Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിപ്പൂർ മുതൽ കൊയിലാണ്ടി വരെ സ്‌കൂട്ടറിൽ സഞ്ചരിച്ച് ലഹരി വിൽപന; രാജ്യാന്തര ഫോൺകോൾ വഴി നിയന്ത്രിക്കപ്പെടുന്ന ശൃംഖല; പണിയെടുക്കുന്നത് പരസ്പരം അറിയാത്ത മൂന്നു പേർ; വാട്‌സാപ്പ് സാധ്യതയും വിപണനത്തിന്; എല്ലാം നിയന്ത്രിക്കുന്നത് ഗൾഫിലുള്ള 'ബോസ്'; മലപ്പുറത്ത് കണ്ടെത്തിയത് ലഹരിമരുന്നിന്റെ 'സൂപ്പർമാർക്കറ്റ്'

കരിപ്പൂർ മുതൽ കൊയിലാണ്ടി വരെ സ്‌കൂട്ടറിൽ സഞ്ചരിച്ച് ലഹരി വിൽപന; രാജ്യാന്തര ഫോൺകോൾ വഴി നിയന്ത്രിക്കപ്പെടുന്ന ശൃംഖല; പണിയെടുക്കുന്നത് പരസ്പരം അറിയാത്ത മൂന്നു പേർ; വാട്‌സാപ്പ് സാധ്യതയും വിപണനത്തിന്; എല്ലാം നിയന്ത്രിക്കുന്നത് ഗൾഫിലുള്ള 'ബോസ്'; മലപ്പുറത്ത് കണ്ടെത്തിയത് ലഹരിമരുന്നിന്റെ 'സൂപ്പർമാർക്കറ്റ്'

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊച്ചിയും കണ്ണൂരും കോഴിക്കോടും മയക്കു മരുന്ന് മാഫിയ സജീവം. തിരുവനന്തപുരത്തും മയക്കു മരുന്ന് സാന്നിധ്യമുണ്ട്. കേരളത്തിൽ രാജ്യാന്തര ലഹരിമരുന്ന് മാഫിയ പിടിമുറുക്കുകയാണ്. ഇതിന് തെളിവായി മാഫിയയുമായി ബന്ധമുള്ള യുവാവ് കോഴിക്കോട് പിടിയിൽ. കോടികൾ വിലമതിക്കുന്ന ലഹരിമരുന്നും ഇയാളിൽനിന്ന് പിടിച്ചെടുത്തത്. മുതലക്കുളത്ത് ബുധനാഴ്ച രാത്രി നടന്ന വാഹനപരിശോധനയിലാണ് ചക്കുംകടവ് ആനമാട് ഖദീജ മഹലിൽ ഷക്കീൽ ഹർഷാദ് (34) പൊലീസിന്റെ പിടിയിലായത്.

ലഹരിമരുന്ന് വിൽപനയുടെ കണ്ണൂർ മോഡലാണ് കോഴിക്കോടും തെളിയുന്നത്. കരിപ്പൂർ മുതൽ കൊയിലാണ്ടിവരെയുള്ള മേഖലയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച് ലഹരി വിൽപന നടത്തുകയാണ് ഹർഷാദിന്റെ ചുമതല. ഈ പ്രദേശത്തിനിടയ്ക്ക് ദിവസവും ഒന്നരലക്ഷം രൂപയുടെ ലഹരിമരുന്ന് കച്ചവടം നടത്തും. ഗൾഫിലെ സംഘത്തലവന്റെ നേതൃത്വത്തിലാണ് ലഹരിമരുന്ന് വിതരണം നിയന്ത്രിക്കുന്നത്. കോഴിക്കോട് മേഖലയിൽ ഒരാൾക്ക് ലഹരിമരുന്ന് എത്തിക്കാൻ പരസ്പരം തിരിച്ചറിയാത്ത മൂന്നുപേരെയാണ് ഉപയോഗിച്ചിരുന്നത്. ഇയാൾ തന്റെ സ്‌കൂട്ടറിലെത്തി ലഹരിമരുന്ന് നൽകുകയും പണം വാങ്ങുകയുമാണ് ചെയ്തിരുന്നത്. ശൃംഖലയിൽപ്പെട്ട മൂന്നുപേർ ഒരേ ജോലിയാണ് ചെയ്യുന്നതെന്ന് പരസ്പരം അറിയുകയുമില്ല.

ദിവസവും ശരാശരി ഒന്നരലക്ഷം രൂപയുടെ ലഹരിക്കച്ചവടം ഈ സംഘം നടത്തിയിരുന്നെന്നാണ് വിവരം. സ്‌കൂൾ, കോളജ് വിദ്യാർത്ഥികളാണ് സ്ഥിരം ഇടപാടുകാരെന്നാണു സൂചന. ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നുവേട്ടയാണ് വ്യാഴാഴ്ച അതിരാവിലെ നടന്നതെന്ന് കോഴിക്കോട് കമ്മീഷണർ എ.അക്‌ബർ പറഞ്ഞു. രാത്രി നടത്തിയ വാഹനപരിശോധനയിലും തുടർന്ന് ഇയാളുടെ രഹസ്യതാവളത്തിൽ നടത്തിയ റെയ്ഡിലുമായി 212 ഗ്രാം എംഡിഎംഎയും എൽഎസ്ഡി സ്റ്റാംപുമടക്കം കോടികൾ വിലയുള്ള വിവിധതരം ലഹരിമരുന്നുകളാണ് പിടികൂടിയത്. രാജ്യാന്തര ഫോൺകോൾ വഴി നിയന്ത്രിക്കപ്പെടുന്ന ശൃംഖലയാണ് ലഹരിമരുന്നിന്റെ വിതരണത്തിന് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി. ഇതോടെ സമാന്തര എക്‌സ്‌ചേഞ്ചുകൾ പെറ്റു പെരുകാനുള്ള കാരണങ്ങളും പൊലീസിന് വ്യക്തമായി.

രാത്രി പരിശോധനയ്ക്കിടെ ഹർഷാദിന്റെ വാഹനത്തിൽനിന്ന് 112 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. തുടർന്ന് സബ് ഇൻസ്‌പെക്ടർ കെ.അഭിഷേകിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മലപ്പുറം ജില്ലയിലെ കാക്കഞ്ചേരി കേന്ദ്രീകരിച്ച് വിവിധയിനം മാരക ലഹരിമരുന്നുകൾ വിൽപന നടത്തിവരുന്നതായി അറിഞ്ഞത്. പരിശോധന നടത്തിയ പൊലീസ് ലഹരിമരുന്നിന്റെ 'സൂപ്പർമാർക്കറ്റ്' ആണ് കണ്ടെത്തിയത്. 100 ഗ്രാം എംഡിഎംഎയും 10 ഗ്രാം ഹഷീഷ് ഓയിലും, 170 എക്സ്റ്റസി ടാബ്ലറ്റുകളും 345 എൽഎസ്ഡി സ്റ്റാമ്പുകളും ഇവിടെനിന്ന് പിടിച്ചെടുത്തു. ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബുകളും കണ്ടെടുത്തു. വിൽപന നടത്തിക്കിട്ടിയ 33,000 രൂപയും പിടികൂടി. പിടികൂടിയ 212 ഗ്രാം എംഡിഎംഎയ്ക്ക് മാത്രം 7,42,000 രൂപ വിലയുണ്ട്. എൽഎസ്ഡി സ്റ്റാംപുകളുടെ മൂല്യം കണക്കാക്കി വരികയാണ്.

ലഹരിമരുന്ന് ആവശ്യമുള്ളയാൾ നാട്ടിലെ ഏജന്റിനെയാണ് ബന്ധപ്പെടുക. ഇയാൾ ആവശ്യക്കാരന് ഗൾഫിലുള്ള 'ബോസി'ന്റെ നമ്പർ കൈമാറും. ഈ നമ്പറിലേക്ക് വിളിച്ചശേഷം താൻ നിൽക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ, സഞ്ചരിക്കുന്ന വാഹനത്തിനൊപ്പമുള്ള സെൽഫി, കൈമാറാനുള്ള പണം എന്നിവ വാട്‌സാപ് വഴി അയച്ചുകൊടുക്കണം. ഏതാനും സമയത്തിനകം ലഹരിമരുന്ന് ശൃംഖലയിലെ രണ്ടാമത്തെയാൾ ഇതുവഴിയെത്തി വാട്‌സാപ്പിലയച്ച വിവരങ്ങൾ ശരിയാണോ എന്നു പരിശോധിക്കും. ഇയാൾ തിരിച്ചുചെന്ന് ഗൾഫിലെ 'ബോസി'നെ സ്ഥിരീകരണം അറിയിക്കും. തുടർന്ന് ഗൾഫിൽനിന്നു 'ബോസ്' വിതരണക്കാരനെ വിളിച്ച് സാധനമെത്തിച്ചുകൊടുക്കാൻ നിർദ്ദേശം നൽകും. കണ്ണൂരിലും വാട്‌സാപ്പിലൂടെയുള്ള ഇത്തരം കടത്ത് പിടികൂടിയിരുന്നു.

പൊലീസിനു വിവരങ്ങൾ ചോർത്തിക്കിട്ടാതിരിക്കാൻ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇവർ ലഹരിമരുന്ന് വിൽപന നടത്തിയിരുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ ഡൻസാഫിന്റെ നേതൃത്വത്തിൽ 47 കിലോഗ്രാം കഞ്ചാവ്, അരക്കിലോ എംഡിഎംഎ, 50 ഗ്രാം ബ്രൗൺഷുഗർ എന്നിവയാണ് പിടിച്ചെടുത്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP