Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിലെ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം;സ്വർണക്കടത്ത് കേസിലെ പൊലീസ് ബന്ധം തിരഞ്ഞ് എൻ.ഐ.എ സംഘം; വിഷയത്തിൽ കേരള പൊലീസിന്റെ നിസ്സഹകരണവും പരിശോധിക്കും; കാർഗോ കോംപ്ലക്സിലെ ഇടപാടുകളും അന്വേഷണ പരിധിയിൽ; ആഭ്യന്തര മന്ത്രാലയം കേരളത്തിനയയ്ക്കുന്ന രഹസ്യവിവരങ്ങൾ പലതും ചോരുന്നു; മുഖ്യമന്ത്രിക്ക് മാത്രം കാണാൻ സാധിക്കുന്ന രഹസ്യ വിവരങ്ങൾ ചോരുന്നതും പരിശോധിക്കും; സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ മുന്നോട്ട് തന്നെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളത്തിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീട്ടുന്നു. സ്വർണ്ണക്കടത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് എൻഐഎ പരിശോധിക്കും. വിഷയത്തിൽ കേരള പൊലീസിന്റെ നിസ്സഹകരണവും അന്വേഷണ പരിധിയിൽ വരും. സ്വർണക്കടത്തിൽ മാത്രം എൻഐഎയുടെ അന്വേഷണം ഒതുങ്ങില്ല എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതേസമയം വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിനയയ്ക്കുന്ന രഹസ്യവിവരങ്ങൾ ചോർന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നു. മുഖ്യമന്ത്രിക്ക് മാത്രം കാണാൻ സാധിക്കുന്ന രഹസ്യ വിവരങ്ങളാണ് ചോർന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നത്.

ഇക്കാര്യങ്ങളും അന്വേഷണ പരിധിയിൽ വരും. ഇതിനൊപ്പം കേരളാ പൊലീസിന്റെ നിസ്സഹകരണവും തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിലെ ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. വിഷയത്തിൽ അന്വേഷണം നടത്തുന്ന കസ്റ്റംസ് വിഭാഗം കാർഗോ കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ അവയില്ലെന്നാണ് മറുപടി ലഭിച്ചത്. ഇതേതുടർന്നാണ് അന്വേഷണം ഇതിലേക്കും നീണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സ്വർണക്കടത്ത് കേസിന്റെ അന്വേഷണം എൻഐഎയ്ക്ക് കൈമാറിയത്. കേസിന്റെ എഫ്ഐആർ എവിടെ രജിസ്റ്റർ ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിനെ നിയന്ത്രിക്കുന്നതാരാണ് എന്നതാണ് മറ്റൊരു അന്വേഷണ വിഷയം. യുഎപിഎ ആക്ട് അനുസരിച്ചുള്ള വകുപ്പകൾ ഉൾപ്പെടുത്തിയാകും എൻഐഎ കേസ് അന്വേഷിക്കുക. യുഎപിഎ നിയമത്തിലെ 15, 16, 17, 18 എന്നീ വകുപ്പുകൾ പ്രകാരമായിരിക്കും അന്വേഷണം നടക്കുക.

കേരളത്തിലേക്ക് ഇത്തരത്തിൽ വരുന്ന സ്വർണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ. നേരത്തെ കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയ ആളുകൾ സ്വർണക്കടത്തിലൂടെ സമ്പത്ത് ഇന്ത്യയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുവെന്ന സാധ്യതയും എൻഐഎ അന്വേഷിക്കുന്നുണ്ട്. ഇങ്ങനെ വിപുലമായ അന്വേഷണമാണ് എൻഐഎ നടത്തുക.
അതേസമയം സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. രാജ്യത്തിന്റെ സമ്പത്തിനെ ബാധിക്കുന്ന പ്രശ്‌നമാണ് ഇതെന്നും മുൻകൂർ ജാമ്യഹർജി പരിഗണിക്കരുതെന്നും കേന്ദ്രസർക്കാർ. എഫ്‌ഐആറിന്റെ പകർപ്പ് വേണമെന്ന് ഹർജിക്കാരി കോടതിയിൽ ആവശ്യപ്പെട്ടു. എൻഐഎ നിയമത്തിലെ 16, 17, 18 വകുപ്പുകൾ പ്രകാരം കേസെടുത്തുവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കേസന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ അളവ് വലുതാണ്. രാജ്യസുരക്ഷയെയും സമ്പത്തിനെയും ബാധിക്കുന്ന പ്രശ്‌നമാണ്. എൻഐഎ കേസുകളിൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു.

എൻഐഎ കേസ് ഏറ്റെടുത്തത് വൈകിയാണ്. സന്ദീപ് നായർ, സ്വപ്ന, സരിത് എന്നിവർക്ക് കള്ളക്കടത്തിൽ പങ്കുണ്ടെന്ന് വിവരം കിട്ടി. സ്വപ്നയും സരിതും കള്ളക്കടത്ത് നടത്തിയതായി സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴി ഉണ്ടെന്നും കേന്ദ്രം വാദിച്ചു. കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് ശേഷം കൂടുതൽ തെളിവുകൾ കിട്ടി. അതിനാൽ തന്നെ സ്വപ്നയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേന്ദ്രം വാദിച്ചു.

ഹർജിയിൽ പറയും പോലെ സ്വപ്നയുടെ മുൻകാല പശ്ചാത്തലത്തിന് ക്ലീൻ ചിറ്റ് നൽകാനാകില്ലെന്ന് കേന്ദ്രം. യുഎപിഎ ഉള്ളതു കൊണ്ട് ഹർജി പരിഗണിക്കാനാകില്ലെന്നാണ് എൻഐഎയുടെ നിലപാട്. ഹർജി നിലനിൽക്കുമോയെന്നാകും ചൊവ്വാഴ്ച പരിഗണിക്കുക. ഹർജി ഇതേവരെ ഫയലിൽ സ്വീകരിച്ചിട്ടില്ല.

സ്വപ്നക്ക് കേസിന്റെ എഫ്‌ഐആർ കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയോ ഹർജിക്കാരിക്ക് ഇടക്കാല സുരക്ഷ നൽകുകയോ ചെയ്തിട്ടില്ല. അതിനാൽ തന്നെ അന്വേഷണവുമായി എൻഐഎ സംഘത്തിന് മുന്നോട്ട് പോകാവുന്ന സാഹചര്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP