Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പട്ടികജാതിക്കാരൻ മകളെ വിവാഹം ചെയ്താൽ നാട്ടുകാർ കളിയാക്കുമെന്ന് ഭയന്നു; മധ്യസ്ഥ ചർച്ചയിൽ വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും അംഗീകരിക്കാൻ മനസ്സ് തയ്യാറായില്ലെന്ന് രാജൻ; ആതിരയുടേത് ദുരഭിമാന കൊലയെന്ന് വ്യക്തമാക്കി പിതാവിന്റെ മൊഴി; ആതിരക്ക് ഭീഷണി ഉണ്ടായിരുന്നുവെന്ന് ബ്രിജേഷും; അച്ഛൻ ഉപദ്രവിക്കുമെന്ന് അവൾ പറഞ്ഞിരുന്നു; പൊലീസിന്റെ കടുത്ത നിർബന്ധത്തിന് വഴങ്ങിയാണ് യുവതി വീട്ടിലേക്ക് പോയതെന്നും പ്രതിശ്രുത വരൻ

പട്ടികജാതിക്കാരൻ മകളെ വിവാഹം ചെയ്താൽ നാട്ടുകാർ കളിയാക്കുമെന്ന് ഭയന്നു; മധ്യസ്ഥ ചർച്ചയിൽ വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും അംഗീകരിക്കാൻ മനസ്സ് തയ്യാറായില്ലെന്ന് രാജൻ; ആതിരയുടേത് ദുരഭിമാന കൊലയെന്ന് വ്യക്തമാക്കി പിതാവിന്റെ മൊഴി; ആതിരക്ക് ഭീഷണി ഉണ്ടായിരുന്നുവെന്ന് ബ്രിജേഷും; അച്ഛൻ ഉപദ്രവിക്കുമെന്ന് അവൾ പറഞ്ഞിരുന്നു; പൊലീസിന്റെ കടുത്ത നിർബന്ധത്തിന് വഴങ്ങിയാണ് യുവതി വീട്ടിലേക്ക് പോയതെന്നും പ്രതിശ്രുത വരൻ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറം അരീക്കോട് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ ദുരഭിമാനക്കൊലയെന്ന് പിതാവിന്റെ മൊഴി. പട്ടികജാതിക്കാരൻ മകളെ വിവാഹം കഴിച്ചാൽ നാട്ടുകാർ കളിയാക്കുമെന്ന് ഭയന്നിരുന്നതായാണ് ആതിരയുടെ പിതാവ് രാജൻ വ്യക്തമാക്കിയത്. മലപ്പുറം കീഴുപറമ്പ് സ്വദേശിനി ആതിരയുടേത് ദുരഭിമാനക്കൊലയാണെന്ന് സ്ഥിരീകരിക്കുന്നതാണ് രാജന്റെ മൊഴി. അറസ്റ്റു രേഖപ്പെടുത്തിയ രാജനെ നാളെ പൊലീസ് കോടതിയിൽ ഹാജരാക്കും.

അരീക്കോട് പൊലീസിന്റെ കസ്റ്റഡിയിലുള്ള രാജന്റെ മൊഴി മലപ്പുറം ഡിവൈഎസ്‌പിയുടെ സാന്നിധ്യത്തിലാണ് രേഖപ്പെടുത്തിയത്. പട്ടികജാതിക്കാരനായ ബ്രിജേഷിനെ വിവാഹം ചെയ്യാനുള്ള ആതിരയുടെ തീരുമാനം തന്നെ തകർത്തതായാണ് രാജന്റെ മൊഴിയിൽ പറയുന്നത്. ബ്രിജേഷിന്റെ ബന്ധുക്കളുമായുള്ള മധ്യസ്ഥ ചർച്ചയിൽ വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പ് നൽകിയത് താൻ തന്നെയാണ്. എന്നാൽ ഇത് അംഗീകരിക്കാൻ തന്റെ മനസ്സ് തയ്യാറായില്ല. കൊല നടന്ന ദിവസം വീട്ടിൽവെച്ച് മകളുമായി തർക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന താൻ മകളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നും രാജൻ മൊഴി നൽകി.

മകൾ പട്ടികജാതിക്കാരനെ വിവാഹം ചെയ്താൽ സുഹൃത്തുക്കളുടെ മുഖത്ത് എങ്ങനെ നോക്കും, അവരുടെ കളിയാക്കലിനെ എങ്ങനെ നേരിടും തുടങ്ങിയ ചിന്തകൾ തന്നെ അലട്ടിയിരുന്നതായും രാജൻ മൊഴി നൽകി. തിയ്യ ജാതിയിൽ പെട്ടയാളാണ് രാജൻ. ഇന്ന് രാജനെയും കൊണ്ട് തെളിവെടുപ്പ് നടത്തിയിരുന്നു പൊലീസ്. അതേസമയം വിവാഹത്തിന് അച്ഛന്റെ എതിർപ്പുണ്ടായിരുന്നെന്നും പൊലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചതെന്നും പ്രതിശ്രുത വരനും വ്യക്തമാക്കി.

വിവാഹം നിശ്ചയിച്ച ശേഷം വീട്ടിൽ പ്രശ്‌നങ്ങൾ പതിവായിരുന്നെന്ന് ആതിര പറഞ്ഞതായി പ്രതിശ്രുത വരൻ ബ്രിജേഷ് വെളിപ്പെടുത്തി. ഒരു വേള രജിസ്റ്റർ വിവാഹം കഴിക്കാനൊരുങ്ങിയെങ്കിലും, ആതിരയുടെ അച്ഛൻ നൽകിയ പരാതിയിൽ പൊലീസ് മധ്യസ്ഥ ചർച്ച നടത്തി. തുടർന്ന് ഇരുവീട്ടുകാരുടെയും അനുമതിയോടെ വിവാഹം നിശ്ചയിക്കുകയായിരുന്നു. ഇതിനിടെയിലും രാജൻ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് ബ്രിജേഷ് പറഞ്ഞു.

പൊലീസിന്റെ കൂടി നിർബന്ധത്തിന് വഴങ്ങിയാണ് കൊല്ലപ്പെട്ട ആതിര അച്ഛനൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങാൻ തയാറായതെന്നും ബ്രിജേഷ് പറഞ്ഞു. ഇരു കുടുംബങ്ങളും പൊലീസിൽ പരാതി നൽകിയതിന് ശേഷം സ്റ്റേഷനിൽ വെച്ച് നടത്തിയ ചർച്ചയിൽ രാജൻ വിവാഹത്തിന് സമ്മതിച്ചു. ഇതിന് ശേഷം പൊലീസിന്റെ കൂടി നിർബന്ധത്തെ തുടർന്നാണ് ആതിര അച്ഛനൊപ്പം സ്വന്തം വീട്ടിലേക്ക് പോയതെന്നും ബ്രിജേഷ് വ്യക്തമാക്കി. സംഭവം ദുരഭിമാനക്കൊലയാണെന്ന് സമ്മതിച്ചതോടെ സംഭവം വിവാദമായിട്ടുണ്ട്.

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യനായ ആതിര മിലിട്ടറി ഉദ്യോഗസ്ഥനായ ബ്രിഗേഷുമായി പ്രണയത്തിലായിരുന്നു. ഓട്ടോ ഡ്രൈവറായ രാജൻ ഈ ബന്ധം അംഗീകരിക്കാതിരുന്നതോടെ ഇവർ രജിസ്റ്റർ വിവാഹം നടത്തി. രാജൻ എതിർപ്പ് തുടർന്നതോടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അരീക്കോട് പൊലീസ് സ്റ്റേഷനിൽ ചർച്ച നടന്നു. ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങിയ രാജൻ, വിവാഹം ക്ഷേത്രസന്നിധിയിൽ നന്നായി നടത്തിക്കൊടുക്കാമെന്നു സമ്മതിച്ചു. ആതിര സ്വന്തം വീട്ടിലേക്കു വരികയും ചെയ്തു. അച്ഛൻ ഉപദ്രവിക്കുമെന്ന് ആതിര അന്നേ പറഞ്ഞിരുന്നതായി പറയപ്പെടുന്നു. ഇന്നലെ െവെകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ രാജൻ വീട്ടുകാരോടും ബന്ധുക്കളോടും തട്ടിക്കയറുകയും ആതിരയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഭയന്ന ആതിര അയൽവീട്ടിലെ മുറിയിൽ കയറി വാതിലടച്ചു. പിന്നാലെ ചെന്ന രാജൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയും കഠാര ഉപയോഗിച്ച് മകളെ കുത്തിവീഴ്‌ത്തുകയുമായിരുന്നു. കുത്തേറ്റു ഗുരുതരാവസ്ഥയിലായ ആതിരയെ ഉടൻ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആതിരയെ രക്ഷിക്കാനായില്ല. ഇന്നു സൗത്ത് പുത്തലം സാളിഗ്രാമം ക്ഷേത്രത്തിലാണ് വിവാഹച്ചടങ്ങു നിശ്ചയിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP