Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

വാർട്ടൻ ബിസിനസ് സ്‌കൂളിലെ പരിചയം പ്രണയമായി; ഏതാനും ദിവസത്തിന് ശേഷം നീരവ് മോദി പഠനം ഉപേക്ഷിച്ചെങ്കിലും അമിയുമായി ബന്ധം കാത്തു; ഡിസൈനിങ്ങും വായനയും യാത്രയുമായി അടിപൊളിയായി ജീവിതം നീങ്ങുന്നതിനിടെ ഭർത്താവിനെ കുരുക്കി പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; കൂട്ടുപ്രതിയാവാതിരിക്കാൻ രണ്ടുവർഷം മുമ്പേ ജന്മനാടായ ന്യൂയോർക്കിലേക്ക് മുങ്ങി; ഒടുവിൽ അമി മോദിക്ക് ഇന്റർപോൾ റെഡ് കോർണർ നോട്ടീസ്

വാർട്ടൻ ബിസിനസ് സ്‌കൂളിലെ പരിചയം പ്രണയമായി; ഏതാനും ദിവസത്തിന് ശേഷം നീരവ് മോദി പഠനം ഉപേക്ഷിച്ചെങ്കിലും അമിയുമായി ബന്ധം കാത്തു; ഡിസൈനിങ്ങും വായനയും യാത്രയുമായി അടിപൊളിയായി ജീവിതം നീങ്ങുന്നതിനിടെ ഭർത്താവിനെ കുരുക്കി പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; കൂട്ടുപ്രതിയാവാതിരിക്കാൻ രണ്ടുവർഷം മുമ്പേ ജന്മനാടായ ന്യൂയോർക്കിലേക്ക് മുങ്ങി; ഒടുവിൽ അമി മോദിക്ക് ഇന്റർപോൾ റെഡ് കോർണർ നോട്ടീസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 13,500 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി നീരവ് മോദിയുടെ ഭാര്യക്ക് ഇന്റർപോളിന്റെ റെഡ്കോർണർ നോട്ടീസ്. എൻഫോഴ്‌മെന്റിന്റെ അഭ്യർത്ഥന പ്രകാരമാണ് അമി മോദിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത പണം തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ് അയച്ചത്.

ഇത്തരമൊരു നോട്ടീസ് അയച്ചുകഴിഞ്ഞാലുടൻ ഇന്റർപോൾ 192 അംഗരാജ്യങ്ങളോട് പ്രതിയെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിൽ എടുക്കാനോ ആവശ്യപ്പെടുകയാണ് പതിവ്. 2018 ൽ ബാങ്ക് തട്ടിപ്പ് പുറത്ത് വന്നയുടൻ തന്നെ അമി മോദി രാജ്യം വിട്ടെന്നാണ് കരുതുന്നത്. ഭർത്താവിനൊപ്പവും അദ്ദേഹത്തിന്റെ അമ്മാവൻ മെഹുൽ ചോക്‌സിക്കൊപ്പവും പണം തട്ടിപ്പിനായി ഗൂഢാലോചന നടത്തിയെന്നാണ് അമി മോദിക്കെതിരെയുള്ള ഇഡിയുടെ കേസ്.നീരവ് മോദി സാമ്പത്തിക തട്ടിപ്പ് നടത്തിയചില കമ്പനികളുടെ ഡയറക്ടറായിരുന്നു അമി മോദി. 

49 കാരനായ നീരവ് മോദിയെ 2019 മാർച്ചിൽ ലണ്ടനിലാണ് സ്‌കോട്ടലണ്ട് യാർഡ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ യുകെ ജയിലിൽ തടങ്കലിലാണ്. ഇന്ത്യക്ക് കൈമാറ്റം ചെയ്യാനുള്ള നീക്കത്തെ നിയമപരമായി ചെറുത്തുനിൽക്കുകയാണ് നീരവ് മോദി. മുംബൈ കോടതി നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുകയും ആസ്തികൾ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് 329 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിയിരുന്നു.

നീരവ് മോദിയുടെ സഹോദരൻ നെഹൽ മോദിക്കെതിരെയും സഹോദരി പൂർവി മോദിക്കതിരെയും ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് അയച്ചിരുന്നു. ലണ്ടനിലെ വാണ്ട്സ്വർത്ത് ജയിലിലാണ് നീരവ് ഉള്ളത്.

കേസിലെ മറ്റൊരു പ്രതിയും നീരവ് മോദിയുടെ അമ്മാവനുമായ മെഹുൽ ചോക്സി കരീബിയൻ ദ്വീപായ ആന്റിഗ്വയിലാണ് താമസിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇയാൾ ഇന്ത്യയിലേക്കു മടങ്ങാത്തത്. 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ ഇന്ത്യയിൽ നിന്നും കടന്ന വ്യവസായിയാണ് നീരവ് മോദി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇയാളുടെ 330 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തിരുന്നു. മുംബൈ, ലണ്ടൻ, യുഎഇ എന്നിവിടങ്ങളിലെ ഫ്‌ളാറ്റുകളും ഇതിൽ ഉൾപ്പെടുന്നു.

നിയമകുരുക്കിൽ പെടാതെ അമി മുങ്ങി

ജവേരി എന്നാണ് അമി മോദിയുടെ യഥാർഥ പേര്. അമിയും മൂന്നുമക്കൾ രോഹിൻ, അപാഷ, അനന്യ എന്നിവർ ന്യൂയോർക്കിലാണെന്ന് പറയുന്നു. അമി മോദി എന്ന ജവേരിയുടെ ജന്മസ്ഥലവും ന്യൂയോർക്കാണ്. അമേരിക്കൻ പൗരത്വമുണ്ട്. ഭർത്താവിന്റെ തട്ടിപ്പ് കേസിൽ പേര് വരാതിരിക്കാൻ ജവേരി എന്ന് പേര് ഇടക്കാലത്ത് അവർ ഉപയോഗിച്ചിരുന്നു. നിയമക്കുരുക്ക് ഒഴിവാക്കാൻ ഇരുവരും വിവാഹബന്ധം വേർപ്പെടുത്തിയതായും സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്.

ബിസിനസ് അഡ്‌മിനസ്‌ട്രേഷനിൽ മാസ്റ്റർ ബിരുദമുണ്ട് അമിമോദിക്ക്. അതുകൊണ്ട് തന്നെ ഭർത്താവിന്റെ വ്യവസായ സംരംഭത്തിൽ പങ്കാളിയായി. വാർട്ടൻ ബിസിനസ് സ്‌കൂളിൽ വച്ചാണ് നീരവ് മോദിയുമായി പരിചയപ്പെട്ടത്. എന്നാൽ, നീരവ് അവിടെ പഠനം പൂർത്തിയാക്കിയില്ല. ഏതാനും ദിവസത്തിന് ശേഷം കോളേജ് വിട്ട് അമ്മാവനെ കുടുംബബിസിനസിൽ (ഗീതാഞ്ജലി ജെംസ്) സഹായിക്കാൻ വേണ്ടി പോയി. കോളേജ് വിട്ടെങ്കിലും അമിയുമായി നീരവ് എപ്പോഴും ബന്ധം പുലർത്തിപ്പോന്നു. പിന്നീട് അത് അവരുടെ വിവാഹത്തിലും കലാശിച്ചു.

2018 ഫെബ്രുവരിയിലാണ് പിഎൻബി സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അമി മോദിയുടെ പേരും കേട്ടുതുടങ്ങിയത്. ആ വർഷം ജനുവരിയിൽ തന്നെ അവർ മക്കൾക്കൊപ്പം യുഎസിലേക്ക് മടങ്ങി. പിന്നാലെ നീരവ് മോദിയും. 1.76ബില്യൺ ഡോളറിന്റെ ആസ്തിയാണ് അമി മോദിയുടെ പേരിൽ ഉള്ളത്.

മറുനാടൻ മലയാളി യുട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാൻ ക്ലിക് ചെയ്യുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP