Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊബൈൽ ഷോപ്പ് ജീവനക്കാരനായ മട്ടാഞ്ചേരിക്കാരൻ; കുടുംബം താമസിക്കുന്നത് ആലുവയിൽ എന്ന് സൂചന; ദുബായിൽ നിന്ന് ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം അയച്ചത് ഫൈസൽ ഫരീദ്; പുറത്തു വരുന്നത് ശരിയായ പേരോണോ എന്നും കസ്റ്റംസിന് സംശയം; ചർച്ചയാകുന്നത് കണ്ണൂരിലെ സ്വർണ്ണകടത്ത് ലോബിയുടെ ഒളിച്ചു കളി; നയതന്ത്ര വഴിയിൽ സ്വർണം കടത്തിയതിന് പിന്നിൽ നബീലെന്നും സൂചന; ഒന്നും അറിയില്ലെന്ന് ഷാർജയിലെ അൽ സത്താർ സ്‌പൈസിസ്; അന്വേഷണത്തിന് ഇന്റർപോൾ സഹായം തേടും

മൊബൈൽ ഷോപ്പ് ജീവനക്കാരനായ മട്ടാഞ്ചേരിക്കാരൻ; കുടുംബം താമസിക്കുന്നത് ആലുവയിൽ എന്ന് സൂചന; ദുബായിൽ നിന്ന് ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം അയച്ചത് ഫൈസൽ ഫരീദ്; പുറത്തു വരുന്നത് ശരിയായ പേരോണോ എന്നും കസ്റ്റംസിന് സംശയം; ചർച്ചയാകുന്നത് കണ്ണൂരിലെ സ്വർണ്ണകടത്ത് ലോബിയുടെ ഒളിച്ചു കളി; നയതന്ത്ര വഴിയിൽ സ്വർണം കടത്തിയതിന് പിന്നിൽ നബീലെന്നും സൂചന; ഒന്നും അറിയില്ലെന്ന് ഷാർജയിലെ അൽ സത്താർ സ്‌പൈസിസ്; അന്വേഷണത്തിന് ഇന്റർപോൾ സഹായം തേടും

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശ്ശേരി: തിരുവനന്തപുരം സ്വർണക്കടത്തിൽ ആരോപണ വിധേയനായ ഫൈസൽ ഫരീദിന്റെ തുടക്കം ദുബായിൽ മൊബൈൽ ഷോപ്പിലെ ജീവനക്കാരനായി. പിന്നീടാണ് ഇയാൾ സ്വർണക്കടത്തിലേക്കു തിരിഞ്ഞത്. മട്ടാഞ്ചേരി സ്വദേശിയായ ഫൈസലിന്റെ കുടുംബം ആലുവയിലാണു താമസിക്കുന്നത്. ഫൈസൽ ഫരീദ് എന്നത് ഇയാളുടെ ശരിയായ പേരുതന്നെയാണോ എന്നും സംശയമുണ്ട്. സ്വർണ്ണ കടത്തിന് നേതൃത്വം നൽകുന്ന കണ്ണൂർ ലോബിയുടെ ഇടനിലക്കാരനാണ് ഇയാളെന്നും സൂചനയുണ്ട്. ഫയാസ് അടക്കമുള്ള മാഫിയാ തലവന്മാരുടെ കടത്തിലെ കണ്ണിയാണ് ഫൈസൽ എന്നാൽ സൂചന. കേരളത്തിലേക്കുള്ള സ്വർണ്ണ കടത്തിനെ നിയന്ത്രിക്കുന്നത് നബീൽ എന്ന മാഫിയാ രാജാവാണ്. നബീലിന് വേണ്ടിയാണോ സ്വർണ്ണ കടത്ത് എന്നതും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

ആദ്യം ചെറിയ രീതിയിലായിരുന്നു ഫൈസൽ ഫരീദിന്റെ സ്വർണ്ണ കടത്ത്. പിന്നീട് ചെന്നൈ ലോബിയുമായി അടുത്തു. ചെന്നൈ ലോബിയാണ് യു.എ.ഇ. കോൺസുലേറ്റിന്റെ നയതന്ത്ര പാഴ്സലിന്റെ മറവിൽ സ്വർണം കടത്താമെന്ന വിവരം ഫൈസലിനു കൈമാറിയതെന്നാണ് സൂചന. യു.എ.ഇ.യിലെ കസ്റ്റംസ് ഫോർവേഡിങ് ഏജന്റ് യു.എ.ഇ. പൗരനാണ്. ഇദ്ദേഹത്തിന്റെ കീഴിൽ ജോലിചെയ്യുന്ന ജീവനക്കാരനെ സ്വാധീനിച്ചാണ് ഫൈസൽ ഫരീദ് നയതന്ത്ര പാഴ്സലിന്റെ മറവിൽ സ്വർണം അയച്ചിരുന്നത്. തിരുവനന്തപുരത്തെ കാര്യങ്ങൾ നോക്കാൻ സരിത്തിനെയും സ്വപ്നയെയും ചുമതലപ്പെടുത്തിയെന്നാണ് വിവരം. ഇതിന് പിന്നിൽ സ്വർണ്ണ കടത്തിനെ മലബാറിലെ കടത്തു കാരും സ്വാധീനിച്ചുവെന്നാണ് സൂചന. ഇവാരണ് പ്രധാന ഇടനിലക്കാരാണെന്നാണ് കസ്റ്റംസിന്റെ വിവരം. ഗൾഫിലെ സ്വർണ്ണ മാഫിയയെ കുടുക്കാൻ കസ്റ്റംസ് ഇൻർപോളിന്റെ സഹായം തേടും. സിബിഐയുടെ സഹായത്തോടെയാകും ഇത്.

കോൺസുലേറ്റിലെ ജീവനക്കാർക്ക് ലഭിക്കുന്നത് വിയന്ന കൺവെൻഷനിൽ ഇന്ത്യയടക്കം അംഗീകരിച്ച നയതന്ത്ര പരിരക്ഷയാണ്. കോൺസുലേറ്റിൽ പല ജീവനക്കാർക്കും ഈ മാഫിയയുമായി ബന്ധമുണ്ട്. എന്നാൽ കോൺസുലേറ്റിലെ ജീവനക്കാരെ ചോദ്യംചെയ്യുക അസാധ്യമാണ്. കോൺസുലേറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കീഴ്ജീവനക്കാരെ ചോദ്യംചെയ്യാൻ തടസ്സമില്ല. ഖഷോഗിയുടെ മൃതദേഹം അറുത്തുമുറിക്കാനുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ അടക്കം തുർക്കിയിലെത്തിച്ചത് ഡിപ്ലോമാറ്റിക് ബാഗിലായിരുന്നുവെന്നാണ് ഇപ്പോഴും സംശയിക്കുന്നത്. അങ്ങനെ പല കള്ളത്തരങ്ങൾക്കും ഡിപ്ലോമാറ്റിക് ബാഗ് ഉപയോഗിക്കാറുണ്ട്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗം ആയുധമാക്കി നാല് വർഷം കൊണ്ടാണ് സ്വാധീനത്തിലും സാമ്പത്തികമായും സ്വപ്ന സമാനമായ വളർച്ച സ്വപ്ന നേടിയത്. ഇതിന് പിന്നിൽ കള്ളക്കടത്തുണ്ടെന്നാണ് സൂചന. സ്വാധീനം, സൗഹൃദം, സമ്പത്ത്... മൂന്ന് ദിവസം മുൻപ് വരെ സ്വപ്നയുടേത് സ്വപ്നസമാനമായ ആർഭാട ജീവിതമായിരുന്നു.

അതിനിടെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണക്കടത്ത് നടത്തിയ കേസിൽ പേര് പരാമർശിക്കപ്പെട്ട ഷാർജയിലെ അൽ സത്താർ സ്‌പൈസിസ് എന്ന സ്ഥാപനത്തിന് കേസുമായി ബന്ധമില്ലെന്ന് സ്ഥാപന അധികൃതർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ആരെയും അറിയില്ല. ഫാസിൽ എന്ന പേരിൽ ആരും കടയിൽ ജോലി ചെയ്യുന്നില്ല. ഈന്തപ്പഴം, പലവ്യഞ്ജനം അടക്കമുള്ള സാധനങ്ങളാണ് വിൽക്കുന്നത്. ഈ കടയുടെ പേരിലുള്ള ഇൻവോയിസിലായിരുന്നു വിമാനത്താവളത്തിൽ സാധനങ്ങൾ എത്തിച്ചതെന്നാണ് പി.എസ്.സരിത്തിന്റെ റിമാൻഡ് അപേക്ഷയിൽ പറയുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണമെത്തിച്ചത് ഭക്ഷ്യവസ്തുക്കളെന്ന പേരിലാണെന്ന് കസ്റ്റംസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത് യുഎഇയിൽ ഭക്ഷ്യവസ്തുക്കളുടെ കട നടത്തുന്ന ഫാസിൽ എന്നയാളാണെന്ന് കസ്റ്റംസും വ്യക്തമാക്കിയിരുന്നു. കാർഗോ ബുക്ക് ചെയ്തത് ഫാസിൽ എന്നയാളും ക്ലിയറൻസിനുള്ള പണം നൽകിയത് സരിത്തുമാണ്.

കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ നിർദ്ദേശപ്രകാരമാണ് ഫാസിൽ കാർഗോ ബുക്ക് ചെയ്‌തെന്നും ഭക്ഷ്യവസ്തുക്കൾ പാക്ക് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ബാഗേജിൽ സ്വർണം വെച്ചത് ഫാസിൽ തന്നെയാണോ എന്ന് ഉറപ്പിച്ചിട്ടില്ല. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അതിനാൽ തന്നെ വിശദമായ അന്വേഷണം ആവശ്യമാണെന്നും കസ്റ്റംസ് പറയുന്നു. തിരുവനന്തപുരത്ത് എത്തുന്ന സ്വർണം പോകുന്നത് ചെന്നൈയിലെ വൻകിട സ്വർണവ്യാപാരികൾക്കാണ്. സ്വപ്നാ സുരേഷാണ് സ്വർണം തിരുവനന്തപുരത്തുനിന്ന് കാറിൽ തമിഴ്‌നാട്ടിൽ എത്തിച്ചുനൽകുന്നത്. സർക്കാർ വാഹനമെന്ന ബോർഡുവെച്ച് തിരുച്ചിറപ്പിള്ളിയിലാണ് പലപ്പോഴും ഇവർ സ്വർണം എത്തിച്ചിരുന്നത്.

ബോർഡുകണ്ട് ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്താറില്ല. ചോദിച്ചാൽത്തന്നെ തമിഴ്‌നാട്ടിലുള്ള കേരള സർക്കാരിന്റെ ഏതെങ്കിലും സ്ഥാപനത്തിൽ ഓഡിറ്റിങ്ങിനും മറ്റുമായി പോകുന്നതാണെന്നാണ് പറയാറുള്ളത്. ദുബായിലുള്ള ഫൈസൽ ഫരീദ് അവിടെനിന്നു സ്വർണം കടത്തുന്നത് ചെന്നൈ ലോബിക്കുവേണ്ടിയാണ്. കോവിഡ് കാലത്ത് മാത്രം യു.എ.ഇ.യിൽനിന്ന് തിരുവനന്തപുരത്തേക്ക് 160 കിലോ സ്വർണം കടത്തിയതായി കസ്റ്റംസിനു വിവരം ലഭിച്ചിട്ടുണ്ട്. ആദ്യം കടത്തിയത് അഞ്ചുകിലോ സ്വർണമാണ്. പിന്നീട് പടിപടിയായി അത് 30 കിലോവരെയെത്തി. 160 കിലോ സ്വർണവും എത്തിച്ചിരിക്കുന്നത് തമിഴ്‌നാട്ടിലേക്കാണ്.

ചെന്നൈ ലോബി തിരുവനന്തപുരം മാതൃകയിൽ സിങ്കപ്പൂരിൽനിന്നും സ്വർണം കടത്തിയിട്ടുണ്ടെന്നു സൂചന. ചെന്നൈയിലേക്ക് ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന സൂചന. കൊച്ചിയിൽനിന്നുള്ള കസ്റ്റംസ് സംഘം തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP