Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ഇടതുപക്ഷ യുവജന നേതാവിലേക്കും; മുൻ എൻ.സി.പി നേതാവായ അഡ്വ മുജീബ് റഹ്മാനെ കേന്ദ്രീകരിച്ച് എൻ.ഐ.എ അന്വേഷണം; പ്രതികൾക്ക് കൊല്ലം, കരുനാഗപ്പള്ളി, കായംകുളം കേന്ദ്രീകരിച്ചുള്ള റാക്കറ്റുമായി ബന്ധമെന്ന് നിഗമനം; എൻ.സി.പി നേതാവിന്റെ സാമ്പത്തിക ഇടപാടുകളും വിദേശ യാത്രകളും സംബന്ധിച്ചുള്ള വിവരങ്ങളും അന്വേഷണ പരിധിയിൽ; സ്വർണക്കടത്ത് കേസിൽ മുൻപും മുജീബ് ആരോപണ വിധേയൻ

ആർ പീയൂഷ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ഇടതുപക്ഷ യുവജന നേതാവിലേക്കും. മാവേലിക്കര ബാറിലെ അഭിഭാഷകനും മുൻ എൻ.സി.പി നേതാവുമായ അഡ്വ മുജീബ് റഹ്മാനെ കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചു. കേസിൽ പ്രതികളായി ഇപ്പോൾ പിടിക്കപ്പെട്ടവരുടെ ഫോൺ രേഖകൾ അടക്കം പരിശോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിച്ചത്. പ്രതികൾക്ക് കൊല്ലം, കരുനാഗപ്പള്ളി, കായംകുളം കേന്ദ്രീകരിച്ചുള്ള റാക്കറ്റുമായി അടുത്ത ബന്ധമാണ് ഉള്ളത് എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഇയാളുടെ സാമ്പത്തിക ഇടപാടുകളും വിദേശ യാത്രകളും സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. പണം ഇരട്ടിപ്പിക്കാനായി നിരവധി പേരുടെ പക്കൽ നിന്നും കോടികൾ ഇയാൾ വാങ്ങിയിരുന്നതായി രണ്ടു മാസം മുൻപ് മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ഇയാൾക്കുള്ള ബന്ധത്തെപറ്റിയും വാർത്തയിൽ വിശദമാക്കിയിരുന്നു. സ്വപ്ന സുരേഷ് സ്വർണ്ണക്കടത്ത് നടത്തിയ സംഘങ്ങളെ പറ്റി അന്വേഷിക്കുന്നതിനിടയിലാണ് ഇയാൾക്കെതിരെയും അന്വേഷണം എത്തി നിൽക്കുന്നത്.

സ്ത്രീ പീഡനക്കേസിൽ പ്രതിയായതോടെയാണ് മുജീബിന്റെ പണമിരട്ടിപ്പിന്റെ വിവരങ്ങൾ മറുനാടൻ മലയാളിയിക്ക് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുജീബ് നിരവധിപേരുടെ കയ്യിൽ നിന്നും കോടികൾ പണമിരട്ടിപ്പിനായി വാങ്ങി എന്ന് കണ്ടെത്തി. ആലപ്പുഴ ജില്ലയിൽ നിന്നുമാത്രമായി ആറുകോടി രൂപയോളം ഇയാൾ വാങ്ങിയിട്ടുണ്ട്. ഓച്ചിറ, കരുനാഗപ്പള്ളി ഭാഗങ്ങളിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്.

10 ലക്ഷം രൂപയ്ക്ക് രണ്ട് ലക്ഷം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പലരിൽ നിന്നും പണം വാങ്ങിയത്. എപ്പോൾ വേണമെങ്കിലും വാങ്ങിയ തുക തിരികെ നൽകും. ഇടപാടുകൾ കൃത്യമായി നടന്നിരുന്നതിനാൽ പണം കൊടുത്തവർക്ക് വലിയ വിശ്വാസമായിരുന്നു. അതിനാൽ കൂടുതൽ പണം നൽകുകയും മറ്റുള്ളവരെകൂടി ഇതിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. കരുനാഗപ്പള്ളി ക്ഷേത്രത്തിന് സമീപമുള്ള ഒരാളുമായാണ് ഇത്തരത്തിൽ പണമിരട്ടിപ്പ് നടത്തിയിരുന്നത്. കൂടാതെ കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ജൂവലറി ഉടമയും ഇതിൽ കണ്ണിയാണ്.

ഗൾഫിൽ നിന്നും കടത്തിക്കൊണ്ടു വരുന്ന സ്വർണം കരുനാഗപ്പള്ളിയിലെത്തിച്ച് ജൂവലറിക്കാർക്ക് നൽകുകയാണ് രീതി. കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണം വിറ്റ് വൈറ്റ് മണിയാക്കുന്നു. ഇത്തരത്തിൽ കോടികളുടെ ബിസിനസാണ് മുജീബ് റഹ്മാൻ കരുനാഗപ്പള്ളി, കായംകുളം കേന്ദ്രീകരിച്ച് നടത്തിയത്. മുജീബ് റഹ്മാൻ പണമിരട്ടിപ്പിനായി പണം വാങ്ങിയവരുടെ ലിസ്റ്റ് മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. മുജീബിന്റെ തന്നെ കൈപ്പടയിലെഴുതിയ ലിസ്റ്റിൽ ഒരു പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ നൽകിയ പണമടക്കമുള്ള മുപ്പതോളം പേരുടെ വിവരങ്ങളാണ് ഉള്ളത്. മാവേലിക്കര പൊലീസ് സ്റ്റേഷനിലെ ഒരു മുൻ സിഐ 28 ലക്ഷം രൂപ നൽകിയിരുന്നതായും ലിസ്റ്റിൽ ഉണ്ട്.

സ്ത്രീപീഡനക്കേസിൽ പ്രതിയായ ഇയാൾ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇയാൾക്ക് പുറമെ നിരവധി സാമ്പത്തിക തട്ടിപ്പുകളിൽ പ്രതിയായി കോടതികൾ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള മാവേലിക്കര സ്വദേശിനി, കരുനാഗപ്പള്ളിയിലെ ജൂവലറി ഉടമ, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ ജോലി ചെയ്യുന്ന ഒരു സർക്കിൾ ഇൻസ്പെക്ടർ,

വള്ളികുന്നം സ്വദേശിയായ ഹവാല ഇടപാടുകാരൻ, മദ്ധ്യതിരുവിതാംകൂറിലെ ഒരു വിദ്യാഭ്യാസ സ്ഥാപന ഉടമ, ഇടതു നേതാക്കന്മാരായ രണ്ട് യുവ അഭിഭാഷകർ, മാവേലിക്കരയിലെ ഒരു മണ്ണ് മാഫിയ തലവൻ എന്നിവരാണ് ഈ ഇടപാടിലെ മുഖ്യകണ്ണികൾ. ഇവരുടെ ഇടപാടുകൾ സംബന്ധിച്ച് എൻഐഎയ്ക്ക് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. ആരോപണ വിധേയരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.

അതേ സമയം സംസ്ഥാനത്ത് പൊലീസും എക്‌സൈസും ചേർന്ന് കഴിഞ്ഞ അഞ്ചുവർഷമായി പിടിച്ചെടുത്ത 178 കിലോ സ്വർണത്തിന്റെയും വിവിധ സംഘങ്ങളുടേയും പേരുവിവരങ്ങൾ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ എൻ.ഐ.എയ്ക്ക് കൈമാറിയിട്ടുണ്ട്. വടക്കൻകേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘങ്ങളാണ് കേരളത്തിൽ സ്വർണക്കടത്തു നിയന്ത്രിക്കുന്നത്. തീവ്രവാദ സംഘടനകൾക്ക് പണമെത്തിക്കുന്നത് സ്വർണക്കടത്തു സംഘമാണെന്നു ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറയുന്നു. പട്ടികയിൽ സൂചിപ്പിച്ചിട്ടുള്ള മുഴുവൻ ആൾക്കാരെയും എൻ.ഐ.എ ചോദ്യം ചെയ്യും.

പൊലീസ് റിപ്പോർട്ട് ഇങ്ങനെ:

2016:

തിരുവനന്തപുരം റൂറൽ 2 കേസ്, 2 പ്രതികൾ14.531 കിലോ സ്വർണം
എറണാകുളം സിറ്റി, 1 കേസ്, 1 പ്രതി 7 കിലോ
പാലക്കാട്, 1കേസ്, 1 പ്രതി1.70 കിലോ
കോഴിക്കോട് റൂറൽ, 1 കേസ്, 1 പ്രതി2.140 കിലോ

2016ൽ ആകെ 5 കേസ്, 7 പ്രതികൾ25.371 കിലോ സ്വർണം

2017:

തിരുവനന്തപുരം റൂറൽ, 4 കേസ്, 5 പ്രതികൾ19.900കിലോ
പാലക്കാട്8 കേസ്, 12 പ്രതികൾ24.520 കിലോ
മലപ്പുറം, 2 കേസ്, 2 പ്രതികൾ 4.900 കിലോ
വയനാട്, 1 കേസ്, 6 പ്രതികൾ, 34.340 കിലോ

2017ൽ ആകെ 15 കേസ്, 25 പ്രതികൾ83.666 കിലോ സ്വർണം

2018:

തിരുവനന്തപുരം റൂറൽ, 2 കേസ്, 3 പ്രതികൾ 6.147 കിലോ
പാലക്കാട്11 കേസ്, 13 പ്രതികൾ 33.060 കിലോ
കോഴിക്കോട് സിറ്റി, 2 കേസ്, 2 പ്രതികൾ 7.465 കിലോ
വയനാട്, 2 കേസ്, 3പ്രതികൾ 3.454 കിലോ
കാസർകോട്, 1 കേസ്, 3 പ്രതികൾ1.207 കിലോ

2018ൽ ആകെ 18 കേസ്, 24 പ്രതികൾ51.333 കിലോ സ്വർണം

2019:

തിരുവനന്തപുരം റൂറൽ, 1 കേസ് , 1 അറസ്റ്റ് 0.5 കിലോ
കൊല്ലം, 1 കേസ്, 1 അറസ്റ്റ് 2.748 കിലോ
പാലക്കാട്, 5 കേസ്, 7 അറസ്റ്റ്9.049 കിലോ
മലപ്പുറം, 1 കേസ്, 2 അറസ്റ്റ്2.136 കിലോ

2019ൽ ആകെ 8 കേസ്, 11 അറസ്റ്റ്14.433 കിലോ

2020: പാലക്കാട് 2 കേസ്, 3 അറസ്റ്റ് 3.528 കിലോ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP