Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202402Saturday

ഹാരീസിന്റെ ഭാര്യയെ ഷൈബിൻ വശീകരിച്ചു; ഇതറിഞ്ഞ് ഭാര്യയെ മൊഴി ചൊല്ലിയത് വൈരാഗ്യമായി; ആദ്യം കൊലപ്പെടുത്താൻ ശ്രമിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് വച്ച്; പിന്നീട് അബുദാബിയിൽ ഭാര്യയും കാമുകനും ചതിയൊരുക്കി കൊലയും ആത്മഹത്യയുമാക്കി; ഹാരീസ് തത്തമ്മപറമ്പിന്റെ കൊലയിലും അവിഹിതം; സിബിഐ നടപടികളിലേക്ക്

ഹാരീസിന്റെ ഭാര്യയെ ഷൈബിൻ വശീകരിച്ചു; ഇതറിഞ്ഞ് ഭാര്യയെ മൊഴി ചൊല്ലിയത് വൈരാഗ്യമായി; ആദ്യം കൊലപ്പെടുത്താൻ ശ്രമിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് വച്ച്; പിന്നീട് അബുദാബിയിൽ ഭാര്യയും കാമുകനും ചതിയൊരുക്കി കൊലയും ആത്മഹത്യയുമാക്കി; ഹാരീസ് തത്തമ്മപറമ്പിന്റെ കൊലയിലും അവിഹിതം; സിബിഐ നടപടികളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രവാസി വ്യവസായി കോഴിക്കോട് ഈസ്റ്റ് മലയമ്മയിലെ തത്തമ്മപറമ്പിൽ ഹാരിസ്, ജീവനക്കാരി ചാലക്കുടി സ്വദേശി ഡെൻസി ആന്റണി എന്നിവർ അബൂദബിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം രണ്ടാംഘട്ടത്തിലേക്ക്. അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് ഇനി സിബിഐ കടക്കും. നിർണ്ണായക തെളിവുകൾ സിബിഐയ്ക്ക് കിട്ടിയിട്ടുണ്ട്. നേരത്തെ ഹാരിസിന്റെ ഭാര്യയും ഭാര്യാപിതാവും ഉൾപ്പടെ 11 പേരെ പ്രതികളാക്കി സിബിഐ എഫ് ഐ ആർ കോടതിയിൽ സമർപ്പിച്ചിരുന്നു. എഫ് ഐ ആറിന്റെ പകർപ്പ് മറുനാടന് കിട്ടി.

ഹാരിസിന്റെ മാതാവ് സാറാബിയും സഹോദരി ഹാരിഫയും നൽകിയ ഹരജിയിൽ ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് വിട്ടിരുന്നു. ഷൈബിൻ അഷ്റഫ്, കൊല്ലപ്പെട്ട ഹാരിസിന്റെ ഭാര്യയായിരുന്ന കുന്ദമംഗലം വിരുപ്പിൽ വീട്ടിൽ കെ.സി. നസ്ലീന, വിരുപ്പിൽ വീട്ടിൽ കെ.സി. റഷീദ്, തങ്ങളകത്ത് വീട്ടിൽ നൗഷാദ്, കൈപ്പഞ്ചേരി വീട്ടിൽ ഫാസിൽ, നിലമ്പൂർ കുന്നേക്കാടൻ വീട്ടിൽ ഷമീം, നിലമ്പൂർ പോളക്കുളങ്ങര വീട്ടിൽ ഷബീബ് റഹ്‌മാൻ, കൂത്രാടൻ വീട്ടിൽ മുഹമ്മദ് അജ്മൽ, മലപ്പുറം വാണിയമ്പലം സ്വദേശി ഷഫീഖ് എന്ന ചീര ഷഫീഖ്, നിലമ്പൂർ നടുതൊടിക വീട്ടിൽ നിഷാദ്, വയനാട് സുൽത്താൻ ബത്തേരി സ്വദേശി സുന്ദരൻ എന്ന സുന്ദരൻ സുകുമാരൻ തുടങ്ങി 11 പേർക്കെതിരെ സിബിഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഷൈബിന്റെ നിർദ്ദേശപ്രകാരം കൂട്ടാളികൾ കൊലപാതകം നടത്തിയെന്നാണ് കണ്ടെത്തൽ.

പ്രതികൾക്ക് അബുദാബിയിലേക്കുള്ള ടിക്കറ്റും താമസസൗകര്യവും ഒരുക്കിയത് ഷൈബിനാണ്. കൊലപാതകം പ്രത്യേക ആപ്പ് വഴി ഷൈബിൻ നിരീക്ഷിക്കുകയും ചെയ്തതായാണ് വിലയിരുത്തൽ. കേസിലെ പതിനൊന്നാം പ്രതി ഷൈബിന്റെ സഹായിയായ റിട്ടയർഡ് എസ്ഐ സുന്ദരനാണ്. ഹാരിസന്റെ ഭാര്യയും ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് സിബിഐ വിലയിരുത്തൽ. എഫ് ഐ ആറിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.

ഹാരീസ് രണ്ടാംപ്രതിയെ വിവാഹം ചെയ്ത ശേഷം ഇരുവരും അബുദാബിയിൽ ഭാര്യാ-ഭർത്താക്കന്മാരായി ജീവിച്ച് ബിസിനസ് കൺസൾട്ടൻസി സ്ഥാപനം നടത്തുകയായിരുന്നു. ഇതിനിടെ ഒന്നാം പ്രതിയുമായി സൗഹൃദത്തിലായി. ഹാരീസിന്റെ ഭാര്യയെ ഷൈബിൻ വശീകരിക്കുകയും അവിഹിത ബന്ധം സ്ഥാപിക്കുകയും ചെയ്തുവെന്നാണ് എഫ് ഐ ആർ വിശദീകരിക്കുന്നത്. ഇതോടെ രണ്ടാം പ്രതിയെ ഹാരീസ് മൊഴി ചൊല്ലി. ഇതിനിടെ താൻ കഞ്ചാവ് കേസിൽ കുടുങ്ങാൻ കാരണം ഹാരീസാണെന്നും ഷൈബിൻ തെറ്റിധരിച്ചു. ഇതിനെ തുടർന്ന് 2018 മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം വച്ച് ഹാരീസിനെ കൊല്ലാനും ശ്രമിച്ചു. ഇത് പരാജയപ്പെട്ട ശേഷം ഒന്നു മുതൽ മൂന്ന് വരെയുള്ള പ്രതികൾ നിലമ്പൂരിലെ ഒന്നാം പ്രതിയുടെ വീട്ടിൽ ഒത്തുകൂടി ഗൂഢാലോചന നടത്തി. അതിന് ശേഷം നാലു മുതൽ ഒൻപത് വരെയുള്ള പ്രതികളെ വിദേശത്ത് അയച്ച് ഹാരീസിനേയും കൂടെയുണ്ടായിരുന്ന സ്ത്രീയേയും കൊന്ന് ആത്മഹത്യയാണെന്ന് വരുത്തിയെന്നാണ് എഫ് ഐ ആർ പറയുന്നത്.

ഹാരിസിനെയും ജീവനക്കാരി ഡെൻസിയേയും അബൂദബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടതുകയായിരുന്നു. ബാത്ത് ടബിൽ രക്തം വാർന്ന നിലയിലാണ് ഹാരിസിന്റെ മൃതദേഹം കിടന്നിരുന്നത്. സാഹചര്യ തെളിവുകൾ വെച്ച് ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ജീവനൊടുക്കിയെന്ന നിഗമനത്തിൽ അബൂദബി പൊലീസ് അവസാനിപ്പിച്ച കേസാണ് പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞത്. മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബ ശരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദ് സെക്രട്ടേറിയറ്റിന് മുന്നിൽ താനും സംഘവുമാണ് ഹാരിസിനെയും യുവതിയെയും കൊന്നതെന്ന് വിളിച്ചുപറഞ്ഞിരുന്നു. ഹാരിസിന്റെ ബിസിനസ് പങ്കാളിയായിരുന്ന നിലമ്പൂർ മുക്കട്ടയിലെ കൈപ്പഞ്ചേരി ഷൈബിൻ അഷറഫിന്റെ നിർദ്ദേശപ്രകാരമാണ് കൊല നടത്തിയതെന്നായിരുന്നു ഏറ്റുപറച്ചിൽ.

നൗഷാദിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാരിസിന്റെയും ഡെൻസി ആന്റണിയുടെയും മരണങ്ങൾ കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇരുവരുടേയും മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഹാരിസിനെ ഷൈബിന്റെ നേതൃത്വത്തിൽ അബുദാബിയിൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ കോടതി നിർദ്ദേശിച്ചത്. 2020 മാർച്ച് അഞ്ചിനാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ കുറുപ്പുംതൊടികയിൽ തത്തമ്മപറമ്പിൽ ഹാരിസ്, മാനേജർ ചാലക്കുടി സ്വദേശി ഡാൻസി ആന്റണി എന്നിവരെ അബുദാബിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയെ കൊന്നശേഷം ഹാരിസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യചെയ്‌തെന്നാണ് അന്ന് ഷൈബിൻ പറഞ്ഞത്. ഷാബാ ഷെരീഫ് കൊലപാതകം തെളിഞ്ഞതോടെ മകന്റെ കൊലപാതകത്തിന്റെ ചുരുളഴിക്കണമെന്നാവശ്യപ്പെട്ട് ഹാരിസിന്റെ മാതാവുൾപ്പെടെയുള്ളവർ നിലമ്പൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP