Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റ സിസിടിവി കാമറയും പ്രവർത്തിച്ചിരുന്നില്ല; ഒരടി ഉയരവും രണ്ടടി വീതിയും മാത്രമുള്ള ദ്വാരത്തിലൂടെ ഒരാൾക്ക് അകത്തേക്കോ പുറത്തേക്കോ പോകാൻ കഴിയില്ല; ആരെങ്കിലും കടന്നതിന്റെ ലക്ഷണങ്ങളോ ആയുധങ്ങളോ കണ്ടെത്തിയുമില്ല; കയ്പമംഗലം മൂന്നുപീടികയിലെ ജൂവലറിക്കവർച്ച കെട്ടിച്ചമച്ചതെന്നു കണ്ടെത്തി പൊലീസ്; കടബാധ്യത മൂലം നിൽക്കക്കള്ളിയില്ലാതെ മോഷണക്കഥ മെനഞ്ഞതെന്ന് ഉടമയും; ഗോൾഡ് ഹാർട്ട് ജൂവലറി കവർച്ച നുണക്കഥയാകുമ്പോൾ

ഒറ്റ സിസിടിവി കാമറയും പ്രവർത്തിച്ചിരുന്നില്ല; ഒരടി ഉയരവും രണ്ടടി വീതിയും മാത്രമുള്ള ദ്വാരത്തിലൂടെ ഒരാൾക്ക് അകത്തേക്കോ പുറത്തേക്കോ പോകാൻ കഴിയില്ല; ആരെങ്കിലും കടന്നതിന്റെ ലക്ഷണങ്ങളോ ആയുധങ്ങളോ കണ്ടെത്തിയുമില്ല; കയ്പമംഗലം മൂന്നുപീടികയിലെ ജൂവലറിക്കവർച്ച കെട്ടിച്ചമച്ചതെന്നു കണ്ടെത്തി പൊലീസ്; കടബാധ്യത മൂലം നിൽക്കക്കള്ളിയില്ലാതെ മോഷണക്കഥ മെനഞ്ഞതെന്ന് ഉടമയും; ഗോൾഡ് ഹാർട്ട് ജൂവലറി കവർച്ച നുണക്കഥയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കയ്പമംഗലം മൂന്നുപീടികയിലെ ജൂവലറിക്കവർച്ച കെട്ടിച്ചമച്ചതെന്നു പൊലീസ് കണ്ടെത്തി. ലോക്കറിൽ നിന്ന് 3.12 കിലോ സ്വർണവും അരക്കിലോ വെള്ളിയും മോഷണം പോയെന്ന പരാതി വാസ്തവമല്ലെന്നു കടയുടമ ചെന്ത്രാപ്പിന്നി സ്വദേശി സലിം പ്രത്യേക അന്വേഷണ സംഘത്തോടു സമ്മതിച്ചു.എന്നാൽ, സ്വർണം പോയിട്ടില്ലെങ്കിലും ജൂവലറിയിൽ മോഷണശ്രമം ഉണ്ടായെന്നും ചുമർ ആരോ തുരന്നെന്നുമുള്ള വാദത്തിൽ ഉടമ ഉറച്ചുനിൽക്കുകയാണ്. ഇത് പൊലീസ് പരിശോധിക്കുകയാണ്.

മാർച്ച് 20 ന് ശേഷം ജൂവലറിയിൽ സ്വർണം സ്റ്റോക്കുണ്ടായിരുന്നില്ല. കടബാധ്യത മൂലം നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് മോഷണക്കഥ മെനഞ്ഞതെന്ന് ഉടമ വെളിപ്പെടുത്തി. മൂന്നുപീടികയിൽ ദേശീയപാതയോരത്തുള്ള ഗോൾഡ് ഹാർട്ട് ജൂവലറിയിൽ വ്യാഴാഴ്ച രാത്രി വൻ കവർച്ച നടന്നെന്ന വിവരം ജൂവലറിയുടമ സലിം ആണ് പൊലീസിനെ അറിയിച്ചത്. ഭിത്തി തുരന്ന നിലയിലായിരുന്നു, ലോക്കർ തുറന്ന നിലയിലും. ഒരാൾക്ക് ഉള്ളിൽ കടക്കാൻ പാകത്തിനു വലുപ്പം ഭിത്തിയിലെ ദ്വാരത്തിനില്ലായിരുന്നു. ഇതാണ് സംശയങ്ങൾക്ക് ഇട നൽകിയത്.

ലോക്കർ തകർത്തിട്ടില്ലെന്നതും സംശയത്തിനിടയാക്കി. ഗ്യാസ് കട്ടർ പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചിട്ടുമില്ല. ഫൊറൻസിക് പരിശോധനയിൽ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ജൂവലറി ഉടമയെ ചോദ്യംചെയ്തു. ഒന്നരക്കോടിയോളം രൂപയുടെ ആഭരണം മോഷണം പോയെന്ന നിലപാടിനെ പൊലീസ് പൊളിച്ചു. ഒന്നും നഷ്ടമായില്ലെന്ന് ഉടമ പൊലീസിന് മൊഴി നൽകി. എന്നാൽ കള്ളന്മാർ വന്നുവെന്നും പറയുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം.

മാർച്ച് 20 നു ശേഷം ജൂവലറിയിൽ സ്റ്റോക്ക് ഉണ്ടായിരുന്നില്ല. കടം കൊടുക്കാനുള്ളവർ ജൂവലറിയിലെത്തി ബഹളമുണ്ടാക്കി സ്വർണം കൊണ്ടുപോയി. പിന്നീട് സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിച്ചിട്ടില്ല. നികുതിയടച്ചിട്ടുമില്ല. ലോക്കറിൽ സ്വർണമോ വെള്ളിയോ ഇല്ലാത്തതിനാൽ മാസങ്ങളായി പൂട്ടാറില്ലെന്നതാണ് വസ്തുത. ഉടമയുടെ അറിവോടെയോ നിർദേശത്തോടെയോ ആണോ കവർച്ചാ നാടകം അരങ്ങേറിയതെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

ജൂവലറിയിൽ ഒറ്റ സി.സി.ടി.വി കാമറയും പ്രവർത്തിച്ചില്ലെന്നത് സംശയത്തിനിടയാക്കിയിരുന്നു.. ജൂവലറിയുടെ ഭിത്തി തുരന്നിട്ടുണ്ടെങ്കിലും കഷ്?ടിച്ച് ഒരടി ഉയരവും രണ്ടടി വീതിയും മാത്രമുള്ള ദ്വാരത്തിലൂടെ ഒരാൾക്ക് സുഗമമായി അകത്തേക്കോ പുറത്തേക്കോ പോകാൻ കഴിയില്ല. മാത്രമല്ല, ഇതിലൂടെ ആരെങ്കിലും കടന്നതിന്റെ ലക്ഷണങ്ങളോ തുരക്കാൻ ഉപയോഗിച്ച ആയുധങ്ങളോ കണ്ടെത്താനായിട്ടില്ല. ലോക്ഡൗണിന് മുമ്പും മാസങ്ങളായി പ്രവർത്തിക്കാത്ത ജൂവലറിയിൽ കിലോക്കണക്കിന് സ്വർണം ഉണ്ടാകുമോ എന്നതും സംശയാസ്പദമായി. ഇതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.

ഇരിങ്ങാലക്കുട ഡിവൈ.എസ്‌പി വർഗീസി?ന്റെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് മൂന്നുപീടിക തെക്ക് വശത്ത് പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജൂവലറിയിൽ മോഷണം നടന്നത്. ഉടമയെയും രണ്ട് ജീവനക്കാരെയും വെള്ളിയാഴ്ച തന്നെ എസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. സ്ഥാപനവുമായി ബന്ധമുള്ളവരുടെയും ജൂവലറി നവീകരണ പ്രവർത്തനത്തിനെത്തിയവരുടെയും പട്ടിക പൊലീസ് തയാറാക്കിയിട്ടുണ്ട്. പ്രദേശത്തെ മറ്റു സ്ഥാപനങ്ങളിലെ സി.സി.ടി.വികളും പരിശോധിച്ച് വരുകയാണ്.

ആ സമയത്തെ മൊബെൽ സിഗ്‌നൽ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. ലോക്കർ മുറി തുറക്കാൻ ഗ്യാസ് കട്ടറോ മറ്റോ ഉപയോഗിച്ചിരുന്നില്ല എന്നാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. താക്കോൽ ഉപയോഗിച്ചാണ് ലോക്കർ തുറന്നതെന്നാണ് കരുതുന്നത്. ഇതാണ് മോഷണക്കഥ പൊളിക്കാനുള്ള തെളിവായി മാറിയത്. സ്വർണം ജൂവലറിയിലോ, രഹസ്യ അറയിലോ ഉണ്ടായിരുന്നില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

പത്തോളം സി.സി.ടി.വി കാമറയുള്ള ജൂവലറിയിലും രഹസ്യ അറയിലും ഒന്നു പോലും പ്രവർത്തിക്കാത്തത് ദുരൂഹമാണ്. അസമയത്ത് ആരെങ്കിലും എത്തിയാൽ മുഴങ്ങുന്ന ജാഗ്രത അലാറവും നിശബ്ദമായിരുന്നു. പുറത്തു നിന്ന് ഭിത്തി തുരന്നത് ഗോവണിയുടെ കോൺക്രീറ്റ് സ്ലാബിലെ സ്റ്റെപ്പിന് മുകളിൽ വന്നത് അകത്ത് നിന്ന് തുളയുണ്ടാക്കിയതിന്റെ സൂചനയാണെന്നുമാണ് ലഭിക്കുന്ന വിവരം. നിരവധി ലോക്കുകളുള്ള അണ്ടർ ഗ്രൗണ്ട് രഹസ്യ അറ പൊളിക്കാതെ തുറന്നതെങ്ങനെ എന്ന സംശയവും നിലനിൽക്കുന്നു.

പൊലീസ് നായ അകലേക്കൊന്നും പോകാത്തതും ഈ സംശയങ്ങളെ ബലപ്പെടുത്തി. ഇതിനിടെയാണ് ഒന്നും നഷ്ടമായില്ലെന്ന മൊഴി കടയുടമ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP