Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ടെസ്റ്റ് ഡ്രൈവിന് പോയ അത്യാഡംബരക്കാർ ഗാരേജിൽ കയറ്റാതെ മാറ്റിയിട്ടു; ലോണെടുത്ത് കാറെടുത്തുവെന്ന് പറഞ്ഞ് രാത്രി വീട്ടിൽ കൊണ്ടു വന്ന് വീട്ടുകാരെ പറ്റിച്ചു; എല്ലാ ദിവസവും കാറിൽ ഷോറൂമിന് രണ്ട് കിലോമീറ്റർ അടുത്തെത്തി ലിഫ്റ്റ് ചോദിച്ച് ഓഫീസിലെത്തി; ഓഡിറ്റിംഗിൽ ഒരു കാറു കാണാതായതോടെ മാനേജർ നെട്ടോട്ടം തുടങ്ങി; പേട്ട പൊലീസിന്റെ സൈബർ ഇടപെടലിൽ കുടുങ്ങിയത് മാറനെല്ലൂരുകാരൻ; ഇരുപത്തിയേഴുകാരൻ സെൽയിസ് മാന്റെ ഹോണ്ട സിറ്റി ഉടമസ്ഥനാകാനുള്ള മോഹം പൊളിയുമ്പോൾ

ടെസ്റ്റ് ഡ്രൈവിന് പോയ അത്യാഡംബരക്കാർ ഗാരേജിൽ കയറ്റാതെ മാറ്റിയിട്ടു; ലോണെടുത്ത് കാറെടുത്തുവെന്ന് പറഞ്ഞ് രാത്രി വീട്ടിൽ കൊണ്ടു വന്ന് വീട്ടുകാരെ പറ്റിച്ചു; എല്ലാ ദിവസവും കാറിൽ ഷോറൂമിന് രണ്ട് കിലോമീറ്റർ അടുത്തെത്തി ലിഫ്റ്റ് ചോദിച്ച് ഓഫീസിലെത്തി; ഓഡിറ്റിംഗിൽ ഒരു കാറു കാണാതായതോടെ മാനേജർ നെട്ടോട്ടം തുടങ്ങി; പേട്ട പൊലീസിന്റെ സൈബർ ഇടപെടലിൽ കുടുങ്ങിയത് മാറനെല്ലൂരുകാരൻ; ഇരുപത്തിയേഴുകാരൻ സെൽയിസ് മാന്റെ  ഹോണ്ട സിറ്റി ഉടമസ്ഥനാകാനുള്ള മോഹം പൊളിയുമ്പോൾ

ആർ പീയൂഷ്

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ വാഹന ഷോറൂമിൽ നിന്നും സെയിൽസ്മാൻ കാർ മോഷ്ടിച്ചു കൊണ്ടു പോയി. കാർ അടിച്ചു മാറ്റിയ വിവരം അറിയുന്നത് പതിനെട്ട് ദിവസത്തിന് ശേഷം നടന്ന ഓഡിറ്റിങ്ങിനിടെ. ഒടുവിൽ പൊലീസിന്റെ സഹായത്തോടെ കാർ വീണ്ടെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹോണ്ടയുടെ തിരുവനന്തപുരത്തെ ഷോറൂമിൽ നിന്നുമാണ് സെയിൽസ്മാൻ കാർ കടത്തി കൊണ്ട് പോയത്. ഷോറൂമുകാരുടെ പരാതിയെ തുടർന്ന് ഷോറൂം ജീവനക്കാരനും മാറനല്ലൂർ കോട്ടമ്പള്ളി തുഷാരത്തിൽ വസന്ത സ്റ്റാലിന്റെ മകനുമായ സെബിനെ(27) പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ടെസ്റ്റ് ഡ്രൈവിനായി ഷോറൂമിൽ നിന്നും പുറത്തുകൊണ്ടുപോയ ആഡംബരകാർ ഗാരേജിൽ കയറ്റാതെ മാറ്റി ഇട്ട ശേഷം കടത്തി കൊണ്ടു പോകുകയായിരുന്നു ഇയാൾ. പതിനേഴു ദിവസത്തോളം ഉപയോഗിച്ച ശേഷമാണ് ഒടുവിൽ കള്ളി വെളിച്ചെത്തായത്.

കഴിഞ്ഞ മാസം 10 നാണ് പെർഫെക്ട് ഹോണ്ടയുടെ ഷോറൂമിൽ നിന്നും സെബിൻ ഹോണ്ടാ സിറ്റി കാർ ഒരു കസ്റ്റമറിന് വേണ്ടി ടെസ്റ്റ് ഡ്രൈവിനായി പുറത്തുകൊണ്ടുപോയത്. ടെസ്റ്റ് ഡ്രൈവിന് ശേഷം ബൈപാസ്സിലുള്ള കേരളാ ഹോട്ടലിന് മുന്നിൽ കാർ പാർക്ക് ചെയ്തു. പിന്നീട് ഷോറൂമിലെത്തുകയും സാധാരണ പോലെ ഇയാൾ ജോലി സമയത്തിന് ശേഷം സ്വന്തം ബൈക്കിൽ കയറി വീട്ടിൽ പോകുകയും ചെയ്തു. താൻ പുറത്തുകൊണ്ടുപോയ കാറിന്റെ വിവരം ആരും ചോദിക്കാതിരുന്നതോടെ രാത്രിയായപ്പോൾ വീണ്ടും പാർക്ക് ചെയ്ത സ്ഥലത്തെത്തി കാർ എടുത്തു കൊണ്ട് പോകുകയായിരുന്നു. കാറുമായി വീട്ടിലെത്തിയ ശേഷം ഇത് തനിക്ക് തവണ വ്യവസ്ഥയിൽ കമ്പനി തന്നതാണ് എന്നാണ് പറഞ്ഞത്.

Stories you may Like

പുതിയ കാർ എടുത്ത സന്തോഷത്തിൽ കുടുംബവുമായി തീർത്ഥാടന കേന്ദ്രങ്ങളിലൊക്കെ പോയി. മുൻപ് ഷോറൂമിൽ നിന്നും എടുത്ത കാറിന്റെ ഉപേക്ഷിച്ച താൽക്കാലിക നമ്പർ കാറിൽ ഘടിപ്പിച്ചായിരുന്നു യാത്ര. കാറിനുള്ളിൽ കന്യാ മറിയത്തിന്റെ ഒരു രൂപവും പിടിപ്പിച്ചിരുന്നു. എന്നും രാവിലെ വീട്ടിൽ നിന്നും കാറുമായി ഓഫീസിലേക്ക് ഇറങ്ങും. ഷോറൂമിന് രണ്ട് കിലോമീറ്റർ അകലെയുള്ള കിംസ് ഹോസ്പിറ്റലിന് മുന്നിൽ പാർക്ക് ചെയ്തതിന് ശേഷം സുഹൃത്തിനെ വിളിച്ചു വരുത്തി ഓഫീസിലേക്ക് പോകുകയായിരുന്നു രീതി. സുഹൃത്തിനോട് പറഞ്ഞത് തന്റെ ഒരു ബന്ധു ആശുപത്രിയിൽ കിടക്കുന്നുണ്ട് അവർക്ക് കൂട്ടിരിക്കാനായിട്ടാണ് ആശുപത്രിയിൽ ഇറങ്ങുന്നത് എന്നാണ്.

സെബിൻ താൻ കാർ അടിച്ചു മാറ്റിയത് കമ്പനി അറിഞ്ഞില്ല എന്ന സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് ഓഡിറ്റിങ് നടക്കുന്നത്. ഓഡിറ്റിങ്ങിൽ ഹോണ്ടാ സിറ്റിയുടെ ഒരു കാർ കാൺമാനില്ല എന്നു കണ്ടെത്തി. കാറെവിടെ എന്ന് ചോദിച്ച് ഷോറൂമുടമകൾ ജീവനക്കാരെ ചോദ്യം ചെയ്തു. അറിയില്ല എന്ന മറുപടിയാണ് സെബിൻ അടക്കമുള്ള ജീവനക്കാർ പറഞ്ഞത്. വിൽപ്പന നടത്താതെ കാർ എവിടെ പോകാനാണ് എന്ന് തലപുകഞ്ഞ ഉടമകൾ ഒടുവിൽ പൊലീസിൽ പരാതി പെടാൻ തീരുമാനിച്ചു. പേട്ട പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് കാർ തപ്പാൻ തുടങ്ങി. ഇതിനിടയിൽ സംശയാസ്പദമായി ഒരു കാർ കിംസ് ഹോസ്പിറ്റലിന് സമീപം കിടക്കുന്നു എന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഷോറൂമിലെ മെക്കാനിക്കിനെ വിളിച്ചു കൊണ്ടു വന്ന് ചെയിസ് നമ്പർ പരിശോധിച്ചു. കാണാതെയായ കാറിന്റെ അതേ ഷാസി നമ്പർ. ഇതോടെ പൊലീസ് വാഹനം സ്റ്റേഷനിലേക്ക് കൊണ്ടു പോയി. കാറിനുള്ളിൽ കന്യാമറിയത്തിന്റെ രൂപം കണ്ടതോടെ ക്രിസ്ത്യാനിയായ ആരോ ആണ് കാർ എടുത്തുകൊണ്ടു പോയതെന്ന് പൊലീസ് അനുമാനിച്ചു. അങ്ങനെ ഷോറൂമിലെ ജീവനക്കാരെ എല്ലാം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്തു. എന്നാൽ കാര്യമായ വിവരമൊന്നും തന്നെ ലഭ്യമായില്ല. പിന്നീട് കിംസ് ഹോസ്പിറ്റലിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോദിച്ചപ്പോൾ സെബിനാണ് എന്ന് പൊലീസ് കണ്ടെത്തി. കൂടാതെ സ്ഥിരമായി സെബിനെ കൂട്ടിക്കൊണ്ട പോകുന്ന സുഹൃത്തിന്റെ മൊഴിയും കണക്കിലെടുത്ത് പ്രതി സെബിൻ എന്ന് ഉറപ്പിക്കുകയായിരുന്നു. ഇതറിഞ്ഞതോടെ ഇയാൾ ഫെയ്സ് ബുക്കും വാട്ട്സാപ്പും ഡിലീറ്റ് ചെയ്ത ശേഷം ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു.

പേട്ട പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ പേരൂർക്കടയിലുള്ള വാടക വീട്ടിൽ ഉണ്ടെന്ന് മനസ്സിലാക്കുകയും അവിടെയെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശംഖുമുഖം അസി.കമ്മീഷ്ണർ ഷാനിഹാന്റെ നിർദ്ദേശ പ്രകാരം പേട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.പി സജുകുമാർ, എസ്‌ഐ വിനോദ് വിക്രമാദിത്യൻ സീനിയർ സി.പി.ഓ സന്തോഷ്, സി.പി.ഓ മാരായ ഉദയകുമാർ,ജയദേവൻ,ബിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP