Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

പ്ലസ്ടു അനുവദിക്കാൻ ലീഗ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ട പണം പ്രവർത്തകരറിയാതെ ഷാജി കൈപറ്റിയത് വിനയായി; പണം ചോദിച്ചു വന്ന പ്രവർത്തകരോട് പാർട്ടിക്ക് വേണ്ടിയാണ് പണം വാങ്ങിയതെന്നും നിങ്ങൾ കഴിയുംപോലെ നോക്കിക്കോ എന്ന് വെല്ലുവിളിയും; പരാതി നൽകിയ പ്രവർത്തകരെ പുറത്താക്കിയതും പ്രതികൂലമായി; പ്ലസ്ടു കോഴയിൽ കെ എം ഷാജി കുടുങ്ങിയത് ഇങ്ങനെ

പ്ലസ്ടു അനുവദിക്കാൻ ലീഗ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ട പണം പ്രവർത്തകരറിയാതെ ഷാജി കൈപറ്റിയത് വിനയായി; പണം ചോദിച്ചു വന്ന പ്രവർത്തകരോട് പാർട്ടിക്ക് വേണ്ടിയാണ് പണം വാങ്ങിയതെന്നും നിങ്ങൾ കഴിയുംപോലെ നോക്കിക്കോ എന്ന് വെല്ലുവിളിയും; പരാതി നൽകിയ പ്രവർത്തകരെ പുറത്താക്കിയതും പ്രതികൂലമായി;  പ്ലസ്ടു കോഴയിൽ കെ എം ഷാജി കുടുങ്ങിയത് ഇങ്ങനെ

ജാസിം മൊയ്തീൻ

കോഴിക്കോട്: സംസ്ഥാനത്തെ യുഡിഎഫ് നേതൃത്വത്തെ ഇപ്പോൾ വെട്ടിലാക്കിയിരിക്കുന്നത് മുസ്ലിം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെഎം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. ഇതിന്റെ ഭാഗമായി മലബാറിലെ മൂന്ന് ജില്ലകളിലായി ഷാജിയുടെ സ്വത്ത് വിവരങ്ങളും അതിന്റെ ഉറവിടങ്ങളുമെല്ലാം അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലായി സ്ഥിതി ചെയ്യുന്ന വീടുകളിലേക്കും അന്വേഷണ സംഘം എത്തിക്കഴിഞ്ഞു. തന്റെ പേരിൽ ഒരു മുസ്ലിം ലീഗ് പ്രവർത്തകനും തലതാഴ്‌ത്തേണ്ടി വരില്ലെന്ന് വലിയവായിൽ പ്രസംഗിച്ച കെഎം ഷാജിയെ ഇപ്പോഴുള്ള ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചതാകട്ടെ ഒരു ദിവസം സ്വന്തം പ്രവർത്തകരോട് തന്നെ നടത്തിയ ഒരു വെല്ലുവിളിയാണ്. ആ വെല്ലുവിലിയുടെ കഥ ഇങ്ങനെയാണ്.

കണ്ണൂർ ജില്ലയിലെ അഴിക്കോട് മണ്ഡലത്തിൽ തൊട്ടടുത്തായി സഥിതി ചെയ്യുന്ന രണ്ട് സ്‌കൂളുകളാണ് മീൻകുന്ന് ഗവ.സ്‌കൂളും അഴിക്കോട് ഹൈസ്‌കൂളും. അഴിക്കോട് ഹൈസ്‌കൂൾ എയ്ഡഡ് മേഖലയിലാണ്. വർഷങ്ങളായി അഴീക്കോട് ഹൈസ്‌കൂൾ ഹയർസെക്കണ്ടറി അനുവദിച്ചു കിട്ടുന്നതിനായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. എന്നാൽ തൊട്ടടുത്തൊരു സർക്കാർ സ്‌കൂളുള്ളത് ഇതിന് തടസ്സമായി നിന്നു. ഈ ഘട്ടത്തിലാണ് അന്നത്തെ യുഡിഎഫ് സർക്കാറിൽ സമ്മർദ്ദം ചെലുത്തി ഹയർസെക്കണ്ടറി ക്ലാസുകൾ നേടിയെടുക്കാൻ സ്‌കൂൾ മാനേജ്മെന്റ് ആലോചിക്കുന്നത്. അതിനായി അന്ന് വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്ന മുസ്ലിം ലീഗിന്റെ പ്രാദേശിക നേതൃത്വത്തെ സമീപിക്കുകയും ചെയ്തു. മുസ്ലിം ലീഗിന്റെ പൂതപ്പാറ ശാഖ കമ്മറ്റിയെയാണ് സ്‌കൂൾ മാനേജ്മെന്റ് ഇതിനായി ബന്ധപ്പെട്ടത്.

പൂതപ്പാറ ശാഖ കമ്മറ്റി ജില്ല കമ്മറ്റിയുമായി ആലോചിച്ച് ഹയർസെക്കണ്ടറിയിൽ ഒരു അദ്ധ്യാപകനെ നിയമിക്കാനുള്ള അവകാശം തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ക്ലാസുകൾ അനുവദിക്കുന്നതിന് മുമ്പ് തന്നെ സ്‌കൂൾ മാനേജ്മെന്റ് ലക്ഷങ്ങൾ തലവരിപ്പണം വാങ്ങി നിയമനങ്ങൾ പൂർത്തിയാക്കിയിരുന്നു. അദ്ധ്യാപക പോസ്റ്റിന് പകരം ഒരു അദ്ധ്യാപകനിൽ നിന്നും മാനേജ്മെന്റ് തലവരിപ്പണമായി വാങ്ങിയിരുന്ന 25 ലക്ഷം രൂപ മുസ്ലിം ലീഗ് പൂതപ്പാറ ശാഖ കമ്മറ്റിക്ക് നൽകാമെന്ന് സ്‌കൂൾ മാനേജ്മെന്റ് പറയുകയും പൂതപ്പാറ ശാഖ കമ്മറ്റി അത് അംഗീകരിക്കുകയും ചെയ്തു. അങ്ങനെ പൂതപ്പാറ ശാഖ കമ്മറ്റി മുസ്ലിം ലീഗിന്റെ ഉന്നത നേതൃത്വവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിൽ സമ്മർദ്ദം ചെലുത്തി 2014ൽ സ്‌കൂളിന് പ്ലസ്ടു ക്ലാസുകൾ അനുവദിക്കുകയും ചെയ്തു.

പ്ലസ്ടു ലഭിച്ചിട്ടും വാഗ്ദാനം ചെയ്ത തുക ലഭിക്കാതെ വന്നതോടെ മുസ്ലിംലീഗ് പൂതപ്പാറ ശാഖ നേതൃത്വം സ്‌കൂൾ മാനേജറെ സമീപിച്ചു. മാനേജർ പറഞ്ഞത് എംഎൽഎ പണം നൽകേണ്ട എന്ന് പറഞ്ഞിട്ടുണ്ടെന്നാണ്. മുസ്ലിം മാനേജെമന്റുകളിൽ നിന്ന് മാത്രം ഇത്തരം ആവശ്യങ്ങൾക്ക് പണം വാങ്ങിയാൽ മതിയെന്നും എംഎൽഎ ഇതന്വേഷിച്ച് വന്ന പ്രവർത്തകരോട് അന്ന് പറഞ്ഞു. പിന്നീട് 2107ൽ നടന്ന സ്‌കൂളിന്റെ ജനറൽബോഡി മീറ്റിംഗിലാണ് എംഎൽഎ നടത്തിയ വെട്ടിപ്പ് പുറത്തായത്. സ്‌കൂളിന്റെ വരവ്ചെലവ് കണക്കിൽ പ്ലസ് ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ ചെലവായതായി കാണിച്ച് കണക്ക് അവതരിപ്പിച്ചു.

ഈ തുക വാഗ്ദാനം ചെയ്തിരുന്ന മുസ്ലിംലീഗ് പൂതപ്പാറ ശാഖ കമ്മറ്റിക്ക് ഇത് ലഭിച്ചിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് പ്രവർത്തകർ തങ്ങൾക്ക് ലഭിക്കാത്ത ഈ പണം മറ്റാരാണ് കൈപറ്റിയതെന്ന് അന്വേഷിക്കുന്നത്. മാജേരിൽ നിന്നും അറിയാൻ കഴിഞ്ഞതാകട്ടെ പണം വാങ്ങേണ്ടതില്ലെന്ന് ശാഖ കമ്മറ്റിയോട് പറഞ്ഞ എംഎൽഎ കെഎം ഷാജി തന്നെയാണ് പണം വാങ്ങിയത് എന്നാണ്. ഇത് ചോദിക്കാനായി കെഎം ഷാജിയുടെ വീട്ടിലെത്തിയ പ്രവർത്തകരോട് പാർട്ടിക്ക് വേണ്ടിയാണ് താൻ പണം വാങ്ങിയതെന്നും നിങ്ങൾക്കൊന്നും എന്നെ ഒന്നും ചെയ്യാനാകില്ലെന്നും കെഎം ഷാജി വെല്ലുവളിച്ചു. 'ഞാൻ പണം വാങ്ങിയത് പാർട്ടിക്കുവേണ്ടിയാണ്. നിങ്ങൾ കഴിയുംപോലെ നോക്കിക്കോ' എന്ന കെഎം ഷാജിയുടെ ഈ വെല്ലുവിളിയാണ് ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഷാജിയെ എത്തിച്ചിരിക്കുന്നത്. ഷാജിക്ക് എവിടെ നിന്നാണ് ഇത്രയധികം സ്വത്തുണ്ടായത് എന്ന സാധാരണ മുസ്ലിം ലീഗ് പ്രവർത്തകർ പോലും ചോദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചതും ഈ വെല്ലുവിളിയാണ്.

സംഭവത്തിൽ ആദ്യം മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിനാണ് പരാതി നൽകിയത്. പൂതപ്പാറ ശാഖ വൈസ്പ്രസിഡണ്ട് നൗഷാദ് പൂതപ്പാറയാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്കിയത്. എന്നാൽ പരാതിയെ കുറിച്ച് അന്വേഷിക്കുക പോലും ചെയ്യാതെ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി നൗഷാദിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇതോടു കൂടി പാർട്ടിക്കുള്ളിൽ മാത്രം ഒതുങ്ങിയിരുന്ന ഈ വിഷയം സമൂഹമാധ്യമങ്ങൾ വഴി പുറംലോകമറിഞ്ഞു. സമൂഹമാധ്യമങ്ങളിൽ കെഎം ഷാജി കോഴ വാങ്ങിയെന്ന വാർ്ത്ത വൈറലായതോടെ 2017 സെപ്റ്റംബർ 19ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡണ്ട് കടുവൻ പത്മനാഭൻ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം കണ്ണൂർ വിജിലൻസ് യൂണിറ്റ് പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു.

കോഴയാരോപണത്തിൽ വാസ്തവമുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതോടെയാണ് സ്പീക്കറുടെ അനുമതിയോടെ 2020 ഏപ്രിൽ 18ന് എഫ്‌ഐആർ രജിസ്റ്റർചെയ്ത് അന്വേഷണമാരംഭിച്ചത്. ഈ അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കെഎം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ പരിശോധന നടത്തി. വരവിൽ കവിഞ്ഞ സ്വത്തിനെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

അതിനിടയിൽ കോഴിക്കോട് ഭാര്യയുടെ പേരിൽ നിർമ്മിച്ച വീടിന്റെ അനുമതിയെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഞാൻ പണം വാങ്ങിയത് പാർട്ടിക്കുവേണ്ടിയാണ്. നിങ്ങൾ കഴിയുംപോലെ നോക്കിക്കോ എന്ന കെഎം ഷാജിയുടെ ധിക്കാരവും വെല്ലുവിളിയും നൗഷാദിനെ പുറത്താക്കിയ നടപടിയുമാണ് വിവരം പുറത്തറിയാൻ കാരണമായതും ഇന്നത്തെ അവസ്ഥയിലെത്തിച്ചിരിക്കുന്നതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP