Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജുവിനെ തേടി എത്തി; വീട്ടുകാരി തനിച്ചാണെന്ന് അറിഞ്ഞപ്പോൾ അപമര്യാദയായി സംസാരിക്കാൻ തുടങ്ങി; ഉന്തുതള്ളിനുമിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; അന്വേഷണത്തെ വഴിതെറ്റിച്ച് മോഷണ ശ്രമമെന്ന് വരുത്താൻ സ്വർണ്ണവും പണവും എടുത്തു; വിദേശത്തേക്ക് കടന്ന് രക്ഷപ്പെടാനും ശ്രമിച്ചു; മൊബൈൽ ഫോണിലെ അന്വേഷണം കള്ളിപൊളിച്ചു; ഖത്തറിൽ നിന്ന് തന്ത്രപൂർവ്വം വിളിച്ചുവരുത്തി അറസ്റ്റ്; ജലജാ സുരന്റെ കൊലയിൽ തുമ്പുണ്ടാക്കി ക്രൈംബ്രാഞ്ച്; സജിത്തിനെ കുടുക്കിയത് ഇങ്ങനെ

രാജുവിനെ തേടി എത്തി; വീട്ടുകാരി തനിച്ചാണെന്ന് അറിഞ്ഞപ്പോൾ അപമര്യാദയായി സംസാരിക്കാൻ തുടങ്ങി; ഉന്തുതള്ളിനുമിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; അന്വേഷണത്തെ വഴിതെറ്റിച്ച് മോഷണ ശ്രമമെന്ന് വരുത്താൻ സ്വർണ്ണവും പണവും എടുത്തു; വിദേശത്തേക്ക് കടന്ന് രക്ഷപ്പെടാനും ശ്രമിച്ചു; മൊബൈൽ ഫോണിലെ അന്വേഷണം കള്ളിപൊളിച്ചു; ഖത്തറിൽ നിന്ന് തന്ത്രപൂർവ്വം വിളിച്ചുവരുത്തി അറസ്റ്റ്; ജലജാ സുരന്റെ കൊലയിൽ തുമ്പുണ്ടാക്കി ക്രൈംബ്രാഞ്ച്; സജിത്തിനെ കുടുക്കിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: ആലപ്പുഴ ജലജ വധക്കേസിലെ പ്രതി പിടിയിൽ. മുട്ടം സ്വദേശി സജിത്തിനെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നെടുമ്പാശേരിയിൽ വച്ച് പിടികൂടിയത്. കൊലയ്ക്ക് ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഖത്തറിലായിരുന്ന സജിത്തിനെ തന്ത്രപരമായി വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. നങ്ങ്യാർകുളങ്ങര ഭാരതിയിൽ സുരന്റെ ഭാര്യ ജലജ സുരൻ (46) കൊല്ലപ്പെട്ട കേസിൽ മുട്ടം സ്വദേശി സജിത്താ(37)ണ് അറസ്റ്റിലായത്.

2015 ഓഗസ്റ്റ് 13 നാണ് ഹരിപ്പാട് സ്വദേശിയായ ജലജയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ശരീരത്തിൽ നിന്ന് ആഭരണങ്ങൾ എല്ലാം നഷ്ടപ്പെട്ടിരുന്നു. ആദ്യം മോഷണത്തിനിടയിലുള്ള കൊലപാതകം എന്നാണ് പൊലീസ് കരുതിയിരുന്നത്. പിന്നീടുള്ള അന്വേഷണത്തിലാണ് മോഷണത്തിനിടയിലായിരുന്നില്ല കൊല നടന്നതെന്ന് തെളിഞ്ഞത്. ഒരു മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതി കുടുങ്ങാൻ ഇടയാക്കിയത്. ഈ മൊബൈൽ ഫോൺ നമ്പർ ക്രൈംബ്രാഞ്ചിൽനിന്നു സജിത്ത് സമർഥമായി ഒളിച്ചുവച്ചിരിക്കുകയായിരുന്നു. ഈ മൊബൈൽ കണ്ടെത്തിയതാണ് നിർണ്ണായകമായത്.

ജലജയുടെ അയൽവാസിയായ രാജുവിന്റെ അടുത്ത സുഹൃത്താണു സജിത്ത്. രാജുവിനെ വീട്ടിൽ കാണാതിരുന്നതോടെ ജലജയുടെ വീട്ടിൽ അന്വേഷിച്ചെത്തുകയായിരുന്നു. ജലജയുടെ കാർ സർവീസിങ്ങിനു കൊടുക്കാൻ കൊണ്ടുപോകുമെന്നു രാജു പറഞ്ഞിരുന്നതിനാലാണ് അവിടേക്കുപോയത്. ജലജ തനിച്ചാണെന്നറിഞ്ഞ സജിത്ത് അപമര്യാദയായി സംസാരിക്കാൻ തുനിഞ്ഞു. തുടർന്ന് ഉന്തുംതള്ളുമുണ്ടായി. അതിനിടെ, തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മോഷണശ്രമത്തിനിടെ സംഭവിച്ച കൊലപാതകമാണെന്നു തോന്നിപ്പിക്കാനായി ജലജയുടെ താലിമാല അടക്കമുള്ള സ്വർണാഭരണങ്ങളും പണവും കവർന്നെടുത്തിരുന്നു.

ജലജയുടെ ഭർത്താവ് സുരൻ വിദേശത്തായിരുന്നു. ലോക്കൽ പൊലീസ് മൂന്നു മാസത്തോളം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ അന്വേഷണവുമാണു നിർണായകമാകേണ്ടിയിരുന്നത്. ആദ്യ മണിക്കൂറുകളിൽ ശേഖരിക്കേണ്ടിയിരുന്ന നിർണായകമായിരുന്ന പല തെളിവുകളും നഷ്ടപ്പെടുത്തിയെന്ന് ആരോപണമുയർന്നിരുന്നു. കേസിൽ സിബിഐ. അന്വേഷണം വേണമെന്ന് സുരൻ ആവശ്യപ്പെട്ടിരുന്നു.

കൊലപാതകത്തിനുശേഷം പ്രതി വീടിന്റെ മുകൾനിലയിലെ ശൗചാലയത്തിൽ കുളിച്ചതായി കണ്ടെത്തിയിരുന്നു. വീടുമായി ഏറെ അടുപ്പമുള്ളയാളാണു കൊലയാളിയെന്നു പൊലീസ് നിഗമനത്തിലെത്തിയിരുന്നു. പ്രതി വീട്ടിലെത്തിയപ്പോൾ വളർത്തുനായ കുരച്ചില്ലെന്ന് അറിഞ്ഞതാണ് ഈ നിഗമനത്തിനു കാരണം. മോഷണശ്രമമെന്നു വരുത്തിത്തീർക്കാനുള്ള നീക്കമാണു നടന്നതെന്നു പൊലീസ് സംശയിച്ചിരുന്നു. മാലയും പണവും നഷ്ടപ്പെട്ടെങ്കിലും ജലജ ധരിച്ചിരുന്ന കമ്മൽ നഷ്ടപ്പെടാതിരുന്നതാണ് പൊലീസിനു സംശയം തോന്നിപ്പിച്ചത്. കൊലപാതകം നടന്ന വീട്ടിൽനിന്നു മോഷണം പോയ മൊെബെൽ ഫോൺ പിന്നീട് ഒരു പ്രാവശ്യം ഓണാക്കിയിരുന്നു. എന്നാൽ, ഫോൺ ഉപയോഗിച്ച ആളിനെപ്പറ്റി സൂചന ലഭിച്ചിരുന്നില്ല.

തലയ്ക്ക് പിന്നിൽ ആഴത്തിലേറ്റ മുറിവായിരുന്നു ജലജയുടെ മരണ കാരണം. സംഭവത്തിന് ഒരാഴ്ചയ്ക്ക് ശേഷം ജലജയുടെ വീടിന് സമീപത്ത് നിന്ന് രണ്ട് ചുരിദാറുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവ ഫൊറൻസിക്ക് ലാബിൽ പരിശോധിച്ചെങ്കിലും തുമ്പോന്നും കിട്ടിയില്ല. കേസിൽ സിബിഐ. അന്വേഷണം വേണമെന്ന് സുരൻ നേരത്തെ മുതൽ ആവശ്യപ്പെടുകയാണ്. കേസന്വേഷണം ഫലപ്രദമല്ലെന്ന് പറഞ്ഞ് ആഭ്യന്തര വകുപ്പിനെയും മന്ത്രിയെയും പ്രതിക്കൂട്ടിലാക്കാൻ ഇടതുപക്ഷവും ബിജെപി.യും ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാ്ഞ്ച് പ്രതിയെ പിടിക്കുന്നത്.

മക്കളായ അമ്മുവും ആരോമലും ചെന്നൈയിൽ എൻജിനീയറിങ് ബിരുദധാരികളായിരുന്നു. ഇവരോടൊപ്പം കഴിഞ്ഞ ഒരു മാസമായി ജലജ ചെന്നൈയിലായിരുന്നു താമസം. അടുത്ത ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ഒൻപതിനാണ് ജലജ വീട്ടിലെത്തിയത്. ഇവിടെ ഒറ്റക്ക് താമസമായിരുന്ന ജലജ ബന്ധുവീട്ടുകളിലും മറ്റും പകൽ സമയം പോയിരുന്നു. മക്കളും ഭർത്താവുമായി ദിവസവും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി വരെ വിദേശത്തുനിന്നും ഭർത്താവ് സുരൻ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

വിവരം അറിയാൻ കഴിയാത്തതുകാരണം ചെന്നൈയിലുള്ള മകനുമായി ബന്ധപ്പെട്ടു. മകൻ അമ്മയെ ഫോണിൽ വിളിച്ചുവെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. വിവരം അറിയുന്നതിനായി സുഹൃത്തും അയൽവാസിയുമായ കണ്ണനെ ആരോമൽ ഫോണിൽ വിളിക്കുകയും അമ്മയുടെ വിവരം അന്വേഷിക്കാൻ പറയുകയും ചെയ്തു. രാത്രി 12.30 മണിയോടുകൂടി കണ്ണൻ വീട്ടിലെത്തിയപ്പോൾ വീടിന്റെ പ്രധാന വാതിൽ തുറന്ന നിലയിലായിരുന്നു. വീടിന് അകത്ത് കയറി അന്വേഷിച്ചപ്പോഴാണ് ജലജ ബെഡ്റൂമിൽ രക്തം വാർന്ന നിലയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP