Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

മൂന്ന് വിവാഹം കഴിച്ച സംഘത്തലവന് മകൾ ഷഹ്നാസിനെ വിവാഹം കഴിച്ചു കൊടുക്കാത്തത് ഭീഷണിയായി; അവർ കൊല്ലുമെന്ന ഭയമുണ്ടെന്ന കടയ്ക്കൽ സ്വദേശിനിയുടെ വെളിപ്പെടുത്തൽ എത്തിയത് എൻഐഎ സംഘം വിമാനം ഇറങ്ങിയപ്പോൾ; അന്വേഷണം വഴി തെറ്റിക്കാനും ഇരവാദമുയർത്തി രക്ഷപ്പെടാനും മാഫിയാ സംഘങ്ങൾ കള്ളക്കളി തുടങ്ങിയെന്ന തിരിച്ചറവിൽ യുഎഇയിൽ എത്തിയ അന്വേഷണ സംഘം; ബ്യൂട്ടീഷ്യനായ തയ്യൽകടക്കാരിയുടേത് മാപ്പുസാക്ഷിയാകാനുള്ള ഗൂഡ നീക്കം; ഷീജയെ അറസ്റ്റ് ചെയ്യുന്നത് പരിഗണിച്ച് എൻഐഎ

മൂന്ന് വിവാഹം കഴിച്ച സംഘത്തലവന് മകൾ ഷഹ്നാസിനെ വിവാഹം കഴിച്ചു കൊടുക്കാത്തത് ഭീഷണിയായി; അവർ കൊല്ലുമെന്ന ഭയമുണ്ടെന്ന കടയ്ക്കൽ സ്വദേശിനിയുടെ വെളിപ്പെടുത്തൽ എത്തിയത് എൻഐഎ സംഘം വിമാനം ഇറങ്ങിയപ്പോൾ; അന്വേഷണം വഴി തെറ്റിക്കാനും ഇരവാദമുയർത്തി രക്ഷപ്പെടാനും മാഫിയാ സംഘങ്ങൾ കള്ളക്കളി തുടങ്ങിയെന്ന തിരിച്ചറവിൽ യുഎഇയിൽ എത്തിയ അന്വേഷണ സംഘം; ബ്യൂട്ടീഷ്യനായ തയ്യൽകടക്കാരിയുടേത് മാപ്പുസാക്ഷിയാകാനുള്ള ഗൂഡ നീക്കം; ഷീജയെ അറസ്റ്റ് ചെയ്യുന്നത് പരിഗണിച്ച് എൻഐഎ

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: എൻഐഎ സംഘം ദുബായിൽ എത്തിയതോടെ സ്വർണ്ണ കടത്ത് സംഘങ്ങളിൽ പൊട്ടിത്തെറി. യുഎഇയിലെ സ്വർണക്കടത്ത് സംഘം മകളുടെ വിവാഹം മുടക്കിയതായി ഇവരുടെ വലയിൽ കുടുങ്ങിയ തിരുവനന്തപുരം കടയ്ക്കൽ സ്വദേശി ഷീജയുടെ വെളിപ്പെടുത്തലും എൻഐഎ പിടിക്കുമെന്ന പേടി മൂലമാണെന്നാണ് വിലിയുര്ത്തൽ. ഷീജയെ എൻഐഎ ചോദ്യം ചെയ്യാൻ സാധ്യത ഏറൊണ്. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണ കടത്തിലെ പ്രധാന കണ്ണിയാണ് അവരെന്ന സംശയം എൻഐഎയ്ക്കുണ്ട്. ഇത് മനസ്സിലാക്കിയാണ് അവർ മാധ്യമങ്ങളിലൂടെ നിലപാട് വിശദികരിക്കുന്നതെന്നാണ് സംശയം. ഈ ഘട്ടത്തിൽ പരസ്യ വെളിപ്പെടുത്തലുകൾ നടത്തുന്നതിന് പിന്നിൽ അറസ്റ്റ് ഭയമാണെന്ന വിലയിരുത്തലും സജീവാണ്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എൻ.ഐ.എ സംഘത്തിന് യു.എ.ഇയിലേക്ക് പോകുന്നതിനുള്ള അനുമതി നൽകിയത്. സ്വർണക്കടത്തിനു പിന്നിലെ ഹവാല ശൃംഖലയെക്കുറിച്ചായിരിക്കും എൻ.ഐ.എ സംഘം പ്രധാനമായും അന്വേഷിക്കുക. ഹവാല ഇടപാടിലൂടെയുള്ള പണം എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്, യു.എ.ഇയിൽ നിന്ന് ആരൊക്കെയാണ് ഇടപാടുകളെ നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളും വിദേശത്തുള്ള എൻ.ഐ.എ സംഘം അന്വേഷിക്കുന്നുണ്ട്. ഇതിനിടെയാണ് നിർണ്ണായക വെളിപ്പെടുത്തലുമായി ഷീജ എത്തുന്നത്. ഇത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്തു ശേഷം കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ ചോജ്യം ചെയ്ത ശേഷം ഷീജയുടെ കാര്യത്തിൽ എൻഐഎ തീരുമാനം എടുക്കും.

Stories you may Like

സ്വപ്‌ന സുരേഷിന്റെ സ്വർണ്ണ കടത്ത് അതിവിദഗ്ധമായാണ് കസ്റ്റംസ് പിടിച്ചത്. നയതന്ത്ര കടത്തിലൂടെ കോടികളുടെ സ്വർണ്ണമാണ് കോവിഡുകാലത്ത് കേരളത്തിലെത്തിയത്. ദുബായിലുള്ള ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുകയെന്ന പ്രധാന ലക്ഷ്യത്തോടെയാണ് എൻഐഎ സംഘം ദുബായിലെത്തിയത്. എന്നാൽ സ്വർണ്ണ കടത്തിലെ മലയാളി വേരുകൾ പൂർണ്ണമായും തകർക്കുകയെന്നതാണ് ലക്ഷ്യം. ഇത് മനസ്സിലാക്കിയാണ് ഷീജ വെളിപ്പെടുത്തലുകളുമായി എത്തിയത്. എന്നാൽ ഷീജയുടെ ഇരവാദം എൻഐഎ വിശ്വസിക്കുന്നില്ല. പാലക്കാട് ഹോട്ടൽ മാനേജ്‌മെന്റിന് പഠിക്കുന്ന രണ്ടാമത്തെ മകൾ ഷഹ്നാസിന് നല്ലൊരു കുടുംബത്തിൽ നിന്ന് വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ, മകളെ വിവാഹം കഴിച്ചുകൊടുക്കാത്തതിന്റെ പേരിൽ ദ്രോഹിക്കുന്ന വയനാട് സ്വദേശിയായ സ്വർണക്കടത്ത് തലവന്റെ അനുയായികൾ വരന്റെ വീട്ടിൽ ചെന്ന് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നുവെന്ന് ഷീജ ആരോപിക്കുന്നു.

അവരെന്നെയും മക്കളെയും കൊല്ലുമെന്നാണ് താൻ യുഎഇ സ്വർണക്കടത്ത് സംഘത്തിൽ കുടുങ്ങിയ മലയാളി യുവതിയെന്ന തരത്തിൽ കാര്യങ്ങള് ചർച്ചയാക്കി ഷീജയുടെ രംഗപ്രവേശം. എന്നാൽ എൻഐഎ ദുബായിൽ എത്തിയപ്പോൾ തന്നെ ഈ വെളിപ്പെടുത്തലുകൾ നടത്തുന്നതിനോട് പൊതുവേ സംശയമാണ് ഉയരുന്നത്. മകൾ ഏറെ കാലം ജയിൽശിക്ഷ അനുഭവിച്ചതാണെന്നു പോലും പറഞ്ഞുവിശ്വസിപ്പിച്ചു. വരനായ യുവാവ് തന്നെയാണ് തങ്ങളോട് ഇക്കാര്യം പറഞ്ഞത്. കൂടാതെ, മകളുടെ സമൂഹമാധ്യമ പേജുകളിൽ നിന്ന് കോളജിലെ സുഹൃത്തുക്കളോടൊന്നിച്ചുള്ള ചിത്രങ്ങൾ എടുത്ത് അപകീർത്തിപ്പെടുത്തുകയാണെന്നും ഷാർജയിൽ താമസിക്കുന്ന ഷീജ പറഞ്ഞു.

കള്ളക്കടത്ത് സംഘം ഭീഷണി തുടരുന്നുണ്ട്. ഇവരെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും ആർക്കു മുൻപിൽ വേണമെങ്കിലും പറയാൻ തയാറാണ്. പക്ഷേ, എന്റെയും മൂന്ന് മക്കളുടെയും ജീവൻ അപകടത്തിലാണ്, ഞങ്ങളെ രക്ഷിക്കണം. ഫൈസൽ ഫരീദിന്റെ പേര് വയനാട് സ്വദേശിയിൽ നിന്നും സംഘാംഗങ്ങളിൽ നിന്നും പലപ്രാവശ്യം കേട്ടിരുന്നുവെന്നും ഇവർ തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്നാണ് കരുതുന്നതെന്നും ഷീജ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ നിന്ന് തന്നെ സ്വപ്‌നാ സുരേഷ് ഗ്യാങ്ങുമായി ഇവർക്കും ബന്ധമുണ്ടെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ ഇവരെ ചോദ്യം ചെയ്യും. എൻഐഎ കേസിൽ മാപ്പുസാക്ഷിയായി രക്ഷപ്പെടാനുള്ള തന്ത്രമാണ് ഷീജയുടേതെന്ന സംശയവും ഉണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ ഈ വിഷയത്തിൽ എൻഐഎ തീരുമാനം എടുക്കൂ. ഷീജയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.

ഷാർജയിൽ തയ്യൽക്കടയും ബ്യൂട്ടി പാർലറും നടത്തിയാണ് കുടുംബം നോക്കുന്നത്. ഭർത്താവ് നേരത്തെ മറ്റൊരു വിവാഹം കഴിച്ച് മാറിപ്പോയി. 14 വർഷമായി യുഎഇയിലുള്ള ഇവർ ബിസിനസ് ചെയ്ത് സമാധാനപരമായ ജീവിതം നയിച്ചുവരികയായിരുന്നു. ഇതിനിടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകി. മകൻ ഇപ്പോൾ യുഎഇയിൽ ജോലി അന്വേഷിക്കുന്നു. ഒൻപത് മാസം മുൻപാണ് യുഎഇയിലെ സ്വർണക്കടത്തു സംഘവുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് പരിചയപ്പെടുത്തിയ വയനാട് സ്വദേശിയായ സംഘത്തലവനുമായി സൗഹൃദത്തിലാകുന്നത്. ഇയാളുടെ പ്രേരണയിൽ നാട്ടിലെ വീടും പറമ്പും വിറ്റുകിട്ടിയ 48 ലക്ഷം രൂപയിൽ നിന്ന് 1.38 ലക്ഷം ദിർഹം (28 ലക്ഷത്തിലേറെ രൂപ) സ്വർണക്കടത്തു 'ബിസിനസി'ൽ പങ്കാളിയാകാൻ നൽകുകയായിരുന്നുവെന്നും അവർ സമ്മതിക്കുന്നു.

മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസച്ചെലവുകൾക്കും ഉപകരിക്കുംവിധം പ്രതിദിനം വലിയൊരു സംഖ്യ ലാഭവിഹിതം നൽകാമെന്നു വാഗ്ദാനം ചെയ്തതിനാലാണ് ആ വാക്കുകളിൽ വീണുപോയതെന്ന് ഇവർ പറയുന്നു. നഷ്ടപ്പെട്ട വീടിനേക്കാളും വലിയ വീട് മാസങ്ങൾക്കകം പണിതുയർത്താൻ സാധിക്കുമെന്നു പറഞ്ഞും പ്രലോഭിപ്പിച്ചു. ലാഭവിഹിതം ഒന്നിച്ച് നൽകിയാൽ മതിയൈന്നു പറഞ്ഞപ്പോൾ ആ കാലയളവിലെ ലാഭം കൂടി നൽകാമെന്നും ഉറപ്പു നൽകിയതോടെ മറ്റൊന്നും ആലോചിക്കാതെ യാതൊരു രേഖയുമില്ലാതെ പണം കൈമാറുകയായിരുന്നു. പിന്നീട് മൂത്ത മകളുടെ കല്യാണമായപ്പോൾ 93,000 ദിർഹം തിരികെ വാങ്ങി. ബാക്കി തുക ലാഭവിവിഹം ചേർത്ത് നാട്ടിൽ കൈമാറാമെന്നും വിശ്വസിപ്പിച്ചു-അവർ പറയുന്നു.

നേരത്തെ മൂന്ന് വിവാഹം കഴിച്ച സംഘത്തലവൻ മകൾ ഷഹ്നാസിനെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും സമ്മതിക്കാത്തതിനെ തുടർന്ന് തന്നോടും കുടുംബത്തോടും പക വീട്ടുകയാണെന്നും കൊല്ലുമെന്ന ഭയമുണ്ടെന്നും യുവതി പറയുന്നു. പാലക്കാട് ഹോട്ടലിൽ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതടക്കം നാട്ടിൽ പൊലീസിൽ പരാതി നൽകാൻ പോകുകയായിരുന്ന തന്നെ ആളുകളെ വിട്ട് തടയുകയും ചെയ്തു-ഷീജ കൂട്ടിച്ചേർത്തു.

സ്വർണം പൊടിച്ച് കുഴമ്പുരൂപത്തിലാക്കിയാണ് കേരളത്തിലേയ്ക്ക് സ്വർണക്കള്ളക്കടത്ത് നടത്തുന്നതെന്ന് ഷീജ വെളിപ്പെടുത്തുന്നു. ദെയ്റയിലെ ഒരു ജൂവലറിയാണ് എല്ലാത്തിനും കൂട്ടുനിൽക്കുന്നത്. സ്ത്രീകൾ, കുട്ടികൾ, പുരുഷന്മാർ എന്നിവരെ കൂടാതെ പ്രായമുള്ള സ്ത്രീകളെയും കാരിയർമാരായി നിയോഗിക്കുന്നു. യുഎഇയിലെ ഗ്രോസറി, കഫ്റ്റീരിയ തുടങ്ങിയ ഇടങ്ങളിൽ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരെ വലവീശിപ്പിടിക്കാൻ പ്രത്യേക സംഘം തന്നെയുണ്ട്. ഇവർക്ക് വിമാന ടിക്കറ്റും അമ്പതിനായിരത്തോളം രൂപയുമാണ് പ്രതിഫലം നൽകുക. നാട്ടിൽ വരുന്നവർക്ക് സന്ദർശക വീസയും വിമാന ടിക്കറ്റും പണവും നൽകും.

പ്രോട്ടീൻ പൊടി കൂടി ചേർത്ത് കുഴമ്പു രൂപത്തിലാക്കുന്ന സ്വർണം കാരിയർമാരിൽ പുരുഷന്മാർക്ക് ഗുളിക രൂപത്തിലും സ്ത്രീകൾക്ക് സാനിറ്ററി പാഡിലും പ്രായമുള്ള സ്ത്രീകൾക്ക് ബ്രേസിയറിനകത്തും കുട്ടികൾക്ക് ഡയഫേഴ്സിലും ഒളിപ്പിച്ചാണ് നൽകുന്നത്. ഗുളികരൂപത്തിലുള്ള സ്വർണം പുരുഷന്മാരുടെ മലദ്വാരത്തിലടക്കം കൃത്യസ്ഥാനത്ത് വച്ചു കഴിഞ്ഞാൽ വിമാനത്താവളങ്ങളിലുപയോഗിക്കുന്നതുപോലുള്ള ഡിറ്റക്ടർ ഉപയോഗിച്ച് പിടിക്കപ്പെടാനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തും. തുടർന്ന് ഇവരെ വിമാനത്താവളങ്ങളിൽ കൊണ്ടുപോയി വിടും. നാട്ടിൽ സ്വർണം തിരികെ വാങ്ങാൻ സംഘാംഗങ്ങളെത്തും. പാഡുകൾ ചൂടു വെള്ളത്തിലിട്ട് കഴിഞ്ഞാൽ അതിൽ നിന്ന് സ്വർണം മാത്രം വേർതിരിഞ്ഞുവരുന്നതോടെ ലക്ഷങ്ങൾ കൈയിലാകും. ആരെങ്കിലും സ്വർണം തിരിച്ചേൽപിക്കാതെ മുങ്ങിയാൽ ഇവരെ കണ്ടെത്തി ക്രൂരമായി മർദിച്ച് വാങ്ങിക്കാൻ പ്രത്യേക ടീമുകളുമുണ്ട്.

അതേസമയം അടുത്തകാലത്തായി സ്ത്രീകളാണ് കൂടുതലായും കാരിയർമാരായി എത്തുന്നതെന്നാണ് ഷീജ പറയുന്നത്. ഇതിനായി മാത്രം കേരളത്തിൽ നിന്ന് വരുന്നവരുണ്ടെന്നും ഇവർ വെളിപ്പെടുത്തുന്നു. ഇവർക്ക് ഒരു മാസത്തോളം ഇവിടെ സുഖിച്ചു കഴിയാനുള്ള സൗകര്യം സ്വർണ കള്ളക്കടത്തുകാർ ഏർപ്പാടാക്കുന്നു. സംഘത്തലവൻ ഒരിക്കൽ തന്റെ സഹോദരിയെയും മക്കളെയും കൊണ്ടുവന്ന് വൻതോതിൽ സ്വർണം കടത്തിയതായും ഇവർ പറഞ്ഞു. മിക്ക കാരിയർമാരും ഒന്നര കിലോ സ്വർണമാണ് കൊണ്ടുപോകാറ്. ചിലർ ആറ് കിലോ വരെ കൊണ്ടുപോകും.

തിരുവനന്തപുരത്തെ നയതന്ത്ര ബാഗേജിലെ സ്വർണക്കളക്കടത്ത് കേസിലെ പ്രതിയായ ദുബായിലെ ഫൈസൽ ഫരീദിന്റെ പേര് താൻ ഒട്ടേറെ തവണ ഈ സംഘത്തിൽ നിന്ന് കേട്ടിരുന്നതായി ഷീജ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ ഒട്ടേറെ അംഗങ്ങളുള്ള വിശാലമായ കള്ളക്കടത്ത് സംഘത്തിലാണ് ഈ യുവതി ഉൾപ്പെട്ടത്. യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മലയാളികളാണ് ഏറ്റവും കൂടുതൽ സ്വർണം കടത്തുന്നതെന്നും ഇതര സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങൾ വഴിയും കടത്താറുണ്ടെന്നും വെളിപ്പെടുത്തി. തന്റെ രണ്ടാമത്തെ മകളെ വിവാഹം കഴിക്കാൻ സംഘത്തലവൻ പ്രകടിപ്പിച്ച ആഗ്രഹം തിരസ്‌കരിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നതെന്ന് ഷീജ പറയുന്നത്.

ആ ആഗ്രഹം നടക്കില്ലെന്ന് പറഞ്ഞതോടെ ഇയാൾക്ക് തന്നോട് ശത്രുതയായി. ഇതറിയാതെ ഒരിക്കൽ ഇയാളോട് സഹായം തേടേണ്ടി വന്നു. മകൾക്ക് കോളജിൽ അവധി ലഭിച്ചപ്പോൾ യുഎഇയിലേയ്ക്ക് വരാൻ അന്ന് നാട്ടിലുണ്ടായിരുന്ന സംഘത്തലവന്റെ സഹായം ആവശ്യപ്പെട്ടു. ശത്രുത മറച്ചുവച്ച് ഇയാൾ മകളെ കോളജിൽ ചെന്ന് കൂട്ടി. കൂടെ, ഇയാളുടെ സംഘത്തിലെ ഒരാളുമുണ്ടായിരുന്നു. എന്നാൽ, വിമാനം വൈകിയാണ് പുറപ്പെടുക എന്ന് തെറ്റിദ്ധരിപ്പിച്ച് ഇവർ പാലക്കാട് ഹോട്ടലിൽ മുറിയെടുത്തു. പിതാവും മകളും എന്നായിരുന്നു തലവൻ ഹോട്ടലുകാരോട് പറഞ്ഞിരുന്നത്.

കൂടെയുണ്ടായിരുന്നയാളെ ഭക്ഷണം വാങ്ങിക്കാൻ പറഞ്ഞയച്ച ശേഷം ഇയാൾ മകളെ ഉപദ്രവിക്കാൻ ശ്രമിച്ചതായും, എന്നാൽ മകൾ കുളിമുറിയിൽ കയറി രക്ഷപ്പെട്ടെന്നും ഷീജ പരാതിപ്പെടുന്നു. ഭക്ഷണം വാങ്ങി വന്നയാളാണ് മകളെ രക്ഷപ്പെടുത്തിയത്. ഷാർജയിലെത്തിയ മകൾ, തലവന് നൽകിയ പണം തിരിച്ചുവാങ്ങാനും അവരുമായി എല്ലാ ബന്ധവും ഉപേക്ഷിക്കാനും ഷീജയെ നിർബന്ധിച്ചു. പിന്നീട് അവധി കഴിഞ്ഞ് മകൾ കോളജിലേയ്ക്ക് മടങ്ങിയ ശേഷം അന്ന് രക്ഷപ്പെടുത്തിയ ആളാണ് പാലക്കാട് ഹോട്ടലിലുണ്ടായ സംഭവം ഷീജയെ അറിയിച്ചതത്രെ. ഇതോടെ ഷീജയ്ക്ക് സംഘത്തലവനോടും ശത്രുതയാവുകയും ബാക്കി കിട്ടാനുള്ള പണം ആവശ്യപ്പെടുകയും ചെയ്തു.

യുഎഇയിലുള്ള, ഗ്രോസറി ജീവനക്കാരനായ തലവന്റെ സഹായി വഴി തന്നെയും മകളെയും വകവരുത്തുമെന്ന് ഇപ്പോൾ ഭീഷണി മുഴക്കുകയാണെന്ന് ഷീജ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ നിന്ന് മക്കളുടെ ചിത്രങ്ങൾ എടുത്ത് പലർക്കും അയച്ചുകൊടുക്കുന്നതായും കള്ളങ്ങൾ പറഞ്ഞ് ശബ്ദസന്ദേശമയക്കുന്നതായും ഷീജ പരാതിപ്പെടുന്നു. കൂടാതെ, സംഘാംഗങ്ങൾ നാട്ടിൽ പ്രായമുള്ള മാതാപിതാക്കളടക്കമുള്ളവരെയും ഭീഷണിപ്പെടുത്തുന്നു. നാട്ടിൽ പൊലീസിൽ പരാതിപ്പെടാനായി പോകാൻ തീരുമാനിച്ചപ്പോൾ എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിമുഴക്കിയതിനാൽ ഭയന്ന് പിന്മാറുകയായിരുന്നുവത്രെ. കൂടാതെ തങ്ങളെ സഹായിച്ചയാളെ ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നും പറഞ്ഞു.

ഭർത്താവില്ലാതെ വളരെ കഷ്ടപ്പെട്ടാണ് താൻ മക്കളെ വളർത്തിയതെന്നും മനസമാധാനത്തോടെ ജീവിക്കാൻ സാഹചര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഷീജയുടെ മൂത്തമകൾ ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഇവർ പറഞ്ഞു. എന്നാൽ, ഷാർജ ഇന്ത്യൻ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രവർത്തകനെ പ്രശ്നപരിഹാരത്തിനായി കോൺസുലേറ്റ് ഏർപ്പാടാക്കി തരികയാണ് ചെയ്തത്. ഇദ്ദേഹം പക്ഷേ, ഇപ്പോൾ ഫോണിൽക്കൂടി പോലും പ്രതികരിക്കുന്നില്ല. എല്ലാവരെയും കള്ളക്കടത്തു സംഘം കൈയിലാക്കിയിരിക്കുകയാണെന്നും ഷീജ ആരോപിക്കുന്നു. തന്നെ ഉപദ്രവിക്കുന്നവരെയും സ്വർണക്കള്ളക്കടത്തിന്റെ രഹസ്യങ്ങളും ആരുടെ മുൻപിലും വെളിപ്പെടുത്താനും ഇവർ തയാറാണ്. അവരെന്നെയും മക്കളെയും കൊല്ലും. അതിന് മുൻപ് രക്ഷിക്കണം നിരാലംബയായ ഈ സ്ത്രീ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നു.

അതേസമയം ഷീജയെ കുറിച്ച് കള്ളക്കടത്തു സംഘം പറയുന്നത് മറ്റൊന്നാണ്. ആറ് കിലോ സ്വർണം തിരികെ തരാതെ മുക്കിയെന്നാണ് ഇവരുടെ ആക്ഷേപം. ഷീജ കൈപ്പറ്റിയ ആറ് കിലോ സ്വർണം തിരികെ തരാതെ മുക്കിയതായി കള്ളക്കടത്തുകാർ ആരോപിക്കുന്നു. ഇത്തരത്തിലുള്ള ഒരു ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. അതിൽ പറയുന്നത് ഇപ്രകാരമാണ്: 'തങ്ങളുടെ കാരിയറായ ഷീജ എന്ന സ്ത്രീയും അവരുടെ മകളും സ്വർണവുമായി നാട്ടിലേയ്ക്ക് പോകാനായി വിമാനത്താവളത്തിലെത്തി. എന്നാൽ, മകളും മാത്രമേ പോയുള്ളൂ. ഷീജ ആരും കാണാതെ വിമാനത്താവളത്തിൽ നിന്ന് സ്വർണവുമായി തിരികെ വന്നു. ഷാർജയിൽ താമസിക്കുന്ന ഷീജയെ കണ്ടുകിട്ടുന്നവർ വിവരം കൈമാറണമെന്നും' ശബ്ദ സന്ദേശത്തിൽ പറയുന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യവുമായി യുഎഇയിൽ നിന്ന് നാടുവിട്ട ഈ സ്ത്രീകൾ ഇപ്പോൾ ഷാർജയിലുണ്ടെന്നും ഇവരെ കണ്ടെത്തുന്നവർ പൊലീസിൽ വിവരം ധരിപ്പിക്കണമെന്നുമാണ് വാട്സാപ്പിൽ പ്രചരിപ്പിക്കുന്ന ഷീജയുടെയും മകളുടെയും ചിത്രത്തോടൊപ്പമുള്ള സന്ദേശം.

അതേസമയം എൻഐഎ സംഘം ദുബായിലെത്തിയതിന് പിന്നാലെയുള്ള യുവതിയുടെ വെളിപ്പെടുത്തലിന് പിന്നിൽ എന്താണുള്ളതെന്ന് അന്വേഷണ സംഘം അന്വേഷിക്കും. കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിനെ വിശദമായി ചോദ്യം ചെയ്യുകയാണ് എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ദൗത്യം. ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസൽ ഫരീദിനെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനും നീക്കമുണ്ട്. അറ്റാഷെയെ ചോദ്യം ചെയ്യാൻ അനുമതി തേടിയിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. മറ്റൊരു പ്രതിയായ റെബിൻസനെ കസ്റ്റഡിയിലെടുക്കാനും ദുബായ് പൊലീസിന്റെ സഹായം തേടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP