Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൻതിമിംഗലങ്ങൾ നീന്തികളിക്കുന്ന ദുബായ് ടൂറിസം രംഗത്ത് ജാസ് ടൂറിസം കമ്പനി വെറും നെത്തോലി മാത്രം! ബിനോയ് കോടിയേരിക്ക് 13 കോടി കടം കൊടുത്തെന്ന് പറയുന്ന കമ്പനിയുടെ ആകെ പരിപാടി ഡെസേർട്ട് സഫാരിയും ടൂർ ഗൈഡിങ്ങും; പരാതി വാർത്തയായതോടെ നാഇഫിൽ അൽ ഖലീജ് സെന്ററിന് എതിർവശത്തെ കമ്പനി ഓഫീസിലേക്ക് കേസ് വിവരം അറിയാൻ ഫോണുകളുടെ പ്രവാഹം

വൻതിമിംഗലങ്ങൾ നീന്തികളിക്കുന്ന ദുബായ് ടൂറിസം രംഗത്ത് ജാസ് ടൂറിസം കമ്പനി വെറും നെത്തോലി മാത്രം! ബിനോയ് കോടിയേരിക്ക് 13 കോടി കടം കൊടുത്തെന്ന് പറയുന്ന കമ്പനിയുടെ ആകെ പരിപാടി ഡെസേർട്ട് സഫാരിയും ടൂർ ഗൈഡിങ്ങും; പരാതി വാർത്തയായതോടെ നാഇഫിൽ അൽ ഖലീജ് സെന്ററിന് എതിർവശത്തെ കമ്പനി ഓഫീസിലേക്ക് കേസ് വിവരം അറിയാൻ ഫോണുകളുടെ പ്രവാഹം

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം:ദുബായിലെ ജാസ് ടൂറിസം കമ്പനിയിൽ നിന്ന് ബിനോയ് കോടിയേരിക്കും, ശ്രീജിത്തിനും പണം ഏർപ്പാടാക്കി നൽകിയത് താനാണെന്ന് രാകുൽ കൃഷ്ണ അവകാശപ്പെടുന്നു.ലക്ഷങ്ങളല്ല 13 കോടിയാണ് രാകുകൽ വിഐപി പുത്രന്മാർക്ക് വേണ്ടി കമ്പനിയിൽ നിന്ന് തരപ്പെടുത്തി കൊടുത്തത്.എന്നാൽ, ജാസ് ടൂറിസം കമ്പനിയുടെ പരിപാടി എന്താണ്, ഇത്രയും പണം നൽകാൻ അവർക്ക് ആസ്തിയുണ്ടോ എന്നൊക്കെ അന്വേഷിക്കുമ്പോഴാണ് സംഗതിയുടെ കിടപ്പ് മനസ്സിലാകുന്നത്.

13 കോടി ബിനോയ് കോടിയേരിക്ക് നൽകാൻ തക്ക ശേഷി ജാസ് ടൂറിസം കമ്പനിക്കില്ല എന്നാണ് അറിയുന്നത്.വമ്പന്മാർ കൊടികുത്തിവാവുന്ന ദുബായ് ടൂറിസം രംഗത്ത് ഈ കമ്പനിക്ക് വെറും ഗസ്റ്റ് ആർട്ടിസ്റ്റിന്റെ റോൾ മാത്രമേയുള്ളുവെന്ന് യുഎഇ വൃത്തങ്ങൾ പറയുന്നു. 25 തരം സേവനങ്ങളാണ് തങ്ങളുടെ ബ്രോഷറിൽ ജാസ് ടൂറിസം കമ്പനി മേനി നടിക്കുന്നത്. എന്നാൽ, ഇതിൽ, കമ്പനി കാര്യമായി എന്തെങ്കിലും ചെയ്യുന്നത് ഡെസേർട്ട് സഫാരിയിൽ മാത്രം.

ദുബായിലെ ദെയ് രാ മേഖലയിലെ കൈഫ ബിൽഡിങ്ങിൽ സ്ഥിതി ചെയ്യുന്ന ജാസ് ടൂറിസം കമ്പനിയുടെ ഓഫീസ് സാധാരണയിൽ സാധാരണം.താഴത്തെ നിലയിൽ, രണ്ടു അലക്ക് ഷോപ്പുകൾക്ക് ഇടയിലാണ് കമ്പനിയുടെ ഓഫീസ്.കമ്പനിക്ക് ആകെ നാല് ജീവനക്കാരെയുള്ളു. ഇതിൽ രണ്ടുപേർ ടൂർ ഗൈഡുമാരാണ്.

ജാസ് ടൂറിസത്തെ കുറിച്ച് ട്രിപ് അഡൈ്വസർ തിരഞ്ഞാലും അത്ര നല്ല അഭിപ്രായങ്ങൾ കാണാനില്ലെന്ന് മാത്രമല്ല, മോശം അഭിപ്രായങ്ങൾ ഏറെയുണ്ട് താനും.ബ്രിസ്‌ബേനിൽ നിന്നുള്ള ലിസ എന്ന വിനോദ സഞ്ചാരി അഭിപ്രായപ്പെടുന്നത് തനിക്കുണ്ടായ ഏറ്റവും മോശം ടൂറിസ്റ്റ് അനുഭവമെന്നാണ്.സിഡ്‌നി സ്വദേശിയായ സാബ് കെ. ഈ കമ്പനിയുടെ സേവനങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നു.അങ്ങനെ ആകെ മൊത്തം ഒരു പന്തികേട്!.

ബിനോയ് കോടിയേരി 13 കോടി രൂപയുടെ തട്ടിപ്പ് നടത്തി യു.എ.ഇയിൽനിന്ന് മുങ്ങിയതായ പരാതി പുറത്തുവന്നതോടെ ജാസ് ടൂറിസം കമ്പനിയിൽ ഇപ്പോൾ ഫോൺ കോളുകളുടെ പ്രവാഹമാണ്. കേസിന്റെ കാര്യങ്ങൾ അറിയാനും, രാകുൽ കൃഷ്ണനെ തിരക്കിയുമുള്ള അന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞ് ജീവനക്കാർ തളർന്നു. സംഭവം പുറത്തുവന്നതോടെ നിരവധി മലയാളികളും മാധ്യമപ്രവർത്തകരും ജാസ് ടൂറിസം ഓഫിസുമായി ബന്ധപ്പെട്ടു.

അതിനിടെ, സ്ഥാപനം പരാതി നൽകിയതായി ജാസ് ടൂറിസം ജീവനക്കാർ സ്ഥിരീകരിച്ചു. രാഹുൽ കൃഷ്ണൻ ഇന്ത്യയിലാണെന്ന് പറഞ്ഞ ഇവർ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല.ജാസ് ടൂറിസം എൽ.എൽ.സി കമ്പനി ഉടമ യു.എ.ഇ സ്വദേശി ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽമർസൂക്കിയാണ് പരാതിക്കാരൻ. സിപിഎം നേതൃത്വത്തിനെയോ മറ്റാരെയുമോ അഭിസംബോധന ചെയ്യാതെയാണ് പണം തട്ടിപ്പ് സംബന്ധിച്ച ആക്ഷേപം പരാതിയിൽ വിശദീകരിക്കുന്നത്. ദുബായ് 2018 ജനുവരി അഞ്ചാണ് കത്തിലെ തീയതി.

പരാതിയിൽ നിന്ന്:തന്റെ കമ്പനിയെയും പാർട്ണറായ രാഹുൽ കൃഷ്ണനെയും 13 കോടി രൂപ തട്ടിച്ച് ദുബൈയിൽ നിന്ന് കടന്ന ബിനോയ് വിനോദിനി ബാലകൃഷ്ണനെ തിരിച്ച് കൈമാറുന്നതിന് ഇന്ത്യൻ അധികൃതരുടെ സഹായം അഭ്യർത്ഥിച്ച് ഹരജി സമർപ്പിക്കുകയാണെന്ന് ഹസൻ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണെന്റ മൂത്തമകനായ ബിനോയ് സോൾവ് മാനേജ്‌മെന്റ് കൺസൾട്ടൻസി എഫ്.ഇസഡ്.ഇ എന്ന സ്ഥാപനത്തിലെ പാർട്ണറായിരുന്നു.തന്റെ കമ്പനിയുടെ പാർട്ണർ രാഹുലുമായുള്ള സൗഹൃദം മുതലെടുത്ത് കമ്പനിക്ക് അക്കൗണ്ടുകളുള്ള ബാങ്കുകളിൽനിന്ന് വായ്പകൾ എടുത്തു.

'എച്ച് 71597' എന്ന ഓഡി കാർ വാങ്ങുന്നതിനായി ആദ്യം 3,13,200 ദിർഹമാണ് ബാങ്കുകളിൽനിന്ന് പണയ വായ്പ എടുത്തത്. അത് തവണകളായി അടച്ച് തീർക്കാമെന്നായിരുന്നു ഉറപ്പ്. ശേഷം യു.എ.ഇ, ഇന്ത്യ, നേപ്പാൾ, സൗദി അറേബ്യ എന്നിവിടങ്ങളിൽ വിവിധ വ്യവസായ ആവശ്യങ്ങൾക്കായെന്ന് രാകുൽ കൃഷ്ണനോട് അഭ്യർത്ഥിച്ച് 45 ലക്ഷം ദിർഹവും വായ്പ എടുത്തു. 2016 ജൂൺ 10 ന് മുമ്പ് മുഴുവൻ തുകയും തിരിച്ചടക്കാമെന്നായിരുന്നു ഉറപ്പ്. എന്നാൽ, മാസ തിരിച്ചടവ് അടയ്ക്കുന്നത് 2015 ഓഗസ്റ്റ് മുതൽ മുടങ്ങി. കൂടാതെ വാഹനത്തിന്റെ പ്രതിമാസ തവണയും അദ്ദേഹം മുടക്കി.

ഇതോടെ അടക്കാൻ ബാക്കിയുണ്ടായിരുന്ന 2,09,704 ദിർഹത്തിന് തങ്ങളുടെ കമ്പനിക്ക് നോട്ടീസ് നൽകി. മറ്റു വായ്പ തുകയായ 45 ലക്ഷം ദിർഹം തിരിച്ചടക്കുന്നതിന് മുേമ്പ ബിനോയ് യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. തന്റെ കമ്പനിയിൽനിന്നും രാഹുലിൽ നിന്നും മാത്രമല്ല, നിരവധി വ്യക്തികളിൽനിന്നും ബാങ്കുകളിൽനിന്നും ബിനോയ് പണം കടംവാങ്ങിയിട്ടുണ്ടെന്നും തിരിച്ചടക്കാതെയാണ് രക്ഷപ്പെട്ടതെന്നും പിന്നീടാണ് മനസ്സിലായത്. തന്റെ അറിവിൽ ബിനോയിക്ക് എതിരെ ദുബായ് പൊലീസും പബ്ലിക് പ്രോസിക്യൂഷനും അഞ്ചിലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരിച്ചടക്കാമെന്ന ഉറപ്പിൽ പണം കടംവാങ്ങിയ ബിനോയിയുടെ ഉദ്ദേശ്യം നല്ലതല്ലായിരുന്നുവെന്ന് വെളിവാക്കുന്നതാണിത്.

അതേസമയം, 2015- 17 വർഷങ്ങളിൽ പലപ്പോഴായി തെന്റ പാർട്ണർ രാകുൽ കൃഷ്ണൻ പണം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബിനോയിയെ ബന്ധപ്പെട്ടിരുന്നു. പക്ഷേ, എല്ലായ്‌പോഴും പറ്റിക്കുകയാണുണ്ടായത്. കൂടാതെ, രാഹുൽ കേരളത്തിലെത്തി ബിനോയിയുടെ വീട്ടിലും പോയി. ബാങ്ക് പലിശ ഉൾപ്പെടെ മുഴുവൻ തുകയായ 13കോടി രൂപയും നൽകാമെന്നാണ് ബിനോയ് ഉറപ്പ് നൽകിയത്. ഉറപ്പ് പറഞ്ഞിരുന്ന കാലാവധിയും കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടതോടെ ബിനോയ് വാക്ക് പാലിക്കുന്നില്ലെന്ന് രാഹുൽ തിരിച്ചറിഞ്ഞു.
പണം അടക്കണമെന്ന വീണ്ടുമുള്ള അഭ്യർത്ഥനയും ബിനോയ് ഇതുവരെയും ചെവിക്കൊണ്ടില്ല.

താൻ ബിനോയിയുടെ ഒന്നും അദ്ദേഹത്തിന്റെ കമ്പനിയുടെ മൂന്നും ചെക്കുകൾ 2017 മെയ്‌ 16 ന് ബാങ്കിൽ സമർപ്പിച്ചുവെങ്കിലും അത് മടങ്ങി. ഇതോടെ അതിന് '12719/2016' , '12722/2016' എന്നീ നമ്പറുകളിൽ താൻ ദുബൈ പൊലീസിൽ കേസ് ഫയൽ ചെയ്തു. ദുബൈ പൊലീസും പ്രോസിക്യൂഷനും ബിനോയ് ബോധപൂർവം കുടിശ്ശിക വരുത്തിയ ആളെന്ന് പ്രഖ്യാപിച്ചു. അതിനാൽ പണം തിരികെ കിട്ടുന്നതിന് തിരിച്ച് അദ്ദേഹത്തെ കൊണ്ടുവരുന്നതിന് ഇന്റർപോളിന്റെ സഹായം തേടാൻ യു.എ.ഇയിലെ കോടതി തങ്ങളോട് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങൾ നിയോഗിച്ച അഭിഭാഷകൻ, ബിനോയ്ക്ക് എതിരെ ഇന്റർപോളിന്റെ റെഡ് വാറന്റ് ഇന്ത്യൻ പങ്കാളികൾക്ക് കൈമാറാനും അറസ്റ്റ് ചെയ്യാനും യു.എ.ഇയിൽ കാണിച്ച തട്ടിപ്പിന് നിയമനടപടികൾ നേരിടാനും ദുബായ് കോടതിയിൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

പണം തിരിച്ചുകിട്ടാൻ രണ്ടു വർഷം കാത്തിരുന്ന ശേഷവും രാഹുൽ കൃഷ്ണനും പിതാവും ബിനോയിയുടെ പിതാവായ കോടിയേരി ബാലകൃഷ്ണനെ തിരുവനന്തപുരത്ത് വെച്ച് കണ്ടു. തട്ടിപ്പിനെയും താൻ ആരംഭിച്ച കോടതി നടപടികളെ കുറിച്ചും രാഹുൽ അദ്ദേഹത്തെ ധരിപ്പിച്ചു. പണം തന്ന് പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ നൽകിയ ഉറപ്പിന് ശേഷവും തങ്ങൾ കഷ്ടപെട്ട് സമ്പാദിച്ച് പൈസ തിരിച്ച് നൽകാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. അതിനാൽ വിഷയത്തിൽ മധ്യസ്ഥത നടത്തി രാഹുൽ കൃഷ്ണന് ഉറപ്പ് നൽകിയ 13 കോടി രൂപ മുഴുവനായി തിരിച്ചു നൽകിക്കാൻ നടപടി സ്വീകരിക്കണമെന്നും ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽമർസൂക്കി അഭ്യർത്ഥിക്കുന്നു.

ജാസ് ടൂറിസം കമ്പനിയുടെ ലാഭവിഹിതത്തിൽ നിന്നാണ് താൻ ഇടപെട്ട് പണം ലഭ്യമാക്കിയതെന്ന് രാകുൽ കൃഷ്ണ പറയുന്നു.60000 ദിർഹം നൽകി കേസ് ഒഴിവാക്കിയതായി ബിനോയ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതു വണ്ടിചെക്കുമായി ബന്ധപ്പെട്ട കേസാണെന്നാണ് രാകുൽ കൃഷ്ണയുടെ അവകാശവാദം. ബിനോയ് കോടിയേരി കമ്പനിക്ക് നൽകിയിരുന്ന വണ്ടിചെക്ക് മടങ്ങിയതിന്റെ പിഴ മാത്രമാണ് നൽകിയിട്ടുള്ളത്.

രണ്ടു കേസുകളാണ് ബിനോയ്‌ക്കെതിരെ കോടതിയിൽ ഉണ്ടായിരുന്നത്. ഒന്ന് കമ്പനിക്ക് നൽകിയ പണം തിരിച്ചുകൊടുക്കാത്തിനെതിരെയുള്ളതാണ്. ഈ കേസ് ഇപ്പോഴും നിലവിലുണ്ട്. വണ്ടിചെക്കുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പൊലീസ് സ്റ്റേഷനിൽ വെച്ച് തന്നെ ഒത്തുതീർപ്പായി. ഈ കേസാണ് 60,000 ദിർഹം നൽകി ഒത്തുതീർപ്പാക്കിയത്. പക്ഷെ, വാങ്ങിയ 13 കോടി രൂപ തുക തിരിച്ചു നൽകാത്തിനുള്ള കേസ് ഇപ്പോഴും നിലവിലുണ്ട്. ഈ പണം ആവശ്യപ്പെട്ടാണ് കമ്പനി ഉടമ അബ്ദുള്ള മർസൂക്കി ഇന്ത്യയിലെത്തിയിരിക്കുന്നതെന്നും രാഹുൽ കൃഷ്ണ പറഞ്ഞു.

പണം ആവശ്യപ്പെട്ട് 17 ലധികം തവണ ശ്രീജിത്തിന്റെ അച്ഛനും എംഎ‍ൽഎയുമായ വിജയൻപിള്ളയെ കണ്ടിരുന്നു. പക്ഷെ ശ്രമങ്ങളെല്ലാം വിഫലമയിരുന്നുവെന്നാണ് രാകുൽ കൃഷ്ണ പറയുന്നത്. ചർച്ചയിലൂടെ കേസ് ഒത്തുതീർക്കാനായിരിക്കും ആദ്യം ശ്രമിക്കുകയെന്നും അത് നടന്നില്ലെങ്കിൽ മാത്രമേ ഇന്റർപോളിന്റെ സഹായം തേടുകയടക്കമുള്ള മറ്റു നടപടികളിലേക്ക് കടക്കുകയുള്ളുവെന്നും രാകുൽ കൃഷ്ണ പറഞ്ഞു.

2015ലാണ് ഈ കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. അക്കാലത്താണ് രാകുൽ കൃഷ്ണ ഇടപെട്ട് ബിനോയ് കോടിയേരിക്ക് പണം വാങ്ങി നൽകുന്നത്. രാകുലിന് അന്ന് ജാസ് ടൂറിസം കമ്പനിയിൽ 49 ശതമാനം ഓഹരി പങ്കാളിത്തവും മാനേജിങ് പാർട്ട്നർ എന്ന തസ്തികയും ഉണ്ടായിരുന്നു. 2016ലാണ് രാകുൽ കൃഷ്ണ തന്റെ ഓഹരികൾ മറ്റൊരാൾക്ക് വിൽക്കുന്നത്. ഇതാർക്കാണെന്നതിന്റെ സ്ഥിരീകരണം രാകുൽ നൽകുന്നില്ല. തനിക്കിപ്പോൾ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രമാണ് രാകുൽ കൃഷ്ണ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP