Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാഗ് തടഞ്ഞു വച്ചു; പ്രകോപിതനായ അറ്റാഷെ തന്റെ ബാഗ് പരിശോധിച്ചാൽ യുഎഇയിലെ ഇന്ത്യൻ ഡിപ്ലോമാറ്റുകൾക്കുള്ള ബാഗ് പരിശോധിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ സംശയം ദൃഢമായി; അനുമതിയുമായി ബാഗ് തുറന്നപ്പോൾ നിറയെ സ്വർണ്ണ കട്ടികൾ; വീട് വളഞ്ഞ് സരിത്തിനെ പിടിച്ചത് നിർണ്ണായകമായി; അറ്റാഷെ രക്ഷപ്പെട്ടതും കുതന്ത്രത്തിൽ; സ്വർണ്ണ കടത്തിൽ റഷീദ് ഖാമിസ് അലി മുസൈഖ്രി അൽ ആഷ്മിയ സംശയ നിഴലിൽ തന്നെ

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാഗ് തടഞ്ഞു വച്ചു; പ്രകോപിതനായ അറ്റാഷെ തന്റെ ബാഗ് പരിശോധിച്ചാൽ യുഎഇയിലെ ഇന്ത്യൻ ഡിപ്ലോമാറ്റുകൾക്കുള്ള ബാഗ് പരിശോധിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ സംശയം ദൃഢമായി; അനുമതിയുമായി ബാഗ് തുറന്നപ്പോൾ നിറയെ സ്വർണ്ണ കട്ടികൾ; വീട് വളഞ്ഞ് സരിത്തിനെ പിടിച്ചത് നിർണ്ണായകമായി; അറ്റാഷെ രക്ഷപ്പെട്ടതും കുതന്ത്രത്തിൽ; സ്വർണ്ണ കടത്തിൽ റഷീദ് ഖാമിസ് അലി മുസൈഖ്രി അൽ ആഷ്മിയ സംശയ നിഴലിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ബാഗ് പരിശോധിക്കാൻ ഒരുങ്ങിയ ഉദ്യോഗസ്ഥരെ അറ്റാഷെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. അറ്റാഷെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. തന്റെ ബാഗ് പരിശോധിച്ചാൽ യു.എ.ഇയിൽ ഉള്ള ഇന്ത്യൻ ഡിപ്ലോമാറ്റുകൾക്കുള്ള ബാഗ് പരിശോധിക്കുമെന്നായിരുന്നും ഭീഷണിപ്പെടുത്തി. കേസിലെ പ്രതിയായ സരിത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. തുടർന്ന് ബാഗ് തുറക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ യു.എ.ഇ. അംബാസിഡറെ സമീപിക്കുകയായിരുന്നു. ഇതാണ് കേസിൽ നിർണ്ണായകമായത്.

സ്വർണമടങ്ങിയ ഡിപ്ലോമാറ്റിക് ബാഗ് ജൂൺ 30-നാണ് തിരുവനന്തപുരത്തെ എയർ കാർഗോ കോംപ്ലക്സിലെത്തിയത്. ബാഗിൽ സ്വർണമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഡിപ്ലോമാറ്റിക് ബാഗ് തടഞ്ഞുവെക്കുകയായിരുന്നു. ജൂലൈ 3-ന് കോൺസൽ ജനറലിന്റെ ഔദ്യോഗിക വാഹനത്തിൽ സരിത്തിനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ കാർഗോ കോംപ്ലക്സിലെത്തിയാണ് അറ്റാഷെ റഷീദ് ഖാമിസ് അലി മുസൈഖ്രി അൽ ആഷ്മിയ ബാഗ് വിട്ട് തരണമെന്ന് ആവശ്യപ്പെട്ടത്. കാർഗോയിൽ എത്തിയ അറബി അറ്റാഷെ തന്നെയാണെന്നും ഇതോടെ വ്യക്തമായി. ഇയാൾ യുഎഇയിലേക്ക് കടന്നിരുന്നു.

ബാഗ് പരിശോധനക്ക് വിധേയമാക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോഴാണ് യു.എ.ഇയുമായുള്ള നയതന്ത്രബന്ധം തകരാറിലാകുമെന്നും തന്റെ ബാഗ് പരിശോധിച്ചാൽ യു.എ.ഇയിലുള്ള ഇന്ത്യൻ ഡിപ്ലോമാറ്റുകളുടെ ബാഗും തുറന്ന് പരിശോധിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതോടെയാണ് കസ്റ്റംസ് ഉറച്ച നിലപാട് എടുത്തത്. ഈ ഭീഷണിയെ കുറിച്ച് കാർഗോ ചുമതലയിലുണ്ടായിരുന്ന കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ മുകളിലേക്ക് അറിയിച്ചു. ഇതോടെ കമ്മീഷണർ സുമിത് കുമാർ കർശന നിലപാട് എടുത്തു. എന്തുവന്നാലും പാഴ്‌സൽ വിട്ടു കൊടുക്കേണ്ടെന്നും പറഞ്ഞു. അറ്റാഷയുടെ ഇടപെടലിനെ കുറിച്ച് മാതൃഭൂമി ന്യൂസാണ് വിശദമായി റിപ്പോർട്ട് ചെയ്യുന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥർ കൊച്ചിയിലെ കമ്മിഷണർ വഴി ഡൽഹിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. പ്രശ്നത്തിൽ വിദേശകാര്യമന്ത്രാലയം ഇടപെടുകയും ഇന്ത്യയിലെ യു.എ.ഇ. അംബാസിഡറെ സമീപിക്കുകയും ചെയ്തു. ബാഗ് തുറക്കാൻ യു.എ.ഇ. അംബാസിഡറുടെ അനുമതി തേടിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ജൂലൈ 5-ന് അറ്റാഷയെ നേരിട്ട് വിളിപ്പിച്ചു. ബാഗ് തുറന്ന് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണക്കട്ടികൾ അറ്റാഷയെ കാണിച്ചു കൊടുത്തു. 

സംഭവം പുറത്തായതോടെ നിലപാട് മാറ്റിയ അറ്റാഷെ താൻ ഭക്ഷണവസ്തുക്കൾ മാത്രമേ കൊണ്ടുവന്നിട്ടുള്ളൂവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. സ്വർണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സരിത്താണ് എല്ലാം ചെയ്തതെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. അതേസമയം, ബാഗ് തുറക്കാൻ അറ്റാഷെയെ ക്ഷണിക്കുന്ന സമയത്ത് തന്നെ സരിത്തിന്റെ വീട് കസ്റ്റംസ് ഉദ്യോഗസ്ഥർ വളഞ്ഞിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച സരിത്തിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സ്വപ്ന സുരേഷിലേക്കും അന്വേഷണം നീണ്ടത്. ഇതാണ് കേസിൽ നിർണ്ണായകമായതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ജൂലൈ 10-ന് തിരുവനന്തപുരത്ത് നിന്നും ഡൽഹിക്കുള്ള എയർ ഇന്ത്യയുടെ 512 വിമാനത്തിൽ അറ്റാഷെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് എൻ ഐ എയും കസ്റ്റംസും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഔദ്യോഗിക അകമ്പടികളൊന്നുമില്ലാതെ തനിച്ച് വിമാനത്താവളത്തിലെത്തിയ അറ്റാഷെ ബിസിനസ് ക്ലാസ് സീറ്റ് പോലും ഉപേക്ഷിച്ച് 20 ഡി സീറ്റിലാണ് യാത്ര ചെയ്തത്. ഡൽഹിയിലെത്തിയ അറ്റാഷെ എമിറേറ്റ്സ് വിമാനത്തിൽ രക്ഷപ്പെട്ടു.

ഇന്ത്യയുടെ സമ്മർദ്ദത്താൽ നയതന്ത്ര പരിരക്ഷ പിൻവലിച്ചാൽ താൻ അറസ്റ്റിലാകുമെന്ന് അറ്റാഷെ ഭയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇടപെടൽ. ഇതോടെ അറ്റാഷെയെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തു വരൂവെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP