Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നാർ ട്രിബ്യൂണൽ കെട്ടിടത്തിലെ പൂട്ട് പൊളിച്ച് അകത്തുകടന്നു; കോടതി ഹാളായി പ്രവർത്തിച്ചുവന്ന മുറിയിൽ ഫർണിച്ചർ ഇട്ട് ക്ലാസ് തുടങ്ങാൻ ശ്രമിച്ചു; വീഡിയോ എടുത്ത ജീവനക്കാരനെ ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിപ്പിച്ചു; കോളേജിനായി ക്ലാസ് തുടങ്ങാൻ സർക്കാർ ഉത്തരവ് വേണ്ടേ എന്ന് ചോദിച്ചപ്പോൾ ഓർഡർ പിന്നാലെ വരും..നിങ്ങൾ ക്ലാസ് തുടങ്ങൂവെന്ന് എസ്.രാജേന്ദ്രൻ; ദേവികുളം എംഎൽഎയും കൂട്ടാളികളും മൂന്നാർ സ്‌പെഷ്യൽ ട്രിബ്യൂണൽ കോടതി ആക്രമിച്ച കേസ് അട്ടിമറിച്ച കഥ ഇങ്ങനെ

മൂന്നാർ ട്രിബ്യൂണൽ കെട്ടിടത്തിലെ പൂട്ട് പൊളിച്ച് അകത്തുകടന്നു; കോടതി ഹാളായി പ്രവർത്തിച്ചുവന്ന മുറിയിൽ ഫർണിച്ചർ ഇട്ട് ക്ലാസ് തുടങ്ങാൻ ശ്രമിച്ചു; വീഡിയോ എടുത്ത ജീവനക്കാരനെ ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിപ്പിച്ചു; കോളേജിനായി ക്ലാസ് തുടങ്ങാൻ സർക്കാർ ഉത്തരവ് വേണ്ടേ എന്ന് ചോദിച്ചപ്പോൾ ഓർഡർ പിന്നാലെ വരും..നിങ്ങൾ ക്ലാസ് തുടങ്ങൂവെന്ന് എസ്.രാജേന്ദ്രൻ; ദേവികുളം എംഎൽഎയും കൂട്ടാളികളും മൂന്നാർ സ്‌പെഷ്യൽ ട്രിബ്യൂണൽ കോടതി ആക്രമിച്ച കേസ് അട്ടിമറിച്ച കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: 'മൂന്നാറിന് മാത്രം ഒരു പ്രത്യേകതയുണ്ട്.....അവിടെ കൈയേറ്റക്കാർക്ക് സ്വന്തമായി ഒരു മന്ത്രിയും ഒരു എംപി.യും ഒരു എംഎൽഎയുമുണ്ട് എന്നതാണ്'..സോഷ്യൽ മീഡിയയിലെ ഈ പരിഹാസം ശരി വയ്ക്കുന്നതാണ് സമീപകാലസംഭവങ്ങൾ. കേരളത്തിൽ മറ്റെങ്ങുമുല്ലാത്ത നിയമം നിലനിൽക്കുന്ന സ്ഥലമായി മൂന്നാർ മാറിയത് ഇന്നും ഇന്നലെയുമല്ലെന്നും എല്ലാവർക്കും അറിയാം. എൻഒസി ഇല്ലാതെ കെട്ടിടം പണിത് കോടതിവിധി ലംഘിക്കുന്നത് മറ്റാരുമല്ല ഭരിക്കുന്ന പഞ്ചായത്ത് തന്നെ. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന് എല്ലാ ഒത്താശയുമായി എംഎൽഎ എസ്.രാജേന്ദ്രനുമുണ്ട്. ദേവികുളം സബ്കളക്ടർ രേണു രാജിനോട് ഇടഞ്ഞപ്പോൾ മാത്രമല്ല രാജേന്ദ്രൻ വാർത്തകളിൽ ഇടം പിടിച്ചത്.
മൂന്നാർ സ്‌പെഷ്യൽ ട്രിബ്യൂണൽ കോടതി ആക്രമിച്ച കേസിലെ പ്രതിയാണ് രാജേന്ദ്രൻ. ഈ കേസ് മൂന്നാർ പൊലീസ് തന്നെ അട്ടിമറിച്ചു. ദേവികുളം എംഎ‍ൽഎ എസ്. രാജേന്ദ്രൻ ഒന്നാം പ്രതിയായും തഹസിൽദ്ദാർ പി.കെ ഷാജിയെ രണ്ടാം പ്രതിയായും പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് മരവിപ്പിച്ചു.

സംഭവം ഇങ്ങനെ:

സെപ്റ്റംബർ 18 ന് മൂന്നാർ കോളേജ് വിദ്യാർത്ഥികൾക്ക് കെട്ടിടം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് എസ്.രാജേന്ദ്രൻ എംഎ‍ൽഎയുടെ നേത്യത്വത്തിൽ രാഷ്ട്രീയ നേതാക്കളും ദേവികുളം തഹസിൽദ്ദാരും മൂന്നാർ സ്‌പെഷ്യൽ ട്രിബ്യൂണൽ കോടതിയിലെത്തിയത്. കെട്ടിടത്തിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ കുത്തിനിറച്ചു. സംഭവം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരെ മർദ്ദിച്ചു. പൂട്ടിയിട്ടിരുന്ന മുറികൾ കുത്തിത്തുറന്ന് വിദ്യാർത്ഥികളെ കയറ്റി അദ്ധ്യാപകരെ ഉപയോഗിച്ച് ക്ലാസുകൾ എടുക്കുകയും ചെയ്തു. സർക്കാർ മൂന്നാറിലെ സ്‌പെഷ്യൽ ട്രിബ്യൂണലിന്റെ പ്രവർത്തനം നിർത്തിയെന്നും അതിനാൽ കെട്ടിടം വിദ്യാർത്ഥികൾക്കായി വിട്ടുനൽകണമെന്നായിരുന്നു എംഎ‍ൽഎയുടെ വാദം. നിലവിൽ സിറ്റംങ്ങ് നിർത്തിയെങ്കിലും ഓഫീസിന്റെ പ്രവർത്തനം തുടരുന്നതായി ജീവനക്കാർ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്നാർ എസ്‌ഐ വിൻസെന്റിന്റെ നേത്യത്വത്തിൽ പൊലീസെത്തിയെങ്കിലും രാഷ്ട്രീയനേതാക്കൾ ഇടപെടാൻ അനുവദിക്കാതെ മടക്കി അയച്ചു.

സംഭവത്തിൽ ദേവികുളം സബ് കളക്ടർ വി.ആർ പ്രേംകുമാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. സ്‌പെഷ്യൽ ട്രിബ്യൂണൽ അംഗം എൻ.കെ വിജയൻ മൂന്നാർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കേസ് കൊടുക്കുകയും ഹൈക്കോടതിക്ക് പരാതി നൽകുകയും ചെയ്തു. എസ്‌ഐയ്ക്ക് ലഭിച്ച പരാതിയെ തുടർന്ന് എംഎ‍ൽഎ എസ്. രാജേന്ദ്രനെ ഒന്നാം പ്രതിയാക്കിയും ദേവികുളം തഹസിൽദാരെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തു. എന്നാൽ കേസെടുത്ത എസ്‌ഐ വർഗീസിനെ രാഷ്ട്രീയ നേതാക്കൾ ഇടപ്പെട്ട് സ്ഥലം മാറ്റുകയായിരുന്നു. കേസിൽ പ്രതികളെ സംരക്ഷിക്കുന്ന നടപടികളാണ് പൊലീസ് സ്വീകരിച്ചത്. കോളേജ് വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനായി മൂന്നാർ എഞ്ചിനിയറിംങ്ങ് കോളേജിൽ സൗകര്യമൊരുക്കിയതിന് പിന്നാലെയാണ് സംഘം കോടതി കെട്ടിടം ആക്രമിച്ച് കയറിയത്.

ദേവികുളം തഹസിൽദാർ, മൂന്നാർ സ്‌പെഷ്യൽ തഹസിൽദാർ, മൂന്നാർ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്, മൂന്നാർ ഗവൺമെന്റ് കോളേജ് തമിഴ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, മൂന്നാർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ പി.ജെ.വർഗീസ് എന്നിവരുടെ റിപ്പോർട്ടുകൾ പരിശോധിച്ചാണ് അന്നത്തെ ദേവികുളം സബ്കളക്ടർ വി.ആർ.പ്രേംകുമാർ ആഭ്യന്തര സെക്രട്ടറിക്കും, ജില്ലാ കളക്ടർക്കും അന്വേഷണ റിപ്പോർട്ട് നൽകിയത്. 'മൂന്നാർ സ്‌പെഷ്യൽ ട്രിബ്യൂണലിനുള്ളിൽ ചില ആളുകൾ കയറി ഒരു മുറിയുടെ പൂട്ട് പൊളിച്ചിട്ടുള്ളതായും, വീഡിയോഗ്രാഫ് എടുത്ത ജീവനക്കാരനെ തടഞ്ഞ് ഭീഷണിപ്പെടുത്തി എടുത്ത വീഡിയോ ഡിലീറ്റ് ചെയ്യിച്ചിട്ടുള്ളതായും അറിയാൻ കഴിഞ്ഞു,'തുടർ നടപടികൾക്കായി ശുപാർശ ചെയ്തുകൊണ്ട് ദേവികുളം സബ് കളക്ടർ റിപ്പോർട്ടിൽ കുറിച്ചു.

മൂന്നാർ സ്‌പെഷ്യൽ തഹസിൽദാറുടെ റിപ്പോർട്ട് ഇങ്ങനെ :

മൂന്നാർ ഗവ.ആർട്‌സ് കോളേജ് കെട്ടിടം കനത്ത മഴയെ തുടർന്ന് തകർന്ന് പോയതിനാൽ, പകരം കെട്ടിടം കണ്ടെത്തുന്നതിനായി ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ, തഹസിൽദാർ, കോളേജ് പ്രിൻസിപ്പൽ തുടങ്ങിയവർ മൂന്നാർ ട്രിബ്യൂണൽ പ്രവർത്തിക്കുന്ന കെട്ടിടം പരിശോധിച്ചു. അന്നുതന്നെ ക്ലാസ് തുടങ്ങണമെന്ന ആവശ്യം മൂന്നാർ ട്രിബ്യൂണൽ ജഡ്ജിയെ അറിയിച്ചു. രണ്ടുദിവസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും അതുപരിഗണിക്കാതെ ഒരുസംഘം ആൾക്കാർ കെട്ടിടത്തിലെ ഒരുപൂട്ടിയ മുറി ബലമായി തുറന്ന് ( പൂട്ട് പൊളിച്ച്) അകത്ത് പ്രവേശിച്ചു. കോടതി ഹാളായി പ്രവർത്തിച്ചുവന്ന മുറിയിൽ ഫർണിച്ചർ ഇട്ട് ക്ലാസ് തുടങ്ങാൻ ശ്രമിച്ചു. കോടതി ജീവനക്കാരനായ ഒരാൾക്ക് നെറ്റിയിൽ പരിക്കേറ്റു. കോടതിക്കുള്ളിൽ അക്രമസംഭവം നടന്നിട്ടുണ്ട്. സംഭവം മൊബൈലിൽ പകർത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തി റെക്കോഡിങ് ഡിലീററ് ചെയ്യിപ്പിച്ചു. എംഎൽഎയോടൊപ്പം വന്ന ആളുകളും കോളേജ് വിദ്യാർത്ഥികളും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

രാജേന്ദ്രനെ വെള്ളപൂശി ദേവികുളം തഹസിൽദാർ

അതേസമയം, ദേവികുളം തഹസിൽദാറുടെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: ഒന്നാം നിലയിൽ പൂട്ടി ഇട്ടിരുന്ന മുറിയുടെ താക്കോൽ ട്രിബ്യൂണലിലെ ജീവനക്കാരിയോട് എംഎൽഎ ആവശ്യപ്പെട്ടു. താക്കോൽ നൽകുന്നതിലെ കാലതമാസത്തിൽ എംഎൽഎ ജീവനക്കാരിയോട് നീരസത്തോടെ സംസാരിക്കുന്നത് കേൾക്കാൻ ഇടയായി. ട്രിബ്യൂണലിലെ ജീവനക്കാരൻ പൂട്ടിയ മുറി തുറക്കുന്നതിന്റെ വീഡിയോ എടുത്തപ്പോൾ ഒരു വിദ്യാർത്ഥിയാണ് അദ്ദേഹത്തെ തള്ളിമാറ്റിയത്. ആരും ട്രിബ്യൂണലിന്റെ കെട്ടിടത്തിലേക്ക് കടന്നുകയറിയിട്ടില്ലെന്നും തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നു. ട്രിബ്യൂണൽ കെട്ടിടം പരിശോധിക്കുന്നതിനായി നിരന്തരം ആൾക്കാർ എത്തുന്നതും അപ്രതീക്ഷിതമായി ക്ലാസ് ആരംഭിച്ചതും ട്രിബ്യൂണൽ അംഗത്തിനും ജീവനക്കാർക്കും അസ്വസ്ഥത ഉണ്ടാക്കിയിരിക്കാം. ഇതായിരിക്കാം കെട്ടിടത്തിലേക്ക് ബലമായി പ്രവേശിച്ചുവെന്ന ആക്ഷേപത്തിന് അടിസ്ഥാനമെന്നും റിപ്പോർട്ടിൽ പറയുന്നു.

ട്രിബ്യൂണൽ കെട്ടിടത്തിൽ ക്ലാസ് തുടങ്ങാൻ അനാവശ്യ ധൃതി കാട്ടിയതായി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലിന്റെ റിപ്പോർട്ടിൽ സൂചനയുണ്ട്. എത്രയും വേഗം അന്നുതന്നെ കുട്ടികളെ കൊണ്ടുവന്ന് ക്ലാസ് തുടങ്ങാൻ എംഎൽഎ ആവശ്യപ്പെട്ടപ്പോൾ, സർക്കാർ ഉത്തരവ് വേണ്ടേയെന്ന് ചോദിച്ചു. ഓഡർ പുറകേ വരും നിങ്ങൾ ക്ലാസ് തുടങ്ങൂവെന്നായിരുന്നു എസ്.രാജേന്ദ്രന്റെ മറുപടി. ക്ലാസ് നടന്നുവെന്ന സ്ഥാപിക്കാൻ തന്നോട് കുട്ടികളെ അഭിസംബോധന ചെയ്യാൻ എംഎൽഎ ആവശ്യപ്പെട്ടതായി തമിഴ് വിഭാഗം അസി.പ്രൊഫസർ ഡോ.പി.എസ്.ശ്രീനിവാസന്റെ റിപ്പോർട്ടിൽ പറയുന്നു. കൊമേഴ്‌സ് വകുപ്പിലെ കുട്ടികളാണ് വന്നതെന്നു അതുതന്റെ വിഷയമല്ലെന്നും അറിയിച്ചിട്ടും ക്ലാസ് എടുക്കാൻ എംഎൽഎ തമിഴ് പ്രൊഫസറെ നിർബന്ധിച്ചു.

ദേവികുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മൂന്നാർ പൊലീസ് സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ ട്രിബ്യൂണൽ കെട്ടിടം കയ്യേറിയതായി വ്യക്തമാക്കുന്നുണ്ട്. കെട്ടിടത്തിനുള്ളിൽ കുറ്റകരമായി പ്രവേശിച്ച് അതിക്രമിച്ച് കയറി ഒന്നാം പ്രതി എസ്.രാജേന്ദ്രന്റെയും, രണ്ടാം പ്രതി ദേവികുളം തഹസിൽദാർ പി.കെ.ഷാജിയുടെയും നിർദ്ദേശപ്രകാരം മറ്റുപ്രതികൾ ഇരുമ്പ് ദണ്ഡ് കൊണ്ട് പൂട്ട് തല്ലിപ്പൊളിച്ചു.

ട്രിബ്യൂണൽ ജീവനക്കാരൻ സുബി ജോർജിനെ കയ്യേറ്റം ചെയ്തു. അദ്ദേഹത്തിന്റെ വലത് കൈവിരലിനും നെറ്റിക്കും പരിക്ക് പറ്റി. പൊതുമുതൽ നശിപ്പിച്ചതിന് 2000 രൂപയുടെ നഷ്ടം സർക്കാരിന് വരുത്തിയെന്നും മൂന്നാർ ഇൻസ്പക്ടർ പി.ജെ.വർഗീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. മൂന്നാർ ട്രിബ്യൂണൽ സർക്കാർ പിന്നീട് പിരിച്ചുവിട്ടതും നിയമം എടുത്തുകളഞ്ഞതും ചരിത്രം. മൂന്നാർ ട്രിബ്യൂണൽ കെട്ടിടം കയ്യേറിയ കേസും വൈകാതെ വിസ്തൃതിയിലാകാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP