Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

സുന്ദരിമാരെ കാരിയർമാരാക്കി സ്വർണക്കടത്തിന് റിക്രൂട്ട് ചെയ്ത സെറീന ഷാജിക്ക് പാക് ബന്ധവും; എല്ലാറ്റിനും കേന്ദ്രമായത് ദുബായിലെ ബ്യൂട്ടി പാർലറും; ദേഹപരിശോധന ഒഴിവാക്കിക്കൊടുത്ത് കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണൻ കേസിലെ ഒന്നാം പ്രതിയായി; ബ്യൂട്ടീഷ്യന് കരുത്ത് പൊലീസ് ഉന്നതനുമായുള്ള അടുത്ത ബന്ധം; നാൽപ്പത്തിരണ്ടുകാരിക്ക് ചിപ്പിയെന്നും വിളിപ്പേര്; നയതന്ത്ര കടത്തിന് പിന്നിലും പഴയ ഗോൾഡ് സിൻഡിക്കേറ്റിന് പങ്കെന്ന് സംശയം; തിരുവനന്തപുരം കടത്തുകാരുടെ സ്വപ്‌ന വിമാനത്താവളമാകുമ്പോൾ

സുന്ദരിമാരെ കാരിയർമാരാക്കി സ്വർണക്കടത്തിന് റിക്രൂട്ട് ചെയ്ത സെറീന ഷാജിക്ക് പാക് ബന്ധവും; എല്ലാറ്റിനും കേന്ദ്രമായത് ദുബായിലെ ബ്യൂട്ടി പാർലറും; ദേഹപരിശോധന ഒഴിവാക്കിക്കൊടുത്ത് കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണൻ കേസിലെ ഒന്നാം പ്രതിയായി; ബ്യൂട്ടീഷ്യന് കരുത്ത് പൊലീസ് ഉന്നതനുമായുള്ള അടുത്ത ബന്ധം; നാൽപ്പത്തിരണ്ടുകാരിക്ക് ചിപ്പിയെന്നും വിളിപ്പേര്; നയതന്ത്ര കടത്തിന് പിന്നിലും പഴയ ഗോൾഡ് സിൻഡിക്കേറ്റിന് പങ്കെന്ന് സംശയം; തിരുവനന്തപുരം കടത്തുകാരുടെ സ്വപ്‌ന വിമാനത്താവളമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ പാഴ്‌സലിൽ സ്വർണം കടത്തിയ കേസിലെ സെറിനാ ഇഫക്ടിലും അന്വേഷണം. 2019 മെയ്‌ 13ന് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 8.5 കോടി രൂപയുടെ സ്വർണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്(ഡിആർഐ) പിടികൂടിയത്. ദുബായിൽ നിന്നു മസ്‌കത്ത് വഴിവന്ന വിമാനത്തിൽ 25 ബിസ്‌കറ്റുകളായി ഹാൻഡ് ബാഗിലൊളിപ്പിച്ചാണ് സ്വർണം കടത്തിയത്. ഈ കടത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നയതന്ത്ര കടത്തിൽ ബന്ധമുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്.

കേസിൽ അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ടായിരുന്ന എസ്‌പി. രാധാകൃഷ്ണൻ കള്ളക്കടത്ത് തടയൽ നിയമപ്രകാരം (കൊഫെപോസ) ഇപ്പോൾ കരുതൽ തടങ്കലിലാണ്. രാധാകൃഷ്ണൻ പിടിയിലായതോടെ കസ്റ്റംസിലെ ആരുടേയും സഹായം കടത്തുകാർക്ക് കിട്ടാതെയായി. ഇതോടെയാണ് നയതന്ത്ര കടത്തിലെ സാധ്യതകൾ ഉപയോഗിക്കാൻ തുടങ്ങിയതെന്ന വിലയിരുത്തൽ ശക്തമാണ്. രാധാകൃഷ്ണന്റെ ഒത്താശയോടെ തിരുവനന്തപുരം വിമാനത്താവളം വഴി 705 കിലോഗ്രാം സ്വർണം കടത്തിയതായും ഒരു വർഷം നീണ്ട അന്വേഷണത്തിൽ ഡിആർഐ കണ്ടെത്തി. അതുകൊണ്ട് തന്നെ വലിയ അളവിൽ സ്വർണം എത്തി. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തെ സ്വർണ്ണ കടത്ത് മാഫിയയിലേക്കാണ് അന്വേഷണം നീട്ടുക.

ബാഗിലൊളിപ്പിച്ച് സ്വർണം കടത്തിയതിന് പറവൂർ സെമിനാരിപ്പടി ആലിമിറ്റത്ത് സെറീന ഷാജി, തിരുമല സ്വദേശി സുനിൽ കുമാർ എന്നിവരെയാണ് ഡിആർഐ ആദ്യം അറസ്റ്റ് ചെയ്തത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാധാകൃഷ്ണൻ, മുഖ്യ സൂത്രധാരനും തിരുവനന്തപുരം നഗരത്തിലെ അഭിഭാഷകനുമായ ബിജു മനോഹരൻ, ബിജുവിന്റെ ഭാര്യ വിനീത തുടങ്ങിയവരിലേക്ക് അന്വേഷണം നീണ്ടത്. ഇവർക്ക് പിന്നിലുണ്ടായിരുന്ന 'ഗോൾഡ് സിൻഡിക്കറ്റി'ന്റെ സഹായത്തോടെയാണ് നയതന്ത്ര പാഴ്‌സൽ കടത്ത് നടന്നതെന്നാണ്‌സംശയം.

കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തുവന്ന സുനിലിന്റെയും സെറീന ഷാജിയുടെയും ബാഗിൽ നിന്ന് 25 കിലോ സ്വർണം ഡിആർഐ പിടികൂടുകയായിരുന്നു. സ്വർണം പുറത്തേക്കു കടത്താൻ സഹായിക്കുന്ന 6 താൽക്കാലിക ജീവനക്കാർ മുൻപു പിടിയിലായിരുന്നു. ഇവരിൽ നിന്നുള്ള വിവരമാണു തിരുവനന്തപുരം വിമാനത്താവളത്തിലെ അതുവരെയുള്ള ഏറ്റവും വലിയ സ്വർണ വേട്ടയിലേക്കു ഡിആർഐയെ എത്തിച്ചത്. നയതന്ത്ര ബാഗിലെ കടത്ത് പിടിച്ചതോടെ ഈ റിക്കോർഡ് തിരുത്തപ്പെട്ടു.

സ്വർണം കടത്തിയ സെറീന ഷാജിക്ക് പാക് ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. അതേസമയം, വിദേശത്ത് നിന്ന് സ്വർണം എത്തിച്ച കാരിയേഴ്സിന് വിമാനത്താവളത്തിൽ ദേഹപരിശോധന ഒഴിവാക്കിക്കൊടുത്തത് കസ്റ്റംസ് സൂപ്രണ്ട് ബി.രാധാകൃഷ്ണനാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തിൽ ആരോപണവിധേയരായപ്രകാശൻ തമ്പി, വിഷ്ണു എന്നിവരും ഗൂഢാലോചനയിൽ പങ്കെടുത്തെന്നും തെളിഞ്ഞു.

ഡിആർഐ നടത്തിയ അന്വേഷണത്തിലാണ് ദുബായ്് ബ്യൂട്ടിപാർലർ ഉടമ സെറീന ഷാജിയുടെ പാക് ബന്ധം തെളിഞ്ഞത്. സെറീന ഷാജിക്ക് സ്വർണക്കടത്ത് സംഘത്തെ പരിചയപ്പെടുത്തിക്കൊടുത്തത് പാക്കിസ്ഥാൻകാരനായ നദീം എന്ന വ്യക്തിയാണ്. ഇയാളാണ് സെറീനയുടെ ബ്യൂട്ടിപാർലറിലേക്ക് സൗന്ദര്യ വർദ്ധക വസ്തുക്കൾ നൽകിയിരുന്നത്. സ്വർണക്കടത്ത് സംഘത്തെ ദുബായിൽ നിയന്ത്രിച്ചിരുന്ന ജിത്തുവും നദീമും സുഹൃത്തുക്കളാണെന്നും സെറീന ഡിആർഐയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു. കസ്റ്റംസ് പരിശോധന കൂടാതെ പ്രതികളെ സ്വർണം കടത്താൻ രാധാകൃഷ്ണൻ സഹായിച്ചതായി സിബിഐ പറയുന്നു. ദുബായിൽ നിന്ന് സ്വർണവുമായി പ്രതികൾ വരുന്ന ദിവസങ്ങളിലെല്ലാം ബാഗുകളുടെ എക്സേ- റേ പരിശോധന നടത്തിയിരുന്നതും രാധാകൃഷ്ണനാണെന്ന് സിസിടിവിയിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതിന് പുറമേ ദേഹപരിശോധനയും ഒഴിവാക്കിക്കൊടുത്തു.

25 കിലോ സ്വർണം കടത്തുന്നതിനിടെ പിടിയിലായ സുനിൽ കുമാർ, സെറീന ഷാജി, സ്വർണ കടത്തിലെ പ്രധാന കണ്ണികളായ വിഷ്ണു സോമസുന്ദരം, ബിജുമോഹൻ, പ്രകാശ് തമ്പി, ബിജു മോഹന്റെ ഭാര്യ വിനീത, സ്വർണം വാങ്ങിയിരുന്ന പിപിഎം ചെയിൻസ് എന്ന ജൂവലറിയുടെ മാനേജർമാരായ പികെ റാഷിദ്, അബ്ദുൽ ഹക്കീം എന്നിവരാണ് ഈ കേസിലെ മറ്റ് പ്രതികൾ.

വിസിറ്റിങ് വിസയിൽ കടത്ത്

സെറീനയുടെ ബ്യൂട്ടിക് കേന്ദ്രീകരിച്ചാണ് ദുബായിൽ സംഘം പ്രവർത്തിച്ചത്. സംസ്ഥാനത്ത് നിന്നും സെറീനയുടെ നേതൃത്വത്തിൽ സ്ത്രീകളെ എത്തിച്ചു ബ്യൂട്ടിക്കിൽ പരിശീലനം നൽകിയാണ് സ്വർണക്കടത്തിൽ ഉപയോഗിച്ചിരുന്നത്. വിശ്വസ്തർ ആയി തോന്നുന്നവരെ മാത്രമാണ് കാരിയർ ആയി ഉപയോഗിച്ചു വന്നത്. ഈ സംഘത്തിൽ ഒരു ലക്ഷം രൂപ വരെ മാസം ലഭിച്ചു വന്ന സ്ഥിരം കടത്തുകാർ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആലുവ സ്വദേശിയായ സെറീന സ്വർണക്കടത്തിന് ആണ് തലസ്ഥാനത്തേക്ക് താമസം മാറ്റിയത്.

ദുബായിൽനിന്നു തിരുവനന്തപുരത്തേക്കു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 8 തവണയായി 50 കിലോഗ്രാം സ്വർണം കടത്തിയതായി സെറീന ഷാജിയുടെ മൊഴി നൽകിയിരുന്നു. ഓരോ തവണയും 2,000 ദിർഹം (37,885 രൂപ) പ്രതിഫലം ലഭിച്ചു. കള്ളക്കടത്തു റാക്കറ്റ് വിമാന ടിക്കറ്റ് സൗജന്യമായി നൽകി. ജിത്തു എന്നയാളായിരുന്നു ദുബായിൽ സ്വർണക്കടത്തിനു വേണ്ട ഒത്താശകൾ െചയ്തിരുന്നത്. 2019 മെയ്‌ 12നു രാത്രിയിൽ ദുബായ് എയർപോർട്ടിൽ സെറീനയ്ക്ക് സ്വർണം കൈമാറിയതു ജിത്തുവാണ്.

വിസിറ്റിങ് വിസയെടുത്ത് യുവതികളെ ഗൾഫിലേക്ക് അയയ്ക്കുകയും തിരികെവരുന്ന വഴി സ്വർണം കടത്തിക്കൊണ്ടുവരികയുമായിരുന്നു രീതി.സെറീന വഴിയാണ് സ്വർണക്കടത്തിന് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഒളിപ്പിച്ചായിരുന്നു കടത്ത്. മുൻ ബാർ അസോസിയേഷൻ നേതാവു കൂടിയായ ബിജുവിനെ ഉപയോഗപ്പെടുത്തി ഹക്കീമാണ് സ്വർണക്കടത്തിനു നേതൃത്വം നൽകിയിരുന്നത്. നഗരത്തിലെ ഒരു സ്വർണക്കടയിലെ മാനേജരായിരുന്ന ഹക്കീം മലപ്പുറം, കോഴിക്കോട് മേഖലകളിലെ നിരവധി സ്വർണക്കടകളിൽ സ്വർണമെത്തിച്ചു നൽകിയിരുന്നു.

അന്വേഷണത്തിൽ 40-ലേറെ സ്ത്രീകളെ ഉപയോഗിച്ച് സ്വർണക്കടത്ത് നടത്തിയതായി ഡി.ആർ.ഐയ്ക്കു വിവരം ലഭിച്ചു. ഇവരെല്ലാം നിർധന കുടുംബാംഗങ്ങളിലെ അംഗങ്ങളുമാണ്. കടത്തുന്ന സ്വർണത്തിന് അനുസരിച്ചാണ് ഇവർക്കു കമ്മീഷൻ നൽകിയിരുന്നത്. പണവും ഗൾഫ് ജോലിയും വാഗ്ദാനം ചെയ്താണ് ഇവരെ ഇരയാക്കിയെന്നു ഡി.ആർ.ഐയ്ക്കു തെളിവു ലഭിച്ചു. ഏതാനും കസ്റ്റംസ് ഉദ്യോഗസഥരാണ് വിമാനത്താവളത്തിൽ ഇവർക്കു സഹായം നൽകിയിരുന്നത്. പരിശോധന ഒഴിവാക്കുന്നതിനു പ്രത്യുപകാരമായി പണവും ആഡംബര സുഖസൗകര്യങ്ങളും നൽകിയിരുന്നതായാണു കണ്ടെത്തൽ.

അഡ്വ എം. ബിജുവാണ് സ്വർണക്കടത്തു സംഘത്തെ നയിച്ചിരുന്നത്. 2018 നവംബറിലാണ് ബിജു ഫോണിൽ വിളിച്ചു സ്വർണക്കടത്തുമായി സഹകരിക്കാൻ നിർദ്ദേശിച്ചത്. ബിജുവിനു വേണ്ടി കൂടുതലും ഫോണിൽ വിളിച്ചിരുന്നതു സഹായി വിഷ്ണു സോമസുന്ദരമാണ്. 2018 ഡിസംബർ 18നു തിരുവനന്തപുരത്ത് എത്താൻ വിമാന ടിക്കറ്റ് അയച്ചുതന്നു. വിഷ്ണുവിനെയും ജിത്തുവിനെയും പിന്നീടു ദുബായ് എയർപോർട്ടിൽ ഒരുമിച്ചു കണ്ടപ്പോഴാണ് എല്ലാവരും ഒരേ സംഘത്തിന്റെ ഭാഗമാണെന്നു മനസ്സിലായത്.

മറ്റ് വിമാനത്താവളങ്ങൾ വഴിയും സ്വർണക്കടത്ത്

സെറീനയും സംഘവും ചെന്നൈ, വാരാണസി, കൊൽക്കത്ത തുടങ്ങിയ വിമാനത്താവളങ്ങളിലൂടെയും സ്വർണം കടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര വിമാനത്താവളങ്ങൾവഴി വരുന്ന കണക്ടിങ് ഫ്ളൈറ്റുകളിൽ ആഭ്യന്തര ടെർമിനലുകളിൽ ഇറങ്ങുന്നതാണ് ഇവരുടെ രീതി. രഹസ്യവിവരമില്ലാതെ സാധാരണ ആഭ്യന്തര ടെർമിനലുകളിൽ കർശനപരിശോധന ഉണ്ടാവാറില്ല.

പുറത്തെത്തിക്കുന്ന സ്വർണം ഇടനിലക്കാർക്ക് കൈമാറുന്നത് സെറീനയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏജന്റുമാരുമായി ഇവർക്ക് ബന്ധമുണ്ട്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘങ്ങളായാണ് സ്വർണം കടത്തുന്നത്. അഞ്ചുമുതൽ ഏഴുവരെ പേർ ഒരു സംഘത്തിലുണ്ടാകും. അന്വേഷണ ഏജൻസികൾക്ക് വിവരം ചോർന്നാൽ രക്ഷപ്പെടാനാണ് സംഘമായി എത്തുന്നത്. ഇതിൽ ആരെങ്കിലും പിടിക്കപ്പെടുമെന്ന് തോന്നിയാൽ അടുത്ത ആളിലേക്ക് ബാഗ് കൈമാറുന്നതാണ് രീതി. പലപ്പോഴും കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാകും ഏജൻസികൾ സ്വർണക്കടത്തുകാരെ പിടികൂടുന്നത്. ഇവരിൽനിന്ന് സ്വർണം കണ്ടെത്താനാവാതെ വരുന്നതോടെ പരിശോധന അവസാനിപ്പിക്കുകയാണ് പതിവ്

രാഷ്ട്രീയ-ഉദ്യോഗസ്ഥ മേഖലയിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ള സ്വർണക്കള്ളക്കടത്ത് മേഖലയിലെ കിരീടം വയ്ക്കാത്ത രാജകുമാരിയാണ് സെറീന. ചിപ്പിയെന്ന് വിളിപ്പേരുള്ള ഇവർക്ക് ഉന്നത ബന്ധങ്ങളുണ്ടായിരുന്നു. പൊലീസിലെ ഒരു ഉന്നതനുമായുള്ള അടുപ്പമാണ് സെറീനയ്ക്കു ഗുണംചെയ്യുന്നത്. 25 കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു കടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് സെറീനയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടർ സുനിൽ കുമാറിനെ ഫേസ്‌ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. തലസ്ഥാനത്തെത്തിക്കുന്ന തങ്കക്കട്ടികൾ കൊച്ചിയിലെ പ്രശസ്തമായ ജൂവലറിയിലേക്കു െകെമാറ്റം ചെയ്തതായി വിവരമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP