Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

മൊഴിയിൽ ഉറച്ച് കന്യാസ്ത്രീ; ബന്ധുക്കളും മറ്റു കന്യാസ്ത്രീകൾ നൽകിയ മൊഴിയും കന്യാസ്ത്രീയുടെ ആരോപണം സ്ഥിരീകരിക്കുന്നത്; മജിസ്ട്രേട്ടിന് നൽകിയ മൊഴികളിലും ക്രൂരമായ ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവും; തെളിവുകൾ എല്ലാം എതിരായതോടെ മെത്രാനെ അറസ്റ്റ് ചെയ്യുക മാത്രം പോംവഴിയെന്ന് അന്വേഷണ സംഘം; കത്തോലിക്കാ മെത്രാനെ അറസ്റ്റ് ചെയ്താൽ ഉണ്ടാകുന്ന സാമൂഹിക ആഘാതം പരിശോധിച്ച് ഡിജിപിയും സർക്കാരും; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാൻ ഇനി ആർക്ക് കഴിയും?

മൊഴിയിൽ ഉറച്ച് കന്യാസ്ത്രീ; ബന്ധുക്കളും മറ്റു കന്യാസ്ത്രീകൾ നൽകിയ മൊഴിയും കന്യാസ്ത്രീയുടെ ആരോപണം സ്ഥിരീകരിക്കുന്നത്; മജിസ്ട്രേട്ടിന് നൽകിയ മൊഴികളിലും ക്രൂരമായ ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവും; തെളിവുകൾ എല്ലാം എതിരായതോടെ മെത്രാനെ അറസ്റ്റ് ചെയ്യുക മാത്രം പോംവഴിയെന്ന് അന്വേഷണ സംഘം; കത്തോലിക്കാ മെത്രാനെ അറസ്റ്റ് ചെയ്താൽ ഉണ്ടാകുന്ന സാമൂഹിക ആഘാതം പരിശോധിച്ച് ഡിജിപിയും സർക്കാരും; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാൻ ഇനി ആർക്ക് കഴിയും?

മറുനാടൻ മലയാളി ബ്യൂറോ

വൈക്കം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കടുത്ത നടപടികളിലേക്കെന്ന് സൂചന. മെത്രാനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് അന്വേഷണ സംഘം സർക്കാരിനേയും ഡിജിപി ലോക് നാഥ് ബെഹ്‌റയേയും അറിയിച്ചിട്ടുണ്ട്. മെത്രാനെ അറസ്റ്റ് ചെയ്താൽ എന്ത് സാമൂഹിക ആഘാതമാകും ഉണ്ടാവുകയെന്ന് ഡിജിപി പരിശോധിക്കുകയാണ്. ക്രൈസ്തവ വിഭാഗത്തെ ഇടതു പക്ഷത്തോട് ചേർത്ത് നിർത്തുന്ന തരത്തിൽ ഇടപെടലിനാണ് പൊലീസ് ശ്രമിക്കുന്നത്. എങ്കിലും കന്യാസ്ത്രീയുടെ മൊഴിയെ ബന്ധുക്കളും ശരിവച്ചതു കൊണ്ട് തന്നെ ഇക്കാര്യത്തിൽ പൊലീസിന് ഇനി അറസ്റ്റ് ചെയ്യാതെ നിവർത്തിയില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി കഴിഞ്ഞു. മെത്രാനായതു കൊണ്ട് തന്നെ ഫ്രാങ്കോ മുളയ്ക്കലിന് ഒളിവിൽ പോകാനും കഴിയുന്നില്ല.

അതിനിടെ കന്യാസ്ത്രീ നൽകിയ രഹസ്യമൊഴിയുടെ പകർപ്പിനായി ശനിയാഴ്ച പാലാ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നൽകും. തിങ്കളാഴ്ചയോടെ മൊഴിപ്പകർപ്പും ഹാജരാക്കിയ തെളിവുകളും പൊലീസിനു ലഭിക്കും. ചങ്ങനാശ്ശേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വ്യാഴാഴ്ചയാണ് കന്യാസ്ത്രീ രഹസ്യമൊഴി നൽകിയത്. പൊലീസിനു നൽകിയ മൊഴിയിൽ അവർ ഉറച്ചുനിൽക്കുകയാണ്. കോടതിയിൽനിന്നു രഹസ്യമൊഴിയുടെ പകർപ്പു ലഭിച്ചശേഷമേ അന്വേഷണസംഘം തുടർനടപടികളിലേക്കു കടക്കൂ. അതുവരെ കേസ് ഒത്തുതീർപ്പിലെത്തിക്കാൻ ബിഷപ്പിന് അവസരം നൽകുകയാണ്. പ്രതിപക്ഷവും ബിഷപ്പ് പ്രതിസ്ഥാനത്ത് ആയതു കൊണ്ട് ഈ കേസിനെ കുറിച്ച് സംസാരിക്കുന്നില്ല. ബിജെപിയും പ്രത്യക്ഷ സമരത്തിനില്ല. ഈ സാഹചര്യത്തിൽ കന്യാസ്ത്രീയുമായി സഭ ഒത്തുതീർപ്പിലെത്തിയാൽ എല്ലാ നടപടികളും വേണ്ടെന്ന് വയ്ക്കാൻ പൊലീസിന് കഴിയും. എന്നാൽ കന്യാസ്ത്രീ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ബിഷപ്പിനെ വെട്ടിലാക്കുന്നത്.

Stories you may Like

വെള്ളിയാഴ്ച ഡിവൈ.എസ്‌പി. കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോടനാട്ടുള്ള കന്യാസ്ത്രീയുടെ ബന്ധുക്കളിൽനിന്നും പള്ളിവികാരിയിൽനിന്നും മൊഴിയെടുത്തു. കന്യാസ്ത്രീയുടെ സഹോദരൻ, സഹോദരന്റെ ഭാര്യ, സഹോദരി എന്നിവർ മൊഴി നൽകി. കന്യാസ്ത്രീയുടെ മൊഴിയിലുള്ളതെല്ലാം ശരിയാണെന്ന് ഇവരും പറഞ്ഞതായി അറിയുന്നു. കഴിഞ്ഞദിവസങ്ങളിൽ കന്യാസ്ത്രീയുടെ സഹോദരനായ ജലന്ധറിലെ വൈദികൻ, മഠത്തിലുള്ള കന്യാസ്ത്രീയുടെ സഹോദരി, മഠത്തിലെ മറ്റു കന്യാസ്ത്രീകൾ എന്നിവരിൽനിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. മൊഴികളെല്ലാം ബിഷപ്പിനെതിരാണ്. ഇതും കേസിൽ ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യതയാകുന്നു. അശ്ലീല സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും കന്യാസ്ത്രീയുടെ കൈയിലുണ്ട്. അതുകൊണ്ട് തന്നെ എല്ലാ അർത്ഥത്തിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ വേണ്ട തെളിവുകളെല്ലാം പൊലീസിന്റെ കൈയിലുണ്ട്.

ബിഷപ്പിന്റെ പീഡനം തുടർകഥയായതോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായി കന്യാസ്ത്രീ. ആത്മഹത്യ ചെയ്യാൻ ധൈര്യം പോരാത്തിനാൽ തിരുവസ്ത്രം ഉപേക്ഷിച്ച് സഭയിൽ നിന്ന് പുറത്തുപോകാനും അവർ തീരുമാനിച്ചു. തന്നെ ഉപദ്രവിക്കരുതെന്ന് പലതവണ ബിഷപ്പിനോട് കേണപേക്ഷിച്ചിട്ടും നാട്ടിൽ വരുമ്പോഴെല്ലാം മുറിയിൽ ചെല്ലേണ്ടിവന്നിട്ടുണ്ടെന്ന് 47 കാരിയായ കന്യാസ്ത്രീ മജിസ്‌ട്രേട്ടിനും മൊഴി നൽകിയതാണ് സൂചന. നിരന്തരം ഫോണിൽ വിളിച്ച് അശ്ലീലം പറയുമായിരുന്നു. സമാധാനം തരില്ലെന്ന് വ്യക്തമായതോടെ അവസാനം സഭ വിട്ടുപോകാൻ അപേക്ഷ നല്കിയത്. എന്നാൽ അനുമതി ലഭിക്കാത്തതിനാൽ ജലന്ധർ രൂപതയിൽ നിന്ന് മറ്റേതെങ്കിലും രൂപതയിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ച് സുപ്പീരിയർക്ക് കത്ത് നല്കി. എന്നാൽ കൂടെയുണ്ടായിരുന്ന കന്യാസ്ത്രീകളുടെ ഉപദേശത്തെ തുടർന്ന് മൂന്നു ദിവസങ്ങൾക്കുശേഷം അപേക്ഷ പിൻവലിക്കുകയായിരുന്നുവെന്നും കന്യാസ്ത്രീ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫോണിലൂടെ തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നും കന്യാസ്ത്രീ മൊഴിനല്കിയിട്ടുണ്ട്. അശ്ലീലമാണ് ബിഷപ്പ് തന്നോട് പറഞ്ഞിരുന്നത്. അനുസരണം വ്രതമാക്കിയുള്ള കന്യാസ്ത്രീക്ക് ഇത് കേട്ടിരിക്കാനെ നിവൃത്തിയുണ്ടായിരുന്നുള്ളൂ. മറിച്ച് ഒന്നും പറയുവാനോ ഫോൺ കട്ടാക്കാനോ കഴിയുമായിരുന്നില്ല. ബിഷപ്പ് അശ്ലീലം പറയുന്ന കാര്യവും സന്യാസി സമൂഹം സുപ്പീരിയറിനോട് പറഞ്ഞിരുന്നു. 13 തവണ തന്നെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചതായാണ് കന്യാസ്ത്രീ തീയതിയും സമയവും സഹിതം കന്യാസ്ത്രീ വിശദീകരിക്കുന്നത്. ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവുമെല്ലാം ആക്ഷേപമായെത്തുന്നു.

അതിനിടെ, കന്യാസ്ത്രീയുടെ സഹോദരങ്ങൾ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. പരാതി നൽകിയ ജലന്ധറിലെ സഭയുടെ പി.ആർ.ഒ. ഫാ.പീറ്റർ കാവുംപാടവും കഴിഞ്ഞദിവസം പൊലീസ്സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. ബിഷപ്പ് 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ മൊഴി. അത്രയും തവണ പ്രകൃതിവിരുദ്ധപീഡനം നടത്തിയെന്നും മൊഴിയിലുണ്ട്. പീഡനം നടന്നതായി പറയുന്ന തീയതികളിലെല്ലാം ബിഷപ്പ് കുറവിലങ്ങാട്ട് എത്തിയിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതും ബിഷപ്പിന് വിനയാണ്. അതേസമയം ബിഷപ്പ് സന്ദേശമയച്ചെന്ന് പറയുന്ന മൊബൈൽ ഫോൺ എവിടെയുണ്ടെന്ന് അറിയില്ലെന്നും കന്യാസ്ത്രിയുടെ ബന്ധുക്കൾ മൊഴി നൽകി. ഈ ഫോൺ കണ്ടെത്താൻ പൊലീസ് ശ്രമിക്കും. ഇത് കേസിൽ നിർണ്ണായക തെളിവായി മാറും.

അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന് മറ്റൊരു കന്യാസ്ത്രീയുടെ പരാതിയും എത്തുകയാണ്. ചേർത്തല തൈക്കാട്ടുശേരി സ്വദേശിയുടേതാണ് വെളിപ്പെടുത്തൽ. ഈ സംഭവം കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പരാതിയായി നൽകിയെന്നും ഇത് അന്വേഷിച്ച് നടപടിയെടുക്കാമെന്ന് കർദിനാൾ ഉറപ്പുനൽകിയെന്നും എന്നാൽ നടപടിയുണ്ടായില്ലെന്നും കന്യാസ്ത്രീയുടെ പിതാവ് പറഞ്ഞു. തന്നെ ബിഷപ്പ് പീഡിപ്പിച്ചുവെന്ന് നേരത്തെ പരാതി നൽകിയ കന്യാസ്ത്രീയെ അപകീർത്തിപ്പെടുത്തുംവിധമുള്ള പരാതി ബിഷപ്പ് തന്റെ മകളെ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്നും പിതാവ് പറഞ്ഞു. ഇതു പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. മദർ സുപ്പീരിയറിന്റെ സാന്നിധ്യത്തിലായിരുന്നു ഭീഷണി. കഴിഞ്ഞ നവംബറിൽ മകൾ അയച്ച കത്തിൽ ഇത് പറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കകം കത്തിലെ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കർദിനാളിനെ നേരിൽക്കണ്ട് പരാതി നൽകി. എന്നാൽ നടപടിയുണ്ടായില്ല. തുടർന്ന് ഈ കന്യാസ്ത്രീയെ ജലന്തറിലെ മറ്റൊരു മഠത്തിലേക്ക് കഴിഞ്ഞമാസം സ്ഥലംമാറ്റി. ഒരുമാസത്തെ അവധിക്ക് നാട്ടിലെത്തിയ ഇവർ ഇപ്പോൾ കുറവിലങ്ങാടുള്ള കോൺവന്റിലാണ്.

ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് വത്തിക്കാൻ പ്രതിനിധിക്കും മാർപ്പാപ്പയ്ക്കും ഇ-മെയിൽ വഴി പരാതി അയച്ചിരുന്നതായി കന്യാസ്ത്രീയുടെ മൊഴി പൊലീസിന് കിട്ടിയിരുന്നു. ആദ്യം പരാതി നൽകിയത് കുറവിലങ്ങാട് ഫെറോനാ വികാരിക്കായിരുന്നു. തുടർന്ന് പാലാ രൂപതാ ബിഷപ്പിനെയും അറിയിച്ചു. എന്നാൽ അന്വേഷണമോ നടപടികളോ ഉണ്ടാകാത്തതിനാൽ കഴിഞ്ഞ മെയിൽ കർദിനാളിന് നേരിട്ട് പരാതി നൽകി. ബിഷപ്പ് ലത്തീൻ സഭയുടെ ബിഷപ്പായതിനാൽ താൻ നിസ്സഹായനാണെന്നും ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയെ സമീപിക്കാനുമായിരുന്നു കർദ്ദിനാളിന്റെ നിർദ്ദേശം. തുടർന്നാണ് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിക്കും മാർപ്പാപ്പയ്ക്കും പരാതി അയച്ചത്.

മെയ് 11ന് കൊച്ചിയിൽ വച്ചാണ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയത്. സഭാ നേതൃത്വത്തിൽ നിന്ന് തനിക്ക് ഒരിക്കലും നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും കന്യാസ്ത്രീ വ്യക്തമാക്കുന്നു. വൈക്കം ഡി.വൈ.എസ്‌പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കന്യാസ്ത്രീയിൽ നിന്ന് 72 പേജുകളിലായാണ് മൊഴി രേഖപ്പെടുത്തിയത്. പിഡീപ്പിക്കപ്പെട്ട ദിവസവും സമയവും അടക്കം വിശദമായ മൊഴിയാണ് നൽകിയത്. വിവിധ ഘട്ടങ്ങളിലായി താൻ നൽകിയ പരാതികളുടെ പകർപ്പുകളും കന്യാസ്ത്രീ ഡിവൈഎസ്‌പിക്ക് കൈമാറി. പരാതിയിൽ നിന്ന് പിന്മാറാൻ കന്യാസ്ത്രീക്കുമേൽ ശക്തമായ സമ്മർദം ഉണ്ടെന്ന ആരോപണം ഉയർന്നതിനാലാണ് മജിസ്ട്രേട്ടിന്റെ മുന്നിലെത്തിച്ച് സെക്ഷൻ 164 പ്രകാരം രഹസ്യ മൊഴി രേഖപ്പെടുത്തിയത്.

പരാതിക്കാരിയെ പിന്തുണയ്ക്കുന്ന മറ്റ് കന്യാസ്ത്രീകളുടെ മൊഴിയെടുപ്പും പൂർത്തിയായതിനാൽ ഉടൻതന്നെ അന്വേഷണ സംഘം ജലന്ധറിൽ എത്തി ബിഷപ്പിനെ ചോദ്യംചെയ്യും. അതിനിടെ പരാതിക്കാരിയായ കന്യാസ്ത്രീ അംഗമായ സന്യാസ സമൂഹത്തിന്റെ മദർ സുപ്പീരിയർ വൈക്കം ഡി.വൈ.എസ്‌പിയെ കണ്ട് മൊഴി രേഖപ്പെടുത്തിയതായും വിവരമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP