Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണ്ണക്കടത്തു കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്! കേസിൽ മാപ്പു സാക്ഷിയാകാൻ തയ്യാറാണെന്ന് രണ്ടാം പ്രതി സന്ദീപ് നായർ; കുറ്റസമ്മതം നടത്താൻ ഒരുക്കണാണെന്നും കൊച്ചി എൻഐഎ കോടതിയെ അറിയിച്ചു; മാപ്പു സാക്ഷി ആയാകും ശിക്ഷ ഒഴിവാക്കാനാകുമെന്ന് പറയാനാകില്ലെന്ന് കോടതി; സന്ദീപിനെ മാപ്പ് സാക്ഷിയാക്കിയാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ ശക്തമായ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ദേശീയ അന്വേഷണ ഏജൻസി; തെളിവുകളുടെ അപര്യാപ്തതയിൽ ഉഴറുന്ന ഏജൻസിക്കും സന്ദീപ് ഒരു പിടിവള്ളി

സ്വർണ്ണക്കടത്തു കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്! കേസിൽ മാപ്പു സാക്ഷിയാകാൻ തയ്യാറാണെന്ന് രണ്ടാം പ്രതി സന്ദീപ് നായർ; കുറ്റസമ്മതം നടത്താൻ ഒരുക്കണാണെന്നും കൊച്ചി എൻഐഎ കോടതിയെ അറിയിച്ചു; മാപ്പു സാക്ഷി ആയാകും ശിക്ഷ ഒഴിവാക്കാനാകുമെന്ന് പറയാനാകില്ലെന്ന് കോടതി; സന്ദീപിനെ മാപ്പ് സാക്ഷിയാക്കിയാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ ശക്തമായ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ദേശീയ അന്വേഷണ ഏജൻസി; തെളിവുകളുടെ അപര്യാപ്തതയിൽ ഉഴറുന്ന ഏജൻസിക്കും സന്ദീപ് ഒരു പിടിവള്ളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തു കേസിൽ അപ്രതീക്ഷിത നീക്കം. കേസിലെ രണ്ടാം പ്രതിയായ സന്ദീപ് നായർ മാപ്പു സാക്ഷിയാകാൻ തയ്യാറായി രംഗത്തുവന്നു. കേസിൽ മാപ്പ് സാക്ഷിയാകാൻ സന്നദ്ധനാണെന്ന് കാണിച്ച് സന്ദീപ് നായർ കോടതിയിൽ കത്ത് നൽകി. സന്ദീപിന്റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ കൊച്ചിയിലെ എൻ.ഐ.എ. കോടതി അനുമതി നൽകി. സി.ആർ.പി.സി. 164 പ്രകാരം ഉടൻതന്നെ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇത് പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പ് സാക്ഷിയാക്കണമോ എന്നകാര്യത്തിൽ എൻ.ഐ.എ. അന്തിമ തീരുമാനമെടുക്കുക.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതിയാണ് സന്ദീപ് നായർ. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനായ കെ.ടി. റമീസുമായി അടുത്തബന്ധമുള്ളതും ഇയാൾക്കാണ്. സന്ദീപിനെ മാപ്പ് സാക്ഷിയാക്കിയാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ ശക്തമായ തെളിവുകൾ ലഭിക്കുമെന്നും അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്നുമാണ് എൻ.ഐ.എ.യുടെ പ്രതീക്ഷ.

സ്വർണക്കടത്ത് കേസിൽ ശക്തമായ തെളിവുകളുടെ അപര്യാപ്തത എൻ.ഐ.എ. സംഘത്തെ കുഴക്കിയിരുന്നു. മൂവാറ്റുപുഴ സ്വദേശികളായ രണ്ട് പ്രതികളെ മാപ്പ് സാക്ഷികളാക്കാനും എൻ.ഐ.എ. നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് കേസിലെ മുഖ്യപ്രതികളിലൊരാൾ മാപ്പ് സാക്ഷിയായി കുറ്റസമ്മത മൊഴി നൽകാൻ തയ്യാറായിരിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണത്തിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരെയും ഭാഗമാക്കുമെന്ന് എൻഐഎ വ്യക്തമാക്കിയെങ്കിലും തുടർനടപടികളുണ്ടായില്ലെന്ന് കേന്ദ്രസർക്കാർ അടുത്തിടെ സൂചന നൽകിയിരുന്നു. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എൻഐഎയും വിദേശകാര്യമന്ത്രാലയവും ഇതുവരെയും യുഎഇയെ സമീപിച്ചിട്ടില്ലെന്നാണ് സൂചന. സ്വർണ്ണക്കടത്തിൽ യുഎഇ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഒരു വിവരവും ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. ഇതോടെ ആകെ പുകമറയിൽ നിൽക്കുകയായിരുന്നു സ്വർണ്ണക്കടത്തു കേസ്.

സ്വർണ്ണക്കടത്ത് കേസിൽ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തണമെന്നാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഉന്നത വ്യക്തികളുടെയും , കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും പങ്ക് പുറത്തുകൊണ്ടുവരണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ യുഎഇയിലെത്തിയ എൻഐഎ സംഘത്തിന് മതിയായ വിവരം ലഭ്യമായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. നയതന്ത്ര നീക്കത്തിലൂടെ ഇക്കാര്യം സാധ്യമാക്കാനുള്ള നടപടികൾ എൻഐഎ നടത്തുന്നുവെന്ന സൂചനകളുണ്ടായിരുന്നെങ്കിലും വിദേശകാര്യമന്ത്രാലയവുമായി ഇനിയും ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

വിദേശത്തു നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിൽ അന്വേഷണ ഏജൻസിയും വലിയ താൽപര്യം കാട്ടുന്നില്ല. സഹകരണം ആവശ്യപ്പെട്ട് കേന്ദ്രം യുഎഇക്ക് ആദ്യം ഒരു കത്ത് നല്കിയതല്ലാതെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് പിന്നീട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂചന. അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച യുഎഇ സർക്കാരും മെല്ലെപ്പോക്കിലാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ യുഎഇ സർക്കാർ ഇന്ത്യയെ അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചിരുന്നു. ചുരുക്കത്തിൽ എൻഐഎ ഇരുട്ടിൽ തപ്പുകയാണ്. പാഴ്‌സൽ സ്വീകരിച്ചവരിൽ മാത്രം അന്വേഷണം ഒതുങ്ങുമ്പോൾ ഒരു രാജ്യത്തിന്റെ നയതന്ത്ര സംവിധാനത്തിന് കള്ളക്കടത്തിൽ പങ്കുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരവുമായിരുന്നില്ല.

ഒരാഴ്‌ച്ച മുമ്പ് സ്വർണ്ണക്കടത്ത് കേസിലെ ഡിജിറ്റൽ തെളിവുകൾ 2000 ജിബി ഉണ്ടെന്ന് എൻഐഎ അവകാശപ്പെട്ടിരുന്നു. സ്വപ്നയുടെയും സന്ദീപിന്റെയും ഫോൺ, ലാപ്‌ടോപ് എന്നിവയിൽ നിന്നാണ് തെളിവുകൾ വീണ്ടെടുത്തത്. വാട്‌സ്ആപ് ചാറ്റുകൾ അടക്കം വീണ്ടെടുത്തെന്നും എൻഐഎ കോടതിയെ അറിയിക്കുകയുണ്ടായി. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതികൾ നടത്തിയ ഫോൺ സംഭാഷണങ്ങൾ, വിവിധ ചാറ്റുകൾ , ഫോട്ടോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളാണ് എൻഐഎ വീണ്ടെടുത്തത്. സി- ഡാക്കിലും ഫോറൻസിക് ലാബിലുമായി നടത്തി പരിശോധനയിലാണ് മായ്ച്ചുകളഞ്ഞ ചാറ്റുകൾ അടക്കം വീണ്ടെടുത്ത്. കേസിൽ ഡിജിറ്റൽ തെളിവുകൾ മുഖ്യ തെളിവാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു. സ്വപ്ന, സന്ദീപ് എന്നിവരുടെ ഫോൺ, ലാപ്‌ടോപ് എന്നിവയിൽ നിന്ന് മാത്രം 2000 ജിബി തെളിവുകൾ ലഭിച്ചിട്ടുണ്ട്. ചില ഉന്നതരുമായി അടക്കം നടത്തി സംഭാഷണങ്ങളുടെ സ്‌ക്രീൻ ഷോട്ട് അടക്കം കണ്ടെത്തിയതായി എൻഐഎ വ്യക്തമാക്കുന്നു. മറ്റ് പ്രതികളായ മുഹമ്മദ് ഷാഫി, അൻവർ, ഇബ്രഹീം അലി എന്നിവരുടെ ഫോണുകളിൽ നിന്നും ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായാണ് എൻഐഎ അഭിപ്രായപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP