Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിൽ 'ഫഹാസ് അഷറഫ് c/o എം.എ യൂസഫലി' യുടെ പങ്ക് എന്ത്? ഈ പേര് പരാമർശിക്കുന്നത് കസ്റ്റംസ് സ്വർണം പിടിച്ചപ്പോൾ ബാഗേജ് തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് അയച്ച ഇ-മെയിലിൽ; എല്ലാം അന്വേഷിച്ച് കണ്ടുപിടിക്കാൻ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്

നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിൽ 'ഫഹാസ് അഷറഫ് c/o എം.എ യൂസഫലി' യുടെ പങ്ക് എന്ത്?  ഈ പേര് പരാമർശിക്കുന്നത് കസ്റ്റംസ് സ്വർണം പിടിച്ചപ്പോൾ ബാഗേജ് തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് അയച്ച ഇ-മെയിലിൽ; എല്ലാം അന്വേഷിച്ച് കണ്ടുപിടിക്കാൻ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ സ്വപ്‌ന സുരേഷിന്റെ മൊഴിയിൽ പരാമർശിക്കുന്ന ഫഹാസ് അഷറഫv c/o എം.എ യൂസഫലി' ആരാണെന്നും കേസുമായി എന്തു ബന്ധമെന്നും പങ്കെന്തെന്നും അന്വേഷിക്കാൻ കോടതി ഉത്തരവ്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ക്രൈം നന്ദകുമാർ നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷന്റെ എതിർപ്പ് തള്ളി കോടതി നടപടി.

നയതന്ത്ര ബാഗേജ് വഴി നടന്ന സ്വർണക്കള്ളക്കടത്തുമായി പ്രമുഖ വ്യവസായി എം.എ.യൂസഫലിക്ക് ബന്ധമുണ്ടെന്ന വിധത്തിൽ ക്രൈം നന്ദകുമാർ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തകൾ തള്ളി ലുലു ഗ്രൂപ്പും രംഗത്തെത്തിയിരുന്നു. 'ഫഹാസ് അഷറഫ് c/o എം.എ യൂസഫലി''- സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിൽ പരാമർശിച്ചിരുന്ന ഒരു പേരാണ് ഇത്. അന്വേഷണത്തിന്റെ ആരംഭത്തിൽ ഈ മൊഴി പുറത്തു വന്നെങ്കിലും പിന്നീട് തുടർച്ചയുണ്ടായില്ല. കസ്റ്റംസ് ഉദ്യോഗസ്ഥർ ഈ പേര് മനഃപൂർവം ഒഴിവാക്കുകയായിരുന്നു എന്നാണ് ഹർജിയിലെ ആരോപണം.

ക്രൈം നന്ദകുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. യുഎഇയിലും ഇന്ത്യയിലും സ്വാധീനമുള്ള ആളുകളുടെ സഹായമില്ലാതെ നയതന്ത്ര ബാഗേജ് വഴി സ്വർണക്കള്ളക്കടത്ത് നടക്കില്ലെന്ന് നന്ദകുമാർ ഹർജിയിൽ വാദിക്കുന്നു. കസ്റ്റംസ് കേസ് പലരീതിയിലും അന്വേഷിച്ചെങ്കിലും സ്വർണക്കടത്ത് പിടിക്കപ്പെടുമെന്നായപ്പോൾ സ്വപ്‌ന വഴി കോൺസുൽ ജനറൽ സ്വർണം തിരിച്ചയ്ക്കാൻ ശ്രമിച്ച ഫഹാസ് അഷ്‌റഫ് കെയർ ഓഫ് എം.എ.യൂസഫലിയുടെ പങ്കിനെ കുറിച്ച് മനഃപൂർവം അന്വേഷിച്ചില്ല എന്നാണ് ആരോപണം. നയതന്ത്ര ബാഗേജ് വഴി വന്ന സ്വർണം തിരിച്ചയക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഇ-മെയിൽ സന്ദേശത്തിൽ പരാമർശിച്ചിരിക്കുന്ന പേരാണ് ഇത്. [email protected] എന്ന മെയിൽ ഐഡിയിലേക്കാണ് സ്വപ്ന അന്ന് മെയിൽ തയ്യാറാക്കി അയച്ചത്.

യു.എ.ഇ. കോൺസുൽ ജനറലിന്റെ നിർദ്ദേശപ്രകാരം മെയിൽ തയ്യാറാക്കിയതെന്നാണ് സ്വപ്നയുടെ വാദം. കഴിഞ്ഞ വർഷം ജൂലൈ മൂന്നിന് ഉച്ചയ്ക്ക് 1.42-നാണ് സ്വപ്ന മെയിൽ അയച്ചത്. ഡിപ്ലോമാറ്റിക് ബാഗേജ് ഉടൻ തിരിച്ചയക്കണമെന്നാണ് മെയിലിൽ ആവശ്യപ്പെടുന്നത്.സ്വർണം കസ്റ്റംസ് പിടികൂടുമെന്ന് ഉറപ്പായപ്പോൾ ബാഗേജ് തിരിച്ചയക്കാൻ യു.എ.ഇ. നയതന്ത്ര കാര്യാലയത്തിലെ റാഷിദ് ഖാമിസ് അൽ അലി ഇതിനായി ഒരു ശ്രമം നടത്തിയെന്ന് സ്വപ്ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നു.

ബാഗേജ് തിരിച്ചയക്കാൻ ഒരു അപേക്ഷ തയ്യാറാക്കാൻ റാഷിദ് ഖാമിസ് തന്നോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലായ് മൂന്നിന് അപേക്ഷ തയ്യാറാക്കി ഖാമിസിന് ഇ -മെയിൽ ചെയ്തിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. എത്രയും വേഗം ഈ ഡിപ്ലോമാറ്റിക് ബാഗേജ് തിരിച്ചയക്കണമെന്നാണ് ഇ- മെയിലിൽ അവർ ആവശ്യപ്പെടുന്നത്. ഇ- മെയിൽ തയ്യാറാക്കിയ ശേഷം, യു.എ.ഇ. നയതന്ത്രകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ റാഷിദ് ഖാമിസിന് അയച്ചു കൊടുത്തിട്ടുണ്ട്.

സ്വർണക്കടത്തിന് പിന്നിൽ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി വ്യവസായി ആണെന്ന് പ്രതിയായ റമീസ് മൊഴി നൽകിയിരുന്നു. 12 തവണ സ്വർണം കടത്തി എന്നും മൊഴിയിലുണ്ട്. സ്വപ്‌ന സുരേഷ് യുഎഇ കോൺസുലേറ്റിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്ത ജീവനക്കാരി ആയിരുന്നുവെന്നും കോൺസുലേറ്റിന്റെ ആഭ്യന്തര ഇടപാട് വിവരങ്ങൾ എം.എ.യുസഫലിയെയും ബന്ധുക്കളെയും കൂട്ടാളികളെയും അവർ അറിയിച്ചിരുന്നുവെന്നും ക്രൈം നന്ദകുമാറിന്റെ ഹർജിയിൽ ആരോപിക്കുന്നു. അതുകൊണ്ട് ഇതിന് പിന്നിലെ വൻ ഗൂഢാലോചന പുറത്തുകൊണ്ടു വരണം. സ്വർണക്കടത്തിൽ യൂസഫലിയുടെ പങ്ക് എന്തെന്ന് വ്യക്തമാകാൻ പക്ഷപാതരഹിതമായ അന്വേഷണം നടത്തണമെന്നും നന്ദകുമാർ ഹർജിയിൽ ആവശ്യപ്പെട്ടു.

നന്ദകുമാറിന്റെ ഹർജിയെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും, കോടതി അതംഗീകരിച്ചില്ല. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ തകിടം മറിക്കാൻ ലക്ഷ്യമിട്ടുള്ള കുറ്റക്യത്യത്തിൽ ശരിയായ അന്വേഷണം തേടാൻ ഒരുപൗരന് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹർജിയിൽ പരാമർശിച്ചിരിക്കുന്ന ഇമെയിലിലെ ഫഹാസ് അഷറഫ് c/o എം.എ യൂസഫലി യുടെ പങ്കിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ അന്വേഷിച്ചിട്ടില്ല. അതുകൊണ്ട് സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ സത്യാവസ്ഥ അന്വേഷിക്കണം. ഇതിൽ പങ്കാളികളായവരുടെ വിവരങ്ങൾ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണം.അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി നിർദ്ദേശമുണ്ട്.

2020 നവംബർ 24 ന് ലുലു നൽകിയ വിശദീകരണം

നയതന്ത്ര ബാഗേജ് വഴി നടന്ന സ്വർണക്കള്ളക്കടത്തുമായി പ്രമുഖ വ്യവസായി എം.എ.യൂസഫലിക്ക് ബന്ധമുണ്ടെന്ന വിധത്തിൽ വന്ന വാർത്തകൾ ലുലു ഗ്രൂപ്പ് നവംബറിൽ തള്ളിയിരുന്നു. അന്വേഷണ ഏജൻസികൾ കൂടി ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഈ ബന്ധം പുറത്ത് വിടുന്നത് ക്രൈം നന്ദകുമാറാണെന്ന് അവർ ആരോപിച്ചു. ലോക്ക് ഡൗൺ കാലത്ത് യാത്രാ വിലക്ക് നിലനിൽക്കെ യൂസഫലിയുടെ അനുജന്റെ മകന് യുഎഇയിലേക്ക് സഞ്ചരിക്കാൻ യുഎഇ കോൺസൽ ജനറൽ അനുമതി നൽകിയ കത്തിനെ വളച്ചൊടിച്ച് സ്വർണ്ണക്കടത്തുമായി ബന്ധപ്പെടുത്തിയാണ് ക്രൈം നന്ദകുമാർ വ്യാജ വാർത്ത ചമച്ചത്.

യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത വാർത്തകളാണ് ക്രൈം നന്ദകുമാർ പടച്ചു വിടുന്നത് എന്ന് തെളിയിക്കുകയാണ് യൂസഫലിക്ക് എതിരെ സൃഷ്ടിച്ച സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വ്യാജ വാർത്ത. സ്വർണം തിരുവനന്തപുരം എയർപോർട്ടിൽ എത്തുന്നതിനും ഒരാഴ്ച മുൻപ് തന്നെ കൊച്ചി വഴി ഫഹാസ് ദുബായിലേക്ക് പോയി എന്നാണ് ലുലു ഗ്രൂപ്പ് വിശദീകരിച്ചത്.

സ്വപ്ന അറസ്റ്റ് ചെയ്യപ്പെടും മുൻപ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ താൻ യുഎഇ കോൺസുലെറ്റിലെ ജീവനക്കാരി എന്ന് കാണിക്കാൻ വേണ്ടി ഹാജരാക്കിയ ഒരു കത്തിന്റെ ഉള്ളടക്കം വളച്ചൊടിച്ചാണ് ക്രൈം നന്ദകുമാർ വാർത്ത പ്രചരിപ്പിക്കുന്നത്. നന്ദകുമാർ പറയുന്നത് നയതന്ത്ര ബാഗേജ് വഴി വന്ന സ്വർണം ഫഹാസ് അഷ്‌റഫ് വഴി യൂസഫലിക്ക് തിരികെ അയക്കാൻ ആവശ്യപ്പെട്ടുള്ള ഒരു കത്ത് ഹാജരാക്കി എന്നാണ്. യുഎഇ കോൺസൽ ജനറൽ അയച്ച കത്താണിത് എന്ന് പറഞ്ഞാണ് സ്വപ്ന ഈ കത്ത് ഹാജരാക്കിയത് എന്നാണ് നന്ദകുമാർ പറയുന്നത്.

എന്താണ് സ്വപ്ന ഹാജരാക്കിയ കത്തിന്റെ ഉള്ളടക്കം എന്നറിയുമ്പോഴാണ് ക്രൈം നന്ദകുമാറിന്റെ പൂച്ച് പുറത്താകുന്നത്. നന്ദകുമാർ പറയുന്ന ഫഹർ അഷ്‌റഫ് എന്ന വ്യക്തിയില്ല. ഈ വ്യക്തിയുടെ പേര് ഫഹാസ് അഷ്‌റഫ് എന്നാണ്. ഫഹാസ് ഒരു വിദ്യാർത്ഥിയാണ്. ഈ ഹഫാസ് യൂസഫലിയുടെ അനുജൻ അഷ്‌റഫ് അലി എംഎയുടെ മകൻ ആണ്. ഈ മകന്റെ കയ്യിൽ കള്ളക്കടത്ത് സ്വർണം കൊടുത്ത് വിടാനുള്ള ഒരു ലെറ്റർ കോൺസുലേറ്റ് ജനറൽ നൽകി എന്നാണ് നന്ദകുമാർ പറയുന്നത്. ലോകത്ത് ഒരാളും വിശ്വസിക്കാത്ത കാര്യങ്ങളാണ് ക്രൈം നന്ദകുമാർ പ്രചരിപ്പിക്കുന്നതെന്നാണ് ലുലു ഗ്രൂപ്പ് വിശദീകരിച്ചത്.

വിദ്യാർത്ഥിയായ ഹഫാസ് ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ കുടുങ്ങിപ്പോയി. യുഎഇയിലേക്ക് യാത്രാ വിലക്ക് നിലനിൽക്കുന്നതിനാൽ കോൺസൽ ജനറലിന്റെ അനുമതി കത്ത് വേണം. യുഎഇയിലേക്ക് തിരിക്കാനുള്ള അനുമതി തേടി ഹഫാസ് കത്ത് നൽകി. യുഎഇയിൽ ആയിരുന്ന കോൺസൽ ജനറൽ അനുമതി നൽകി കത്ത് തിരികെ അയച്ചു. ഈ കത്തിന്റെ കോപ്പി സ്വപ്നയ്ക്കും ലഭിച്ചു. താൻ കോൺസുലെറ്റ് ജീവനക്കാരി എന്ന് വ്യക്തമാക്കാൻ സ്വപ്ന ഈ കത്തിന്റെ കോപ്പി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ ഒപ്പം നൽകി. ഇത് വളച്ചൊടിച്ചാണ് സ്വർണം ഹഫാസ് വഴി യൂസഫലിക്ക് തിരികെ അയയ്ക്കാൻ കോൺസൽ ജനറൽ കത്ത് നൽകി എന്ന് നന്ദകുമാർ പറയുന്നത്.

ജൂൺ മുപ്പതിനാണ് തിരുവനന്തപുരം എയർപോർട്ടിൽ നയതന്ത്ര വഴിയിൽ ഉള്ള സ്വർണം എത്തുന്നതും തടഞ്ഞുവയ്ക്കുന്നതും. എന്നാൽ ഫഹാസ് ദുബായിലേക്ക് പോയത് ജൂൺ 23നാണ്. അതായത് സ്വർണം കസ്റ്റംസ് തടഞ്ഞു വയ്ക്കുന്നതിനും ഏഴു ദിവസം മുൻപ്. കൃത്യമായി പറഞ്ഞാൽ 2020 ജൂൺ 23ന് 17.45നുള്ള കത1419 എയർ ഇന്ത്യ എക്സ്‌പ്രസിലാണ് കൊച്ചി നെടുമ്പാശ്ശേരിയിൽ നിന്നും ഹഫാസ് അബുദാബിയിലേക്ക് പോകുന്നത്. കസ്റ്റംസ് കേസ് ചാർജ് ചെയ്യുന്നത് ജൂലൈ 5 നും. അപ്പോൾ ക്രൈം നന്ദകുമാർ പറയുന്നത് ശരിയാണെങ്കിൽ തിരുവനന്തപുരം എയർപോർട്ടിൽ എത്തിയിട്ട് പോലുമില്ലാത്ത സ്വർണമാണ് ഫഹാസിന്റെ കയ്യിൽ കൊടുത്തുവിടണം എന്ന് പറഞ്ഞു കോൺസൽ ജനറൽ കത്ത് നൽകിയിരിക്കുന്നത്. ഇതായിരുന്നു ലുലു വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP