Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

പാവപ്പെട്ട പ്രവാസികളുടെ വളയും മാലയും വാച്ചും മോഷ്ടിക്കുന്നത് കസ്റ്റംസുകാർ തന്നെ; കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിലായതോടെ തെളിയുന്നത് അനേകം മോഷണങ്ങൾ; കസ്റ്റംസ് കൗണ്ടറിലെ മോഷണം തടയാൻ സിബിഐ എത്തുമോ?

പാവപ്പെട്ട പ്രവാസികളുടെ വളയും മാലയും വാച്ചും മോഷ്ടിക്കുന്നത് കസ്റ്റംസുകാർ തന്നെ; കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിലായതോടെ തെളിയുന്നത് അനേകം മോഷണങ്ങൾ; കസ്റ്റംസ് കൗണ്ടറിലെ മോഷണം തടയാൻ സിബിഐ എത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്റെ മാല മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തത് നിർണ്ണായകമായി. ഹവിദാർ അബ്ദുൽ കരീമാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. അബ്ദൽ കരിമിനെ ചോദ്യം ചെയ്തതിൽ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ കിട്ടിയിട്ടുണ്ട്. മെയ് 19നാണ് സംഭവം നടന്നത്. ഗൾഫിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗുകൾ പരിശോധിക്കവെയായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ അടിച്ചുമാറ്റൽ. പരിശോധനയുടെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് വച്ചിരുന്ന മൂന്ന് പവനിലേറെ വരുന്ന സ്വർണമാല കരീം പോക്കറ്റിലിടുകയായിരുന്നു.

കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഹവിൽദാറും ആലുവ സ്വദേശിയുമായ അബ്ദുൾകരീം (51) ആണ് വെള്ളിയാഴ്ച വിമാനത്താവളത്തിൽ പിടിയിലായത്. കോഴിക്കോട് ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അബ്ദുൾകരീമിനെ റിമാൻഡ്ചെയ്തു. അബ്ദുൾകരീമിനെ അന്വഷണവിധേയമായി സസ്പെൻഡ്ചെയ്യാൻ വിമാനത്താവള കസ്റ്റംസ് വിഭാഗം കസ്റ്റംസ് കമ്മിഷണർക്ക് ശുപാർശനൽകി. അവധിയിലുള്ള കമ്മിഷണർ തിരിച്ചെത്തുന്ന മുറയ്ക്ക് ഇയാൾക്കെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.

Stories you may Like

വിമാനത്താവള കസ്റ്റംസ് വിഭാഗത്തെക്കുറിച്ച് നേരത്തേതന്നെ നിരവധി ആരോപണങ്ങൾ നിലവിലുണ്ട്. പ്രവാസികളുടെ ഈ പരാതികൾ ശരിവയ്ക്കുന്നതാണ് അറസ്റ്റ്. അതിനിടെ കരിപ്പൂരിലെ തട്ടിപ്പുകളിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായി. ദുബായിൽ നിന്നും എത്തിയ യാത്രക്കാരന്റെ 25 ഗ്രാമിന്റെ മാലയാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻ മോഷ്ടിച്ചത്. കോഴിക്കോട് കക്കട്ടിൽ സ്വദേശി കുഞ്ഞിരാമൻ മാല നഷ്ടപ്പെട്ടൂവെന്ന് പരാതിപ്പെട്ട് പലവട്ടം കസ്റ്റംസ് ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. മോഷണം കണ്ടെത്താനാവാത്തതിനെ തുടർന്നാണ് ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി പരിശോധയിൽ മാല കൈക്കലാക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.

കസ്റ്റംസ്ഹാളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. മെയ്‌ 19-നാണ് കേസിനാസ്?പദമായ സംഭവം നടന്നത്. ദുബായിൽ നിന്നെത്തിയ കോഴിക്കോട് കക്കട്ട് സ്വദേശി കുഞ്ഞിരാമൻ കഴുത്തിൽ ധരിച്ചിരുന്ന 25 ഗ്രാം തൂക്കംവരുന്ന മാലയാണ് കാണാതായത്. സ്വർണം കണ്ടെത്താൻ സഹായിക്കുന്ന ഡോർഫ്രെയിം മെറ്റൽ ഡിറ്റക്ടർ യന്ത്രത്തിലൂടെ ശരീരപരിശോധനയ്ക്ക് വിധേയനാകുന്നതിനു മുൻപ് കൈവശമുള്ളതും ഡിക്ളറേഷൻ രേഖയിലുള്ളതുമായ സ്വർണാഭരണങ്ങൾ ഊരി പ്രത്യേക ട്രേയിൽ ഏൽപ്പിക്കണമെന്നാണ് കസ്റ്റംസ് നിയമം. ഇപ്രകാരം പരിശോധനയ്ക്ക് വിധേയനാകാനായി ഊരിമാറ്റി ട്രേയിൽ നിക്ഷേപിച്ചതായിരുന്നു സ്വർണമാല. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ട്രേയിൽനിന്ന് മാല നഷ്ടപ്പെട്ടിരുന്നു.

ഭാര്യ എടുത്തിരിക്കുമെന്നുകരുതി വീട്ടിലെത്തിയ കുഞ്ഞിരാമൻ പിന്നീടാണ് മാല നഷ്ടമായതായി അറിയുന്നത്. അടുത്തദിവസം വിമാനത്താവളത്തിലെത്തിയ കുഞ്ഞിരാമൻ ഇക്കാര്യം കസ്റ്റംസ് അധികൃതരുമായി സംസാരിച്ചെങ്കിലും അവർ കൈമലർത്തി. യാത്രക്കാരനെ ചില ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇതേത്തുടർന്ന് കുഞ്ഞിരാമൻ കരിപ്പൂർ പൊലീസിൽ പരാതിനൽകി. പൊലീസ് എയർപോർട്ട് അഥോറിറ്റി അധികൃതരുമായി ബന്ധപ്പെട്ട് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. അബ്ദുൾകരീം മാലയുമായി പോകുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമായതിനെത്തുടർന്നാണ് അറസ്റ്റ്. 

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വില കൂടിയ വസ്തുക്കൾ കസ്റ്റംസ് പരിശോധനക്കിടെ നഷ്ടമാകുന്നൂവെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. സി.സി.ടി.വി പ്രവർത്തന രഹിതമാണന്ന പേരിലാണ് അന്നൊക്കെ കുറ്റക്കാരിൽ ചിലർ രക്ഷപ്പെട്ടത്. നിരവധിപേർക്കാണ് കസ്റ്റംസ്ഹാളിൽ സ്വർണവും മറ്റു വിലപിടിച്ച വസ്തുക്കളും നഷ്ടമായത്. കഴിഞ്ഞമാസം ഇപ്പോൾ നടന്നതിനു സമാനമായി പെരിന്തൽമണ്ണ സ്വദേശിനിയുടെ ഒൻപതുഗ്രാം മാല നഷ്ടപ്പെട്ടിരുന്നു. ഇതിനു തൊട്ടുമുൻപാണ് കോഴിക്കോട് സ്വദേശിയുടെ ഒന്നരലക്ഷം രൂപയോളം വിലവരുന്ന വാച്ച് നഷ്ടമായത്. കൊടുവള്ളി സ്വദേശിയുടെ വിലപിടിച്ച വാച്ച് നഷ്ടമായെങ്കിലും പിന്നീട് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. അബ്ദുൽ കരീം പിടിയിലായതോടെ കസ്റ്റംസ്ഹാളിലെ മോഷണത്തെക്കുറിച്ച് നിർണായകവിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കൂടുതൽപേർക്ക് ഇതിൽ പങ്കുള്ളതായും പൊലീസ് സംശയിക്കുന്നു.

ഇതെല്ലാം മോഷ്ടിക്കുന്നത് കസ്റ്റംസുകാരാണെന്ന വാദം സജീവമായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കേന്ദ്ര ജീവനക്കാർ ആയതു കൊണ്ട് തന്നെ പൊലീസിന് കാര്യമായ ഇടപെടൽ നടത്താൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് സിബിഐയെ കൊണ്ട് കരിപ്പൂരിലെ മോഷണം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. സിസിടിവി ഓഫാകുന്നത് ഉൾപ്പെടെയുള്ളവയിൽ ഉന്നത ഇടപെടലുണ്ടെന്നാണ് ആരോപണം. കള്ളക്കടത്തും സജീവാണ്. ഇതെല്ലാം ഉദ്യോഗസ്ഥ ഒത്താശയുടെ ഫലമാണെന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് കള്ളൻ കപ്പലിൽ തന്നെന്ന സൂചനയുമായി കരിം അറസ്റ്റിലായത്.

കഴിഞ്ഞ രണ്ടുവർഷം മുൻപുവരെ ഒരു സാമ്പത്തികവർഷത്തിൽ 200 കിലോയിലധികം കള്ളക്കടത്ത് സ്വർണമാണ് കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഇത് 50 കിലോയ്ക്ക് താഴെയായി കുറഞ്ഞു. പലപ്പോഴും കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരിൽനിന്നും ഡി.ആർ.ഐ, കസ്റ്റംസ് പ്രിവന്റീവ് തുടങ്ങിയ മറ്റു ഏജൻസികൾ കിലോക്കണക്കിന് സ്വർണം പിടിച്ചെടുത്തു. എന്നാൽ ഇത്തരത്തിലുള്ള പ്രബലമായ ഒരു കേസുപോലും കണ്ടെത്താൻ വിമാനത്താവള കസ്റ്റംസ് വിഭാഗത്തിനായതുമില്ല.

ഇതിനൊപ്പം മോഷണവും സജീവമായി. പല ബാഗേജുകളും പൊളിച്ചുനോക്കിയ നിലയിലാണ് യാത്രക്കാർക്കു ലഭിച്ചത്. ഇതിൽനിന്ന് പലസാധനങ്ങളും നഷ്ടപ്പെടുകയും ചെയ്തിരുന്നു. മടങ്ങിപ്പോകുമ്പോഴുള്ള പീഡനം ഭയന്ന് ആരും പരാതിയും നൽകില്ല. പരിശോധന നടക്കുന്ന പ്രദേശങ്ങളിലും ഗ്രീൻചാനൽ മേഖലകളിലും കഴിഞ്ഞവർഷം സി.സി.ടി.വി. സ്ഥാപിച്ചത്. എന്നാൽ പലപ്പോഴും ഇതിൽനിന്ന് കൃത്യമായ ചിത്രങ്ങൾ ലഭിച്ചിരുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP