Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണ കടത്തിലെ വിദേശ ബന്ധം പൊളിക്കാൻ എൻഐഎ അന്വേഷണം; ദുബായ് കേന്ദ്രീകരിച്ച് തീവ്രവാദ ബന്ധമുള്ളവർ ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കാൻ വൻ തോതിൽ ഫണ്ട് ഒഴുക്കുന്നുവെന്ന വിലയിരുത്തൽ നിർണ്ണായകമായി; നയതന്ത്ര ബാഗിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് കേസ് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി എത്തുമ്പോൾ പ്രതികൾക്കെല്ലാം അനിശ്ചിതകാല ജയിൽ വാസവും ഉറപ്പ്; നയതന്ത്ര പരിരക്ഷയിൽ രക്ഷപ്പെടാൻ പഴുതു തേടി സ്വപ്‌നാ സുരേഷും; ഇനി അന്വേഷണം സ്വർണ്ണത്തിന്റെ ഉറവിടത്തിലേക്ക്

സ്വർണ്ണ കടത്തിലെ വിദേശ ബന്ധം പൊളിക്കാൻ എൻഐഎ അന്വേഷണം; ദുബായ് കേന്ദ്രീകരിച്ച് തീവ്രവാദ ബന്ധമുള്ളവർ ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കാൻ വൻ തോതിൽ ഫണ്ട് ഒഴുക്കുന്നുവെന്ന വിലയിരുത്തൽ നിർണ്ണായകമായി; നയതന്ത്ര ബാഗിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് കേസ് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി എത്തുമ്പോൾ പ്രതികൾക്കെല്ലാം അനിശ്ചിതകാല ജയിൽ വാസവും ഉറപ്പ്; നയതന്ത്ര പരിരക്ഷയിൽ രക്ഷപ്പെടാൻ പഴുതു തേടി സ്വപ്‌നാ സുരേഷും; ഇനി അന്വേഷണം സ്വർണ്ണത്തിന്റെ ഉറവിടത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നയതന്ത്ര ബാഗിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് കേസ് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി എത്തുമ്പോൾ പ്രതികൾക്കെല്ലാം അത് വലിയ തിരിച്ചടിയാകും. എല്ലാ പ്രതികൾക്കും എതിരെ ദേശ വിരുദ്ധ-ഭീകരവിരുദ്ധ കുറ്റങ്ങൾ ചുമത്താൻ കാരണമാകും. ജാമ്യമില്ലാതെ ഏറെ നാൾ പ്രതികൾക്ക് ജയിലിലും കിടക്കേണ്ടി വരും. കുറ്റപത്രം സമർപ്പിക്കാൻ വൈകിയാൽ പോലും രാജ്യസുരക്ഷാ കുറ്റം ചുമത്തിയിൽ ജയിൽ മോചനം എളുപ്പമാകില്ല. അങ്ങനെ അതിസങ്കീർണ്ണ സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.

യു.എ.ഇ. കോൺസുലേറ്റിനുമേൽ കുറ്റം ചാർത്താനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം സ്വപ്നയുടെ ഭാഗത്തുനിന്നുണ്ടെന്ന് നിയമവൃത്തങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസിൽ നിന്ന് കേസ് എൻ ഐ എയിലേക്ക് എത്തുന്നത്. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയ കേസായതിനാൽ കസ്റ്റംസിന് അന്വേഷണത്തിന് പരിമിതികളുണ്ട്. കോൺസുലേറ്റിന്റെമേൽ കുറ്റങ്ങൾ ചാരാനുള്ള നീക്കം നടക്കുമ്പോൾ കാര്യങ്ങൾ സങ്കീർണ്ണമാകും. കോൺസുലേറ്റിലെ കീഴ്ജീവനക്കാരെ ചോദ്യം ചെയ്യുന്നതിൽപോലും നയതന്ത്രപരമായ തടസ്സമുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം പ്രതിസന്ധിയിലാക്കാനുള്ള സാധ്യത ഏറെയാണ്.

എൻ ഐ എയുടെ കൊച്ചി യൂണിറ്റ് അതിവേഗം കേസ് ഏറ്റെടുക്കും. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രവിഷയമാക്കി മാറ്റി കേസിൽനിന്ന് രക്ഷപ്പെടുകയാണ് സ്വപ്‌നാ സുരേഷ് ലക്ഷ്യമിട്ടത്. താനല്ല കോൺസുലേറ്റാണ് സ്വർണം കടത്തിയതിന് ഉത്തരവാദിയെന്നു വരുത്തിത്തീർക്കാനുള്ള നീക്കമായിരുന്നു സ്വപ്‌നയുടെ റിക്കോർഡ് ചെയ്ത ശബ്ദം. 1961-ലെ വിയന്ന കൺവെൻഷൻ നയതന്ത്ര പ്രതിനിധികൾക്ക് ഉറപ്പുവരുത്തുന്ന പരിരക്ഷ അടക്കമുള്ള വിഷയം ഉൾപ്പെടുത്തിയാണ് സ്വപ്നയുടെ ജാമ്യ ഹർജിയും. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ. രാംകുമാറിനെ ഹാജരാകാൻ നിയോഗിച്ചിരിക്കുന്നത്.

അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി. വിജയകുമാറിനൊപ്പമായിരിക്കും വെള്ളിയാഴ്ച ജാമ്യ ഹർജി പരിഗണിക്കുമ്പോൾ കെ രാംകുമാർ ഹാജരാകുക. വ്യാഴാഴ്ച വൈകീട്ടാണ് കേന്ദ്രത്തിന്റെ നിർദ്ദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് കേസ് എൻ ഐ എയ്ക്ക് വിട്ടു കൊടുത്തത്. ഇതോടെ തന്നെ അന്വേഷണത്തിൽ സർക്കാർ നൽകുന്ന താൽപ്പര്യവും വ്യക്തമായി. താൻ ഇപ്പോഴും കോൺസുലേറ്റിൽ താൽകാലിക ജോലി ചെയ്യാറുണ്ടെന്ന് പറയുന്നത് തന്നെ നയതന്ത്ര പരിരക്ഷ കിട്ടാൻ കൂടിയാണ്.

ജസ്റ്റിസ് അശോക്‌മേനോന്റെ ബെഞ്ചാണ് വെള്ളിയാഴ്ച ജാമ്യഹർജി പരിഗണിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയ കേസായതിനാൽ കസ്റ്റംസിന് അന്വേഷണത്തിന് പരിമിതികളുണ്ട്. അതിനിടയിലാണ് കോൺസുലേറ്റിന്റെമേൽ കുറ്റങ്ങൾ ചാരാനുള്ള നീക്കം നടത്തുന്നത്. കോൺസുലേറ്റിലെ കീഴ്ജീവനക്കാരെ ചോദ്യം ചെയ്യുന്നതിൽപോലും നയതന്ത്രപരമായ ഒട്ടേറെ തടസ്സങ്ങളുണ്ട്. അത് മനസ്സിലാക്കിയാണ് കോൺസൽ ജനറൽ പറഞ്ഞപ്രകാരം പ്രവർത്തിക്കുകമാത്രമാണ് താൻ ചെയ്തതെന്ന് സ്വപ്‌നയും അവകാശ വാദം.

നയതന്ത്ര സംരക്ഷണം ഉള്ളതിനാൽ കോൺസൽ ജനറലിന്റെ മൊഴിയെടുക്കുക അസാധ്യമാണ്. കോൺസുലേറ്റുമായി തനിക്ക് ഇപ്പോൾ യാതൊരു ബന്ധവുമില്ലെന്ന് സമ്മതിച്ചുകൊണ്ടുതന്നെയാണ് കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരമാണ് താൻ കസ്റ്റംസ് കമ്മിഷണറെ വിളിച്ച് ബാഗ് വൈകാനുള്ള കാരണത്തെക്കുറിച്ച് തിരക്കിയതെന്നും സ്വപ്ന ഹർജിയിൽ പറയുന്നു. എന്നാൽ, ഹർജിയിൽ താൻ കസ്റ്റംസിനെ വിളിച്ചു എന്നു സമ്മതിക്കുന്നത് സ്വപ്നയ്ക്ക് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ കോൺസുലേറ്റ് സ്വപ്‌നയുടെ വാദങ്ങൾ തള്ളിയാൽ കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വപ്‌നയ്ക്ക് കഴിയുകയുമില്ല.

സ്വർണക്കടത്തിനു പിന്നിൽ വിദേശബന്ധം കൂടി ഉള്ളതിനാലാണ് കേസ് എൻഐഎ അന്വേഷിക്കുന്നത്. ദുബായ് കേന്ദ്രീകരിച്ച് തീവ്രവാദബന്ധമുള്ളവർ ഇന്ത്യക്കെതിരേ പ്രവർത്തിക്കാൻ വൻതോതിൽ ഫണ്ട് ഒഴുക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇത്തരത്തിലുള്ള ബന്ധമാണ് ഇപ്പോഴത്തെ കടത്തിലും കേന്ദ്ര സർക്കാർ സംശയിക്കുന്നത്. കസ്റ്റംസിനും സിബിഐക്കും ഈ വിഷയത്തിലെ അന്വേഷണത്തിൽ പരിമിതികൾ ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് എൻഐഎക്ക് വിട്ടത്.

കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് 30 കിലോ സ്വർണം കണ്ടെത്തിയത്. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടർന്ന് ഒളിവിൽ പോയ സ്വപ്നയ്ക്കായി തെരച്ചിൽ തുടരുകയാണ്. കേസിൽ അറസ്റ്റിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തും സ്വപ്നയും തിരുവനന്തപുരത്തെ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോൾ തന്നെ ഇരുവരും ഡിപ്‌ളോമിക് ചാനൽ വഴി സ്വർണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

പിന്നീട് വഴിവിട്ടബന്ധങ്ങളുടെ പേരിൽ ഇരുവരെയും കോൺസുലേറ്റിൽ നിന്ന് മാറ്റി. എന്നാൽ പിന്നീടും ഇവർ കള്ളക്കടത്ത് തുടർന്നു. വിമാനത്താവളത്തിൽ ബാഗ് എത്തിയാൽ ക്ലിയറിങ് ഏജന്റിന് മുന്നിൽ വ്യാജ ഐഡി കാർഡ് കാണിച്ച് ഏറ്റുവാങ്ങുകയാണ് പതിവ്. ഇതിനെ കുറിച്ച് ഏജന്റിന് അറിവുണ്ടായിരുന്നില്ല .നയതന്ത്ര ബാഗാണ് എന്നതിനുള്ള സാക്ഷിപത്രവും ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങൾ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

പുറത്തെത്തിക്കുന്ന സ്വർണം ഇവർ ആർക്കാണ് കൈമാറുന്നത് എന്നതടക്കം വിഷയങ്ങളിൽ കസ്റ്റംസ് അന്വേഷണം തുടരുകയാണ്. സ്വപ്നയ്ക്കും സരിത്തിനു കോടികളുടെ ആസ്തിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP