Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണം എത്തിക്കാൻ പണംമുടക്കിയ പൂക്കാട്ടിൽ റമീസ് സ്വസ്ഥമായി വീട്ടിൽ തന്നെ കിടന്നുറങ്ങിയത് അന്വേഷണം ഇങ്ങുവരെ എത്തില്ലെന്ന ആത്മവിശ്വാസത്തിൽ; ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണ്ണക്കടത്ത് കേസിൽ മലപ്പുറം സ്വദേശിയുടെ പങ്ക് പുറംലോകം അറിഞ്ഞത് അതിരാവിലെ കസ്റ്റംസ് സംഘമെത്തി കസ്റ്റഡിയിൽ എടുത്തതോടെ; പിടിയിലായത് പ്രതികൾ എത്തിക്കുന്ന സ്വർണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്നയാൾ; എൻഐഎയും കസ്റ്റംസും കച്ചകെട്ടി ഇറങ്ങിയതോടെ മലബാറിലെ കുഴൽപ്പണ മാഫിയയും ഭീതിയിൽ

സ്വർണം എത്തിക്കാൻ പണംമുടക്കിയ പൂക്കാട്ടിൽ റമീസ് സ്വസ്ഥമായി വീട്ടിൽ തന്നെ കിടന്നുറങ്ങിയത് അന്വേഷണം ഇങ്ങുവരെ എത്തില്ലെന്ന ആത്മവിശ്വാസത്തിൽ; ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണ്ണക്കടത്ത് കേസിൽ മലപ്പുറം സ്വദേശിയുടെ പങ്ക് പുറംലോകം അറിഞ്ഞത് അതിരാവിലെ കസ്റ്റംസ് സംഘമെത്തി കസ്റ്റഡിയിൽ എടുത്തതോടെ; പിടിയിലായത് പ്രതികൾ എത്തിക്കുന്ന സ്വർണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്നയാൾ; എൻഐഎയും കസ്റ്റംസും കച്ചകെട്ടി ഇറങ്ങിയതോടെ മലബാറിലെ കുഴൽപ്പണ മാഫിയയും ഭീതിയിൽ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണ്ണക്കടത്ത് കേസിൽ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയതോടെ മലബാറിലെ കുഴൽപ്പണ സംഘങ്ങളും ഭീതിയിലായി. സ്വർണക്കടത്ത് കേസിൽ സാമ്പത്തിക നിക്ഷേപം നടത്തിയതിനാണ് മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടിയത്. മലപ്പുറം പെരിന്തൽമണ്ണക്കടുത്ത വെട്ടത്തൂർ കവല സ്വദേശി പുക്കാട്ടിൽ റമീസിനെയാണ്‌ കസ്റ്റംസ് അറസ്റ്റ് ചെയ്‌തത്‌. 2015ലും ഇയാൾ സ്വർണക്കടത്തിന് അറസ്റ്റിലായിട്ടുണ്ട്. അന്ന് 17.5 കിലോ​ഗ്രാം സ്വർണവുമായാണ് ഇയാൾ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി. ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിലെ നാലാമത്തെ അറസ്റ്റാണിത്. ഈ കേസിൽ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എൻ.ഐ.എ ശനിയാഴ്‌ച്ച രാത്രി ബംഗളൂരുവിൽ വെച്ച് കസ്റ്റഡിയിൽ എടുത്തിരുന്നു.

സാധാരണ സ്വർണക്കടത്ത് കേസുകളിൽ കാരിയർമാരിൽ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നതാണ് രീതി. സ്വർണം പുറപ്പെട്ട ഉറവിടമോ ആർക്കാണ് സ്വർണം എത്തിച്ചതെന്നോ പുറംലോകം സാധാരണ അറിയാറില്ല. ഇതേ കീഴ്‌വഴക്കം തന്നെ ഈ കേസിലും ഉണ്ടാകും എന്ന ആത്മവിശ്വാസമാണ് മലപ്പുറം സ്വദേശിയെ സ്വന്തം വീട്ടിൽ സ്വസ്ഥമായി ഉറങ്ങാൻ പ്രേരിപ്പിച്ചത്. എന്നാൽ കാലവും കഥയും മാറിയതോടെ കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പുലർച്ചെ തന്നെ ആരുമറിയാതെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ ഇയാളെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോവുകയായിരുന്നു. പ്രതികൾ എത്തിക്കുന്ന സ്വർണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്ന വ്യക്തിയാണ് ഇയാൾ. സ്വർണം എങ്ങോട്ടേക്ക് പോകുന്നു എന്നതിൽ വ്യക്തമായ സൂചന ഇയാളെ ചോദ്യം ചെയ്തതിലൂടെ കസ്റ്റംസിന് ലഭിച്ചു എന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വർണം കടത്തിയത് അന്വേഷിക്കാൻ വെള്ളിയാഴ്‌ച്ച രൂപം നൽകിയ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റസിയിലെടുത്തത്. സ്വർണക്കടത്തിൽ ഇയാളുടെ നിക്ഷേപം എത്രയാണ്, മറ്റാരെല്ലാമാണ് നിക്ഷേപകർ, ഏകോപനം, കൊണ്ടുവരുന്നവർ ആരെല്ലാം, സ്വപ്ന സുരേഷും സന്ദീപ് നായർ എന്നിവരുടെ പങ്ക് എന്നിവ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകേണ്ടതുണ്ട്.

കോൺസുലേറ്റിലെ സ്വർണ കടത്ത് കേസിൽ മാത്രം ഇത് ഒതുക്കാതെ കേരളത്തിലെ എല്ലാ സ്വർണ കടത്തു കേസുകളും ക്രോഡീകരിച്ചുള്ള അന്വേഷണത്തിനാണ് എൻ.ഐ എ ഒരുങ്ങുന്നത് എന്നാണ് വിവരം. മാത്രമല്ല കുഴൽപ്പണം (ഹുണ്ടി) മാഫിയകൾക്കും ഇതിൽ കൃത്യമായ ഇടപെടലുകൾ ഉണ്ടെന്നാണ് എൻ.ഐ എ കരുതുന്നത് . കേരളത്തിൽ കേന്ദ്രീകരിച്ചു നടന്നു വരുന്ന സ്വർണക്കടത്തിന്ന് പിന്നിൽ ചില രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾക്ക് വ്യക്തമായ അറിവുണ്ടെന്നും കൊച്ചി, കോഴിക്കോട്, കൊടുവള്ളി, വടകര , തലശേരി ,കാസർകോട് സ്വർണക്കടത്തുസംഘങ്ങൾക്കു ഇവരുടെ പിന്തുണ ഉണ്ടെന്നുമാണ് കേരളാ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് നല്കിയിരിക്കുന്ന റിപ്പോർട്ട്.

സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ശരിവെക്കുന്നതാണ് കസ്റ്റംസ് കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടും. മാത്രമല്ല തിരുവനന്തപുരത്തെ നയതന്ത്രകള്ളക്കടത്തുമായി രാജ്യവിരുദ്ധ പ്രവർത്തകർക്ക് ബന്ധമുണ്ടെന്നും ദേശവിരുദ്ധസംഘടനകളുടെ വരുമാനമാർഗമാണെന്നതുൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ റിപ്പോർട്ട് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)ക്കും കൈമാറും. കാസർകോട്, കണ്ണൂർ, കോഴിക്കോടിനും പുറമെ മാഹിയും അന്വേഷണ പരിധിയിൽ വരുമെന്നാണ് സൂചന. ഇവിടങ്ങളിലെ കസ്റ്റംസ് സൂപ്രണ്ടുമാരുടെ അടിയന്തിര യോഗം കൊച്ചി കസ്റ്റംസ് കമ്മീഷണർ സുമിത്കുമാർ ഐആർ.എസ് വിളിച്ചു ചേർത്തതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇവരുടെ റിപ്പോർട് എൻ.ഐ.എ സംഘത്തിന് ഉപയോഗപ്രദമാകുമെന്നാണ് വിലയിരുത്തൽ.മാഹിക്ക് പുറമെ മലബാറിലെ നാല് ജില്ലകളിൽ നിന്നുള്ള 174 പേരുടെ വിവരങ്ങൾ ഇതിനകം രഹസ്യമായി ശേഖരിച്ചിട്ടുണ്ട്.

കേരളത്തിലാകെ വേരുകളുള്ള രണ്ട് സ്വർണാഭരണ ശാലകളും ഉത്തരകേരളത്തിലെ 14 ജൂവല്ലറികളും കൊടുവള്ളിയിൽ വേരുറപ്പിച്ചു രാഷ്ട്രീയ രംഗത്തും നിലയുറപ്പിച്ച ഒരു വ്യാപാരപ്രമുഖനും കരിപ്പൂർ കടത്തുകൾക്ക് ചുക്കാൻ പിടിക്കുന്ന കണ്ണൂരിലെ ഒരു ജനപ്രതിനിധിയും കേന്ദ്ര അന്വേഷണ സംഘത്തിന്റെ സംശയ നിഴലിലാണ്. നിലവിൽ പരാമർശിക്കപ്പെടുന്ന പേരുകൾ പലതും ചെറുമീനുകൾ മാത്രമാണെന്നും സ്രാവുകളുടെയും തിമിംഗലങ്ങളുടെയും പേരുവിവരങ്ങൾ പുറത്തുവരുമ്പോൾ കേരളത്തിൽ വരാനിരിക്കുന്നത് ഒരു വലിയ രാഷ്ട്രീയ ഭൂകമ്പമാണെന്നും വിലയിരുത്തപ്പെടുന്നു. യു.എ.ഇ. കോൺസുലേറ്റിലെ ഒരു വനിതയ്ക്കു കൊടുവള്ളി സംഘവുമായി ബന്ധമുണ്ടെന്നു കസ്റ്റംസിനും വിമാനത്താവളങ്ങളുടെ സുരക്ഷാചുമതലയുള്ള സിഐ.എസ്.എഫിനും കഴിഞ്ഞവർഷം കേരളാ സ്പെഷ്യൽ ബ്രാഞ്ച്സം വിവരം നൽകിയിട്ടും മുഖവിലയ്ക്കെടുത്തിരുന്നില്ല. സംഘത്തിലെ രണ്ടുപേർ തിരുവനന്തപുരത്തു വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നുണ്ടെന്നും അവരാണു സ്വർണവുമായി കൊടുവള്ളിക്കു പോകുന്നതെന്നും ഈ റിപ്പോർട്ടിലുണ്ട്.

രാജ്യാന്തരവിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്ത് ദേശസുരക്ഷയെ ബാധിക്കുന്നതും നിരോധിതസംഘടനകൾക്കു ജീവരക്തം നൽകുന്നതാണെന്നറിഞ്ഞിട്ടും ഇതിന്മേൽ ഗൗരവമേറിയ ഒരു അന്വേഷണം നാളിതുവരെ പ്രഖ്യാപിക്കാതിരുന്നത് ദുരൂഹതയുളവാക്കിയ വിഷയമാണ്. പിടിയിലാകുമ്പോഴൊക്കെ ഉന്നതബന്ധങ്ങൾ ഉപയോഗിച്ചാണു കള്ളക്കടത്തുസംഘങ്ങൾ രക്ഷപ്പെടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായുള്ള വന്ദേഭാരത് വിമാനങ്ങളിലും മറ്റു ചാർട്ടർ വിമാനങ്ങളിലും കടത്തിയ സ്വർണം മലബാർ ജില്ലകളിലാണ് എത്തിച്ചേർന്നത്.. ഇപ്പോൾ തിരുവനന്തപുരത്ത് പിടികൂടിയതു കേരളത്തിലെ ഏറ്റവും വലിയ സ്വർണക്കടത്തെന്നു പറയുമ്പോഴും, 2018 നവംബറിൽ ഏഴ് ജില്ലകളിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ ബൃഹത് റെയ്‌ഡിൽ പിടികൂടിയ 177 കോടി രൂപയുടെ 600 കിലോ സ്വർണത്തെക്കുറിച്ചു പലരും മൗനം ഇന്നും പാലിക്കുന്നു. അന്ന് ഇതിനെതിരെ ഒരു പ്രക്ഷോഭമോ പ്രതിഷേധമോ ഉയർന്നില്ലെന്നതും കൗതുകം പരത്തുന്ന സംഗതിയാണ്.

സ്വർണമിശ്രിതം, ഉരുക്കാനുള്ള സംവിധാനം, കടത്താനുപയോഗിക്കുന്ന അടിവസ്ത്രങ്ങൾ എന്നിവയും അന്നു ഡി.ആർ.ഐ. പിടികൂടിയിരുന്നു. അതിനുശേഷവും പല തവണയായി കോടികളുടെ സ്വർണം കൊടുവള്ളിയിലെത്തി. ഡി.ആർ.ഐ. മാത്രം രണ്ടുവർഷത്തിനിടെ 30 കോടിയോളം രൂപയുടെ സ്വർണം പിടിച്ചു.തിരുവനന്തപുരം കടത്തിന്റെ കോളിളക്കം തുടരുമ്പോൾ ഇന്നും ഇന്നലെയുമായി വിവിധ വിമാനത്താവളങ്ങളിൽ നിന്ന് പിടിച്ചത് മൂന്നു കോടി രൂപയുടെ സ്വർണമാണ്. സ്വർണക്കടത്തിനു പിടിയിലാകുന്നവർ ജാമ്യം സംഘടിപ്പിച്ചശേഷം ഗൾഫ് രാജ്യങ്ങളിലേക്കു മുങ്ങുകയും കള്ളക്കടത്ത് തുടരുകയും ചെയ്യുമ്പോൾ ഇത്തരക്കാരുടെ പാസ്പോർട്ട് റദ്ദാക്കാൻ സാധിച്ചില്ല എന്നുള്ളത് ഗുരുതര വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.

രണ്ടുവർഷം മുമ്പ് കരിപ്പൂർ സ്വർണക്കടത്ത് കേസിലെ കോഫെപോസ പ്രതിക്കുവേണ്ടി രണ്ട് എംഎൽഎമാർ ഇടപെട്ടതു വിവാദമായിരുന്നു. അവർ സെക്രട്ടേറിയറ്റിലെ ഉന്നതൻ മുഖേന ആഭ്യന്തര സെക്രട്ടറിയെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതേസമയം കടുവയെ പിടിക്കുന്ന കിടുവയെപ്പോലെ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന സംഘങ്ങൾ കോഴിക്കോട്, കണ്ണൂർ, വയനാട് ,കാസർകോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത് മാത്രമാണ് നിലവിൽ കള്ളക്കടത്തുസംഘങ്ങൾക്ക് ഭീഷണി.ഇതിന്റെ പേരിൽ നിരവധി രക്തച്ചൊരിച്ചിലുകളും ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന്നിരുന്നു. കള്ളക്കടത്ത് സ്വർണമായതിനാൽ നഷ്ടപ്പെട്ടാലും ആരും നിയമ സഹായം തേടാറില്ല. പകരം തട്ടിയ മുതലുകൾ വീണ്ടെടുക്കാൻ വാടക ഗുണ്ടാ സംഘങ്ങളെയാണ് നിയോഗിക്കാറുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP