Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

പ്രോസിക്യൂഷൻ വിസ്താരം കേൾക്കാം; തിരശ്ശീലയ്ക്ക് പിന്നിൽ ക്രോസ് വിസ്താരവും; പേരും വിലാസവും മൊഴി പകർക്കും രഹസ്യമാക്കും; സംരക്ഷിത സാക്ഷികളുടെ പേര് പുറത്തു വിടുന്നവർക്ക് തടവും പിഴ ശിക്ഷയും; സ്വർണ്ണ കടത്തിൽ എൻഐഎ കേരളത്തിന് പരിചയപ്പെടുത്തുന്നത് പുതു വിചാരണ വഴികൾ

പ്രോസിക്യൂഷൻ വിസ്താരം കേൾക്കാം; തിരശ്ശീലയ്ക്ക് പിന്നിൽ ക്രോസ് വിസ്താരവും; പേരും വിലാസവും മൊഴി പകർക്കും രഹസ്യമാക്കും; സംരക്ഷിത സാക്ഷികളുടെ പേര് പുറത്തു വിടുന്നവർക്ക് തടവും പിഴ ശിക്ഷയും; സ്വർണ്ണ കടത്തിൽ എൻഐഎ കേരളത്തിന് പരിചയപ്പെടുത്തുന്നത് പുതു വിചാരണ വഴികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്തു കേസിൽ നിർണായക മൊഴികൾ നൽകിയ 10 സംരക്ഷിത സാക്ഷികളുടെ വിവരം പുറത്തുവിടുന്നവർക്ക് 3 വർഷം വരെ തടവും പിഴയും ശിക്ഷ കിട്ടും. തീവ്രവാദ കേസിൽ അട്ടിമറിയുണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാനാണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നിർണായക നീക്കം. ഇവരുടെ വിവരം പുറത്തുവിട്ടാൽ 3 വർഷം വരെ തടവും പിഴയും ചുമത്താവുന്ന വകുപ്പുകൾ ചുമത്താൻ കോടതിയുടെ അനുവാദം തേടി.

ഈ സാക്ഷികളുടെ പേര്, വിലാസം, മൊഴികളുടെ പകർപ്പ് എന്നിവ പ്രതിഭാഗത്തിനു ലഭിക്കില്ല. ഈ സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കുന്നതു പ്രതിഭാഗത്തിനു കേൾക്കാം. അതിനു ശേഷം ഈ സാക്ഷികളെ തിരശീലയ്ക്കു പിന്നിൽ നിർത്തി പ്രതിഭാഗത്തിനു ക്രോസ് വിസ്താരം നടത്താം. പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്ന ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും ഒഴിവാക്കണം. ഇതിലൂടെ സാക്ഷിയുടെ ജീവനും സ്വത്തിനും പ്രശ്‌നമുണ്ടാകില്ലെന്ന് ഉറപ്പിക്കുകയാണ് എൻഐഎ.

കേസിൽ സന്ദീപ് നായർ അടക്കം 5 പ്രതികളെ മാപ്പുസാക്ഷികളാക്കി വിചാരണ നടപടികൾ ഉടൻ ആരംഭിക്കാനാണ് നീക്കം. സ്വർണക്കടത്തിലൂടെ നേടിയ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വിനിയോഗിച്ചതു സംബന്ധിച്ച നിർണായക വിവരങ്ങൾ നൽകിയ 10 സാക്ഷികൾക്കാണ് സംരക്ഷണം. ഇവരുടെ ജീവനു ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് പുതിയ നീക്കങ്ങൾ.

സാക്ഷികളെ സംരക്ഷിക്കാൻ അന്വേഷണ സംഘം ഉപയോഗപ്പെടുത്തുന്നതു 2 നിയമങ്ങളാണ്. എൻഐഎ നിയമത്തിലെ 17ാം വകുപ്പും യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) 44ാം വകുപ്പുമാണു ഇത്. വിചാരണ നടപടികൾ പൂർത്തിയാക്കിയ ശേഷവും സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കും. സാക്ഷികൾക്കു നേരിട്ടോ അന്വേഷണ ഉദ്യോഗസ്ഥനോ വിചാരണക്കോടതിക്കു സ്വമേധയോ സാക്ഷികളെ സംരക്ഷിക്കാൻ ഈ വകുപ്പുകൾ ഉപയോഗപ്പെടുത്താം. ഇത്തരത്തിൽ നിയമ സംരക്ഷണം ലഭിക്കുന്ന സാക്ഷികളുടെ വിവരങ്ങൾ പുറത്തുവിടുന്നവർക്കു ശിക്ഷയും ലഭിക്കും.

അതിനിടെ സ്വർണക്കടത്തു കേസിലെ പ്രതികളായ എം.ശിവശങ്കർ, കെ.ടി.റമീസ്, സ്വപ്ന സുരേഷ്,പി.എസ്.സരിത്ത്, സന്ദീപ് നായർ, എ.എം.ജലാൽ, മുഹമ്മദ് ഷാഫി എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്കു കൂടി നീട്ടി. കസ്റ്റംസ് കേസിലാണ് ഇത്. എൻഐഎയുടെ പ്രതിപ്പട്ടികയിൽ ഇനിയും ശിവശങ്കർ കടന്നു വന്നിട്ടില്ല.

ഉന്നത സ്വാധീനമുള്ള പ്രതികൾ ജാമ്യത്തിൽ ഇറങ്ങുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചാണു സാമ്പത്തിക കുറ്റവിചാരണക്കോടതിയുടെ നടപടി. സ്വർണക്കടത്തിന്റെ ഭാഗമായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നു കാണിച്ചു എം.ശിവശങ്കർ സമർപ്പിച്ച ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.

ഐഎഎസ് ഉദ്യോഗസ്ഥനായ തനിക്കെതിരെ കുറ്റപത്രം സമർപ്പിക്കും മുൻപ് ഇഡി സംസ്ഥാന സർക്കാരിന്റെ മുൻകൂട്ടിയുള്ള വിചാരണാനുമതി തേടിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP