Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202412Friday

ഭിന്നശേഷിക്കാരനെ പ്രലോഭിപ്പിച്ച് മോഷണം; ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല ഊരി വാങ്ങി പകരം മുക്കുപണ്ടം ധരിപ്പിച്ചു വിട്ടു; യുവാവ് അറസ്റ്റിൽ; മാലവിറ്റ പണം കൊണ്ട് സുജിത്ത് നയിച്ചത് ആഡംബര ജീവിതം

ഭിന്നശേഷിക്കാരനെ പ്രലോഭിപ്പിച്ച് മോഷണം; ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല ഊരി വാങ്ങി പകരം മുക്കുപണ്ടം ധരിപ്പിച്ചു വിട്ടു; യുവാവ് അറസ്റ്റിൽ; മാലവിറ്റ പണം കൊണ്ട് സുജിത്ത് നയിച്ചത് ആഡംബര ജീവിതം

ജംഷാദ് മലപ്പുറം

മലപ്പുറം: ഭിന്നശേഷിക്കാരന്റെ മാല മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിലായി. വഴിക്കടവ് നാരോക്കാവ് പാപ്പച്ചൻപടി സ്വദേശി പാഷാണം സുജിത് എന്ന് വിളിക്കപ്പെടുന്ന സുജിത്(18) ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ആറിനു നാരോക്കാവ് സ്വദേശിയായ 24 കാരനായ ഭിന്നശേഷിക്കാരനെ പ്രലോഭിപ്പിച്ച് കുട്ടിക്കുന്ന് ഫോറസ്റ്റ് ഏരിയയിലേക്ക് കൂട്ടിക്കൊണ്ടു പോയതിനുശേഷം ഒന്നേകാൽ പവൻ തൂക്കം വരുന്നസ്വർണ്ണമാല കാണാനെന്ന വ്യാജേന സുജിത് ഊരി വാങ്ങി. പിന്നീട് അതേ മോഡലിലുള്ള റോൾഡ് ഗോൾഡ് മാല സൂത്രത്തിൽ ധരിപ്പിച്ചു വിടുകയും ചെയ്തു.

വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ ശേഷം ഇൻസ്പെക്ടർ മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തു. തട്ടിയെടുത്ത മാല എടക്കരയിലുള്ള ഒരു സ്ഥാപനത്തിൽ വിൽപ്പന നടത്തിയതിൽ കിട്ടിയ പണം കൊണ്ട് ഒരു യൂസ്ഡ് കാർ വാങ്ങി അതുമായി കറങ്ങി നടന്ന് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു ഇയാൾ. പരാതിക്കാരന്റെ മാല പോലെ തോന്നിപ്പിക്കുന്ന റോൾഡ് ഗോൾഡ് മാല മുൻകൂട്ടി വാങ്ങി സൂക്ഷിച്ച് വ്യക്തമായ ആസൂത്രണം നടത്തിയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഭിന്നശേഷിക്കാരനായതിനാൽ കളവ് പോയ കാര്യം ഒരിക്കലും പുറത്തു വരില്ലെന്നാണ് പ്രതി വിചാരിച്ചത്. ഓണത്തിന് മാവേലി വേഷം കെട്ടിയപ്പോഴാണ് പരാതിക്കാരന്റെ സ്വർണ്ണമാല പ്രതി കാണാനിടയായത്. അതിനു ശേഷം ഈ മാല തട്ടിയെടുക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരനുമായി പ്രതി ചങ്ങാത്തത്തിലായത്. സംശയം തോന്നിയ ആരോ രഹസ്യമായി വിളിച്ചറിയിച്ചപ്പോഴാണ് പരാതിക്കാരന്റെ വീട്ടുകാർ മോഷണം നടന്ന കാര്യം മനസ്സിലാക്കിയത്.

പൊലീസിൽ പരാതിപ്പെട്ട വിവരം പ്രതി മനസ്സിലാക്കുകയതിനെത്തുടർന്ന് മാല വിൽപ്പന നടത്തിയ ജൂവലറിക്കാരനെ ബന്ധപ്പെട്ട് മാലയുടെ കാര്യങ്ങൾ പൊലീസിനോട് മറ്റൊരു തരത്തിൽ പറയണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിയുടെ സ്വന്തം ബന്ധുവിന്റെ മാലയാണ് വില്പന നടത്തിയതെന്നാണ് പ്രതിയും വീട്ടുകാരും ഇതിനിടെ രോഷാകുലരായ നാട്ടുകാരോട് വിശദീകരിച്ചു കൊണ്ടിരുന്നത്.

പൊലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതിയുടെ വാദങ്ങൾ പൊളിയുകയും തുടർന്ന് പ്രതിയെ എടക്കരയിലുള്ള സ്വർണ്ണക്കടയിൽ എത്തിച്ചും, റോൾഡ് ഗോൾഡ് വാങ്ങിയ കട യിലെത്തിച്ചും തെളിവെടുപ്പ് നടത്തുകയും സ്വർണ്ണമാല കണ്ടെടുക്കുകയും ചെയ്തു. ലഹരി ഉപയോഗം നടത്തിയതിന് എടക്കര പൊലീസിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.

വഴിക്കടവ് പൊലീസ് സബ് ഇൻസ്പെക്ടർ. ഒ.കെ.വേണു, എഎസ്ഐ മാരായ ഫിർഷാദ്, അനിൽകുമാർ, സി.പി ഒ മാരായ അൻവർ, പ്രദീപ് ഇ.ജി, വിനീഷ്, ഹരിപ്രസാദ്, സത്യൻ എന്നിവരാണ് കേസിൽ തുടരന്വേഷണം നടത്തുന്നത്.പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP