ച് കടന്ന അജ്ഞാതൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടുകത്തി കൊണ്ട് തലയ്ക്കും നെഞ്ചിനും ഇരുകൈകളിലും വെട്ടിയിരുന്നു. നാട്ടുകാർ അവരെ മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും മൂന്നു മണിക്കൂറിനുള്ളിൽ അവർ മരണമടഞ്ഞു. കോയമ്പത്തൂരിൽ നിന്നും കേരളത്തിലെത്തിയ സുന്ദരിയമ്മ മക്കളുടെ വിവാഹ ശേഷം തനിച്ചു താമസിക്കുകയായിരുന്നു. കസബ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ 120 ഓളം പേരെ ചോദ്യം ചെയ്തു. ഒടുവിൽ തെളിവില്ലാതെ വന്നതോടെ 2013 ൽ പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.

പൊലീസിന് പ്രതിയെ കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്ന് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു. തുടർന്നാണ് മീഞ്ചന്തയ്ക്ക് അടുത്തുള്ള ഹോട്ടലിൽ ജോലി ചെയ്തിരുന്ന ജയേഷ് അറസ്റ്റിലാവുന്നത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഉൾപ്പെടെ ജയേഷിന്റെ അലമാരയിൽ നിന്ന് കണ്ടെടുത്തു. അറസ്റ്റിലായ ജയേഷ് ഒന്നര വർഷത്തോളം ജയിലിൽ കഴിഞ്ഞു. എന്നാൽ ക്രൈംബ്രാഞ്ച് വാദങ്ങളെ ജയേഷിന്റെ അഭിഭാഷകൻ പൊളിച്ചതോടെ ജയേഷിനെ കോടതി നിരപരാധിയായി പ്രഖ്യാപിച്ച് വെറുതെ വിടുകയായിരുന്നു.

തെളിവുകളും സാക്ഷികളും പൊലീസിന്റെ വ്യാജ സൃഷ്ടിയാണെന്ന് വ്യക്തമായി മാറാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് ജയേഷിനെ വെറുതെ വിട്ടത്. നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകണമെന്നും ഈ തുക കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈ എസ് പി പൃഥ്വിരാജ്, സി ഐ പ്രമോദ് എന്നിവരിൽ നിന്നും ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടും അവർ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നായിരുന്നു ജയേഷിന്റെ ആരോപണം. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പോസ്റ്റുമോർട്ടം റിപ്പോർട്ടിനോട് യോജിക്കുന്ന രീതിയിൽ പുതിയ വെട്ടുകത്തി വാങ്ങി അതിൽ തന്നെക്കൊണ്ട് മുറുകെ പിടിപ്പിച്ച് അമ്പലക്കുളത്തിലേക്ക് എറിയുകയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. ജയേഷ് ജോലി ചെയ്ത ഹോട്ടലുടമ സംഭവ ദിവസം തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

പിന്നീട് ജീവൻ ജോബ് തോമസിന്റെ തിരക്കഥയിൽ ടൊവിനോ തോമസിനെ നായകനാക്കി സുന്ദരിയമ്മ കൊലക്കേസ് ഒരു കുപ്രസിദ്ധ പയ്യൻ എന്ന പേരിൽ മധുപാൽ സിനിമയുമാക്കി. ജയേഷായി ടൊവിനോ വേഷമിട്ട ചിത്രം സുന്ദരിയമ്മ കൊലക്കേസും ജയേഷിന്റെ ജീവിതവും വീണ്ടും മാധ്യമങ്ങളിൽ ചർച്ചയാക്കി. സമൂഹവും പൊലീസും ചേർന്ന് എങ്ങിനെ ഒരു നിരപരാധിയെ കൊലപാതകിയായി ചിത്രീകരിക്കുന്നു എന്നായിരുന്നു ചിത്രം വിശദീകരിച്ചത്. അന്ന് പൊലീസിനെ പ്രതികൂട്ടിലാക്കിയ ജയേഷ് ഇപ്പോൾ വീണ്ടും പൊലീസ് പിടിയിലായിരിക്കുകയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP