Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജയരാജന്റെ അറിവില്ലാതെ കതിരൂർ മനോജിന്റെ കൊലപാതകം നടക്കില്ലെന്നു സിബിഐ കുറ്റപത്രം; വിക്രമനുമായി വധഗുഢാലോചന നടത്തിയ 'അജ്ഞാതൻ' ജയരാജനെന്നു സംശയം; സിപിഐ(എം) നേതാവിനെ അറസ്റ്റ് ചെയ്യും

ജയരാജന്റെ അറിവില്ലാതെ കതിരൂർ മനോജിന്റെ കൊലപാതകം നടക്കില്ലെന്നു സിബിഐ കുറ്റപത്രം; വിക്രമനുമായി വധഗുഢാലോചന നടത്തിയ 'അജ്ഞാതൻ' ജയരാജനെന്നു സംശയം; സിപിഐ(എം) നേതാവിനെ അറസ്റ്റ് ചെയ്യും

രഞ്ജിത് ബാബു

കണ്ണൂർ: സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അറിവില്ലാതെ കതിരൂർ മനോജിന്റെ കൊലപാതകം നടക്കില്ലെന്നു സിബിഐ.സമർപ്പിച്ച കുറ്റപത്രത്തിൽ സൂചന.

സിബിഐ.അന്വേഷണത്തിൽ ലഭിച്ച ഈ സൂചനയാണ് ജയരാജനെതിരെ അവർ പ്രയോഗിക്കുന്നത്. ഇന്നലെ രാവിലെ 11 മണിക്ക് തലശ്ശേരി ഗസ്റ്റ് ഹൗസിൽ ഹാജരാകാൻ ജയരാജന് സിബിഐ.നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹാജരാവാൻ മൂന്നു ദിവസത്തെ സാവകാശം വേണമെന്നും ഒരാഴ്ചക്കകം ഹാജരാവാമെന്നും ജയരാജൻ സിബിഐ.യെ അറിയിക്കുകയായിരുന്നു. കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന സിബിഐ, ഡി.വൈ.എസ്‌പി. ഹരിഓം പ്രകാശ് ഉൾപ്പെടെയുള്ള സംഘം ക്യാമ്പ് ഓഫീസിൽ ജയരാജന്റെ വരവ് പ്രതീക്ഷിച്ച് കാത്തിരിപ്പുണ്ടായിരുന്നു.

പി.ജയരാജൻ എപ്പോൾ ഹാജരാകുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഹാജരാവാൻ സാവകാശം വേണമെന്നാണ് കത്തിലൂടെ അറിയിച്ചിട്ടുള്ളത്. ആർഎസ്എസ് നേതാവായിരുന്ന മനോജിന്റെ വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയരാജനെ സിബിഐ. എറണാകുളത്തെ ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് കേസിൽ തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാണിച്ച് ജയരാജൻ തലശ്ശേരി സെഷൻസ് കോടതിയിൽ മുൻകുർ ജാമ്യഹർജി നൽകിയിരുന്നു. എന്നാൽ മനോജ് വധക്കേസിൽ ജയരാജൻ പ്രതിയല്ലെന്ന് സിബിഐ. വ്യക്തമാക്കിയതോടെ ജാമ്യ ഹർജി തള്ളുകയായിരുന്നു.

പക്ഷേ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ജയരാജൻ അറിയാതെ കൊലപാതകം നടക്കില്ലെന്ന സൂചന നൽകിയിട്ടുണ്ട്. അതിനാൽ ഏതു സമയവും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമെന്ന നിലപാടിലാണ് സിബിഐ.എന്നും അഭിപ്രായമുയർന്നിരുന്നു. സിബിഐ. ചോദ്യം ചെയ്തതു പ്രകാരം ചില രേഖകൾ ഹാജരാക്കണമെന്നും അവർ ജയരാജനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരേയും ജയരാജൻ അവ നൽകിയിട്ടില്ലെന്ന് സിബിഐ. വൃത്തങ്ങൾ പറയുന്നു. കയ്യിലില്ലാത്ത രേഖകൾ ഹാജരാക്കാനാണ് സിബിഐ. തന്നോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ജയരാജനും പറയുന്നു.

ആർ.എസ്. എസ്. നേതാവായിരുന്ന കതിരൂർ മനോജ് 2014 സെപ്റ്റംബർ ഒന്നിനു രാവിലെയാണ് കൊല്ലപ്പെട്ടത്. വാനിൽ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞും വെട്ടിയും ഒരു സംഘം പേർ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 19 സിപിഐ.(എം). പ്രവർത്തകരെ പ്രതികളാക്കി സിബിഐ. ഭാഗിക കുറ്റപത്രം നേരത്തേ തന്നെ നൽകിയിരുന്നു. ഇതിലെ വിവരങ്ങളിലാണ് ജയരാജനുമായി ബന്ധപ്പെട്ട പരമാർശം ഉള്ളത്. ആവശ്യമെങ്കിൽ ജയരാജനെ കേസിൽ പ്രതിചേർക്കുമെന്നാണ് സൂചന. അതിനായാണ് ചോദ്യം ചെയ്യാനായി വിളിച്ചതും. എന്നാൽ രാഷ്ട്രീയകാരണങ്ങളാൽ കരുതലോടെ മാത്രമേ സിബിഐ തീരുമാനം എടുക്കൂ. കേസിൽ പ്രതിയാക്കിയാൽ ജയരാജനെ ശിക്ഷിക്കാനുള്ള പഴുതടച്ചുള്ള തെളിവുകൾ കണ്ടെത്തുകയാണ് സിബിഐ.

സിബിഐ, മനോജ് വധക്കേസിലെ ഗൂഢാലോചനയാണ് ഇപ്പോൾ അന്വേഷിച്ചു വരുന്നത്. നേരത്തെ പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിനു കാരണമായതെന്ന് മുഖ്യപ്രതി വിക്രമൻ സിബിഐ. ക്ക് മൊഴി നൽകിയിട്ടുണ്ട്. വിക്രമനുമായി മനോജ് വധത്തിൽ അജ്ഞാതനായ ഒരാൾ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് കോടതിയിൽ സിബിഐ.യും മൊഴിനൽകിയട്ടുണ്ട്. ഈ ഗൂഢാലോചന നടത്തിയ ആളെ കണ്ടെത്താനുള്ള ശ്രമമാണ് സിബിഐ. നടത്തുന്നത്. പ്രധാന പ്രതിയായ വിക്രമനെ സിപിഐ.(എം). പയ്യന്നൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.ഐ. മധുസൂദനൻ ഒളിത്താവളമുണ്ടാക്കിക്കൊടുത്തുവെന്ന് സിബിഐ. കണ്ടെത്തിയിരുന്നു.

മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ഒരു ദിവസം മുഴുവൻ ജയരാജന്റെ മൊഴി എടുത്തിരുന്നു. ഇന്നലെ 11 മണിക്ക് തലശേരി ഗസ്റ്റ്ഹൗസിൽ ഹാജരാകണമെന്ന് കാണിച്ചാണ് പി. ജയരാജന് സിബിഐ ഔദ്യോഗികമായി നോട്ടീസ് നൽകിയത്. ആരോഗ്യസ്ഥിതി മോശമായതിനാൽ ഒരാഴ്ചത്തെ സമയമനുവദിക്കണമെന്ന് വക്കീൽ മുഖേന നോട്ടീസിന് പി. ജയരാജൻ മറുപടി നൽകുകയായിരുന്നു. കോടതിയെ സമീപിക്കാനുള്ള സമയം തേടാനാണ് ജയരാജന്റെയും പാർട്ടിയുടെയും ശ്രമം. എന്നാൽ, സിബിഐ അതിനു മുമ്പ് അറസ്റ്റു ചെയ്‌തേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

അഞ്ചു മാസത്തോളമായി കേസന്വേഷണത്തിൽ പ്രത്യക്ഷ നടപടിയൊന്നുമില്ലായിരുന്നു. കേസിന്റെ രണ്ടാമത്തെ കുറ്റപത്രം തയ്യാറാക്കലും, കൊലപാതക ആസൂത്രണത്തിലെ തെളിവുശേഖരണവുമായി സിബിഐ നീങ്ങുകയായിരുന്നു. ഇതേത്തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ജയരാജനോട് സിബിഐ ആവശ്യപ്പെട്ടത്. വീണ്ടും ഹാജരാകാൻ സമയമനുവദിക്കണമെന്ന ജയരാജന്റെ മറുപടി സിബിഐ സ്വീകരിക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. നിലവിൽ പാർട്ടി പരിപാടികളിൽ സജീവ സാന്നിധ്യമായ ഇയാൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലായെന്ന നിഗമനമാണ് അന്വേഷണസംഘത്തിനുള്ളത്. അതിനാൽ തന്നെ ഏതുസമയവും ഇയാളെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ടെന്ന് സിബിഐ വൃത്തങ്ങൾ സൂചന നൽകുന്നു.

കള്ളക്കേസിൽ കുടുക്കാൻ സിബിഐ ശ്രമിക്കുകയാണെന്നാണ് ജയരാജന്റെ ആരോപണം. കിഴക്കെ കതിരൂരിലെ ജയരാജന്റെ തറവാട് ക്ഷേത്രമായ പാറേകാവിനു സമീപത്തു വച്ചാണ് മനോജ് വധത്തിന്റെ ഗൂഢാലോചന നടന്നതെന്ന് അറസ്റ്റിലായവർ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിൽ ജയരാജനും, മറ്റ് രണ്ടുനേതാക്കളും സംബന്ധിച്ചതായും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനു പുറമെ കേസിലെ ഒന്നാംപ്രതിയായ വിക്രമനുമായി നിരവധി തവണ ജയരാജൻ ഫോൺ സംഭാഷണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP