Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മന്ത്രി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു; അതിരാവിലെ ചോദ്യം ചെയ്യലിന് മന്ത്രി എത്തിയത് സ്വകാര്യ വാഹനത്തിൽ; നയതന്ത്ര ഖുറാൻ കടത്തിന് പിന്നിൽ സ്വർണ്ണ കടത്തെന്ന സംശയം അതിശക്തം; മാർച്ച് നാലിന് എത്തിയത് 250 പായ്ക്കറ്റുകളിലായി 4479 കിലോ കാർഗോ; സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെത്തിച്ചത് 32പായ്ക്കറ്റുകളും; കണ്ടെത്തേണ്ടത് ബാക്കി 218 പായ്ക്കറ്റുകൾ; ഇഡിക്ക് നൽകിയ മന്ത്രി ജലീലിന്റെ മൊഴികളിൽ അവ്യക്തതയുണ്ടെന്ന തിരിച്ചറിവിൽ എൻഐഎ ചോദ്യം ചെയ്യൽ; ഇനി കൂടുതൽ വിവാദം

മന്ത്രി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു; അതിരാവിലെ ചോദ്യം ചെയ്യലിന് മന്ത്രി എത്തിയത് സ്വകാര്യ വാഹനത്തിൽ; നയതന്ത്ര ഖുറാൻ കടത്തിന് പിന്നിൽ സ്വർണ്ണ കടത്തെന്ന സംശയം അതിശക്തം; മാർച്ച് നാലിന് എത്തിയത് 250 പായ്ക്കറ്റുകളിലായി 4479 കിലോ കാർഗോ; സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെത്തിച്ചത് 32പായ്ക്കറ്റുകളും; കണ്ടെത്തേണ്ടത് ബാക്കി 218 പായ്ക്കറ്റുകൾ; ഇഡിക്ക് നൽകിയ മന്ത്രി ജലീലിന്റെ മൊഴികളിൽ അവ്യക്തതയുണ്ടെന്ന തിരിച്ചറിവിൽ എൻഐഎ ചോദ്യം ചെയ്യൽ; ഇനി കൂടുതൽ വിവാദം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മന്ത്രി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സൽ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ച കേസിൽ കേന്ദ്ര ഏജൻസികൾ സംയുക്ത അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്. മന്ത്രി കെ.ടി. ജലീൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയ മൊഴിയുടെ പരിശോധന എൻഐഎ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ചോദ്യം ചെയ്യൽ. സ്വകാര്യ വാഹനത്തിലാണ് ചോദ്യം ചെയ്യലിന് മന്ത്രി എത്തിയത്. രാവിലെ ആറുമണിക്കാണ് മന്ത്രി എത്തിയത്.

എൻഐഎ സംഘം ഇന്നലെ ഇഡിയുടെ കൊച്ചി ഓഫിസിലെത്തിയിരുന്നു. പരിശോധനയ്ക്കു ശേഷം ജലീലിന്റെ മൊഴി എൻഐഎയും രേഖപ്പെടുത്താൻ തീരുമാനിച്ചത്. നയതന്ത്ര പാഴ്‌സൽ കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും. ആരും അറിയാതെ എത്താനാണ് അതിരാവിലെ മന്ത്രി കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിയത്. ഇതോടെ തന്നെ ചോദ്യം ചെയ്യൽ തുടങ്ങി. മന്ത്രിയെ വിശദമായി തന്നെ എൻഐഎ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ ഡൽഹിയിലും തൽസമയം നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന. കേസിൽ ജലീലിനെതിരെ എന്ത് നടപടി എടുക്കണമെന്ന് ഇന്ന് തീരുമാനിക്കും. ഇതോടെ സർക്കാരും കൂടുതൽ പ്രതിരോധത്തിലാകും. പ്രതിഷേധങ്ങളും ശക്തമാകും.

ജലീലിന്റെ മൊഴികളിൽ അവ്യക്തതയുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. മൊഴികളും രേഖകളുമായി ഒത്തുനോക്കുകയും, സ്വപ്നയും സരിത്തുമടക്കമുള്ള പ്രതികളിൽ നിന്ന് വ്യക്തത തേടിയ ശേഷമാവും ജലീലിനെതിരായ ഇഡിയുടെ അടുത്ത നടപടി. വിദേശയാത്രകൾ, കോൺസുലേറ്റ് ബന്ധം, കോൺസുൽ ജനറലുമായും സ്വപ്നയുമായുമുള്ള ബന്ധം എന്നിവയിലെല്ലാം ഇ.ഡി വിശദമായ മൊഴിയെടുത്തിട്ടുണ്ട്. പല മറുപടികളും തൃപ്തികരമല്ലാത്തതിനാലാണ് ക്ലീൻചിറ്റ് നൽകാത്തത്. നെഞ്ചുവേദനയ്ക്കുള്ള ചികിത്സ കഴിഞ്ഞ സ്വപ്നാ സുരേഷ് ആശുപത്രി വിട്ടാലുടൻ എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. ഇ.ഡി മൊഴിയെടുത്തതിനു പിന്നാലെ, സി-ആപ്റ്റ് ഉന്നതരുമായി മന്ത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതും തന്ത്രങ്ങൾ ചമയാനാണെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ.

250 പായ്ക്കറ്റുകളിലായി 4479കിലോ കാർഗോയാണ് മാർച്ച് നാലിനെത്തിച്ചത്. സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെത്തിച്ചത് 32പായ്ക്കറ്റുകൾ. ബാക്കി 218 പായ്ക്കറ്റുകൾ കണ്ടെത്തേണ്ടതുണ്ട്. ഇവയിൽ സ്വർണമോ വിദേശ കറൻസിയോ കടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. സി-ആപ്റ്റിൽ നിന്ന് പിടിച്ചെടുത്ത മതഗ്രന്ഥം സാമ്പിളാക്കിയുള്ള ഭാരപരിശോധനയിൽ യു.എ.ഇയിൽ നിന്നെത്തിച്ച കാർഗോയിൽ വ്യത്യാസം കണ്ടെത്തിയിരുന്നു. എയർവേബില്ലിലെ തൂക്കവും സാമ്പിൾ പരിശോധനയിലെ തൂക്കവും തമ്മിൽ 14കിലോഗ്രാമിന്റെ വ്യത്യാസമുണ്ടെന്ന് അന്വേഷണഏജൻസികൾ വെളിപ്പെടുത്തിയതോടെ പുതിയ തന്ത്രവുമായി ജലീൽ രംഗത്തെത്തി.സി-ആപ്റ്റിലെത്തിച്ച പായ്ക്കറ്റുകളിലൊന്ന് പൊട്ടിച്ച് ജീവനക്കാർ മതഗ്രന്ഥമെടുത്തെന്നാണ് വിശദീകരണം.

അതിനിടെ നയതന്ത്ര ബാഗേജ് വഴി വന്ന മതഗ്രന്ഥത്തെക്കുറിച്ചും ഈന്തപ്പഴത്തെക്കുറിച്ചും വെവ്വേറെ കേസെടുക്കാൻ കസ്റ്റംസ് തീരുമാനം. അന്വേഷണത്തിനായി 2 സംഘത്തെ നിയോഗിക്കും. ഇവ വിതരണം നടത്തിയതു വിദേശ സഹായ നിയന്ത്രണ നിയമ (എഫ്‌സിആർഎ) ത്തിന്റെയും പ്രോട്ടോക്കോളിന്റെയും ലംഘനമാണെന്നാണു കസ്റ്റംസ് ആരോപിക്കുന്നത്. രണ്ടിലും കസ്റ്റംസ് ആക്ടിന്റെ ലംഘനമുണ്ട്. മതഗ്രന്ഥ വിതരണത്തിൽ മന്ത്രി ഉൾപ്പെടെ ആരോപണ വിധേയനായതിനാൽ വിപുലമായ അന്വേഷണം നടത്തും. 2017 ൽ ഒരു കണ്ടെയ്‌നറിൽ 17,000 കിലോ ഈന്തപ്പഴമാണു നയതന്ത്ര ബാഗേജിലൂടെ വന്നത്. കോൺസുലേറ്റിന്റെ വാർഷികാഘോഷത്തിനായിരുന്നു ഇത്. അതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌പെഷൽ സ്‌കൂളിലെയും മറ്റും കുട്ടികൾക്ക് ഒരാൾക്കു 250 ഗ്രാം എന്ന കണക്കിൽ 40,000 കുട്ടികൾക്ക് ഈന്തപ്പഴം നൽകാനും തീരുമാനിച്ചു.

അതിനിടെ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെങ്ങും യുവജന സംഘടനകളുടെ പ്രതിഷേധം തുടരുന്നു. അതുകൊണ്ട് തന്നെ മന്ത്രിയെ എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്താൽ അത് സംഘർഷം അതിരൂക്ഷമാകും. ഇന്നലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ മതിലും ഗേറ്റും ചാടിക്കടക്കാൻ ശ്രമിച്ചതു കാവലുണ്ടായിരുന്ന പുരുഷ പൊലീസ് സംഘത്തെ വലച്ചു. 9 വനിതാ പ്രവർത്തകരാണു റോഡിലെ പൊലീസ് കാവൽ വെട്ടിച്ചു മന്ത്രിവസതിക്കു മുന്നിലെത്തിയത്. 20 മിനിറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ വനിതാ പൊലീസ് എത്തി പിടിയും വലിയുമായി ഏറെ പണിപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.

മുഖ്യമന്ത്രിയുടെയും കെ.ടി. ജലീലിന്റെയും രാജി ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച് സമാധാനപരമായിരുന്നു. കൊല്ലത്ത്, യൂത്ത് കോൺഗ്രസ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാതിരുന്നതിനെ തുടർന്നു പൊലീസ് 4 തവണ ഗ്രനേഡ് പൊട്ടിച്ചു. 3 പ്രവർത്തകർക്കു പരുക്കേറ്റു. ഒരു ഗ്രനേഡ് പൊട്ടുന്നതിനു മുൻപു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിനു നേർക്കു തിരിച്ചെറിഞ്ഞു.

കൊച്ചിയിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ സംഘർഷം. ഡിസിസി ഓഫിസിൽനിന്നു പൊലീസ് കമ്മിഷണർ ഓഫിസിലേക്കുള്ള പ്രകടനം കോർപറേഷൻ ഓഫിസിനു സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പൊലീസ് ഏതാനും പ്രവർത്തകരെ അറസ്റ്റ് ചെയ്തു വാഹനത്തിൽ കയറ്റി. ഈ വാഹനത്തിനു മുന്നിലേക്കു ചാടി വീണവരെ നീക്കാൻ പൊലീസ് ലാത്തി വീശി. ഒട്ടേറെ പേർക്കു പരുക്കേറ്റു. പത്തനംതിട്ടയിൽ യുവമോർച്ച ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു ബലപ്രയോഗത്തിലൂടെ നീക്കി. മലപ്പുറത്ത് യുവമോർച്ച ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ ലാത്തിച്ചാർജിൽ 8 പേർക്കു പരുക്കേറ്റു. പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടന്ന് സിവിൽ സ്റ്റേഷൻ കവാടത്തിലേക്കു തള്ളിക്കയറാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. കവാടത്തിനു മുൻപിൽ കുത്തിയിരുന്ന യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പാലക്കാട്ട് മഹിളാ മോർച്ച നടത്തിയ കലക്ടറേറ്റ് മാർച്ചിൽ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടന്ന് ഉള്ളിൽ പ്രവേശിച്ചു. നേരിയ തോതിൽ സംഘർഷമുണ്ടായി. മഹിളാ മോർച്ച ജില്ലാ കമ്മിറ്റി കോട്ടയം കലക്ടറേറ്റിലേക്കു മാർച്ച് നടത്തി. കലക്ടറേറ്റിനു മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP