Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരേ പണയ സ്വർണം പല പേരിൽ വീണ്ടും പണയം വച്ച് അനു രാജീവ് തട്ടിയത് 36 ലക്ഷം; പൊലീസിൽ പരാതി കൊടുത്തപ്പോൾ ഉടമയ്ക്ക് താൽപര്യമില്ലെന്ന് പറഞ്ഞ് അന്വേഷണം ഉഴപ്പി; ഹൈക്കോടതി നിർദേശപ്രകാരം സിബിസിഐഡി അന്വേഷിച്ചപ്പോൾ മുഖ്യപ്രതി അറസ്റ്റിൽ: കൂട്ടുപ്രതികൾ ഭർത്താവും പുരുഷസുഹൃത്തും

ഒരേ പണയ സ്വർണം പല പേരിൽ വീണ്ടും പണയം വച്ച് അനു രാജീവ് തട്ടിയത് 36 ലക്ഷം; പൊലീസിൽ പരാതി കൊടുത്തപ്പോൾ ഉടമയ്ക്ക് താൽപര്യമില്ലെന്ന് പറഞ്ഞ് അന്വേഷണം ഉഴപ്പി; ഹൈക്കോടതി നിർദേശപ്രകാരം സിബിസിഐഡി അന്വേഷിച്ചപ്പോൾ മുഖ്യപ്രതി അറസ്റ്റിൽ: കൂട്ടുപ്രതികൾ ഭർത്താവും പുരുഷസുഹൃത്തും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഒരാൾ പണയം വച്ച സ്വർണം വീണ്ടും പല പേരിൽ പണയം വച്ചുവെന്ന് കാണിച്ച് സ്വകാര്യ ബാങ്കിൽ നിന്ന് യുവതി തട്ടിയത് 36 ലക്ഷം. രണ്ടു വർഷം മുൻപ് നടന്ന തട്ടിപ്പിൽ തട്ടിപ്പുകാരി വലയിലായി. കൂട്ടുപ്രതികളായ ഇവരുടെ ഭർത്താവും പുരുഷസുഹൃത്തും മുൻകൂർ ജാമ്യമെടുത്ത് മുങ്ങി. കോഴഞ്ചേരി പൂവത്തൂരിന് സമീപമുള്ള കളമ്പാട്ട് ഫിനാൻസിയേഴ്സിൽ നിന്നാണ് തട്ടിപ്പ് നടത്തിയത്. ഇവിടുത്തെ ജീവനക്കാരിയായ പൂവത്തൂർ തയ്യിൽ അനു രാജീവി(31)നെയാണ് തിരുവല്ല സിബിസിഐഡി ഇൻസ്പെക്ടർ മുഹമ്മദ് കബീർ റാവുത്തറിന്റെ
നേതൃത്വത്തിലുള്ള സംഘം ഇന്ന് അറസ്റ്റ് ചെയ്തത്.

സ്ഥാപന ഉടമ സോമൻ കളമ്പാട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് സിബിസിഐഡി അന്വേഷണം നടത്തിയത്.
ഒരാൾ ഒരു ദിവസം ഒരു സ്വർണ ഉരുപ്പടി പണയം വച്ചാൽ പിറ്റേന്ന് തന്നെ അത് എടുത്ത് ഒരു സാങ്കൽപ്പിക ഇടപാടുകാരനെ സൃഷ്ടിച്ച് അയാൾക്ക് നൽകിയതായി രേഖയുണ്ടാക്കി പണം സ്വയം അടിച്ചു മാറ്റുകയായിരുന്നു അനു ചെയ്തത്. അനുവിന്റെ അടുപ്പക്കാരൻ ഇവരിൽ നിന്ന് ഇങ്ങനെ തട്ടിയെടുത്തതിൽ കുറച്ചു പണം അടിച്ചു മാറ്റി. ശേഷിച്ചത് ഭർത്താവും കൊണ്ടുപോയി. ആഡംബര ജീവിതമാണ് ഇവർ നയിച്ചത്. പുതിയ കാറും മറ്റും വാങ്ങിയിരുന്നു.

സ്ഥാപന ഉടമ സോമൻ കളമ്പാട്ടിന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് തട്ടിപ്പിനെ കുറിച്ച് സൂചന കിട്ടിയത്. പുറത്തേക്ക് കൊടുക്കുന്ന പണം തിരിച്ചെത്തുന്നില്ലെന്ന് മനസിലാക്കിയതോടെയാണ് ഇദ്ദേഹം പരിശോധനയ്ക്ക് തുനിഞ്ഞത്. ഓഡിറ്റിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായി. ഇതേപ്പറ്റി അനുവിനോട് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയാണുണ്ടായത്. തുടർന്ന് അനു തന്നെ തന്റെ ഒരു ബന്ധുവിനെ ഓഡിറ്റിനായി എത്തിച്ചു. ഇയാൾ നടത്തിയ ഓഡിറ്റിങ്ങിൽ നേരത്തേ കണ്ടെത്തിയതിനേക്കാളും വലിയ തുകയാണ് തട്ടിയെടുത്തതായി കണ്ടത്. തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായതോടെ സോമൻ കോയിപ്രം പൊലീസിൽ പരാതി നൽകി. പക്ഷേ, അവർ അന്വേഷിക്കാതെ പൂഴ്‌ത്തി. തുടർന്ന് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. ഉടമയ്ക്ക് അന്വേഷണത്തിൽ താൽപര്യമില്ലെന്ന് പറഞ്ഞ് ഇവരും ഉഴപ്പി. ഒടുവിൽ ഉടമയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു.

ലോക്കൽ പൊലീസിന്റെ അന്വഷണം കാര്യക്ഷമമല്ലന്നും കേസ് മറ്റൊരു ഏജൻസിയെ ഏൽപ്പിക്കണമെന്നുമായിരുന്നു ആവശ്യം. കോടതി കേസന്വേഷണം സിബിസിഐഡിയെ ഏൽപ്പിക്കുകയായിരുന്നു. ഇവർ ആദ്യം ചെയ്തത് ഉടമയുടെ ചെലവിൽ പണയ ഉരുപ്പടിയിലുള്ള അഡ്രസിൽ രജിസ്ട്രേഡ് നോട്ടീസ് അയയ്ക്കുകയായിരുന്നു. ഒട്ടു മിക്ക നോട്ടീസും ഇങ്ങനെ ഒരു അഡ്രസ് നിലവിലില്ലെന്ന് പറഞ്ഞ് തിരിച്ചെത്തി. ഇതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇന്നുച്ചയ്ക്ക് 12 ന് തോട്ടഭാഗത്തിന് സമീപം വച്ചാണ് അനുവിനെ പിടികൂടിയത്. കേസിൽ രണ്ടും മൂന്നും പ്രതികൾ ഉണ്ടായിരുന്നങ്കിലും അവർക്ക് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യംനൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP