Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ സ്വർണ്ണക്കടത്തു സംഘങ്ങളുടെ മാഫിയാരാജോ? സ്വർണക്കടത്ത് ബന്ധം സംശയിക്കുന്ന ഒരു യുവാവിനെ കൂടി കോഴിക്കോട്ടു നിന്നും കാണാതായി; മൂന്ന് പേരുടെ തിരോധാനത്തിലും തുമ്പില്ലാതെ പൊലീസും; രാഷ്ട്രീയ ബന്ധങ്ങളുടെ തണലിൽ കൊലക്കേസുകളിലും രക്ഷപെട്ട് വമ്പൻ സ്രാവുകളും; മലബാറിലെ സ്വർണക്കടത്ത് ഭീകരത നാൾക്ക്‌നാൾ വർധിക്കുന്നു

കേരളത്തിൽ സ്വർണ്ണക്കടത്തു സംഘങ്ങളുടെ മാഫിയാരാജോ? സ്വർണക്കടത്ത് ബന്ധം സംശയിക്കുന്ന ഒരു യുവാവിനെ കൂടി കോഴിക്കോട്ടു നിന്നും കാണാതായി; മൂന്ന് പേരുടെ തിരോധാനത്തിലും തുമ്പില്ലാതെ പൊലീസും; രാഷ്ട്രീയ ബന്ധങ്ങളുടെ തണലിൽ കൊലക്കേസുകളിലും രക്ഷപെട്ട് വമ്പൻ സ്രാവുകളും; മലബാറിലെ സ്വർണക്കടത്ത് ഭീകരത നാൾക്ക്‌നാൾ വർധിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഒരു കാലത്ത് കുഴൽപ്പണ ലോബിയായിരുന്നു മലബാറിൽ വിലസിയിരുന്നതെങ്കിൽ ഇന്ന് ആ അവസ്ഥ മാറിയിട്ടുണ്ട്. മറിച്ച് സ്വർണ്ണക്കടത്തു ലോബിക്കാണ് ഇപ്പോൾ ആ സ്ഥാനത്ത് സജീവമായിരിക്കുന്നത്. കൊടുവള്ളിയിലെ സ്വർണ്ണക്കടത്തു മാഫിയ അതിന്റെ സർവ്വ ശക്തിയോടെ നിറഞ്ഞാടുന്ന സമയമാണ് ഇപ്പോൾ. എന്തിനും പോന്ന രാഷ്ട്രീയ ബന്ധമുള്ളപ്പോൾ ആരെയും കൊന്നു തള്ളാനും മടിക്കാത്ത വിധത്തിലേക്ക് ഈ സംഘം വളർന്നു കഴിഞ്ഞു. ചുരുക്കി പറഞ്ഞാൽ മലബാറിൽ ശരിക്കും അധോലോക രാജാണോ എന്ന് സംശയം തോന്നും ഇപ്പോഴത്തെ കാര്യങ്ങൾ പരിശോധിക്കുമ്പോൾ. കുറച്ചു കാലങ്ങൾ കൊണ്ട് മാത്രം സ്വർണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച ആളുകൾ നിരവധിയാണ്. ഇക്കൂട്ടത്തിൽ ഒടുവിലാണ് ഇർഷാദിന്റെ കൊലപാതകവും.

കനകം തേടി പോകുന്നവർ അതിനായി കടിപിടികൂടി മരിക്കുന്ന കഥകൾ കേരളത്തിൽ യാഥാർഥ്യമാകുകയാണ്. ഇർഷാദിന്റെ കൊലപാതകത്തിലെ പ്രതികൾ ഇപ്പോഴും പുറത്തുവിലസുന്നു എന്ന സൂചന തന്നെയാണ് പൊലീസിന് ലഭിക്കുന്നത്. ഇതിനിടെയാണ് ജില്ലയിൽ ഒരു യുവാവിനെ കൂടി കാണാതായിരിക്കുന്നത്. സംഭവത്തിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോഴിക്കോട് നാദാപുരം സ്വദേശിയായ അനസ് എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ചാണ് ഇയാളുടെ മാതാവ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്.

ഖത്തറിൽ നിന്നും ജൂലൈ 20-നാണ് അനസ് കരിപ്പൂരിൽ വിമാനമിറങ്ങിയത്. എന്നാൽ ഇയാൾ ഇതുവരെ വീട്ടിൽ എത്തിയിട്ടില്ല. അനസ് നാട്ടിലെത്തിയതിന് തൊട്ടടുത്ത ദിവസം അജ്ഞാതരായ ഒരു സംഘം ആളുകൾ അനസിന്റെ ഭാര്യവീട്ടിലെത്തി ഇയാളെ അന്വേഷിക്കുകയും അനസ്സ് ഒരു സാധനം ഖത്തറിൽ നിന്നു കൊണ്ടു വന്നിട്ടുണ്ടെന്നും അതു തിരികെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും അജ്ഞാതരായ പലരും അനസിനെ തേടിയെത്തി എന്നാണ് വീട്ടുകാർ പറയുന്നത്. മലപ്പുറം സ്വദേശികളായ ചില ആളുകൾ എത്തി എന്നാണ് അനസിന്റെ മാതാവ് നൽകിയ പരാതിയിൽ പറയുന്നത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള തിരോധാനമായിരിക്കാം ഇതെന്നാണ് പൊലീസിന്റെ നിഗമനം. അനസ് സ്വർണവുമായി എത്തിയ ശേഷം മാറി നിൽക്കുകയാണോ എന്ന സംശയമാണ് പൊലീസിനുള്ളത്. അനസിന്റെ ഉമ്മയുടെ പരാതിയിൽ നാദാപുരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഈ കേസുകൾ തമ്മിൽ പരസ്പ്പരം ബന്ധപ്പെട്ടു കിടക്കുന്നുണ്ടോ എന്ന സംശയവുമുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് ചെക്യാട്ട് യുവാവിനെ കാണാതായ സംഭവത്തിനും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ഖത്തറിൽ ജോലി ചെയ്തിരുന്ന ചക്യാട് വാതുക്കൽ പറമ്പത്ത് റിജേഷ്( 35) നെയാണ് ജൂൺ 16 മുതൽ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജൂൺ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂൺ 16 ന് കണ്ണൂർ എയർപോർട്ട് വഴി നാട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവുമില്ലാതായി. ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോൾ നാട്ടിൽ പോയെന്നാണ് അറിയിച്ചത്. ഇതിനിടയിൽ അജ്ഞാതർ പല തവണ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയെന്ന് ബന്ധുക്കൾ പറയുന്നു.

മാതാപിതാക്കളുടെ പരാതിയിൽ വളയം പൊലീസ് കേസ്സെടുത്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്. അജ്ഞാതർ അന്വേഷിച്ചെത്തിയത് റിജേഷ് വഴി കടത്തിയ സ്വർണ്ണത്തിന് വേണ്ടിയാണെന്നാണ് പൊലീസ് കരുതുന്നത്. ഇർഷാദിന്റെ മരണ വാർത്ത പുറത്ത് വന്ന ശേഷമാണ് ബന്ധുക്കൾ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പൊലീസിന് മുൻപാകെ എത്തിയത്. നാട്ടിലെത്തിയ ശേഷം റിജേഷ് പൊട്ടിക്കൽ സംഘത്തിന്റെ പിടിയിലായോ അതോ തട്ടിക്കൊണ്ട് പോയോ തുടങ്ങിയ സംശയങ്ങളാണുള്ളത്. സ്വർണം കൈക്കലാക്കാൻ വേണ്ടി റിജേഷ് സ്വയം മാറി നിൽക്കുന്നതാകാനും സാധ്യതയുണ്ട്. ഒന്നരമാസത്തിലേറെയായി റിജേഷിനെ കാണാതായിട്ടെങ്കിലും ഭീഷണി കാരണം പരാതി നൽകിയില്ലെന്നാണ് ബന്ധുക്കളുടെ വിശദീകരണം.

മലബാറിലെ സ്വർണക്കടത്തിന്റെ ഭീകരതയിലേക്ക് കൂടിയാണ് കോഴിക്കോട് ജില്ലയിലെ നാല് ചെറുപ്പക്കാരുടെ തിരോധാനവും അതിലൊരാളുടെ മരണവും വിരൽ ചൂണ്ടുന്നത്. ഇർഷാദ്, ദീപക്, റിജേഷ്, അജാസ് എന്നിങ്ങനെ നാല് പേരെയാണ് ജൂൺ, ജൂലൈ മാസങ്ങളിൽ കാണാതായത്. ഇവരിൽ ഇർഷാദ് കൊല്ലപ്പെട്ടതായി വ്യക്തമായി. മറ്റു മൂന്ന് പേർ എവിടെ എന്നതിൽ ഇതുവരെ പൊലീസിന് വ്യക്തതയില്ല. സ്വർണക്കടത്തും കടത്ത് പൊട്ടിക്കലും നേരത്തെ തന്നെ മലബാറിൽ സജീവമാണ്. എന്നാൽ കാരിയർമാർ കൊല്ലപ്പെട്ടുകയും തട്ടിക്കൊണ്ടു പോകപ്പെടുകയും ഒളിവിൽ പോകുകയുമെല്ലാം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയത് വളരെ പെട്ടെന്നാണ്.

മതാചാരം അനുസരിച്ചു ഖബറടക്കാൻ ലഭിച്ചത് അസ്ഥികൾ മാത്രം

അതേസമയം ഇർഷാദിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഇന്ന് ഖബറടക്കി. പന്തിരിക്കരയിലെ കോഴിക്കുന്നുമ്മൽ നാസർ - നഫീസ ദമ്പതികളോട് വിധി കാണിച്ചത് വലിയ ക്രൂരതയായായിരുന്നു. മകനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയപ്പോൾ ആ മൃതദ്ദേഹം പോലും ഒന്നു കാണാൻ ഈ കുടുംബത്തിനു ലഭിച്ചില്ല. മറ്റൊരാളാണെന്ന് കരുതി ആ വീട്ടുകാർ അവരുടെ മതാചാരപ്രകാരം ചിതയൊരുക്കി സംസ്‌ക്കരിക്കുകയാണ് ചെയ്തത്.

മകന്റെ അസ്ഥിയെങ്കിലും കൊണ്ടുവന്ന് കബറടക്കണമെന്ന ആ പിതാവിന്റെ ആഗ്രഹം ഞായറാഴ്ച സഫലമായി. മേപ്പയ്യൂരിലെ കൂനം വെള്ളിക്കാവ് വടക്കേടത്തുക്കണ്ടി ദീപക്കിന്റെ മൃതദ്ദേമാണെന്ന് കരുതിയാണ് കുടുംബം ആ വീട്ടുവളപ്പിൽ ചിതയൊരുക്കിയത്. ഡി.എൻ.എ പരിശോധനയിലൂടെ അത് ഇർഷാദാണെന്ന് കഴിഞ്ഞ ദിവസമാണ് തെളിഞ്ഞത്. വടകര ആർ.ഡി.ഒ സി. ബിജു ദീപകിന്റെ വീട്ടിൽ നിന്നും ഏറ്റുവാങ്ങിയ അസ്ഥി പൊലീസാണ് ബന്ധുക്കൾക്ക് കൈമാറിയത്. പെരുവണ്ണാമൂഴി എസ്.എച്ച്.ഒ കെ. സുഷീറിൽ നിന്നും ഇർഷാദിന്റെ മാതൃസഹോദരീ പുത്രൻ റഷീദ് ഏറ്റുവാങ്ങി. ഉച്ചക്ക് 2 മണിയോടെ ആവടുക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ആവടുക്ക ജുമാ മസ്ജിദ് ഖാസി ബഷീർ ബാഖഫിയുടെ നേതൃത്വത്തിലാണ് സംസ്‌ക്കാര ചടങ്ങുകൾ നടന്നത്.

916 നാസറിനെ നാട്ടിലെത്തിക്കാൻ നീക്കം

അതിനിടെ ഇർഷാദ് കൊല്ലപ്പെട്ട കേസിൽ, വിദേശത്തേക്ക് കടന്ന പ്രതികളെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം ശക്തമാക്കിയിട്ടുണ്ട്. 916 നാസർ എന്നറിയിപ്പെടുന്ന സ്വാലിഹാണ് ഇക്കൂട്ടത്തിൽ മുഖ്യപ്രതിയെന്നാണ് പൊലീസിന്റെ സംശയം. ഇയാളെ നാട്ടിൽ തിരിച്ചെത്തിക്കാൻ അന്വേഷണ സംഘം റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കും. സ്വാലിഹിന് പുറമേ ഷംനാദിനെയും നാട്ടിലെത്തിക്കാനാണ് നീക്കം. സിബിഐ മുഖേന ഇന്റർപോളുമായി ബന്ധപ്പെടാനാണ് നീക്കം.

ഇർഷാദിന്റെ മൃതദേഹം കഴിഞ്ഞ മാസം 17ന് തിക്കോടി കോടിക്കൽ കടപ്പുറത്ത് കണ്ടെത്തിയതിന് പിന്നാലെ 19ന് സ്വാലിഹ് ഡൽഹി വിമാനത്താവളത്തിലൂടെ വിദേശത്തേക്ക് കടന്നെന്നാണ് വിവരം.ദുബായിൽ നിന്ന് കൊണ്ടുവന്ന 60 ലക്ഷം രൂപയുടെ സ്വർണം ആവശ്യപ്പെട്ട് ജൂലായ് ആറിന് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത് സ്വാലിഹിന്റെ നേതൃത്വത്തിലാണെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്.മർദ്ദിച്ച് അവശനാക്കി ഇർഷാദിനെ കാറിൽ കൊണ്ടുപോയി പുഴയിൽ തള്ളിയതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP