Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാറമട വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറി വിളിച്ച ചർച്ചയ്ക്ക് സ്ത്രീകൾ എത്തിയത് പെട്രോളുമായി; ചർച്ച പാളിയപ്പോൾ ഓഫീസിൽ പെട്രോൾ ഒഴിച്ചു; പെട്രോളിൽ കുളിച്ച് സമരക്കാരും ജീവനക്കാരും; ഒരു വീട്ടമ്മ കത്തിച്ചു പിടിച്ച ലൈറ്റർ പൊലീസ് തട്ടിമാറ്റിയതു കൊണ്ട് വൻദുരന്തം ഒഴിവായി; ലാത്തിച്ചാർജ്ജും എത്തിതോടെ നാറാണംമൂഴി പഞ്ചായത്തിൽ നാളെ ഹർത്താൽ

പാറമട വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറി വിളിച്ച ചർച്ചയ്ക്ക് സ്ത്രീകൾ എത്തിയത് പെട്രോളുമായി; ചർച്ച പാളിയപ്പോൾ ഓഫീസിൽ പെട്രോൾ ഒഴിച്ചു; പെട്രോളിൽ കുളിച്ച് സമരക്കാരും ജീവനക്കാരും; ഒരു വീട്ടമ്മ കത്തിച്ചു പിടിച്ച ലൈറ്റർ പൊലീസ് തട്ടിമാറ്റിയതു കൊണ്ട് വൻദുരന്തം ഒഴിവായി; ലാത്തിച്ചാർജ്ജും എത്തിതോടെ നാറാണംമൂഴി പഞ്ചായത്തിൽ നാളെ ഹർത്താൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സമരങ്ങളിൽ ആത്മാഹൂതിക്ക് ശ്രമിക്കുന്നത് ഇപ്പോഴൊരു ഫാഷനായി മാറിയിട്ടുണ്ട്. സമരത്തിന് ചൂടുകൂട്ടാൻ കുപ്പിയിലോ കന്നാസിലോ കുറച്ച് പെട്രോളോ മണ്ണെണ്ണയോ കരുതുക. അധികാരി വർഗം വഴങ്ങുന്നില്ലെന്ന് കണ്ടാൽ അത് തുറന്ന് ശരീരത്ത് ഒഴിക്കുക. ഇന്ന് നാറാണംമൂഴി പഞ്ചായത്ത് ഓഫീസിൽ ഇങ്ങനെ നടന്ന ഒരു കളി സർക്കാർ ജീവനക്കാർ അടക്കം അറുപതോളം പേരുടെ ജീവനെടുക്കേണ്ടതായിരുന്നു. തലനാരിഴയ്ക്ക് വൻദുരന്തം ഒഴിവാകുകയായിരുന്നു.

പാറമടയ്ക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട്, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് സെക്രട്ടറി വിളിച്ചു ചേർത്ത യോഗമാണ് പിന്നീട് സമരക്കാരുടെ അഴിഞ്ഞാട്ടം കൊണ്ട് പ്രക്ഷുബ്ധമായത്. സമരം നടത്തിയതാകട്ടെ സ്ത്രീകളും. കൈവിട്ടു പോയ ക്രമസമാധാന നില തിരികെ പിടിക്കാൻ പൊലീസിന് ലാത്തിചാർജ് നടത്തേണ്ടി വന്നു. സമരക്കാരുടെ നിലപാട് കാരണം ആർക്കെതിരേയും കേസെടുക്കാൻ പൊലീസിന് കഴിഞ്ഞില്ല. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് 12 ന് തുടങ്ങിയ സമരം അവസാനിച്ചത് രാത്രി ഏഴിന്. ഇതിനോടകം ആത്മാഹൂതി നാടകം, ലാത്തിച്ചാർജ്, ഉപരോധം എന്നിവയും നടന്നു. ഒഴിച്ചിട്ട പെട്രോൾ സാക്ഷിയാക്കി സെക്രട്ടറിയെ കൊണ്ട് തങ്ങൾക്ക് അനുകുലമായ തീരുമാനം എടുപ്പിക്കുകയും അത് രേഖയാക്കി വാങ്ങുകയും ചെയ്തു സമരക്കാർ. കുട്ടികളേയും സ്ത്രീകളേയും പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാറാണംമൂഴി പഞ്ചായത്തിൽ നാളെ ഹർത്താലിന് ആഹ്വാനമുണ്ട്. നാറാണംമൂഴി, വെച്ചൂച്ചിറ എന്നിവിടങ്ങളിൽ അടഞ്ഞു കിടന്ന പാറമടകൾ അടുത്ത കാലത്താണ് വീണ്ടും തുറന്നിരുന്നു. മണിമലേത്തു പാറമടയ്ക്കെതിരെ കൊടിത്തോപ്പിൽ രാജപ്പൻ, ചേരിയത്ത് രാജൻ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി.

പരാതിക്കാരുടേയും പാറമട ഉടമയുടേയും വാദങ്ങൾ കേട്ട് തീരുമാനം അറിയിക്കാൻ ഹൈക്കോടതി നാറാണംമൂഴി ഗ്രാമപഞ്ചായത്തു സെക്രട്ടറിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം പാറമട ഉടമയുടെ മൊഴിയെടുത്ത സെക്രട്ടറി ഇന്ന് സമരക്കാരെ മൊഴി എടുക്കാൻ വിളച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഉച്ചയോടെ പരാതിക്കാർ മൊഴി നൽകാൻ എത്തി. ഒപ്പം സമരം നയിക്കുന്ന സ്ത്രീകളും പുരുഷന്മാരും. സെക്രട്ടറി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ കൂടെ വന്നവർ ഓഫീസിലേക്ക് തള്ളിക്കയറി ബഹളം തുടങ്ങി. .ഇവർ ഓഫീസ് അകത്തു നിന്നും പൂട്ടി. പാറമടയ്ക്ക് പഞ്ചായത്ത് നൽകിയ ലൈസൻസ് റദ്ദാക്കിയതായി എഴുതി നൽകാൻ ആവശ്യപ്പെട്ടു.

സെക്രട്ടറിയും ജീവനക്കാരും വഴങ്ങാതെ വന്നപ്പോൾ സ്ത്രീകൾ കൈവശം കരുതിയിരുന്ന പെട്രോൾ ഓഫീസിനുള്ളിലേക്ക് ഒഴിച്ചു. പഞ്ചായത്തു സെക്രട്ടറി മുരുകസ്വാമി അടക്കമുള്ള ജീവനക്കാരുടെ ദേഹത്തും പഞ്ചായത്തിലെ റിക്കാർഡുകളിലും പെട്രോൾ വീണു. ഇതിനിടയിലാണ് ഒരു സ്ത്രീ കൈയിലുണ്ടായിരുന്ന ലൈറ്റർ കൊളുത്തിയത്. പൊലീസ് ഇടപെട്ട് അണച്ചതു കൊണ്ട് മാത്രം ദുരന്തം ഒഴിവായി. ഭയന്നു പോയ സെക്രട്ടറി സമരക്കാർ പറഞ്ഞതു പോലെ എഴുതി നൽകി. മണിമലേത്ത് പാറമടയ്ക്ക് പഞ്ചായത്തു നൽകിയ ലൈസൻസ് റദ്ദാക്കിയെന്ന് സെക്രട്ടറി എഴുതി നൽകിയതോടെ ഓഫീസിനുള്ളിലും പുറത്തും വലിയ തോതിൽ അടിപിടി നടന്നു. ഇതിനിടയിൽ സമരക്കാരിയുടെ കയ്യിലിരുന്ന നാലുവയസുകാരന് കരണത്ത് അടിയേറ്റു.

പൊലീസ് കുട്ടിയെ മർദ്ദിച്ചുവെന്ന് ആരോപിച്ച് ബഹളം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിന്റെ മുൻ വാതിൽ ആരോ ചവിട്ടി പൊളിച്ചു. കുട്ടിയെ മർദ്ദിച്ചതും വാതിൽ തകർത്തതും പൊലീസാണെന്ന് സമരക്കാർ ആരോപിച്ചു. ബഹളം രൂക്ഷമായതിനിടിയിൽ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പഞ്ചായത്തോഫീസിലേക്കു കയറിയ പുരുഷന്മാരെ പൊലീസ് തല്ലി ഓടിച്ചു. നിരവധി പേർക്ക് ലാത്തി അടി ഏറ്റതായി സമരക്കാർ പറഞ്ഞു. പൊലീസുകാരി കുഞ്ഞമ്മയ്ക്ക് പരുക്കേറ്റു. ഇവരുടെ കണ്ണിലും മറ്റും പെട്രോൾ വീഴുകയും മർദ്ദനമേൽക്കുകയും ചെയ്തു.

പെരുനാട് സ്റ്റേഷനിലെ എസ്.ഐ സോമരാജനെ സമരാനുകൂലികളായ സ്ത്രീകൾ തല്ലി. ഓഫീസിനുള്ളിൽ അകപ്പെട്ട സ്ത്രീ സമരക്കാരിൽ ചിലരെ പിടികൂടാൻ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. തങ്ങളിൽ ഒന്നോ രണ്ടോ പേരെ മാത്രമായി സ്റ്റേഷനിലേക്കു കൊണ്ടു പോകാൻ അനുവദിക്കില്ലെന്നും കേസ് എടുക്കുകയാണെങ്കിൽ എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോയാൽ മതിയെന്നുമുള്ള നിലപാടിലായിരുന്നു സമരക്കാർ. ജില്ലാ പൊലീസ് സൂപ്രണ്ട് പ്രശ്നത്തിൽ ഇടപെട്ട് നിർദ്ദേശങ്ങൾ നൽകിയതിനെ തുടർന്നാണ് സമരക്കാരെ കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനത്തിൽ നിന്നും പൊലീസ് പിൻവാങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP