Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

മുമ്പ് പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി മൂന്നു സന്ദർഭങ്ങളിൽക്കൂടി സ്വപ്നയെ വിളിച്ചിട്ടുണ്ടെന്ന് സമ്മതിക്കേണ്ടി വന്നു; ജലീലും സ്വപ്നയും തമ്മിൽ നടത്തിയ 16 ഫോൺവിളികളുടെ വിവരങ്ങൾ മുന്നിൽ വെച്ച് ചോദ്യങ്ങൾ; ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും; യുഎഇയിൽ നിന്നുള്ള നയതന്ത്ര ബാഗേജിലെ സാധനങ്ങൾ എന്തായിരുന്നെന്ന് അറിയില്ലെന്നും മന്ത്രി; ഖുറാൻ എത്തിക്കാൻ സർക്കാർ വാഹനം ഉപയോഗിച്ചതിലും ചോദ്യങ്ങൾ; ഇനി മൊഴി വിശകലനം; ജലീലിന് ക്ലീൻ ചിറ്റ് കൊടുക്കാതെ കേന്ദ്ര ഏജൻസികൾ

മുമ്പ് പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി മൂന്നു സന്ദർഭങ്ങളിൽക്കൂടി സ്വപ്നയെ വിളിച്ചിട്ടുണ്ടെന്ന് സമ്മതിക്കേണ്ടി വന്നു; ജലീലും സ്വപ്നയും തമ്മിൽ നടത്തിയ 16 ഫോൺവിളികളുടെ വിവരങ്ങൾ മുന്നിൽ വെച്ച് ചോദ്യങ്ങൾ; ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും; യുഎഇയിൽ നിന്നുള്ള നയതന്ത്ര ബാഗേജിലെ സാധനങ്ങൾ എന്തായിരുന്നെന്ന് അറിയില്ലെന്നും മന്ത്രി; ഖുറാൻ എത്തിക്കാൻ സർക്കാർ വാഹനം ഉപയോഗിച്ചതിലും ചോദ്യങ്ങൾ; ഇനി മൊഴി വിശകലനം; ജലീലിന് ക്ലീൻ ചിറ്റ് കൊടുക്കാതെ കേന്ദ്ര ഏജൻസികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മന്ത്രി കെ.ടി. ജലീലിനോട് എൻഐഎ കൂടുതലും ആരാഞ്ഞത് സ്വർണക്കടത്തു കേസ് പ്രതികളുമായുള്ള ബന്ധത്തെ കുറിച്ചെന്ന് റിപ്പോർട്ട്. മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള ആശയവിനിമയത്തിന്റെ വിശദാംശങ്ങളായിരുന്നു കൂടുതലും തേടിയതെന്നും റിപ്പോർട്ട്. ഇത് എൻഐഎയിലെ മുതിർന്ന ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കും. അതിന് ശേഷമേ ജലീലിന്റെ കാര്യത്തിൽ തീരുമാനം എടുക്കൂ. ഇനി കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

സ്വപ്ന ഔദ്യോഗിക ആവശ്യങ്ങൾക്കു 4 തവണ നേരിട്ടു ബന്ധപ്പെട്ടിരുന്നതായി മന്ത്രി മുൻപ് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനു (ഇഡി) മൊഴി നൽകിയിരുന്നു. ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം, റമസാൻ കിറ്റ് വിതരണം, മതഗ്രന്ഥങ്ങളുടെ കൈമാറ്റം, കോവിഡ് കാല പ്രവാസിക്ഷേമ പ്രവർത്തനങ്ങൾ എന്നിവയാണവയെന്നും വിശദീകരിച്ചിരുന്നു. എല്ലാം കോൺസുലേറ്റ് അധികൃതരുടെ നിർദ്ദേശപ്രകാരമായിരുന്നുവെന്നും അവകാശപ്പെട്ടിരുന്നു. ജലീലിന്റെ മൊഴയിൽ അസ്വാഭാവികതയുണ്ടോ എന്ന് എൻഐഎ പരിശോധിക്കും.

കൂടുതൽ തവണ സ്വപ്‌ന സഹായം തേടിയിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായിരുന്നു ശ്രമം. സ്വപ്ന നേരിട്ടു ജലീലിന്റെ സഹായം അഭ്യർത്ഥിച്ച മറ്റു ചില സന്ദർഭങ്ങളെക്കുറിച്ചു കൂടി എൻഐഎക്ക് വിവരം കിട്ടിയിരുന്നു. ഇത് എന്തിനായിരുന്നു എന്ന കാര്യത്തിൽ ജലീലിൽ നിന്ന് വിശദീകരണം തേടി. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ചും ചോദിച്ചു. ഇഡിക്കു നൽകിയ മറ്റു ചില മൊഴികളിലും വിശദീകരണം തേടി. 11 മണിക്കൂർ മന്ത്രി എൻഐഎ ഓഫീസിൽ ഉണ്ടായിരുന്നു. പുലർച്ചെ 6 ന് എത്തിയ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്താനുള്ള നടപടി 8 നു ശേഷമാണു തുടങ്ങിയത്. 12.30 മുതൽ 1.30 വരെ ഉച്ചഭക്ഷണ ഇടവേള. പിന്നീട് തുടങ്ങിയ ചോദ്യംചെയ്യൽ 4നു പൂർത്തിയായി. അഞ്ച് മണിയോടെ ജലീൽ പുറത്തിറങ്ങി.

മുഖ്യപ്രതി സ്വപ്നാ സുരേഷുമായും യു.എ.ഇ. കോൺസുലേറ്റ് ജനറലുമായുമുള്ള ബന്ധത്തെപ്പറ്റി എൻ.ഐ.എ. ചോദിച്ചു. നയതന്ത്ര ബാഗേജിൽ മതഗ്രന്ഥങ്ങൾ എത്തിയതിനെപ്പറ്റിയും ചോദിച്ചു. ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യും. ഇതാദ്യമായിട്ടാണ് ഒരു കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ. സംസ്ഥാനത്തെ ഒരു മന്ത്രിയെ ചോദ്യംചെയ്യുന്നത്. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നേരത്തേ രണ്ടു ദിവസങ്ങളിലായി ജലീലിനെ ചോദ്യംചെയ്തിരുന്നു. മുമ്പ് പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി മൂന്നു സന്ദർഭങ്ങളിൽക്കൂടി സ്വപ്നയെ വിളിച്ചിട്ടുണ്ടെന്ന് ജലീലിന് സമ്മതിക്കേണ്ടി വന്നു. ജലീലും സ്വപ്നയും തമ്മിൽ നടത്തിയ 16 ഫോൺവിളികളുടെ വിവരങ്ങൾ മുന്നിൽവച്ചായിരുന്നു ചോദ്യങ്ങൾ.

യു.എ.ഇ.യിൽനിന്നുള്ള നയതന്ത്ര ബാഗേജിലെ സാധനങ്ങൾ എന്തായിരുന്നെന്ന് അറിയില്ലെന്ന് ജലീൽ എൻ.ഐ.എ.യുടെ മുന്നിലും ആവർത്തിച്ചു. തനിക്കു ലഭിച്ച പാക്കറ്റുകളിൽ ഉണ്ടായിരുന്നത് മതഗ്രന്ഥങ്ങളായിരുന്നെന്ന് ജലീൽ പറഞ്ഞു. മാർച്ച് നാലിനെത്തിയ 4478 കിലോഗ്രാം ബാഗേജിൽനിന്നുള്ള 32 പാക്കറ്റുകളാണ് മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ എത്തിച്ചത്. ഇതിനായി എന്തിനാണ് സർക്കാർ വാഹനം ഉപയോഗിച്ചതെന്നും ആരുടെ നിർദ്ദേശമാണ് അനുസരിച്ചതെന്നുമുള്ള ചോദ്യങ്ങൾക്ക് ആരുടെയും നിർദ്ദേശമുണ്ടായിരുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഇ.ഡി.ക്കു മുന്നിൽ ചോദ്യംചെയ്യലിന് രഹസ്യമായി എത്തിയതുപോലെയായിരുന്നു മന്ത്രി എൻ.ഐ.എ.യുടെ മുന്നിലും എത്താൻ ശ്രമിച്ചത്. നോട്ടീസ് ലഭിച്ചപ്പോൾ ബുധനാഴ്ച രാത്രി എത്താമെന്ന് മന്ത്രി പറഞ്ഞെങ്കിലും എൻ.ഐ.എ. അനുവദിച്ചില്ല. തിരുവനന്തപുരത്തുനിന്ന് ബുധനാഴ്ച അർധരാത്രിയാണ് മന്ത്രി എറണാകുളത്തേക്ക് തിരിച്ചത്. സിപിഎം. നേതാവും മുൻ എംഎ‍ൽഎ.യുമായ എ.എം. യൂസഫിന്റെ കാറിലായിരുന്നു മന്ത്രി എത്തിയതും മടങ്ങിയതും.

ഇന്ന് ചോദ്യം ചെയ്യലിന് എത്താനായിരുന്നു ജലീലിനോട് എൻഐഎ ആവശ്യപ്പെട്ടത്. എന്നാൽ ചില ബുദ്ധിമുട്ടുകൾ മന്ത്രി അറിയിച്ചു. ചോദ്യം ചെയ്യൽ രാത്രിയാക്കണമെന്നും ആവശ്യപ്പെട്ടു. ഓൺലൈൻ വഴിയാക്കാനുള്ള സാധ്യതയും തേടി. എന്നാൽ, കൊച്ചി ഓഫിസിൽ നിന്ന് എഎസ്‌പി എ.പി. ഷൗക്കത്തലി, ഡിവൈഎസ്‌പി സി. രാധാകൃഷ്ണപിള്ള എന്നിവർക്കു പുറമേ, ഓൺലൈനിൽ ഡിഐജി കെ.ബി. വന്ദനയും ചോദ്യംചെയ്യലിൽ പങ്കെടുക്കുമെന്നും അതിനുള്ള സാങ്കേതിക സൗകര്യം കൊച്ചി ഓഫിസിലാണെന്നും എൻഐഎ അറിയിച്ചു. ഇതോടെ ഇന്നലെ പുലർച്ചെയെത്താമെന്നു മന്ത്രി അറിയിച്ചു.

വലിയൊരു ഭാരം മനസ്സിൽനിന്ന് ഇറക്കിവച്ചുവെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം മന്ത്രിയുടെ പ്രതികരണം. യുഎപിഎ ചട്ടം 16,17,18 പ്രകാരം സാക്ഷിമൊഴി രേഖപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഉഷാറായി കാര്യങ്ങൾ പറഞ്ഞു. അവർ വളരെ മാന്യമായാണ് ഇടപെട്ടത്. നമ്മൾ കണ്ടുപഠിക്കേണ്ട രീതിയാണ്. പുകമറ സൃഷ്ടിച്ച പല കാര്യങ്ങളിലും വ്യക്തത വരുത്താനായി. ഇനി ഹാജരാകേണ്ടി വരില്ലെന്നാണു കരുതുന്നതെന്നും ജലീൽ പ്രതികരിച്ചു.

ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയനും. ചില വിവരങ്ങൾ ശേഖരിക്കാൻ വിളിപ്പിച്ചു എന്നതു ശരിയാണ്. കേസില്ല. രാഷ്ട്രീയ ധാർമികതയുടെ പ്രശ്‌നവുമില്ല. അദ്ദേഹം രാജി വയ്‌ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യംചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയ മന്ത്രി കെ.ടി. ജലീലിനെ യാത്രയയയ്ക്കാൻ എൻ.ഐ.എ. ഉദ്യോഗസ്ഥരെത്തിയതു കൗതുകമായി. അന്വേഷണസംഘത്തലവൻ ഡിവൈ.എസ്‌പി. രാധാകൃഷ്ണപിള്ള, എഎസ്ഐമാരായ ഉമേഷ് റായ്, അജിത്, ബിനീഷ് തുടങ്ങിയവർ വാഹനംവരെ ജലീലിനെ അനുഗമിച്ചു.

നോട്ടീസ് നൽകാതെ, വിവരങ്ങളാരായാൻ എന്നറിയിച്ചാണു ജലീലിനെ എൻ.ഐ.എ. വിളിച്ചുവരുത്തിയത്. ഭീകരവാദം, തീവ്രവാദത്തിനു പണം സമാഹരിക്കൽ, ഗൂഢാലോചന എന്നിവ ആരോപിച്ചാണ് എൻ.ഐ.എ. നോട്ടീസ് നൽകി വിളിച്ചുവരുത്താറുള്ളത്. പുഞ്ചിരിയോടെ, മാധ്യമപ്രവർത്തകരെ കൈവീശിക്കാട്ടിയായിരുന്നു എൻ.ഐ.എ. ഓഫീസിൽനിന്ന് മന്ത്രിയുടെ മടക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP