Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202226Sunday

പുനലൂരിലെ ഫയൽ കാണാതാകലിൽ പകരമെത്തി ഓഫീസർ പണിതത് പാര; മാനസിക സമ്മർദ്ദത്തിൽ ഒളിച്ചു കഴിഞ്ഞത് ഡ്രൈവർ സുഹൃത്തിന്റെ കരുത്തിൽ; മൊബൈൽ പരിശോധനയിൽ തുമ്പു കിട്ടിയപ്പോൾ എസ് ഐയുടെ സ്വന്തം കാർ അന്വേഷകർക്ക് സാരഥിയായി; ജിഎസ്ടി ഓഫീസറെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയത് സൂപ്പർ ത്രില്ലർ

പുനലൂരിലെ ഫയൽ കാണാതാകലിൽ പകരമെത്തി ഓഫീസർ പണിതത് പാര; മാനസിക സമ്മർദ്ദത്തിൽ ഒളിച്ചു കഴിഞ്ഞത് ഡ്രൈവർ സുഹൃത്തിന്റെ കരുത്തിൽ; മൊബൈൽ പരിശോധനയിൽ തുമ്പു കിട്ടിയപ്പോൾ എസ് ഐയുടെ സ്വന്തം കാർ അന്വേഷകർക്ക് സാരഥിയായി; ജിഎസ്ടി ഓഫീസറെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയത് സൂപ്പർ ത്രില്ലർ

ആർ പീയൂഷ്

കൊച്ചി: കാണാതായ ജി.എസ്.ടി ഓഫീസറെ തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തിയത് ഇൻഫോ പാർക്ക് പൊലീസിന്റെ അന്വേഷണ മികവ്. കളമശേരി സെയിൽസ് ടാക്സ് വിഭാഗത്തിലെ ജിഎസ്ടി ഓഫീസർ കൊല്ലം കൊറ്റങ്കര പേരൂർ സ്വദേശി അജികുമാറിനെയാണ് ദിവസങ്ങൾക്കകം കഠിന പ്രയത്നത്തിലൂടെ ഇൻഫോ പാർക്ക് പൊലീസ് കണ്ടെത്തിയത്. പൊലീസിന്റെ കാര്യക്ഷമതയെയും ആത്മാർത്ഥതയേയും എടുത്ത് പറഞ്ഞ് ജി.എസ്.ടി ഡെ.കമ്മീഷ്ണർ ഉൾപ്പെടെയുള്ളവർ പൊലീസിനെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.

ഏപ്രിൽ 30ന് എറണാകുളത്തു നിന്നാണ് അജികുമാറിനെ കാണാതായത്. പുനലൂർ ഓഫീസിൽ ജോലി ചെയ്തിരുന്ന സമയത്ത് ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് ഭാര്യ കൊല്ലം കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും തുമ്പൊന്നും കണ്ടുകിട്ടാതെയായതോടെ അജികുമാർ താമസിച്ചിരുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനായ ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലേക്ക് കേസ് ട്രാൻസ്ഫർ ചെയ്തു.

മെയ് എട്ടിനാണ് പരാതി ഇൻഫോ പാർക്ക് എസ്.എച്ച്.ഒ ടി.ആർ സന്തോഷിന് ലഭിച്ചത്. തുടർന്ന് അന്വേഷണത്തിനായി പ്രിൻസിപ്പൽ എസ്‌ഐ മനു പി.മേനോന് കൈമാറി. അന്ന് തന്നെ അന്വേഷണം ആരംഭിക്കുകയും 11 ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്വേഷണത്തിൽ ആകെ ലഭിച്ചത് ഇൻഫോ പാർക്കിന് സമീപമുള്ള ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ്. മൊബൈൽ ഫോൺ പ്രവർത്തന രഹിതമായതിനാൽ ആ വഴിയും അടഞ്ഞു. ഇതോടെ പൊലീസ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എസ്ഐ കെ.കെ.രാജേഷ്, എഎസ്ഐ എം വിസുനിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ യു.എ മുരളീധരൻ, സിവിൽ പൊലീസ് ഓഫിസർ എം.ആർ.ജയകുമാർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അന്വേഷണ സംഘം ആദ്യമായി ഒരു പ്രത്യേക വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഇതിൽ അജികുമാറുമായി ബന്ധപ്പെട്ട വാർത്തകളും സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ച് അന്വേഷണം തുടങ്ങി. കൂടാതെ സോഷ്യൽ മീഡിയ വഴി അജികുമാറിന്റെ ചിത്രം പ്രചരിപ്പിക്കുകയും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. ഇതോടെ വിവിധ സ്ഥലങ്ങളിൽ നിന്നും അജികുമാറിന്റെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും ലഭിച്ചു. ഇതെല്ലാം വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ എല്ലാവരും പരിശോധിച്ചു. ഗോവയിൽ അജികുമാറിന്റെ രൂപസാദൃശ്യമുള്ള ഒരാളുടെ ചിത്രവും ലഭിച്ചു. എന്നാൽ അത് അജികുാറല്ലെന്ന് സ്ഥിരീകരിച്ചു.

റെയിൽവേ സ്റ്റേഷനുകൾ മുഴുവൻ പൊലീസ് അരിച്ചു പെറുക്കി. വിവിധ സ്ഥലങ്ങളിലെ നൂറിലധികം സിസിടിവിൾ പരിശോധിച്ചു. എന്നിട്ടും തുമ്പ് കിട്ടിയില്ല. ഒടുവിൽ മൊബൈൽ ഫോണിൽ നിന്നും വിളിച്ച കോളുകൾ പരിശോധിക്കുന്നതിനിടയിൽ തമിഴ്‌നാട്ടിലുള്ള ഒരു നമ്പരിളേക്ക് കോൾ വിളിച്ചതായുള്ള വിവരം ലഭിച്ചു. തമിഴ്‌നാട് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അജികുമാർ തമിഴ്‌നാട്ടിലുണ്ടെന്ന് സ്ഥിരാകരിച്ചു. ഇതോടെ അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചു.

തമിഴ്‌നാട്ടിലേക്ക് പോകാൻ ഔദ്യോഗിക വാഹനം ലഭിച്ചില്ല. ടാക്സി വിളിച്ചു പോകുകയാണെങ്കിൽ വൻതുക ചെലവാകുകയും ചെയ്യും. ഈ സമയം പ്രിൻസിപ്പൽ എസ്‌ഐ തന്റെ സ്വകാര്യ വാഹനം വിട്ടു കൊടുക്കുകയായിരുന്നു. ഇതോടെ വളരെ വേഗം തന്നെ അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. മൊബൈൽ ഫോണിൽ വിളിച്ചാൽ സംശയം തോന്നി അജികുമാർ അവിടെ നിന്നും കടന്നു കളയാൻ സാധ്യതയുണ്ടായതിനാൽ മൊബൈൽ ഫോൺ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയായിരുന്നു തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടത്. സേലത്താണ് ആദ്യം എത്തിയത്.

എന്നാൽ അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷിച്ച് ഒടുവിൽ തൂത്തുക്കുടിയിൽ എത്തി. തൂത്തുക്കുടി ബസ് സ്റ്റാന്റിലുള്ള ഒരു ചായക്കടയിൽ അജികുമാറിന്റെ ഫോട്ടോ കാണിച്ചപ്പോൾ കടയുടമ തിരിച്ചറിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസമായി ചായകുടിക്കാൻ സ്ഥിരമായി എത്തുന്ന ആളാണെന്ന് പറഞ്ഞു. ഇതോടെ പൊലീസ് കടയുടമയോട് വിവരങ്ങൾ പറഞ്ഞ ശേഷം പരിസരത്ത് തന്നെ നിലയുറപ്പിച്ചു. രാത്രിയിൽ ഏകദേശം 11 മണിയോടെ അടുപ്പിച്ച് അജികുമാർ കടയിലേക്ക് എത്തിയതും പൊലീസ് സംഘം വളഞ്ഞു. അജികുമാറിനോട് കാണാതായ പരാതിയിൽ അന്വേഷിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് എന്ന് ബോധിപ്പിച്ചു.

പരിഭ്രാന്തനായ അജികുമാർ നാട്ടിലേക്ക് വരുന്നില്ല എന്നും ജീവിക്കാൻ താൽപര്യമില്ലെന്നും പറഞ്ഞു. പൊലീസ് ശാന്തമായി കാര്യങ്ങളെല്ലാം പറഞ്ഞ് അനുനയിപ്പിച്ചു. പിന്നീട് കൊച്ചിയിലേക്ക് കൊണ്ടു വന്നു. വാഹനത്തിലിരുന്ന് എങ്ങനെയാണ് തമിഴ്‌നാട്ടിലെത്തിയതെന്ന് അജികുമാർ പറഞ്ഞു. വാഹന പരിശോധനയിക്കിടെ പരിചയപ്പെട്ട തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറുടെ സഹായത്താലാണ് തൂത്തുക്കുടിയിൽ താമസിച്ചു വന്നത്. നാട്ടിൽ നിന്നും മാറി നിൽക്കാൻ വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു ഇവിടെ കഴിഞ്ഞത്. കൊച്ചിയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസിലാണ് തമിഴ്‌നാട്ടിലെത്തിയത്.

കോയമ്പത്തൂരിലാണ് ബസിറങ്ങിയത്. കൊച്ചിയിൽ വച്ച് തന്നെ ഓഫ് ചെയ്ത മൊബൈൽ ഫോൺ കയ്യിലിരുന്നാൽ പൊലീസ് അന്വേഷിച്ചെത്തുമോ എന്ന ഭയവും കുടുംബത്തെ വിളിക്കാൻ തോന്നിയാലോ എന്ന ആശങ്കയും മൂലം കോയമ്പത്തൂരിൽ വച്ചു തന്നെ ഫോൺ നശിപ്പിച്ചു. സിംകാർഡും ഒടിച്ചു കളഞ്ഞു. ആത്മഹത്യം ചെയ്യണമെന്ന ഉദ്ദേശമായിരുന്നു മനസ്സിൽ എന്നാൽ അതിന് മനസ്സ് അനുവദിച്ചില്ല. അതിനാലാണ് ആരും അറിയാത്ത എവിടെയെങ്കിലും ഒളിച്ചു താമസിക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് ഇവിടെ എത്തിയതെന്നുമാണ് അജികുമാർ പറഞ്ഞത്.

മുൻപ് ജോലി ചെയ്തിരുന്ന പുനലൂർ ജി.എസ്.ടി ഓഫീസിലെ ഫയലുകൾ കാണാതായ സംഭവത്തിൽ അജികുമാറിനെ പകരമെത്തിയ ഓഫീസർ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു. തന്റെ ജോലിയെ ഇത് ബാധിക്കുമെന്നുള്ള ഭയവും മറ്റുള്ളവരുടെ മുന്നിൽ നാണംകെടുമോ എന്ന ആശങ്കയുമാണ് ഒളിച്ചോടാൻ ഇടയായതെന്ന് പൊലീസ് പറഞ്ഞു. കടുത്ത മാനസിക സമ്മർദ്ദത്തിൽ തന്നെയായിരുന്നു പൊലീസ് എത്തുമ്പോഴും അജികുമാർ. ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോഴാണ് കൃത്യസമയത്ത് പൊലീസ് എത്തുന്നത്.

17 ന് കണ്ടെത്തിയ അജികുമാറിനെ കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കളുടെ ഒപ്പമയച്ചു. സോഷ്യൽ മീഡിയ ഉപയോഗിക്കുകയോ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ചെയ്യാതിരുന്നത് അന്വേഷണത്തെ ഏറെ ബാധിച്ചിരുന്നു. എങ്കിലും ഏറെ പരിശ്രമത്തിനൊടുവിൽ കണ്ടെത്താനായി. സഹ പ്രവർത്തകനെ വളരെ വേഗം കണ്ടെത്തിയതിന്റെ സന്തോഷത്തിലും അന്വേഷണ മികവും കണക്കിലെടുത്താണ് കളമശ്ശേരി ജി.എസ്.എടി ഡെ.കമ്മീഷ്ണർ അനിൽ, അസി.കമ്മീഷ്ണർ ബിജു എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചതും ആദരിച്ചതും.

പുനലൂരിൽ ജോലി ചെയ്തിരുന്ന അജികുമാർ 3 മാസം മുൻപാണ് സ്ഥലംമാറ്റം കിട്ടി എറണാകുളത്തേക്കു പോയത്. ഒരു മാസം അവിടെ ജോലി ചെയ്തശേഷം മകന്റെ പഠനാവശ്യത്തിനായി 2 മാസം അവധി എടുത്തിരുന്നു. അവധിക്കുശേഷം ജോലിയിൽ തിരികെ പ്രവേശിക്കാനായി ഏപ്രിൽ 29ന് എറണാകുളത്ത് എത്തിയ ഇദ്ദേഹം അവധി നീട്ടിയെടുത്തു. 30നു താമസിച്ചിരുന്ന മുറി ഒഴിഞ്ഞെന്നും വീട്ടിലേക്കു വരികയാണെന്നും ഭാര്യയെ ഫോണിൽ വിളിച്ചു പറഞ്ഞശേഷം ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു ചക്കിലത്ത് ഐ.പി.എസ്, ഡെപ്യൂട്ടി കമ്മീഷണർ വി.യു കുര്യാക്കോസ് ഐ.പി.എസ്, തൃക്കാക്കര എ.സി.പി പി.വി.ബേബി എന്നിവർ അന്വേഷണത്തിൻ മേൽ നോട്ടം വഹിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP