Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഇക്കാര്യത്തിൽ കിട്ടുന്ന രഹസ്യ വിവരങ്ങൾ തെറ്റാറില്ല; റെയ്ഡ് തീരുമാനിച്ചത് അർദ്ധരാത്രി 12 മണിക്ക്; കോട കലക്കി വ്യാജവാറ്റ് തുടങ്ങവേ അർത്തുങ്കൽ പൊലീസിന്റെ പിടിയിലായത് അഞ്ച് ചെറുപ്പക്കാർ; ഒപ്പം മുപ്പത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും; ബീവറേജസും ബാറുകളും അടച്ചതോടെ ലാഭക്കൊതിയിൽ സുലഭമായി വ്യാജ മദ്യം; എക്‌സൈസും പൊലീസും പിടികൂടുന്നത് ലിറ്റർ കണക്കിന് വാഷും ഉപകരണങ്ങളും; കൊറോണയുടെ മറവിൽ സംസ്ഥാനത്തുകൊഴുക്കുന്നത് വ്യാജവാറ്റ് കേന്ദ്രങ്ങൾ

എം മനോജ് കുമാർ

ചേർത്തല: വ്യാജവാറ്റ് ശ്രമങ്ങൾ സംസ്ഥാനത്ത് ശക്തമാകുന്നു. കൊറോണ പേടിച്ച് ബീവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും അടച്ചതോടെയാണ് വ്യാജമദ്യത്തിനുള്ള ശ്രമങ്ങൾ ശക്തമാകുന്നത്. വ്യാജവാറ്റിനുള്ള ശ്രമങ്ങൾ തടയാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നതിന്നിടെയാണ് ചേർത്തല അർത്തുങ്കലിൽ നിന്നും വ്യാജവാറ്റ് പിടികൂടിയത്. എക്‌സ്സൈസ് സംഘമല്ല പൊലീസാണ് വ്യാജ വാറ്റ് പിടിച്ചത്. ഇന്നു പുലർച്ചെയാണ് ചേർത്തല അർത്തുങ്കലിൽ വ്യാജവാറ്റിനുള്ള ശ്രമം അർത്തുങ്കൽ പൊലീസ് തകർത്തത്. രഹസ്യവിവരം അറിഞ്ഞു അർദ്ധരാത്രി റെയ്ഡ് നടത്തിയാണ് വ്യാജവാറ്റ് ശ്രമം പൊലീസ് തടഞ്ഞത്. അർത്തുങ്കൽകാരായ അഞ്ച് ചെറുപ്പക്കാരാണ് അകത്തായത്. ആയിരം തൈ പൊള്ളയിൽ വീട്ടിൽ ഷിബു (38), പട്ടണക്കാട് പുരാപ്പള്ളിയിൽ വീട്ടിൽ വിഷ്ണു(27), തൈക്കൽ കൊച്ചു കടപ്പുറത്ത് വീട്ടിൽ നവറോജി (48), കൊച്ചു കടപ്പുറത്ത് ഓംകാർജി (25), തൈക്കൽ കോലപ്പശേരി അരുൺ സാബു(27) എന്നിവരാണ് പിടിയിലായത്. ഇവർ വ്യാജവാറ്റിനു ഒരുക്കങ്ങൾ നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അർദ്ധരാത്രി റെയ്ഡ് നടത്തി അഞ്ചു പേരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. തുടർന്നു ഇവരുടെ ഇവരുടെ പേരിൽ പൊലീസ് കേസ് ചാർജ് ചെയ്യുകയായിരുന്നു. വ്യാജവാറ്റിനെ തുടർന്നു പൊലീസ് പിടിയിലായ അഞ്ചുപേരെയും പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണ് വെട്ടിച്ച് വ്യാജവാറ്റിനുള്ള ശ്രമങ്ങൾ ആണ് ഈ കൊറോണ കാലത്തും കേരളത്തിൽ നിന്നും പുറത്ത് വരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യാജവാറ്റ് നിർമ്മാണം പിടികൂടുന്നുണ്ട്. നിരവധി പേരെ പൊലീസ്-എക്‌സൈസ് വിഭാഗങ്ങൾ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മദ്യം പേരിനു പോലും കിട്ടാനില്ലാത്ത അവസ്ഥയിലാണ് വ്യാജവാറ്റ് നിർമ്മാണം പെരുകുന്നത്. മദ്യപർ മദ്യം തേടി പരക്കം പായുന്നു. വ്യാജവാറ്റ് നടത്തി ഈ ഘട്ടത്തിൽ ലാഭം കൊയ്യാമെന്ന ചിന്തയാണ് വ്യാജവാറ്റുകാർക്കുള്ളത്. ഇതേ ചിന്ത തന്നെയാണ് അർത്തുങ്കൽകാരായ അഞ്ചു ചെറുപ്പക്കാർക്ക് ജയിൽവാസത്തിനു വഴിവെച്ചത്.


കോടയുണ്ടാക്കി കലക്കി നിർമ്മാണം തുടരുന്നതിന്നിടെയാണ് പൊലീസ് എത്തുന്നത്. പിടിവീഴും എന്ന് മനസിലാക്കിയപ്പോൾ വേറെ നിവൃത്തിയില്ലാതെ ഇവർ കീഴടങ്ങുകയായിരുന്നു. അഞ്ചംഗ സംഘത്തിലെ ചിലർക്ക് വ്യാജവാറ്റ് കാര്യത്തിൽ മുൻ പരിചയമുണ്ടെന്നു സംശയിക്കുന്നുണ്ട്. ആലപ്പുഴയിൽ വ്യാജവാറ്റിനുള്ള ഒരുക്കങ്ങൾ പല സ്ഥലത്തും നടക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ഈ വിവരങ്ങൾ ക്രോഡീകരിച്ച് അന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം വിവരങ്ങൾ ഒരിക്കലും തെറ്റാറില്ല. അതിനാൽ അർദ്ധരാത്രി തന്നെ അഞ്ചംഗ സംഘത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു- അർത്തുങ്കൽ എസ്‌ഐ തോംസൺ ജോസഫ് മറുനാടനോട് പറഞ്ഞു. ഇവർ മുൻപ് വ്യാജവാറ്റ് നടത്തിയോ എന്ന കാര്യത്തിൽ അന്വേഷണം നടത്തിവരുകയാണെന്നാണ് പൊലീസ് പറഞ്ഞത്. പിടിയിലായ ഷിബുവിന്റെ ആൾതാമസമില്ലാത്ത വീട്ടിലാണ് വ്യാജവാറ്റ് നിർമ്മാണത്തിനു ഒരുങ്ങിയത്. പിടിയിലായ നവറോജിയും ഓംകാർജിയും ബന്ധുക്കളുമാണ്. ഇവരുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. വ്യാജവാറ്റിൽ ലാഭം കൊയ്യാമെന്ന ഒരൊറ്റ ലക്ഷ്യമാണ് ഇവർക്കുള്ളത്. ഇതിനായാണ് സംഘം ചേർന്ന് ഇവർ ആസൂത്രണങ്ങൾ നടത്തിയത്. പക്ഷെ ഇവരുടെ ആദ്യ നീക്കം തന്നെ തങ്ങൾ തകർത്തു- പൊലീസ് പറയുന്നു. ഇൻസ്‌പെക്ടർ അൽ ജബാർ, എസ്‌ഐ തോംസൺ ജോസഫ്, സിപിഒമാരായ സേവ്യർ, ഗിരീഷ്, അഗസ്റ്റിൻ, സിജിമോൾ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.

അതേസമയം ചേർത്തല ആരീപ്പറമ്പ് വീടിനോട് ചേർന്നുള്ള കയർ ഷെഡിൽ സൂക്ഷിച്ചിരുന്ന ചാരായവും കോടയും വാറ്റുപകരണങ്ങളുമായി എക്‌സൈസ് സംഘം ഒരാളെ പിടികൂടിയിട്ടുണ്ട്. ചേർത്തല തെക്ക് പഞ്ചായത്ത് 14ാം വാർഡിൽ ചാണികാട്ടുവെളി വീട്ടിൽ രവീന്ദ്രന്റെ മകൻ രതീഷി (36)നെയാണ് പിടികൂടിയത്. 750 മില്ലിലിറ്റർ ചാരായവും 140 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. രഹസ്യ സന്ദേശത്തെ തുടർന്ന് ചേർത്തല എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എ. കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

വയനാട് ബത്തേരി ഓടപ്പള്ളത്ത് വ്യാജവാറ്റ് ഉപകരണങ്ങളും നൂറ്റമ്പത് ലിറ്റർ വാഷും ബത്തേരി എക്‌സൈസ് സംഘം ഇന്നലെ പിടിച്ചെടുത്തിരുന്നു. എത്തിപ്പെടാൻ ദുർഘടമായ പ്രദേശമാണിത്. ഓടപ്പള്ളത്തോട് ചേർന്ന വനമേഖലയിലായിരുന്നു വാറ്റ് കേന്ദ്രം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വാറ്റ് ഉപകരണങ്ങളും വാഷും പിടിച്ചെടുത്തു. നൂറ്റമ്പത് ലിറ്ററോളം വാഷ് നശിപ്പിച്ചു. കേസെടുത്തെങ്കിലും ആരെയും കസ്റ്റഡിലെടുക്കാനായില്ല. നേരത്തെയും ഇവിടെ സമാനസംഭവങ്ങൾ ഉണ്ടായിരുന്നു. കണ്ണൂരിൽ മാത്രം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മുപ്പതിലധികം വ്യാജവാറ്റ് കേന്ദ്രങ്ങളാണ് എക്സൈസ് ഉദ്യോഗസ്ഥർ തകർത്തത്.

കൂത്തുപറമ്പ് കണ്ടംകുന്ന് വനമേഖലയിലെ വാറ്റ് കേന്ദ്രം പുഴ നീന്തിക്കടന്ന് ചെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ തകർത്തത്. ആലക്കോട്, പേരാവൂർ തുടങ്ങി ജില്ലയുടെ മലയോര മേഖലകളിലെല്ലാം വാറ്റ് കേന്ദ്രങ്ങൾ വ്യാപകമാകുകയാണ്. വനത്തിനുള്ളിലും പുഴയോരങ്ങളിലും പാറക്കെട്ടുകൾക്കിടയിലുമൊക്കെയാണ് വാറ്റ് കേന്ദ്രങ്ങൾ പലരും സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനിടെ എട്ട് കേസുകൾ കണ്ണൂരിൽ എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1020 ലിറ്റർ വാഷും പിടിച്ചെടുത്തു. എന്നാൽ അറസ്റ്റ് നടന്നിട്ടില്ല.

മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ എക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന അതിർത്തികളിലും വനമേഖലകളിലും പരിശോധന കർശനമാക്കുകയാണ്. മാർച്ച് 24 മുതൽ 29 വരെയുള്ള റെയ്ഡ് സമയത്ത് എക്‌സൈസ് പിടികൂടിയത് 9,700 ലീറ്റർ വാഷാണ്. ജനുവരിയിൽ 10,831 ലീറ്റർ വാഷും ഫെബ്രുവരിയിൽ 11,232 ലീറ്ററുമാണ് പിടികൂടിയത്. എന്നാൽ ആറു ദിവസം കൊണ്ട് 9,700 ലീറ്റർ വാഷ് പിടികൂടുന്നത് വ്യാജവാറ്റ് വർധിക്കുന്നതിന്റെ സൂചനയാണെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP