Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാണാതായ വയോധികന്റെ മൃതദേഹം കുഴിച്ചിട്ടനിലയിൽ; പിടിയിലായ മൂന്ന് യുവാക്കൾ ദൃശ്യം സിനിമയുടെ മാതൃകയിൽ മൃതദേഹം കുഴിച്ചിടാനും തെളിവുകൾ മറച്ചുവെയ്ക്കാനും ശ്രമിച്ചിരുന്നുതായി പൊലീസ്; വയോധികനെ കൊന്നത് പലിശയ്ക്ക് വാങ്ങിയ പണം മടക്കി നൽകാതിരിക്കാൻ; കഴുത്തിൽ വയർ മുറുക്കി കൊന്ന വയോധികനെ കുഴിച്ചിട്ടത് പള്ളിപ്പാട് ചന്തയ്ക്കുസമീപം ആൾതാമസമില്ലാത്ത വീടിന് പിന്നിൽ

കാണാതായ വയോധികന്റെ മൃതദേഹം കുഴിച്ചിട്ടനിലയിൽ; പിടിയിലായ മൂന്ന് യുവാക്കൾ ദൃശ്യം സിനിമയുടെ മാതൃകയിൽ മൃതദേഹം കുഴിച്ചിടാനും തെളിവുകൾ മറച്ചുവെയ്ക്കാനും ശ്രമിച്ചിരുന്നുതായി പൊലീസ്; വയോധികനെ കൊന്നത് പലിശയ്ക്ക് വാങ്ങിയ പണം മടക്കി നൽകാതിരിക്കാൻ; കഴുത്തിൽ വയർ മുറുക്കി കൊന്ന വയോധികനെ കുഴിച്ചിട്ടത് പള്ളിപ്പാട് ചന്തയ്ക്കുസമീപം ആൾതാമസമില്ലാത്ത വീടിന് പിന്നിൽ

മറുനാടൻ ഡെസ്‌ക്‌

ഹരിപ്പാട്: രണ്ടാഴ്ചമുമ്പ് കാണാതായ വയോധികന്റെ മൃതദേഹം ആൾത്താമസമില്ലാത്ത വീടിന്റെ പറമ്പിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദൃശ്യം സിനിമയുടെ മാതൃകയിൽ മൃതദേഹം കുഴിച്ചിടാനും തെളിവുകൾ മറച്ചുവെയ്ക്കാനും പ്രതികൾ ശ്രമിച്ചിരുന്നുതായി പൊലീസ് പറയുന്നു. പണം പലിശയ്ക്ക് കൊടുക്കാറുള്ള പള്ളിപ്പാട് തെക്കേക്കര കിഴക്ക് കൊണ്ടൂരേത്ത് പടീറ്റതിൽ രാജൻ (75) ആണ് കൊല്ലപ്പെട്ടത്.തെക്കേക്കര കിഴക്ക് അമ്പിയിൽ ശ്രീകാന്ത് (26) രാജന്റെ അയൽവാസികളായ കൊണ്ടൂരേത്ത് രാജേഷ് (36), കൊണ്ടൂരേത്ത് വിഷ്ണു (23) എന്നിവരാണ് അറസ്റ്റിലായത്.

രാജൻ വിമുക്തഭടനാണ്.പലിശയ്ക്കുവാങ്ങിയ പണം മടക്കികൊടുക്കാതിരിക്കാനാണ് പ്രതികൾ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി. ഏപ്രിൽ 10-ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നിന്നിറങ്ങിയ രാജനെ പിന്നീട് കാണാതാവുകയായിരുന്നു.ഒന്നാംപ്രതി ശ്രീകാന്ത് രാജന് രണ്ടുലക്ഷം രൂപയും പലിശയും നൽകാനുണ്ടായിരുന്നു. ഇത് നൽകാമെന്ന് വിശ്വസിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയശേഷം കഴുത്തിൽ വയർ മുറുക്കി കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവദിവസം ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ ഒരു കടയിലേക്കെന്നുപറഞ്ഞ് ബൈക്കിലാണ് രാജേഷും വിഷ്ണുവും വീട്ടിൽ നിന്നിറങ്ങിയത്. വീടിനടുത്ത് റോഡിലേക്ക് സി.സി.ടി.വി. ക്യാമറ വച്ചിരിക്കുന്ന കടയുടെ മുന്നിലൂടെയായിരുന്നു യാത്ര. പിന്നീട്, സി.സി.ടി.വി. ക്യാമറയില്ലാത്ത വഴിയിലൂടെ എത്തിയാണ് മൂന്ന് പ്രതികളും ചേർന്ന് രാജനെ കാറിൽ കയറ്റിക്കൊണ്ടുപോയത്. എങ്കിലും മറ്റൊരു കടയിലെ ക്യാമറയിൽ കാറിന്റെ ദൃശ്യം അവ്യക്തമായി പതിഞ്ഞിരുന്നു.

രാജനുമായി യാത്രചെയ്ത കാറിനെപ്പറ്റി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെവ്വേറെ ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവദിവസം അഞ്ച് മണിക്കൂറോളം പ്രതികൾ മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നില്ല.പള്ളിപ്പാട് ചന്തയ്ക്കുസമീപം ആൾതാമസമില്ലാത്ത വീടിന് പിന്നിലാണ് മൃതദേഹം കുഴിച്ചിട്ടത്. പാടശേഖരമായ ഇവിടം വീടിനോടുചേർത്ത് മതിൽ കെട്ടിയിരിക്കുകയാണ്. ഇതിൽ പകുതി നികത്തിയിട്ടുണ്ട്. ബാക്കികൂടി നികത്തിയാൽ കൊലപാതകം ഒരിക്കലും പുറത്തറിയില്ലായിരുന്നു. ഒന്നാംപ്രതി ശ്രീകാന്താണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിന് കാട്ടിക്കൊടുത്തത്.

മൃതദേഹം കാറിൽ സൂക്ഷിക്കുമ്പോൾത്തന്നെ രാജേഷും വിഷ്ണുവും കല്ലിശ്ശേരിയിലെ കടയിലെത്തി ഏറെനേരം ചെലവഴിച്ചിരുന്നു. രാജനെ കാണാതായ സമയത്ത് തങ്ങൾ കല്ലിശ്ശേരിയിലായിരുന്നുവെന്ന് വരുത്താനാണ് ഇതിലൂടെ പ്രതികൾ ശ്രമിച്ചത്.രാജൻ പലർക്കും പണം പലിശയ്ക്ക് കൊടുത്തിരുന്നു. രാജേഷായിരുന്നു ഇടനിലക്കാരൻ. രാജേഷിന്റെ മൊബൈൽ ഫോണിലേക്കാണ് രാജൻ അവസാനമായി വിളിച്ചത്.

തൃക്കുന്നപ്പുഴ സ്വദേശിയായ രാജൻ 48 വർഷം മുൻപ് പള്ളിപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നു. തുടർന്ന്, സൈന്യത്തിൽ ജോലികിട്ടി. ഇതിനുശേഷം തിരുവനന്തപുരം സ്വദേശിനിയെ വിവാഹം കഴിച്ച് അവിടെ താമസമാക്കി. ഒന്നരവർഷം മുമ്പ് പള്ളിപ്പാട്ട് ആദ്യ ഭാര്യയുടെ വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP