Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202129Thursday

എസ് വിജയൻ കടന്നുപിടിച്ചു ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു, മറിയം റഷീദ അടിച്ചു പുറത്താക്കി; ഇതിന് ഞാനും സാക്ഷിയാണ്; ചാരക്കേസിൽ കുടക്കിയത് വഴങ്ങാതെ വന്നതിന്റെ പ്രതികാരം തീർക്കൽ; ഹൈക്കോടതിയിൽ വിശദീകരണവുമായി ഫൗസിയ ഹസൻ

എസ് വിജയൻ കടന്നുപിടിച്ചു ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു, മറിയം റഷീദ അടിച്ചു പുറത്താക്കി; ഇതിന് ഞാനും സാക്ഷിയാണ്; ചാരക്കേസിൽ കുടക്കിയത് വഴങ്ങാതെ വന്നതിന്റെ പ്രതികാരം തീർക്കൽ; ഹൈക്കോടതിയിൽ വിശദീകരണവുമായി ഫൗസിയ ഹസൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചാരക്കേസിലെ പുനരന്വേഷണത്തിൽ സ്പെഷൽ ബ്രാഞ്ച് മുൻ ഇൻസ്പെക്ടർ എസ് വിജയനെതിരെ ആരോപണവുമായി ഫൗസിയ ഹസൻ. വിജയൻ മറിയം റഷീദയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി മാലി വനിത ഫൗസിയ ഹസൻ ഹൈക്കോടതിയിൽ അറിയിച്ചു. വഴങ്ങാതെ വന്നതാണ് ചാരക്കേസിൽ കുടുക്കാൻ കാരണം. അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിന് അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് ഫൗസിയ ഹസൻ കോടതിയിൽ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരത്ത് മറിയം റഷീദ താമസിച്ച ഹോട്ടൽ മുറിയിലെത്തിയാണ് ഇൻസ്പെക്ടർ വിജയൻ മോശമായി പെരുമാറിയത്. വിജയനെ മറിയം റഷീദ മുറിയിൽ നിന്ന് അടിച്ചുപുറത്താക്കുകയായിരുന്നു. താൻ ഇതിന് സാക്ഷിയായിരുന്നു എന്നും പൗസിയ കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. ഐഎസ്ആർഒ ഗൂഢാലോചന കേസിൽ ഒന്നാം പ്രതിയാണ് സ്പെഷൽ ബ്രാഞ്ച് സിഐ ആയിരുന്ന എസ് വിജയൻ. പ്രതികളായ വിജയന്റെയും വഞ്ചിയൂർ എസ്ഐ ആയിരുന്ന തമ്പി എസ് ദുർഗാദത്തിന്റെയും ജാമ്യഹർജിയെ എതിർത്താണ് ഫൗസീയ ഹസന്റെ വിശദീകരണം.

സ്വന്തം കുറ്റം മറയ്ക്കാൻ തങ്ങളെ കേസിൽ കുടുക്കി മൂന്നു വർഷത്തിലേറെ തടങ്കലിൽ വെച്ച ഉദ്യോഗസ്ഥരെ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കരുത്. വ്യക്തിഗത, സാമ്പത്തിക, ഔദ്യോഗിക നേട്ടങ്ങളും അന്നത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കുടുക്കുകയെന്ന രാഷ്ട്രീയതാൽപ്പര്യവും ലക്ഷ്യമിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നും ഫൗസിയ ആരോപിച്ചു.

മക്കളെ ബംഗളൂരുവിൽ സ്‌കൂളിൽ ചേർക്കാൻ വന്നതും കേരളത്തിൽ തങ്ങിയതുമാണ് താനും മറിയം റഷീദയും ചെയ്ത അബദ്ധം. ഫ്‌ളൂ പടർന്നു പിടിച്ചതു മൂലം മാലദ്വീപിലേക്കുള്ള വിമാനം റദ്ദാക്കി. മറിയം റഷീദയുടെ വീസയുടെ കാലാവധി തീരാറായതിനാൽ അതു നീട്ടിക്കിട്ടാൻ 1994 ഒക്ടോബർ രണ്ടിന് സർട്ടിഫിക്കറ്റിനായി ഫോറിൻ രജിസ്റ്റ്രേഷൻ ഓഫിസർ കൂടിയായ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ പോയി.

അവിടെ വച്ചു പാസ്പോർട്ടും എയർ ടിക്കറ്റുകളും കൈക്കലാക്കിയ വിജയൻ അവസരം മുതലാക്കാൻ നോക്കി. 3, 4 ദിവസത്തിനു ശേഷം ഹോട്ടൽ മുറിയിലെത്തി ചില ചോദ്യങ്ങൾ ചോദിച്ചു മടങ്ങി. 8നു വീണ്ടുമെത്തി, തന്നോടു മുറിക്കു പുറത്തു നിൽക്കാൻ പറഞ്ഞ് മറിയം റഷീദയോടു ലൈംഗികാതിക്രമത്തിനു മുതിർന്നു. മറിയം റഷീദ അടിച്ചു പുറത്താക്കി. ഇതോടെ അവരുടെ സർട്ടിഫിക്കറ്റും യാത്രാരേഖകളും ഒക്ടോബർ 20 വരെ വൈകിപ്പിച്ച് വീസ കാലാവധി കഴിഞ്ഞു തങ്ങിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു. ചാരക്കഥ മെനഞ്ഞ് തങ്ങളെ കേസിൽപ്പെടുത്തിയെന്നും ഫൗസിയ ആരോപിക്കുന്നു.

കേന്ദ്രാനുമതിയോ ഐഎസ്ആർഒയുടെ പരാതിയോ ഇല്ലാതെയായിരുന്നു ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള കേസ്. ചാരവൃത്തിക്കു ചെല്ലുന്നവരാരും പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും സഹിതം പൊലീസ് സ്റ്റേഷനിൽ പോകില്ല. പാക്കിസ്ഥാനു ചോർത്തി കൊടുത്തതായി പറയുന്ന ക്രയോജനിക് സാങ്കേതിക വിദ്യ 1994ൽ ഇന്ത്യയ്ക്കില്ല. സ്ഥാപനത്തിൽ നിന്നു വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്ന് ഐഎസ്ആർഒ മേധാവി സിബിഐക്കു റിപ്പോർട്ട് നൽകിയിരുന്നു.

കേസിലേക്ക് നമ്പി നാരായണൻ അടക്കമുള്ളവരെ ഉൾപ്പെടുത്തുകയും കള്ളക്കഥകൾ കെട്ടിച്ചമയ്ക്കുകയുമായിരുന്നു. കേസിൽ വിജയനും തമ്പി എസ് ദുർഗാദത്തും സിബി മാത്യൂസും ക്രിമിനൽ ഗൂഢാലോചന നടത്തിയിട്ടുണ്ട്. കാര്യങ്ങൾ മനസ്സിലാക്കി കേസ് അവസാനിപ്പിക്കുന്നതിനു പകരം അന്വേഷണത്തെ വെള്ളപൂശി തടങ്കൽ നീട്ടാനാണ് അന്വേഷണ മേധാവിയും ശ്രമിച്ചത്. ഇപ്പോഴുള്ള അന്വേഷണം സുപ്രീംകോടതി വിധി അനുസരിച്ചാണെന്നും വിശദീകരണത്തിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP