Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

മാർഗം ഉപദേശിച്ചത് സ്വപ്ന സുരേഷ്; രാമമൂർത്തിയെ പാഠം പഠിപ്പിക്കാനും ബാഗേജ് തിരിച്ചയയ്ക്കാനും ഉന്നത സ്വാധീനമുള്ള വ്യക്തിയെ ചുമതലപ്പെടുത്തിയത് കോൺസുൽ ജനറൽ; കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ അറ്റാഷെ നടത്തിയത് അസാധാരണമായ നീക്കങ്ങൾ; ആ 'മലയാളിയെ' കസ്റ്റംസിന് ഇപ്പോഴും ഭയം

മാർഗം ഉപദേശിച്ചത് സ്വപ്ന സുരേഷ്; രാമമൂർത്തിയെ പാഠം പഠിപ്പിക്കാനും ബാഗേജ് തിരിച്ചയയ്ക്കാനും ഉന്നത സ്വാധീനമുള്ള വ്യക്തിയെ ചുമതലപ്പെടുത്തിയത് കോൺസുൽ ജനറൽ; കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ അറ്റാഷെ നടത്തിയത് അസാധാരണമായ നീക്കങ്ങൾ; ആ 'മലയാളിയെ' കസ്റ്റംസിന് ഇപ്പോഴും ഭയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാൻ യു.എ.ഇ. കോൺസുലേറ്റിലെ അഡ്‌മിൻ അറ്റാഷെ നടത്തിയത് അസാധാരണമായ നീക്കങ്ങൾ. 'ഉന്നതസ്വാധീനമുള്ള മലയാളിയെ' ഇതിനായി ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് സ്വപ്‌നാ സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി. എല്ലാരീതിയിലും ഇടപെടാൻ സാധിക്കുന്നയാളാണിതെന്നും കസ്റ്റംസിന്റെ റിപ്പോർട്ടിലുണ്ട്. ഈ മലയാളിക്ക് പിന്നാലെയാണ് കേന്ദ്ര ഏജൻസികളുടെ നീക്കം. എന്നാൽ ഈ മലയാളിയുടെ പേര് റിപ്പോർട്ടിൽ എഴുതാൻ പോലും കസ്റ്റംസിന് കഴിയുന്നില്ല. അത്രയും സ്വാധീനം ഈ മലയാളിക്കുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് തുറക്കാൻ നേതൃത്വം നൽകിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ രാമമൂർത്തിയെ 'പാഠം പഠിപ്പിക്കാനും' ജോലിയിൽനിന്ന് പുറത്താക്കാനുമാണ് ഉന്നതകേന്ദ്രങ്ങളെ സ്വാധീനിക്കാൻ ശ്രമം നടന്നത്. ഈ നീക്കം പൊളിഞ്ഞതോടെയാണ് കടത്തിലെ സത്യവം പുറത്തുവന്നത്. യു.എ.ഇ. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി ഏപ്രിൽ 21-ന് ദുബായിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷം കോൺസുലേറ്റിന്റെ ചുമതല അഡ്‌മിൻ അറ്റാഷെയായ റാഷിദ് ഖാമിസ് അലി മുസൈക്രി അൽ അഷ്മിയക്കായിരുന്നു. സത്യം പുറത്തു വരാൻ കോൺസുലും അറ്റാഷെയും ശ്രമിച്ചുവെന്നാണ് സ്വപ്‌നയുടെ മൊഴി. എന്നാൽ ഇത് പൂർണ്ണമായും കേന്ദ്ര ഏജൻസികൾ വിശ്വസിച്ചിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള നീക്കമാണോ ഇതെന്ന സംശയം സജീവമാണ്.

രാമമൂർത്തിയെ പാഠം പഠിപ്പിക്കാനും ബാഗേജ് തിരിച്ചയയ്ക്കാനും ഉന്നത സ്വാധീനമുള്ള വ്യക്തിയെ അംബാസഡർ ചുമതലപ്പെടുത്തിയതായി റാഷിദ് പറഞ്ഞെന്ന് സ്വപ്ന അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിട്ടുണ്ട്. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിയും ബാഗേജ് തുറക്കാതെ തിരികെ അയക്കാൻ വേണ്ടത് ചെയ്തിട്ടുണ്ടെന്ന് സ്വപ്നയെ വിളിച്ചറിയിച്ചിരുന്നു. ഈ മലയാളി ശതകോടീശ്വരനായ മലയാളി വ്യവസായി ആണെന്നാണ് വിവരം. സംസ്ഥാന സർക്കാരിൽ ഉന്നത സ്വാധീനമുണ്ട്. ഇത് ലുലു ഗ്രൂപ്പ് ഉടമ യൂസഫലി അല്ലെന്ന് നേരത്തെ മറുനാടൻ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ പുറത്തു വരുന്നത് കസ്റ്റംസ് അസിസ്റ്റന്റെ കമ്മീഷണറെ പുറത്താക്കാൻ നടത്തിയ ഞെട്ടിക്കുന്ന നീക്കങ്ങളാണ്.

സ്വർണക്കടത്ത് ബാഗേജ് തുറക്കുംമുമ്പേ യു.എ.ഇ.യിലേക്ക് തിരികെ എത്തിക്കാൻ ഉന്നതസ്വാധീനമുള്ള മലയാളിയെയും ചുമതലപ്പെടുത്തിയത് ഇതിന്റെ ഭാഗമാണെന്ന് കേന്ദ്ര ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ വിശദീകരിക്കുന്നു. അറ്റാഷെ പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗങ്ങൾ സ്വപ്നാ സുരേഷിനോട് ആരാഞ്ഞിരുന്നു. നയതന്ത്രബാഗേജിന്റെ മറവിൽ സ്വർണം കടത്താനുള്ള തന്ത്രം റാഷിദിനോട് പങ്കുവെച്ചത് അപ്പോഴാണ്. ഒരുതവണ കടത്തുന്നതിന് തനിക്ക് 1500 യു.എസ്. ഡോളർ (1.10 ലക്ഷം രൂപ) കമ്മിഷൻ വേണമെന്ന് റാഷിദ് ആവശ്യപ്പെട്ടു. സ്വപ്നയും സരിത്തും ഇത് അംഗീകരിച്ചു. അതുവരെ വ്യാജ ഒപ്പ് ഇട്ടാണ് കോൺസുലേറ്റിന്റെ അംഗീകാരപത്രം സരിത്ത് കസ്റ്റംസിൽ നൽകിയിരുന്നത്.

കമ്മിഷൻ ഉറപ്പിച്ചശേഷം ഈ കത്തിൽ അറ്റാഷെ തന്നെ ഒപ്പുവെച്ചുനൽകാൻ തുടങ്ങി. സ്വപ്നാ സുരേഷ് നേരിട്ടും ഡ്രൈവർ മുഖേനയുമാണ് ഓരോ തവണയും അറ്റാഷെയ്ക്കുള്ള കമ്മിഷൻ എത്തിച്ചിരുന്നത്. ജൂൺ 30-ന് എത്തിയ നയതന്ത്രബാഗേജ് കസ്റ്റംസിന് തടഞ്ഞുവെച്ചു. ജൂലായ് രണ്ടിന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ രാമമൂർത്തി, ഈ ബാഗേജ് തുറന്ന് പരിശോധിക്കണമെന്നും ഇതിന് അറ്റാഷെ റാഷിദിന്റെ സാന്നിധ്യം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കത്തുനൽകി. ഇതിൽ ക്ഷുഭിതനായ റാഷിദ് സ്വപ്നാ സുരേഷിനെ വിളിച്ചുവരുത്തി. യു.എ.ഇ. അംബാസഡറുടെ അനുമതിയില്ലാതെ നയതന്ത്ര ബാഗേജ് തുറക്കാൻ കസ്റ്റംസിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി. ഇക്കാര്യം അധികൃതരെ അറിയിക്കാൻ ആവശ്യപ്പെട്ടു.

റാഷിദ് നേരിട്ട് യു.എ.ഇ. എംബസിയിലേക്ക് വിളിക്കുകയും ബാഗേജ് പരിശോധിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. അസിസ്റ്റന്റ് കമ്മിഷണർ രാമമൂർത്തിയെ കസ്റ്റംസിൽനിന്ന് പുറത്താക്കാൻ ഉന്നതങ്ങളിൽ സ്വാധീനം ചെലുത്താൻ അറ്റാഷെ സ്വപ്നയോട് ആവശ്യപ്പെട്ടു. സരിത്ത് രാമമൂർത്തിയെ വിളിക്കുകയും നയതന്ത്രബാഗേജ് തടഞ്ഞുവച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ബാഗേജ് തിരിച്ചയക്കാൻ നിർദ്ദേശിച്ച് കോൺസുലേറ്റിൽനിന്നും അറ്റാഷെ രാമമൂർത്തിക്ക് കത്തുനൽകി. ജൂലായ് അഞ്ചിന് നയതന്ത്രബാഗേജ് തിരികെ ദുബായിലേക്ക് എത്തുമെന്ന് അംബാസഡർ ഉറപ്പുനൽകിയതായി അറ്റാഷെ റാഷിദ് സ്വപ്നയോട് വെളിപ്പെടുത്തി. എന്നാൽ സമ്മർദ്ദത്തിന് കസ്റ്റംസിലെ ഉന്നതർ വഴങ്ങിയില്ല.

കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറും രാമമൂർത്തിക്ക് പിന്തുണയുമായി ഉറച്ചു നിന്നു. ഇതോടെ സത്യം പുറത്തു വന്നു. എയർപോർട്ടിൽ എത്തിയ 30 കിലോ തൂക്കമുള്ള യു എ ഇ കോൺസുലേറ്റിലേക്കുള്ള പാഴ്‌സലിൽ സ്വർണമാണന്ന് ദുബായിൽ നിന്നു തന്നെ വിവരം ലഭിച്ചിട്ടും ആദ്യം എയർ കസ്റ്റംസ് കാർഗോ മേധാവി രാമമൂർത്തിക്ക് ചെറിയൊരു ശങ്ക ഉണ്ടായിരുന്നു പെട്ടി പൊട്ടിക്കാൻ. നയതന്ത്ര പാഴ്‌സലുകൾ ഒരു പരിശോധനയും കൂടാതെ വിമാനത്താവളങ്ങൾ വഴി കടത്തി വിടണമെന്നാണ് നിയമം. ഇനി അഥവാ പാഴ്‌സലിൽ രാജ്യദ്രോഹപരമായ സാധനങ്ങളോ കള്ളക്കടത്തു സാധനങ്ങളോ ഉണ്ടെങ്കിൽ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങി ബന്ധപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പെട്ടി പൊട്ടിക്കാം. എത്തിയ ബാഗേജിൽ സ്വർണമാണന്ന് വിവിരം നല്കിയവർ ഉറപ്പിച്ചു പറഞ്ഞിരുന്നു. കൂടാതെ പാഴ്‌സലിന്റെ തൂക്കവും നിറവും വ്യക്തമായ സൂചനയും നല്കി.പെട്ടി പൊട്ടിക്കാൻ അനുമതി ഇല്ലാത്തതു കൊണ്ടു തന്നെ ബാഗേജ് പിടിച്ചുവെയ്ക്കാൻ കസ്റ്റംസ് തീരുമാനിച്ചു.

കസ്റ്റംസ് എ സി രാമമൂർത്തി, കമ്മീഷണർ വഴി വിവരം രേഖാമൂലം തന്നെ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തെ ധരിപ്പിച്ചു. ഇമെയിൽ മുഖാന്തിരം നല്കിയ അപേക്ഷയിൽ രണ്ടു ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതു കൊണ്ടു തന്നെ അനുമതി ലഭിക്കില്ലന്നായിരുന്നു കസ്റ്റംസിന്റെ കണക്കുകൂട്ടൽ. എന്നാൽ വന്ദേഭാരത് ദൗത്യവുമായി ബന്ധപ്പെട്ട് ചില വിഷയങ്ങളിൽ ഇന്ത്യ -യു എ ഇ തർക്കം നിലനിന്നതും കസ്റ്റംസിന്റെ നീക്കത്തിന് ഗുണകരമായി. കസ്റ്റംസിന്റെ അപേക്ഷ വിശദമായി പരിശോധിച്ച വിദേശകാര്യ മന്ത്രാലത്തിന്റെ അനുമതി കിട്ടി. അനുമതി ലഭിച്ചുവെങ്കിലും പെട്ടിപൊട്ടിക്കാൻ രാമമൂർത്തി ടീമിന് പിന്നെയും കടമ്പകൾ ഉണ്ടായിരുന്നു. പെട്ടിയിൽ പ്രതീക്ഷിക്കുന്ന ഒന്നും ഇല്ലെങ്കിൽ ആദ്യം ഇന്ത്യ- യു എ ഇ നയതന്ത്ര ബന്ധം ഉലയും. അതിന്റെ പ്രത്യാഘാതം വിവരിക്കാൻ കഴിയുന്നതിനും അപ്പുറമായേനെ. ഇതിന് പുറമെ രാമമൂർത്തിയുടെ തൊപ്പി തെറിച്ചേനെ. സസ്‌പെൻഷൻ... മറ്റു നടപടികൾ.... മാധ്യമ വാർത്ത .... അങ്ങനെ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വന്നേനെ.

എന്നാൽ പെട്ടി പൊട്ടിക്കുന്നതിന്റെ തലേദിവസവും ടീം അംഗങ്ങളെ വിളിച്ച് അസാമന്യ ധൈര്യം പ്രകടിപ്പിച്ച മൂർത്തിക്ക് തന്റെ ഇൻഫോർമറെ അത്ര വിശ്വാസമായിരുന്നു. മുൻപും ഇതേ ഇൻഫോർമർ കസ്റ്റംസിനെ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ പെട്ടി പൊട്ടിക്കുന്നത് ദുബായി നയതന്ത്ര കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാവണം. ഇതിനായി കത്തു നല്കിയപ്പോൾ തന്നെ കോൺസുലേറ്റ് അനുകൂലമായി പ്രതികരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺസുലേറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പെട്ടി പൊട്ടിച്ചത്. പെട്ടിയിൽ കണ്ടെത്തിയ പൈപ്പ്, ഡോർലോക്ക്, എയർ കംപ്രസർ എന്നിവയിൽ സിലിൻഡർ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 15 കോടിരൂപ വിലമതിക്കുന്ന 30 കിലോ സ്വർണമാണ് പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. ബാഗേജിലെ എയർ കംപ്രസർ, ഡോർലോക്കുകൾ, ഇരുമ്പ് ടാപ്പുകൾ എന്നിവയ്ക്കുള്ളിൽ സ്വർണം കുത്തിനിറച്ചിരുന്നു. ഇതല്ലാതെ ന്യൂഡിൽസും ബിസ്‌കറ്റുമാണ് ഉണ്ടായിരുന്നത് പെട്ടിയുമായി ബന്ധമില്ലെന്ന് യുഎഇ കോൺസലർ രേഖാമൂലം തന്നെ കസ്റ്റംസിനെ അറിയിച്ചു.

സ്വർണ വേട്ടയ്ക്ക് നേതൃത്വം നല്കിയ എയർ കാർഗോ കസ്റ്റംസ് മേധാവി രാമമൂർത്തി നേരത്തെ തന്നെ കള്ളക്കടത്തു കാരുടെ പേടി സ്വപ്നമാണ്. 93ൽ കസ്റ്റ്ംസിൽ പ്രിവന്റീവ് ഓഫീസർ ആയി ജോലിയിൽ കയറിയ മൂർത്തി 97കാലഘട്ടിത്തിൽ ഡൽഹി എയർപോർട്ടിലെ കള്ളക്കടത്തു കാരുടെ പേടി സ്വപ്നമായിരുന്നു. ഡെപ്യൂട്ടേഷനിൽ ഡൽഹിയിൽ എത്തിയ ശേഷം അവിടെ നടത്തിയിട്ടുള്ള സ്വർണവേട്ട, മയക്കുമരുന്ന വേട്ട ഇതൊക്കെ തന്നെ അന്നത്തെ ദേശീയ പത്രങ്ങളിൽ വാർത്തയായിരുന്നു. ഉദ്യോഗസ്ഥന്റെ പേര് രഹസ്യമാക്കി വെച്ചിരുന്നതു കൊണ്ടു തന്നെ മാധ്യമങ്ങളിൽ രാമമൂർത്തി താരം ആയിരുന്നില്ലങ്കിലും കസ്റ്റംസിൽ അന്നേ താരം ആയിരുന്നു. ഡല്ഡഹി എയർപോർട്ടിൽ നിന്നും കള്ളക്കടത്തുകാരെ തുരത്തിയശേഷം കൊച്ചിയിൽ എത്തിയ രാമമൂർത്തിയെ കാത്തിരുന്നത് വോൾവോ ബസുകളിലെ കള്ളക്കടത്തു പിടിക്കലായിരുന്നു. പ്രമുഖ കമ്പിനികളുടെ ബസുകളെ പോലും തടഞ്ഞു പരിശോധിച്ച് നികുതി വെട്ടിച്ച സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും ഒക്കെ പിടികൂടിയിരുന്നു. ഇതിനിടയിൽ റവന്യൂ ഇന്റലിജൻസിലും രാമമൂർത്തി ജോലി ചെയ്തിരുന്നു. ഡി ആർ ഐ യിൽ ഇരിക്കെ ഉന്നത ബന്ധമുള്ള പല സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും തുമ്പുണ്ടാക്കിയത് മൂർത്തി ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP