Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തട്ടിയെടുക്കുന്ന ആഡംബര വാഹനങ്ങൾ എത്തിച്ചു നൽകിയിരുന്നത് കോയമ്പത്തൂർ സ്‌ഫോടനക്കേസിലെപ്രതിയായ മുഹമ്മദ് റഫീഖിന്; ഒരു വർഷത്തിനിടെ അൽ ഉമ്മയ്ക്കായി തട്ടിയെടുത്തത് 11 വാഹനങ്ങൾ; ബുള്ളറ്റ് മുതൽ ബിഎംഡബ്ല്യു വരെ അടിച്ചു മാറ്റി നേടിയത് കോടികളും; ഇല്യാസും നിഷാദും നടത്തി വന്നത് ഒരേ സമയം തട്ടിപ്പും ഭീകരപ്രവർത്തനവും; കോട്ടയം സ്വദേശിയുടെ വാഹനം മോഷണം പോയെന്ന പരാതിയിൽ കേരള പൊലീസിന്റെ വലയിൽ കുടുങ്ങിയത് ദക്ഷിണേന്ത്യയിലെ ഭീകരപ്രവർത്തനത്തിന്റെ ഊർജ്ജ സ്രോതസ്സുകൾ

തട്ടിയെടുക്കുന്ന ആഡംബര വാഹനങ്ങൾ എത്തിച്ചു നൽകിയിരുന്നത് കോയമ്പത്തൂർ സ്‌ഫോടനക്കേസിലെപ്രതിയായ മുഹമ്മദ് റഫീഖിന്; ഒരു വർഷത്തിനിടെ അൽ ഉമ്മയ്ക്കായി തട്ടിയെടുത്തത് 11 വാഹനങ്ങൾ; ബുള്ളറ്റ് മുതൽ ബിഎംഡബ്ല്യു വരെ അടിച്ചു മാറ്റി നേടിയത് കോടികളും; ഇല്യാസും നിഷാദും നടത്തി വന്നത് ഒരേ സമയം തട്ടിപ്പും ഭീകരപ്രവർത്തനവും; കോട്ടയം സ്വദേശിയുടെ വാഹനം മോഷണം പോയെന്ന പരാതിയിൽ കേരള പൊലീസിന്റെ വലയിൽ കുടുങ്ങിയത് ദക്ഷിണേന്ത്യയിലെ ഭീകരപ്രവർത്തനത്തിന്റെ ഊർജ്ജ സ്രോതസ്സുകൾ

ഗീവർഗീസ് എം തോമസ്

കോട്ടയം: കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആഡംബര വാഹനങ്ങൾ തട്ടിയെടുത്തു നിരോധിത ഭീകര സംഘടനായ അൽ- ഉമ്മയ്ക്ക് എത്തിച്ച് നൽകിയ രണ്ട് യുവാക്കളാണ് കഴിഞ്ഞ ദിവസം കോട്ടയം പൊലീസിന്റെ പിടിയിലായത്. തൃശൂർ വാടനപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ ഇല്യാസ്, ആലുവ യു.സി കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ കെ.എ നിഷാദ് എന്നിവരെ കോട്ടയം വെസ്റ്റ് സിഐ എം.ജെ. അരുൺ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്നു വാഹനങ്ങളാണ് ഇവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിയെടുത്തത്. തുടർന്ന് ഈ വാഹനങ്ങൾ കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതിയായ മുഹമ്മദ് റഫീഖിന് എത്തിച്ചു നൽകുന്നതായിരുന്നു ഇവരുടെ രീതി. കോയമ്പത്തൂർ സ്‌ഫോടന കേസിൽ പതിനാലു വർഷത്തോളം തടവ് ശിക്ഷ അനുഭവിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2018 ൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്തയാളുമാണ് കോയമ്പത്തൂർ കുനിയമമുത്തൂർ സ്വദേശി തൊപ്പി റഫീഖ് എന്നപേരിൽ അറിയപ്പെടുന്ന മുഹമ്മദ് റഫീഖ്.

ഒഎൽഎക്‌സ് ഉൾപ്പടെയുള്ള വിവിധ വെബ് സൈറ്റുകളിലും വാടകയ്ക്കും വിൽക്കാനും നൽകിയിട്ടുള്ള പരസ്യങ്ങളിൽ കാണുന്ന നമ്പറുകളിലേക്കു വിളിച്ചാണ് ഇവർ ഡീൽ ഉറപ്പിക്കുന്നത്. ഇതോടൊപ്പം വ്യാജ തിരിച്ചറിയൽ രേഖകളും പതിനായിരം രൂപ മുതൽ മുപ്പതിനായിരം വരെ അഡ്വാൻസും നൽകും. വാഹനങ്ങളുമായി പോയ ശേഷം ഇവരുടെ നമ്പരിൽ വിളിച്ചാൽ പിന്നീട് പ്രതികരണം ഉണ്ടാകില്ല. ഇത്തരത്തിൽ കോടികളുടെ തട്ടിപ്പാണ് കേരളത്തിൽ മാത്രമായി ഇവർ നടത്തിയിരിക്കുന്നത്. പ്രതികൾ വാടകക്കെടുത്തു തട്ടിയെടുത്തവയിൽ അധികവും ലക്ഷങ്ങൾ വിലയുള്ള ആഡംബര കാറുകളാണ്. എറണാകുളത്ത് നിന്ന് ബി എം ഡബ്ലിയു വും എർട്ടിഗയും , മരടിൽ നിന്ന് ബൊലേനോ, നെടുമ്പാശേരിയിൽ നിന്ന് ഇന്നോവ , കോഴിക്കോട് ടൗണിൽ നിന്നും ഇന്നോവ ക്രിസ്റ്റ , തിരുവനന്തപുരം വിഴിഞ്ഞത്തു നിന്ന് എർട്ടിഗ, വർക്കല ഭാഗത്തു നിന്ന് എസ് യു വി , മലപ്പുറം അങ്ങാടിപ്പുറം ഭാഗത്തു നിന്ന് എർട്ടിഗ, കോട്ടയത്ത് നിന്ന് ഇന്നോവ, തൃശൂർ മാളയിൽ നിന്ന് ബുള്ളറ്റ് , കണ്ണൂർ ഭാഗത്ത് നിന്ന് ഇന്നോവ എന്നിവയാണ് ഇവർ തട്ടിയെടുത്തു മറിച്ചു വിറ്റത്.

നാലു മാസങ്ങൾക്കു മുൻപ് കോട്ടയം സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ സമാന രീതിയിൽ തട്ടിയെടുത്തു മറിച്ചു വിറ്റുവെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാറുകൾ തട്ടിയെടുക്കാൻ ഓരോ തവണയും വ്യത്യസ്ത നമ്പറുകളും സിമ്മുകളുമാണ് ഇവർ ഉപയോഗിച്ചിരുന്നത്. തുടർന്ന് ഈ നമ്പരുകൾ കേന്ദ്രികരിച്ചു പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുറിച്ചു പൊലീസിന് വിവരം കിട്ടിയത്. തുടർന്ന് പുതിയ തട്ടിപ്പിനായി ഇവർ കോട്ടയത്ത് എത്തുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി എസ്.ജയദേവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈ.എസ്‌പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. പ്രിൻസിപ്പൽ എസ്‌ഐ ടി ശ്രീജിത്ത് , ഗ്രേഡ് എസ് ഐ കെ പി മാത്യു , എ എസ് ഐ പി എൻ മനോജ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി ജെ സജീവ് , സി സുദീപ് , സി പി ഒ മാരായ കെ ആർ ബൈജു , വിഷ്ണു വിജയദാസ് , തുടങ്ങിയവരായിരുന്നു ടീമിൽ ഉണ്ടായിരുന്നത്. കോട്ടയത്തു എത്തിയ ഇവരെ പൊലീസ് ഇവരെ തന്ത്രപൂർവം കുടുക്കുകയായിരുന്നു.

ഈ കേസിലെ മറ്റൊരു പ്രതിയായ നിഷാദാണ് ഇല്യാസിനെ തീവ്രവാദ കേസ് പ്രതിയായ റഫീഖിന് പരിചയപെടുത്തി കൊടുക്കുന്നത്. പത്തു വർഷത്തോളം വിദേശത്തായിരുന്ന ഇല്യാസ് മടങ്ങിയെത്തിയ ശേഷമാണ് തട്ടിപ്പ് തുടങ്ങുന്നത്. തൃശൂർ വെസ്റ്റ്, ഈസ്റ്റ്, വിയ്യൂർ, എറണാകുളം സെൻട്രൽ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ തട്ടിപ്പ്, മോഷണക്കേസുകളുണ്ട്. മംഗലാപുരത്തും മോഷണക്കേസ് നിലവിലുണ്ട്. നിഷാദ് വയനാട് ബെത്തേരിയിൽ കുഴൽപ്പണം തട്ടിയെടുത്ത കേസിലും, തൃശൂർ ചേലക്കരയിൽ വഞ്ചനാ കേസിലും പ്രതിയാണ്. കോയമ്പത്തൂർ ബോംബ് സ്‌ഫോടനത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അൽ -ഉമ്മ സംഘം 86 വാഹനങ്ങൾ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ തുടരന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP